മലയാളിയുടെ മനസ്സാക്ഷി പൂര്‍ണ്ണമായും മരവിച്ചോ? ഇസ്ലാമിക തീവ്രവാദത്തിനും ജിഹാദികള്‍ക്കും കുടപിടിക്കാന്‍ മാത്രമാണോ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും സാംസ്‌കാരിക നേതാക്കളും? ഇസ്ലാമിന് ഒരു പ്രശ്‌നം വന്നാല്‍ മാത്രം രാഷ്ട്രീയ നേതാക്കളും സംഘടനകളും സാംസ്‌കാരിക നായകരും ഒക്കെ രംഗത്ത് വരും. പാവപ്പെട്ടവര്‍ക്ക് ഒപ്പമാണെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം അവകാശവാദം മുഴക്കുന്ന ഒരാളെപ്പോലും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ കാണുന്നില്ല.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടുത്തിടെ ഉണ്ടായ, വയനാട്ടില്‍നിന്നുള്ള ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം. കല്‍പ്പറ്റ വെള്ളാരംകുന്ന് പുഴമുട്ടി അഡ്‌ലൈഡ് കോളനിയില്‍ വിശ്വനാഥന്‍ എന്ന 46 കാരന്‍ ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഭാര്യക്കൊപ്പം കൂട്ടിരിക്കാന്‍ അമ്മ ലീല ഉള്ളതുകൊണ്ട് മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് പുറത്തുള്ള കൂട്ടിരിപ്പുകാരുടെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് വിശ്വനാഥന്‍ ഉണ്ടായിരുന്നത്. കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്ന ആരുടെയോ മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടു എന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജിലെ സുരക്ഷാ വിഭാഗം ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. താന്‍ എടുത്തിട്ടില്ലെന്നും താന്‍ മോഷ്ടാവല്ലെന്നും പറഞ്ഞിട്ടും വിശ്വനാഥനെ മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. ചോദ്യം ചെയ്യലിനിടെ വെള്ളിയാഴ്ച രാത്രി മെഡിക്കല്‍ കോളേജിന്റെ പുറത്തേക്ക് ഇറങ്ങി ഓടിയ വിശ്വനാഥനെ ശനിയാഴ്ച രാവിലെ പുറത്തെ കോമ്പൗണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ആള്‍ക്കൂട്ട മര്‍ദ്ദനത്തിലാണ് വിശ്വനാഥന്‍ കൊല്ലപ്പെട്ടതെന്ന് നാട്ടുകാരും ബന്ധുക്കളും ഒരുപോലെ പറയുന്നു. പക്ഷേ ആത്മഹത്യ എന്ന നിലയില്‍ ഈ മരണത്തെ കാണാനും ആ രീതിയില്‍ എഴുതിത്തള്ളാനുമാണ് പോലീസും അധികൃതരും ഭരണകൂടവും ശ്രമിക്കുന്നത്.
കല്യാണം കഴിഞ്ഞ് എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ കുഞ്ഞ് വിശ്വനാഥന്റെയും ബിന്ദുവിന്റെയും ജീവിതത്തില്‍ പടര്‍ത്തിയ സന്തോഷത്തിന്റെ പൂനിലാവ് ആസ്വദിക്കാന്‍ പാവപ്പെട്ട വനവാസി കുടുംബത്തിന് ആയില്ല. കുഞ്ഞിനെ കണ്ട ശേഷം ബിന്ദുവിനോടും ഭാര്യയുടെ മാതാവിനോടും വിശ്വനാഥന്‍ പറഞ്ഞത് കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ ഒരു 15 വര്‍ഷം കൂടി ആയുസ്സ് തരണേ എന്നായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് ഭാര്യയും സഹോദരനും വീട്ടുകാരും ഒക്കെ പറയുന്നത്.
ഒരു പാവപ്പെട്ട വനവാസിയുടെ ജീവിതത്തോട്, അവന്റെ സ്വപ്‌നങ്ങളോട്, അവന്റെ കുടുംബത്തോട്, പിറന്നുവീണ അവന്റെ കുഞ്ഞിനോട് കേരളത്തിന്റെ ഭരണകൂടം എങ്ങനെ പെരുമാറി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒപ്പം പൊതു സമൂഹത്തിനോട് ഇഴുകിച്ചേര്‍ന്ന് അവരുടെ ഭാഗമായി മാറേണ്ട വനവാസി സമൂഹത്തോട് കേരളത്തിലെ പൊതുസമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നതും തീര്‍ച്ചയായും പഠിക്കേണ്ടതാണ്.
ഒരു പാവപ്പെട്ട സാധാരണ വനവാസിയെ കണ്ടാലുടന്‍ അവന്‍ കള്ളനാണെന്ന് എങ്ങനെയാണ് പൊതുസമൂഹം മുദ്രകുത്തുന്നത്? ആരുടെയെങ്കിലും മൊബൈലോ പണമോ മോഷണം പോയാല്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച, കാണാന്‍ അത്ര മൊഞ്ചില്ലാത്ത പാവപ്പെട്ട വനവാസിയാണ് അതിനു പിന്നിലെന്ന് എങ്ങനെയാണ് പൊതുസമൂഹം തീരുമാനിക്കുക?
മൊബൈല്‍ ഫോണും പണവും കാണാനില്ലെന്ന് പരാതി ഉയര്‍ന്നപ്പോള്‍ തന്നെ പ്രധാന ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുള്ള മൂന്നോ നാലോ പേരും കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് വിശ്വനാഥനെ ചോദ്യം ചെയ്തതായി പറയുന്നുണ്ട്. മെഡിക്കല്‍ കോളേജിലെ സിസിടിവി ദൃശ്യങ്ങളിലും വിശ്വനാഥനെ ചോദ്യം ചെയ്യുന്നത് കാണാം. ഒരുപക്ഷേ സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്തതാണെങ്കിലും ഈ ആള്‍ക്കൂട്ടം എന്തിന്, എന്തുകൊണ്ട് വിശ്വനാഥനെ മര്‍ദ്ദിച്ചു? ഈ മര്‍ദ്ദനം മൂടിവെക്കാന്‍ എന്തിനാണ് പോലീസും ഭരണകൂടവും ശ്രമിക്കുന്നത്? ഈ പാവപ്പെട്ട വനവാസിയുടെ ജീവനും അവന്റെ സ്വപ്‌നങ്ങള്‍ക്കും ഒരു വിലയുമില്ലേ? ഭരണകൂടം അവന് കല്‍പ്പിക്കുന്നത് ഡിസ്‌കൗണ്ട് വിലയാണോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.മാവോജി ഉയര്‍ത്തിയ ചോദ്യം ഭരണകൂടത്തിന്റെ തലവനായ മുഖ്യമന്ത്രി വിജയനോട് തന്നെയാണ്. ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി വിജയനാണ്. അതുകൊണ്ടുതന്നെ അന്വേഷണത്തിലെയും പോലീസ് നടപടികളിലെയും വീഴ്ചയുടെ ചുമതലയും അദ്ദേഹത്തിനാണ്. വിശ്വനാഥന്റെ മൃതദേഹം ദേഹപരിശോധന നടത്തിയത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അല്ല. എന്തുകൊണ്ട് ദേഹ പരിശോധനയുടെ സമയത്തും പോസ്റ്റ്‌മോര്‍ട്ടം സമയത്തും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സ്ഥലത്തുണ്ടായിരുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. കമ്മീഷന്‍ മുമ്പാകെ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശനന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മീഷന്‍ തള്ളി. ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിടെ ഒരു പാവപ്പെട്ട വനവാസി കൊല്ലപ്പെട്ടപ്പോള്‍ സ്വാഭാവിക മരണത്തിന് മാത്രമാണ് പോലീസ് കേസെടുത്തത്. ഇവിടെയാണ് പോലീസിന്റെ ഗുരുതരമായ വീഴ്ച വ്യക്തമാകുന്നത്. കോഴിക്കോട്ടുള്ള, പോലീസിന്റെ ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ നേരത്തെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ളവരാണ്. ഐജി നീരജ്കുമാര്‍ ഗുപ്തയും പോലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണയും ഡിസിപി കെ.ഇ. ബൈജുവും പല കേസുകളിലും നല്ല രീതിയില്‍ അന്വേഷണം നടത്തിയതിന് പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ളവരാണ്. ഈ മികച്ച ഉദ്യോഗസ്ഥര്‍ക്ക് ഒക്കെ എന്തുപറ്റി എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. സ്വാഭാവികമായും സുരക്ഷാ ജീവനക്കാര്‍ക്ക് രാഷ്ട്രീയ ബന്ധമുള്ളതുകൊണ്ട്, ആഭ്യന്തരവകുപ്പ് മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ ആയതുകൊണ്ട് പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് അന്വേഷണം വഴിമുട്ടിക്കുകയാണോ എന്ന സംശയം സാധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. ഈ കാര്യം ഒരു പരിധിവരെ സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ കമ്മീഷനും ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കമ്മീഷന്‍ പരസ്യമായി അതൃപ്തി അറിയിച്ചത്. പോലീസിന്റെ നിലപാടും ഇതിനകത്ത് ദുരൂഹതയും സംശയവും ഉണര്‍ത്തുന്നതാണ്. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ സാധ്യത പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ഡി.സി.പി. വിശ്വനാഥനെ ആശുപത്രി പരിസരത്ത് രണ്ടുമൂന്നു പേര്‍ ചോദ്യം ചെയ്ത ദൃശ്യങ്ങള്‍ സിസിടിവിയില്‍ കണ്ടതായി സമ്മതിക്കുന്നുണ്ട്. പക്ഷേ ദേഹത്ത് തൊടുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. കയ്യിലുള്ള കവര്‍ തുറന്നു നോക്കുന്നുണ്ട്. അങ്ങനെ മറ്റൊരാളുടെ കവര്‍ തുറന്നു പരിശോധിക്കാന്‍ പാടില്ല. മൊബൈല്‍ ഫോണോ പണമോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പോലീസിനോ സെക്യൂരിറ്റിക്കോ പരാതി നല്‍കുകയാണ് വേണ്ടത്. അങ്ങനെ ആരും പരാതി നല്‍കിയിട്ടില്ല. ചോദ്യം ചെയ്യല്‍ അപമാനിക്കല്‍ ആയതുകൊണ്ടാണ് പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം കേസില്‍ ഉള്‍പ്പെടുത്തിയതെന്നും ഡിസിപി വ്യക്തമാക്കുന്നു.
പട്ടികജാതി വര്‍ഗ്ഗ കമ്മീഷന്‍ ഇടപെട്ട് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും വരെ പട്ടിക വര്‍ഗ്ഗ പീഡനം നിരോധന നിയമം പോലീസ് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ ആര്‍ക്കാണ് വീഴ്ച സംഭവിച്ചത്? വിശ്വനാഥനെ നാട്ടുകാരും സെക്യൂരിറ്റിയും ചോദ്യം ചെയ്തത് സിസിടിവിയുടെ മുന്നില്‍ വച്ച് മാത്രമാണെന്ന് ഉറപ്പു പറയാന്‍ കഴിയുമോ? ഡിസിപി പറയുന്നു അയാളെ ആരും ദേഹത്തു തൊടുന്നത് കണ്ടിട്ടില്ല എന്ന്. അദ്ദേഹത്തിന്റെ ബോധ്യം എത്രമാത്രം ശരിയാണ് എന്ന കാര്യത്തില്‍ സംശയമുണ്ട്. വിശ്വനാഥന്റെ ദേഹത്ത് ഉള്ള മുറിവുകള്‍ എവിടെ നിന്ന് വന്നു എന്ന് കണ്ടെത്തേണ്ടത് കേരള പോലീസ് തന്നെയല്ലേ? വിശ്വനാഥന്റെ ഭാര്യയും കുടുംബവും ഉന്നയിച്ച ഈ സംശയത്തിന് എന്തു മറുപടിയാണ് പോലീസിന് പറയാനുള്ളത്? എന്ത് നിലപാടാണ് സംസ്ഥാന ആഭ്യന്തരവകുപ്പിനുള്ളത്? അദ്ദേഹത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണം ഉണ്ടായിരുന്നു. അയാള്‍ കള്ളനല്ല, മോഷ്ടിക്കില്ല, കുഞ്ഞിനെ വളര്‍ത്താന്‍ 15 കൊല്ലം കൂടിയെങ്കിലും ആയുസ്സ് തരണേ എന്ന് പ്രാര്‍ത്ഥിച്ച പറഞ്ഞ ആള്‍ എങ്ങനെ ആത്മഹത്യ ചെയ്യും എന്ന ബിന്ദുവിന്റെ ചോദ്യം കേരള സമൂഹത്തിലെ ഓരോരുത്തരുടെയും മനസ്സാക്ഷിയോടുള്ള ചോദ്യമാണ്. ആ ചോദ്യം മനസ്സാക്ഷിയുള്ളവരുടെ ഉള്ളുപൊള്ളിക്കുന്നതും നെഞ്ചു പിളര്‍ത്തുന്നതുമാണ്. പിറന്നുവീണ കുഞ്ഞിനോടും ആ വിധവയോടും ഇനിയെങ്കിലും കരുണകാട്ടണം. ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ടക്കൊല നടക്കുന്നു എന്ന കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തില്‍ പോലും കേരളത്തില്‍ പ്രതിഷേധ പ്രകടനം നടത്താനും മെഴുകുതിരി കത്തിക്കാനും ഒക്കെ നടക്കുന്ന ഒരു സാസ്‌കാരിക നായകനെയും രാഷ്ട്രീയ നേതാവിനെയും വിശ്വനാഥന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ കണ്ടില്ല. തിരഞ്ഞെടുപ്പ് സമയത്തും സോഷ്യലിസം പ്രസംഗിക്കാനും മാത്രമുള്ള ഉപാധിയാണോ കേരളത്തിലെ വനവാസി സമൂഹം? അട്ടപ്പാടിയിലെ മധുവിനെ കൈകൂട്ടിക്കെട്ടി ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. സാക്ഷികള്‍ കൂറുമാറിയും സാക്ഷികളെ ഭീഷണിപ്പെടുത്തിയും ആ കേസിലെ പ്രതികളെ എങ്ങനെയാണ് രക്ഷിക്കാന്‍ ശ്രമിച്ചതെന്നും ഭരണകൂടം അതിന് നിശബ്ദ പിന്തുണ നല്‍കുന്നതും കേരളം കണ്ടതാണ്. ആ നിലപാടും അതേ വീഴ്ചയും തന്നെയാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള യുവമോര്‍ച്ച നേതാവ് പി.ശ്യാംരാജും പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജിയും വിശ്വനാഥന്റെ വീട് സന്ദര്‍ശിച്ചു. കേരളത്തിന് ഒരു പട്ടികജാതി വര്‍ഗ്ഗ മന്ത്രിയുണ്ട്. ഈ മന്ത്രി ഇതുവരെ ഈ വീട്ടില്‍ പോയോ? മരണത്തിന് പരിഹാരമായി പണം നല്‍കുന്നതുകൊണ്ട് മാത്രം കാര്യമില്ല എന്നത് വാദത്തിന് വേണ്ടി പറയാം. പിറന്നുവീണ ഒരു പിഞ്ചുകുഞ്ഞിനെ നോക്കി വളര്‍ത്തിയെടുക്കേണ്ട കുടുംബനാഥന്‍ മരിച്ചിട്ട് പിണറായി സര്‍ക്കാര്‍ 2 ലക്ഷം രൂപയാണ് ആ കുടുംബത്തിന് നല്‍കിയത്. തീവണ്ടി യാത്രക്കിടെ സീറ്റ് തര്‍ക്കത്തില്‍ മരിച്ച ജുനൈദിന്റെ കുടുംബത്തിന് പിണറായി നല്‍കിയത് 10 ലക്ഷം രൂപയായിരുന്നു. വനവാസിയുടെ ജീവന്റെ വില ഡിസ്‌കൗണ്ട് നിരക്കിലാണോ എന്ന കാര്യത്തിന് സംസ്ഥാന ഭരണകൂടം മറുപടി പറയേണ്ടതുണ്ട്.
വനവാസികളോടുള്ള ഈ നിലപാട് ഒറ്റപ്പെട്ടതല്ല. വയനാട്ടില്‍ കൂലി കൂടുതല്‍ ചോദിച്ച വനവാസിയെ മുഖത്ത് ചവിട്ടി പരിക്കേല്‍പ്പിച്ചത് ഇതിനു ശേഷമാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ റഷ്യന്‍ ആന്റ കമ്പാരിറ്റീവ് ലിറ്ററേച്ചറിലെ സീനിയര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ദിവ്യയ്ക്ക് വകുപ്പ് മേധാവി സ്ഥാനം നല്‍കാതിരിക്കാന്‍ സിന്‍ഡിക്കേറ്റ് നിയമ ഭേദഗതി കൊണ്ടുവന്നത് ഫെബ്രുവരി 14ന് ആണ്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ട ഒരു വനിത വകുപ്പ് മേധാവി ആകുന്നത് നിഷേധിക്കാന്‍ സാക്ഷരകേരളത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് ഉണ്ടായ ധൈര്യം തന്നെയാണ് പിണറായി സര്‍ക്കാരിന്റെ ഈ വിഭാഗത്തോടുള്ള സമീപനത്തിന്റെ ദൃഷ്ടാന്തം. നിയമ ഭേദഗതി കൊണ്ടുവന്ന് ഇങ്ങനെയൊരു വനിതയെ മാറ്റിനിര്‍ത്തുന്നതിന് എന്ത് ധാര്‍മികതയാണ് പറയാനുള്ളത്. ഇടതുപക്ഷത്തിന്റെ പട്ടികജാതി -വര്‍ഗ്ഗ വിരുദ്ധ മനോഭാവത്തിന്റെ വ്യക്തമായ സൂചനയാണിത്. ഇതും ആദ്യത്തെ സംഭവമല്ല. കേരളത്തിലെ വനവാസികളെ കബളിപ്പിച്ച് കവര്‍ന്നെടുത്ത അവരുടെ ഭൂമി വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും അതിനെതിരെ നിയമം കൊണ്ടുവന്നത് എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചായിരുന്നു എന്ന കാര്യം മറക്കാനാവില്ല. കേരള നിയമസഭയില്‍ അതിനെതിരെ വോട്ട് ചെയ്ത ഒരേയൊരാള്‍ കെ.ആര്‍. ഗൗരിയമ്മ മാത്രമായിരുന്നു. വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ട് അവര്‍ക്കുവേണ്ടി നിലപാട് എടുക്കാന്‍ ഇടതുമുന്നണിയും വലതുമുന്നണിയും തയ്യാറായില്ല. ആ നിലപാട് തന്നെയാണ് ഇന്നും എന്നും തുടരുന്നത്. വനവാസികള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ മാറ്റിവെക്കപ്പെടുന്ന പണം ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് കൊള്ളയടിക്കുകയാണ് എന്ന സത്യം അവര്‍ പോലും അറിയുന്നില്ല. ഇന്ന് വനവാസി സമൂഹത്തില്‍ വിദ്യാസമ്പന്നരായ ധാരാളം പേര്‍ ഉണ്ട്. അവരുടെയൊക്കെ നേതൃത്വത്തില്‍ ക്ഷേമ പദ്ധതികളുടെ പണം അര്‍ഹതപ്പെട്ടവരില്‍ എത്തിക്കാനും പദ്ധതികള്‍ സമയബന്ധിതമായി മുഴുവന്‍ പണവും ചെലവഴിച്ച് പൂര്‍ത്തിയാക്കാനും സംവിധാനം വേണം. എന്നാല്‍ മാത്രമേ അവരെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ. മധുവിന് പിന്നാലെ വിശ്വനാഥന്‍ കൂടി അതേ രീതിയില്‍ കൊല്ലപ്പെടുമ്പോഴും നിശബ്ദത പാലിക്കുന്ന, നിസ്സംഗരായി കണ്ടുനില്‍ക്കുന്ന സാക്ഷര കേരളത്തിലെ സാംസ്‌കാരിക നേതാക്കളും യുവ സമൂഹവും മൗനം വെടിയണമെന്ന് മാത്രമേ പറയാനുള്ളൂ.