ഒരു പൂമ്പാറ്റ തന്‍ ഭാവം
ക്യാമറയ്ക്കകത്താക്കാന്‍
വളരെ ശ്രമപ്പെട്ടു
പോയിതെന്‍ പുലര്‍കാലം
മഴതന്‍ നനഞ്ഞൊട്ടല്‍
കഴിഞ്ഞൂ, പറമ്പിലെ
മരങ്ങള്‍ക്കെല്ലാം വെയില്‍-
ത്തിളക്കം കുഞ്ഞിക്കാറ്റും
ഒരു പൂമ്പാറ്റ, സ്വര്‍ഗ്ഗം
തുറന്നിട്ടപോല്‍, എല്ലാം
മറന്നു പറക്കുന്നു
എങ്ങുമേയുറയ്ക്കാതെ
ഏതേതു നിറങ്ങളാ
ചിറകില്‍ മേളിച്ചെന്നു
വായുനൃത്തത്തിന്‍ ദ്രുത
താളത്തില്‍ ചികഞ്ഞില്ല
കേവലമൊരു പക-
ലായുസ്സിന്‍ ചെറുചില്ല
മൂക വേദനയാക്കാന്‍
നീയനുവദിച്ചില്ല
ഓരോരോ നിമിഷത്തിന്‍
നൃത്ത സാധ്യതകളെ
ആവതും തിളക്കത്തി-
ലാക്കുവാന്‍ ശ്രമിച്ചു നീ
പൂവുകള്‍ പറക്കുവാ-
നായുന്നു, നീ ഞെട്ടറ്റ-
പൂവുപോലാകാശത്തു
പറന്നു നടക്കുമ്പോള്‍!
പക്ഷികള്‍ നീയാകുവാന്‍
കൊതിക്കുന്നുണ്ടാമൊരു
പച്ചിലത്തുമ്പില്‍ ലോലം
നീ പറന്നിറങ്ങുമ്പോള്‍
പേരില്ലാ ചെടികള്‍ തന്‍
കാട്ടിലൂടൊരു കൊച്ചു
മാലാഖ വിരുന്നിനു
ചെന്നതിന്നാഹ്ലാദത്തില്‍
തലയാട്ടുന്നൂ തിര-
സ്‌കൃതമാം പാഴ് ജീവിത
ത്തുരുത്തില്‍ തളച്ചിട്ട-
യിരുണ്ട പച്ചപ്പുകള്‍
ക്ഷമയോടെന്‍ കണ്ണുകള്‍
പിന്തുടര്‍ന്നതു കാണാ-
തരികില്‍ പടര്‍ന്നൊരു
കാട്ടുവള്ളിതന്‍ നേര്‍ത്ത
ചിരിയായ് വിടര്‍ന്നതാം
പീതപുഷ്പത്തിന്‍ പൂന്തേന്‍
നുകര്‍ന്നു നൃത്തക്ഷീണം
തെല്ലു നീ ശമിപ്പിയ്‌ക്കെ,
പകര്‍ത്തീ ക്ഷണപ്രഭാ-
ചഞ്ചലം ത്വല്‍ജ്ജീവിത-
ത്തുടിപ്പിന്‍ സൗന്ദര്യമെന്‍
യന്ത്രവല്‍കൃത മോഹം!
Comments