പത്രം വായിച്ചുകൊണ്ട് ഉമ്മറത്തിരിക്കുകയായിരുന്നു. വാര്‍ത്തകള്‍ വായിച്ച് ചിന്തയിലാണ്ടു. മാധ്യമങ്ങള്‍ കാണിക്കുന്ന പക്ഷപാതം, രാഷ്ട്രീയക്കാര്‍ കാണിക്കുന്ന പക്ഷഭേദം. രണ്ടും ദു:ഖദായകം തന്നെ. ഒരു ഉളുപ്പുമില്ലാതെ സ്വജനങ്ങളെ ജോലിയില്‍ തിരുകി കയറ്റിയിട്ട്, പ്രസംഗമോ.. റാങ്ക് പട്ടികയില്‍ മുന്നിലാണെന്ന് കരുതി ജോലി കിട്ടിക്കോളണമെന്നില്ല എന്നും! എന്തൊരധര്‍മ്മം.!.
അപ്പോള്‍ ശ്രീമതി ചായയും കൊണ്ട് വന്നു. ഞാന്‍ ഒരു മുഖവുരയും കൂടാതെ ഒരു ചോദ്യമെറിഞ്ഞു.
‘നെപ്പോട്ടിസം ച്ചാല്‍ എന്താ?’
‘ഹിപ്പ്‌നോട്ടിസം എന്താന്ന് അറിയാം.. നെപ്പോട്ടിസം …’
ഉത്തരം കാത്ത് നില്‍ക്കാതെ ഞാന്‍ പറഞ്ഞു.
‘ഹിപ്പ്‌നോട്ടിസം എല്ലാ മലയാളികള്‍ക്കും അറിയാം. പക്ഷെ നെപ്പോട്ടിസം നാം അധികം ഉപയോഗിക്കാത്ത ഇംഗ്ലീഷ് വാക്കാണ്. പണ്ട് റോമില്‍ കത്തോലിക്കാ പോപ്പുമാര്‍ ബിഷപ്പുമാര്‍ കാര്‍ദ്ദിനാള്‍മാര്‍ എന്നിവര്‍ തങ്ങളുടെ നെഫ്യൂസിനെ, മരുമക്കളെ, തങ്ങളുടെ അനുയായികളായി തിരഞ്ഞെടുക്കാന്‍ തുടങ്ങിയതില്‍ നിന്നാണ് നെപോട്ടിസം എന്ന വാക്ക് ഉടലെടുത്തത്. കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍ സ്വന്തക്കാര്‍ എന്നിവര്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കുക, പക്ഷഭേദം കാട്ടുക എന്നതാണ് നെപ്പോട്ടിസം. കടുത്ത പക്ഷഭേദം കാട്ടുന്നതിനെയാണ് ക്രോണിയിസം എന്ന് പറയുന്നത്. അതില്‍ സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും തന്റെ ഗ്രൂപ്പിലെ അംഗങ്ങള്‍, പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവരെല്ലാം പെടും. വിഷയം കമ്മ്യൂണിസ്റ്റ് ക്രൊണീയിസം തന്നെ. ‘
‘പത്രത്തില്‍ വൈലോപ്പിള്ളിയും വാഴക്കുലയും വായിച്ച് കാണും അല്ലെ?’
‘ഹ.ഹ. അതെ.. ഒന്നും നോക്കാതെ ഡോക്ടറേറ്റ് കൊടുക്കണമെങ്കില്‍ സാധാരണ ഫേവറിറ്റിസം പോരല്ലോ ..തനി ക്രോണിയിസം തന്നെ വേണം.’
‘പക്ഷഭേദം പണ്ട് മുതല്‍ക്കേ ..ഉണ്ട്. ഉത്താനപാദന്‍, സുരുചി. ധ്രുവന്റെ കഥ, പക്ഷഭേദം തന്നെയല്ലേ രാമായണ കഥയുടെ വഴിത്തിരിവ് ആയത് ?’
‘ശരിയാണ്. അമ്മമാരില്‍ പക്ഷഭേദത്തിന്റെ വിത്ത് ഉണ്ട്.. ഒരു മന:ശാസ്ത്രജ്ഞന്‍ ഒരിക്കല്‍ പറഞ്ഞു എല്ലാ അമ്മമാരിലും കുഞ്ഞു കൈകേയിമാര്‍ ഒളിച്ചിരിപ്പുണ്ട് എന്ന്.’
‘അങ്ങനെ പറയാന്‍ പറ്റുമോ? ഗാന്ധാരി അമ്മയായിരുന്നില്ലേ എന്നിട്ടും മക്കളേ വിജയിച്ചു വരൂ എന്നല്ലല്ലോ പറഞ്ഞത്? യതോ ധര്‍മ്മ സ്തതോ ജയ: എന്നല്ലേ പറഞ്ഞത് ‘
‘ശരിയാണ് ധൃതരാഷ്ട്രരുടെ പക്ഷഭേദമോ? അതിരില്ലാത്ത മക്കള്‍ വാത്സല്യം. അവര്‍ അധര്‍മ്മികളാണെന്നു അറിഞ്ഞിട്ടു കൂടി..’
‘പുരാണകഥകള്‍ നമുക്ക് വഴി കാട്ടിത്തരാന്‍ വേണ്ടിയല്ലേ.. എല്ലാ രാജാക്കന്മാരും തങ്ങളുടെ മക്കള്‍ രാജാക്കന്മാരാവണം എന്ന് തന്നെയല്ലേ കരുതുക? അതില്‍ തെറ്റ് പറയുവാന്‍ പറ്റുമോ?’
‘ഇല്ല.. രാജഭരണം ഇല്ലാത്തവരും പക്ഷഭേദം കാട്ടുക പതിവാണ്. ശ്രീബുദ്ധന്റെ അടുത്ത അനുയായികള്‍ ആനന്ദനും ദേവദത്തനും കസിന്‍സ് ആയിരുന്നു. സ്ത്രീകള്‍ക്ക് ദീക്ഷ കൊടുത്ത് ഭിക്ഷുണികള്‍ ആക്കേണ്ടെന്ന വൃതം മുറിച്ചത് പോറ്റമ്മ ഗൗതമി ആശ്രമത്തില്‍ ചേരാന്‍ വന്നപ്പോള്‍ മാത്രമായിരുന്നു. ഉറ്റവരോടുള്ള പ്രത്യേക സ്‌നേഹം അങ്ങനെ പക്ഷഭേദം കാട്ടാന്‍ പ്രേരിപ്പിക്കും.’
‘പക്ഷെ കഴിവുള്ള അനുയായികള്‍ വന്നാല്‍ ആ പക്ഷഭേദം നമ്മെ മറക്കാന്‍ പ്രേരിപ്പിക്കും. നെഹ്റു – ഇന്ദിര, ..രാ..’
അതവിടെ മുറിച്ച് ഞാന്‍ പറഞ്ഞു ‘താഴോട്ട് പോകണ്ട. ബൊഫോഴ്സ് കേസില്‍ കുടുങ്ങിയ രാജീവ് മോശക്കാരനായിരുന്നു. അദ്ദേഹത്തെക്കാള്‍ എത്രയോ മോശമാണ് മുന്നോട്ട് വരാന്‍ കിണഞ്ഞു ശ്രമിക്കുന്ന പിന്‍ഗാമി.’
‘ഹ.ഹ ഹ. ശരിയാണ്. പലപ്പോഴും മഹാന്മാരുടെ പിന്‍ഗാമികള്‍ കഴിവ് കെട്ടവരായി കാണുന്നു. അതെന്താ കാരണം?’
‘എല്ലാവരും ഒരു പോലെയാവില്ലല്ലോ. നെപ്പോളിയനെ അറിയാത്തവരായി ആരുണ്ട്? അദ്ദേഹം സ്വന്തം സഹോദരന്‍ ജെറോമിനെ കമാണ്ടര്‍ ആയി നിയോഗിച്ചു. കഴിവ് കെട്ടവനായിരുന്നു അയാള്‍. റഷ്യയുമായുള്ള യുദ്ധത്തില്‍ തോറ്റു. ജീവിതാന്ത്യത്തില്‍ കൂടപ്പിറപ്പുകളെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചതിന് നെപ്പോളിയന്‍ കണക്കറ്റ് ദു:ഖിക്കുന്നുണ്ട്.’
‘ആട്ടെ..അയാളുടെ സഹോദരന്റെ പേര് എന്താന്നാ പറഞ്ഞത്?’
‘ജെറോം.. എന്താ ചോദിച്ചത്?’
‘അല്ല ഈ ചിന്തയുടെ വല്ല ബന്ധുവുമായിരിക്കുമോ എന്തോ ?’
‘ഹ..ഹ.. ഹ.. ..ആയിരിക്കാം. കമ്മ്യൂണിസ്റ്റുകള്‍ നേപ്പൊട്ടിയിസത്തിന്റെ ആശാന്മാരാണ്.. ക്യൂബയിലെ കാസ്‌ട്രോമാര്‍, ഉത്തരകൊറിയയിലെ കിമ്മുകള്‍, വെനിസ്വലയിലും കംപ്യൂച്ചിയയിലും ലാവോസിലും വിയറ്റ്‌നാമിലും എല്ലായിടത്തും ഈ ക്രോണീയിസം കാണാം.’
‘കേരളത്തിലും അതിനായി ചില ലോബികള്‍ ശ്രമിക്കുന്നുണ്ട് ഫേവറിറ്റ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നൊക്കെ പറഞ്ഞ്’.
‘ശരിയാണ്. കേരളത്തില്‍ പാര്‍ട്ടി ക്രോണീയിസം അതിന്റെ മൂര്‍ദ്ധന്യത്തിലാണ് അല്ലെങ്കില്‍ ഗവര്‍ണറുമായി ഈ യുദ്ധമൊന്നും ഉണ്ടാവില്ലല്ലോ. കോപ്പിയടിക്കുന്നവരെ ന്യായീകരിക്കുന്ന നേതാക്കള്‍. തെറ്റുകള്‍ മറച്ചു വെക്കുക മാത്രമല്ല, അത് തെറ്റല്ല എന്ന് പറയുക.
ഒറ്റപ്പെട്ട സംഭവമെന്ന് പറയുക, ഒരു പിഴ എല്ലാവര്‍ക്കും പറ്റും, ഇവിടെ എല്ലാം തികഞ്ഞവര്‍ ആരാ? എന്ന് ചോദിക്കുക. അങ്ങനെ അധര്‍മ്മത്തില്‍ മുഴുകിയവരെ ഒന്നും ചിന്തിക്കാതെ വീണ്ടും വീണ്ടും ജനം കൈ പിടിച്ചു ഉയര്‍ത്തുക. കേരളത്തിന്റെ ദൗര്‍ഭാഗ്യം അല്ലാതെ എന്താ പറയുക?.’
‘കോപ്പിയടിയുടെ കാര്യം പറഞ്ഞപ്പോഴാ.. അര്‍ഹതയില്ലാത്തവര്‍ എങ്ങനെയാ ഒരു നാണവുമില്ലാതെ വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നത് ?’
‘അവര്‍ പലപ്പോഴും ആരും അറിയില്ലെന്ന് കരുതിയാണോ? അല്ല. തെറ്റ് ചെയ്യുന്നവര്‍ ന്യായീകരിച്ച് എല്ലാവരും അങ്ങനെയാണെന്ന് പറയും. ഏതു വിധേനയും കസേരയില്‍ കയറി ഇരിക്കുക. സ്വന്തം കഴിവുകളുടെ പരിമിതി അറിഞ്ഞു പ്രവര്‍ത്തിക്കുന്നവര്‍ വളരെ കുറവാണ്. കാക്ക കുളിച്ചാല്‍ കൊക്കാവുമോ? എന്ന് ചോദിക്കാറില്ലേ ? തനിക്ക് ഇണങ്ങാത്ത വേഷമെടുത്താല്‍ പരിഹാസ്യകഥാപാത്രമാവും.’
‘എന്നിട്ടെന്താ ..തൊണ്ടയിടറിയാണെങ്കിലും സഖാത്തി പിടിച്ചു നിന്നത് കണ്ടില്ലേ ?’
‘സിംഹത്തോലണിഞ്ഞ കഴുതയുടെ കഥ കേട്ടിട്ടില്ലേ? ഒരു കഴുതയ്ക്ക് എവിടെ നിന്നോ ഒരു സിംഹത്തോല്‍ കിട്ടി. അതണിഞ്ഞു നടന്ന് കണ്ട മൃഗങ്ങളെയെല്ലാം വിരട്ടി ഓടിച്ചു. കുറുക്കനെ കണ്ടപ്പോള്‍ കഴുത അവനെയും പേടിപ്പിക്കാന്‍ നോക്കി. പക്ഷെ കഴുതയുടെ ശബ്ദം കുറുക്കന്‍ തിരിച്ചറിഞ്ഞു. അവന്‍ പറഞ്ഞു സത്യം പറഞ്ഞാല്‍ ഞാനും പേടിച്ച് പോയേനെ. പക്ഷെ നിന്റെ കഴുതക്കരച്ചില്‍ കള്ളി വെളിച്ചത്താക്കി. കഴുത ഇളിഭ്യയായി. പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും. കോപ്പറേറ്റിവ് ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിച്ച കള്ളന്മാര്‍ പിടിക്കപ്പെടുന്നില്ലേ?’
‘ശരിയാണ്. നമ്മുടെ ആളുകള്‍ എല്ലാം പെട്ടെന്ന് മറക്കും’
‘പക്ഷഭേദം കൊണ്ടു ചിലര്‍ സമ്പാദ്യമുണ്ടാക്കും പക്ഷപാതികളായ മാധ്യമങ്ങള്‍ ജനവഞ്ചന മറച്ചു പിടിക്കും.’
‘പക്ഷപാതികളായത് അവരുടെ രാഷ്ട്രീയം കൊണ്ടല്ലേ?’
‘അതെ ഒരേ തൊഴുത്തില്‍ നിന്ന് വന്നത് കൊണ്ടുതന്നെ. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം അങ്ങനെയായിരുന്നു’.
പെട്ടെന്ന് ‘അയ്യോ സമയം പോയതറിഞ്ഞില്ല. മിക്‌സിയില്‍ അരയ്ക്കാന്‍ ഇട്ടിട്ട് കുറെ നേരായി’ എന്ന് പറഞ്ഞു അവള്‍ അടുക്കളയിലേയ്ക്ക് പോയി.
ഞാന്‍ ഓര്‍ത്തു ഓരോരോ അനുമാനങ്ങളാണ് നമ്മെ നയിക്കുന്നത്. പത്രക്കാരുടെ കാര്യവും അതുപോലെ തന്നെ.
ഒരു തമാശ ഓര്‍മ്മ വന്നു.
ഒരു മുസ്ലിമും ക്രിസ്ത്യാനിയും പിന്നെ കമ്മ്യൂണിസ്റ്റുകാരനായ ഒരു ഹിന്ദുവും തര്‍ക്കത്തിലാണ്. ആദത്തിന്റെയും ഹവ്വയുടെയും മതത്തെക്കുറിച്ചാണ് തര്‍ക്കം.. മുസ്ലിം പറഞ്ഞു: ആദം ആദ്യ മുസ്ലിമാണ്. മനുഷ്യരാശിയുടെ അമ്മയാണ് ഹവ്വ. ക്രിസ്ത്യാനി പറഞ്ഞു ആദ്യം അവരെക്കുറിച്ചുള്ള പരാമര്‍ശം ബൈബിളിലാണ് വന്നത് അതുകൊണ്ടു അവര്‍ ക്രിസ്ത്യാനികളാണ്. അവരിപ്പോഴും ദൈവത്തോടൊപ്പം സ്വര്‍ഗ്ഗത്തിലാണ്. സെക്കുലറിസ്റ്റും ഈശ്വരവിശ്വാസമില്ലാത്ത ഹിന്ദുവുമായ കമ്മ്യൂണിസ്റ്റുകാരന് എന്താണ് പറയേണ്ടത് എന്ന് അറിയുമായിരുന്നില്ല. എന്നാല്‍ ഇരു കൂട്ടരെയും വിഷമിപ്പിക്കാനും അയാള്‍ തയ്യാറായിരുന്നില്ല. അതിനാല്‍ അയാള്‍ ഇങ്ങനെ പറഞ്ഞു. വാസ്തവത്തില്‍ അവര്‍ രണ്ടുപേരും തോട്ടം തൊഴിലാളികളായ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരായിരുന്നു.
വസ്ത്രം, പാര്‍പ്പിടം, ഭക്ഷണം ഇത് മൂന്നും അവര്‍ക്കുണ്ടായിരുന്നില്ല.
ആകെ ഉണ്ടായിരുന്നത് ഒരു ആപ്പിള്‍ ആയിരുന്നു. ഇത് അക്രമമാണ്. അനീതിയാണ് എന്നവര്‍ ആക്രോശിച്ച് ഇങ്കുലാബ് സിന്ദാബാദ് വിളിച്ചപ്പോള്‍ അവിടെ പെട്ടെന്ന് ഒരു സമത്വ സുന്ദര ലോകമുണ്ടായി.
തര്‍ക്കം അങ്ങനെ അവസാനിച്ചു.