ഷെസീനയുടെ ആകസ്മികമായ വേര്‍പാടിനെ കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും സാംസ്‌കാരിക നായകരും എങ്ങനെ കണ്ടു, അതിനോട് എന്ത് നിലപാടെടുത്തു എന്നത് പഠിക്കേണ്ടതാണ്. മലയാളികള്‍, കേരളസമൂഹം എത്രമാത്രം സ്വാര്‍ത്ഥമതികളും കാപട്യത്തിന് ഉടമകളുമായിരിക്കുന്നു എന്നത് വെളിവാക്കുന്നതാണ് ഷെസീനയുടെ അന്ത്യം.
ഷെസീന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെപ്പോലെ ആയിരം കോടി രൂപയുടെ മുതല്‍മുടക്കുള്ള ഐ.ടി കമ്പനി ഉടമ ആയിരുന്നില്ല. ചിന്താ ജെറോമിനെ പോലെ യുവജന കമ്മീഷന്റെയോ വനിതാ കമ്മീഷന്റെയോ അധ്യക്ഷയും അംഗവുമായില്ല. ചങ്ങമ്പുഴയുടെ വാഴക്കുലയും വൈലോപ്പിള്ളിയുടെ മാമ്പഴവും ഒക്കെ മര്യാദയ്ക്ക് സ്‌കൂളില്‍ പഠിക്കാന്‍ പോലും കഴിഞ്ഞില്ല. 34-ാം വയസ്സില്‍ ആരുമറിയാതെ, ആരോടും പറയാതെ, കനല്‍പോലെ ചുട്ടുപൊള്ളുന്ന മനസ്സിലെ വികാരങ്ങളുടെ തീക്ഷ്ണാഗ്നിയില്‍ അവള്‍ സ്വന്തം ജീവിതം ഹോമിച്ചു.
ചില മാധ്യമങ്ങള്‍ മാത്രം ആ ജീവിതത്തിന്റെ അന്ത്യം എങ്ങനെ സംഭവിച്ചു എന്നത് വിവരിച്ചു. മറ്റുചിലര്‍ സാധാരണ ചരമകോളത്തില്‍ ആ വാര്‍ത്ത ഒതുക്കി. അനുസ്മരണങ്ങളോ, ജീവിതചരിത്രമോ, കുടുംബ പശ്ചാത്തലമോ കുടുംബത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയോ ഒന്നും തന്നെ വാര്‍ത്തയായില്ല. ഷെസീനയുടെ ജീവിതത്തില്‍ പലപ്പോഴും താങ്ങും തണലുമായ ബി.ജെ.പി പ്രവര്‍ത്തകര്‍ ഒഴികെ മറ്റാരും പ്രതികരിച്ചില്ല. സാംസ്‌കാരിക നായകര്‍ എന്നുപറയപ്പെടുന്ന പരാന്ന ജീവികള്‍ ഒരാള്‍ പോലും വായ തുറന്നില്ല. അമേരിക്കയിലെ ഒരു ഹിന്ദു സംഘടന ശ്രീകുമാരന്‍ തമ്പിയെ ആദരിക്കുന്ന വേദിയില്‍ അദ്ദേഹവും കവി വി.മധുസൂദനന്‍ നായരും പ്രഭാവര്‍മ്മയും ഒക്കെ പങ്കെടുക്കുന്നതിനെ ചൊല്ലി വാദമുഖങ്ങള്‍ ഉയര്‍ത്തുന്ന തിരക്കിലായിരുന്നു അവരൊക്കെ. സംവാദങ്ങളും കവിയരങ്ങുകളും സാഹിത്യ ചര്‍ച്ചകളും ഭാരതത്തിന്റെയും കേരളത്തിന്റെയും പ്രത്യേകതകളായിരുന്നു. ‘എഴുത്തോ നിന്റെ കഴുത്തോ’തുടങ്ങിയ വിഷയങ്ങളിലും, പുരോഗമന കലാസാഹിത്യം, ജീവല്‍സാഹിത്യം തുടങ്ങി ഒട്ടേറെ മേഖലകളില്‍ സംവാദം നടത്തിയിരുന്ന മഹത്തായ പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഇപ്പോള്‍ ഒരു പുരസ്‌കാര വേദിയില്‍, പ്രത്യേകിച്ചും ഹിന്ദുത്വത്തിന്റെ വേദിയില്‍ സാഹിത്യകാരന്മാര്‍ എത്തിയാല്‍ അത് വര്‍ഗീയതയെ പ്രീണിപ്പിക്കലാകും എന്നാണ് ഇവര്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എഴുത്തച്ഛനും പൂന്താനവും മേല്‍പ്പത്തൂരും വള്ളത്തോളും കുമാരനാശാനും ഉള്ളൂരും ഒക്കെ കവികളാകുമോ? ശ്യാമമാധവം എഴുതിയ പ്രഭാവര്‍മ്മയ്ക്ക് കൃഷ്ണനെ തള്ളിപ്പറയാന്‍ ആകുമോ? അതിന്റെ ശരിയിലേക്കും ശരിയില്ലായ്മയിലേക്കും പോകുന്നില്ല. പക്ഷേ, എന്തുകൊണ്ട് ദുരവസ്ഥ എഴുതിയ കുമാരനാശാന്റെ കണ്ണില്‍ മത ഭീകരതയുടെ അഴിഞ്ഞാട്ടം പെട്ടതുപോലെ, മാമ്പഴത്തില്‍ വൈലോപ്പിള്ളിയുടെ മുന്നില്‍ അമ്മയുടെ കണ്ണുനീര്‍ പെട്ടതുപോലെ, ഷെസീനയുടെ മരണവും ആ കുടുംബത്തിന്റെ കണ്ണീരും മലയാളത്തിലെ എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും മുന്നില്‍ വന്നില്ല എന്നത് ചിന്തിക്കേണ്ടതാണ്.
പിണറായിയുടെ മകളെപ്പോലെ, ചിന്താ ജെറോമിനെ പോലെ സ്വന്തം ജീവിതത്തിലും വര്‍ണ്ണചിത്രങ്ങളും സ്വപ്‌നങ്ങളും ഒക്കെയായിട്ടാണ് ആ പിഞ്ചുകുഞ്ഞും സ്‌കൂളിലേക്ക് എത്തിയത്. പാനൂര്‍ കൂരാറ ചെക്കുട്ടിന്റവിട ഷെസീന ഭരണകൂട ഭീകരതയുടെയും അക്രമ രാഷ്ട്രീയത്തിന്റെയും ബലിദാനിയാണ്. സംസ്ഥാന ഭരണകൂടം സ്വന്തം പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിന് കൂട്ട് നില്‍ക്കുമ്പോള്‍, സാധാരണക്കാരായ പാവപ്പെട്ടവര്‍ക്ക് നഷ്ടമാകുന്ന ജീവിതത്തിന്റെയും സ്വപ്‌നത്തിന്റെയും പ്രതീകമാണ് അവള്‍.
ഈസ്റ്റ് മൊകേരി യു.പി സ്‌കൂളിലെ ആറാംക്ലാസ് ബി ഡിവിഷനിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഷെസീന. 1999 ഡിസംബര്‍ ഒന്നിന്, ക്ലാസില്‍ കണക്ക് പഠിപ്പിച്ചു കൊണ്ടിരുന്ന തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനായ കെ.ടി. ജയകൃഷ്ണനെ ഒരുപറ്റം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു കൊല്ലുകയായിരുന്നു. ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും കണ്‍മുന്നിലിട്ടാണ് ജയകൃഷ്ണന്‍ മാസ്റ്ററെ സി.പി.എമ്മുകാര്‍ വെട്ടിക്കൊന്നത്. സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍, ടി.പി ചന്ദ്രശേഖരനെ പിന്നീട് വെട്ടിയത് പോലെ, 51 വെട്ട് എത്തിയില്ലെങ്കിലും 48 വെട്ടുകള്‍ ആ അധ്യാപകന്റെ ദേഹത്തുണ്ടായിരുന്നു. പഠിപ്പിച്ചു കൊണ്ടിരുന്ന സ്വന്തം അധ്യാപകന്റെ രക്തവും മാംസവും മുഖത്തും ദേഹത്തും പാഠപുസ്തകങ്ങളിലും തെറിച്ചു വീണതിന് ആ കുഞ്ഞുങ്ങള്‍ അനുഭവസ്ഥരായി. ആ കുഞ്ഞുങ്ങളുടെ നിലവിളി കേള്‍ക്കാനുള്ള, അതില്‍ കരളലിയാനുള്ള മനുഷ്യത്വമോ മൂല്യമോ ഇല്ലാത്ത കാപാലിക ഗുണ്ടാസംഘത്തിന് അധ്യാപകനും ക്ലാസ്മുറിയും ഒന്നും പ്രശ്‌നമായില്ല.
സ്വന്തം അധ്യാപകന്‍ കണ്‍മുന്നില്‍ വെട്ടേറ്റു മരിച്ചു വീഴുന്നത് കണ്ട് 16 കുട്ടികള്‍ മാനസിക വിഭ്രാന്തിക്ക് അടിമകളായി. മനുഷ്യന്‍ സാധാരണ അനുഭവിക്കാറുള്ളതാണ് ഈ അവസ്ഥ. അവര്‍ ഡോക്ടര്‍മാരോടും സന്നദ്ധ പ്രവര്‍ത്തകരോടും പറഞ്ഞത് ഉറങ്ങാന്‍ ആവില്ല എന്നാണ്. കണ്ണടയ്ക്കുമ്പോള്‍ തങ്ങളുടെ മുന്നില്‍ വെട്ടേറ്റ് പിടഞ്ഞു വീഴുന്ന തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെയാണ് അവര്‍ കണ്ടത്. മാത്രമല്ല, സംഭവത്തില്‍ സാക്ഷിപറയാനോ തെളിവു നല്‍കാനോ ആരെങ്കിലും വന്നാല്‍ ജയകൃഷ്ണന്റെ അതേ ഗതിയായിരിക്കും അവര്‍ക്കുമെന്ന് രക്തം പുരണ്ട കൈകളിലെ ചോക്ക് ഉപയോഗിച്ച് ബോര്‍ഡില്‍ എഴുതാനും ഈ ഭീകരര്‍ മറന്നില്ല. രക്തം പുരണ്ട വാളുമായി സ്‌കൂളിലും കവലയിലും പ്രകടനം നടത്തിയാണ് അവര്‍ പോയത്.
അച്ചാരമ്പത്ത് പ്രദീപന്‍, നല്ല വീട്ടില്‍ ഷാജി, സുന്ദരന്‍, ദിനേശ് ബാബു, അനില്‍കുമാര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊന്ന അപൂര്‍വത്തില്‍ അത്യപൂര്‍വ്വമായ കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത് ഹൈക്കോടതി ശരിവെച്ചു. പക്ഷേ, സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ പ്രദീപന്‍ ഒഴികെ ബാക്കിയുള്ളവരെ വെറുതെ വിട്ടു. പ്രദീപിനെ ജീവപര്യന്തം ശിക്ഷക്കാണ് വിധിച്ചത്.
ആക്രമണസാധ്യതയുള്ളതുകൊണ്ട് ജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അക്രമം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് കാവല്‍ക്കാരായിരുന്ന പോലീസുകാര്‍ സംഭവസ്ഥലത്ത് നിന്ന് മാറിനിന്നു. നീതിന്യായ സംവിധാനത്തിലും ഭരണകൂടത്തിലും വിശ്വാസമര്‍പ്പിക്കുന്ന, സാധാരണ പൗരന്റെ സംരക്ഷകരാവേണ്ട പോലീസ് രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടി തങ്ങളുടെ പ്രതിജ്ഞയും സത്യവും മറന്ന് തങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച ഒരു പൊതുപ്രവര്‍ത്തകനെ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു. ഈ പോലീസുകാര്‍ക്ക്, രാഷ്ട്രീയ ആഭിമുഖ്യമുള്ള സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക്, തങ്ങള്‍ സംരക്ഷിക്കേണ്ട ഒരാളെ ബലികൊടുത്തതിന്റെ പേരില്‍ എന്ത് ശിക്ഷയുണ്ടായി? ഈ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ അല്ല ശിക്ഷിക്കപ്പെട്ടതെന്നും, കേസില്‍ ഉള്‍പ്പെട്ടതെന്നും ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ പ്രതിയായി മാറിയ ടി.കെ. രജീഷ് പിന്നീട് മൊഴി കൊടുത്തിരുന്നു. പ്രദീപന്‍ ഒഴികെ ബാക്കി ആരും യഥാര്‍ത്ഥ പ്രതികള്‍ അല്ലെന്നാണ് രജീഷ് മൊഴി നല്‍കിയത്. ഇതിന്റെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെയും യഥാര്‍ത്ഥ പ്രതികളെയും പുറത്തു കൊണ്ടുവരേണ്ടേ? പ്രദീപനെ പിന്നീട് അതേ സ്‌കൂളിന്റെ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി അദ്ധ്യക്ഷനാക്കിയാണ് സിപിഎം പാര്‍ട്ടി കൂറ് പ്രകടിപ്പിച്ചത്. സാധാരണ മനുഷ്യര്‍ക്കോ, സംസ്‌കാരം ലവലേശം അടുത്തുകൂടി പോയവര്‍ക്കോ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കഴിയുമോ?
ഭരണകൂടത്തിന്റെ, സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകളുടെയും രാഷ്ട്രീയ പക്ഷപാതത്തിന്റെയും പ്രതീകമാണ് ജയകൃഷ്ണന്‍ മാസ്റ്ററും 23 വര്‍ഷത്തിന് ശേഷം സ്വയം മരണം വരിച്ച ഷെസീനയും. ജയകൃഷ്ണന്‍ മാസ്റ്ററെ ആക്രമിക്കുമ്പോള്‍ മുന്‍നിരയിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഷെസീന. യൂണിഫോമിലും പുസ്തകങ്ങളിലും തെറിച്ചുവീണ ചോരത്തുള്ളികള്‍ ആ പിഞ്ചു ബാലികയുടെ മനസ്സിന്റെ സമനില തന്നെ തെറ്റിച്ചു. സ്‌കൂളില്‍ നിന്ന് ഭയപ്പെട്ട് നിലവിളിച്ചാണത്രേ അവള്‍ വീട്ടിലേക്കെത്തിയത്. പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്ന് തിരിച്ചുവരാന്‍ ഏറെക്കാല മെടുത്തു. പ്രിയപ്പെട്ട അധ്യാപകന്‍ വെട്ടേറ്റ് മരിച്ചുവീണ ആ സ്‌കൂളിലേക്ക് പിന്നീട് പോകാന്‍ പോലും കഴിഞ്ഞില്ല. കാലങ്ങളോളം മനഃശാസ്ത്ര വിദഗ്ധരുടെയും മറ്റും കൗണ്‍സിലിംഗിനു ശേഷം പ്രൈവറ്റായി തന്നെയാണ് പഠിച്ചത്. പത്താംക്ലാസിനു ശേഷം രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടുവിന് ചേര്‍ന്നെങ്കിലും പഠനം തുടരാന്‍ കഴിഞ്ഞില്ല. ആള്‍ക്കൂട്ടത്തെ കാണുമ്പോഴുള്ള ഭയമായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. സമൂഹത്തിന്റെ എല്ലാ വശങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകാനാണ് ആ പെണ്‍കുട്ടി പിന്നീട് ശ്രമിച്ചത്. ഉത്സവങ്ങളും കല്യാണങ്ങളും പൊതുചടങ്ങുകളും ഒക്കെ ഉപേക്ഷിച്ചു. വാര്‍ത്തകളും മാധ്യമങ്ങളും പത്രങ്ങളും ഒക്കെ അവള്‍ക്ക് അസഹനീയമായി. ആംബുലന്‍സുകളുടെ ശബ്ദം പോലും പിന്നീട് അവള്‍ക്ക് സഹിക്കാനാവാത്തതായി മാറി. പ്രൈവറ്റായി പഠിച്ച് ബിരുദം നേടിയ ശേഷം കമ്പ്യൂട്ടര്‍ പരിശീലനവും നേടിയിരുന്നു. ഒരു വില്ലേജ് ഓഫീസില്‍ മൂന്നുവര്‍ഷം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്തു.
വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചെങ്കിലും ഷെസീന വഴങ്ങിയില്ല. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന വാര്‍ഷികത്തിനും മറ്റും പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വരുന്ന ഫോട്ടോ കണ്ടാല്‍ തന്നെ അവള്‍ അസ്വസ്ഥയാകുമായിരുന്നു. കണ്‍മുന്നില്‍ നടന്ന മനുഷ്യത്വഹീനമായ കൊലപാതകം ആ പിഞ്ചു ബാല്യത്തിന് സമ്മാനിച്ചത് വിഷാദരോഗമായിരുന്നു. മരിക്കണം എന്ന ചിന്ത ശക്തമായി എന്ന് മാത്രമല്ല, ആത്മഹത്യാ പ്രവണത പലതവണ പ്രകടിപ്പിക്കുകയും ചെയ്തുവത്രേ. 2021 ലും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ജീവിതം മടുത്തതുകൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് ഷെസീന എല്ലാവരോടും പറഞ്ഞത്.
23 വര്‍ഷം മുമ്പുണ്ടായ സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് ഒരിക്കല്‍ പോലും അവള്‍ തിരിച്ചുവന്നില്ല. അന്ന് ക്ലാസ്സില്‍ ഉണ്ടായിരുന്ന കുട്ടികളില്‍ പലരുടെയും അവസ്ഥ ഇതാണ്. ഈ സാഹചര്യം എന്തുകൊണ്ട് കേരളവും കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക നായകരും ചര്‍ച്ച ചെയ്യാന്‍ വിമുഖത കാണിക്കുന്നു? കേരളത്തിലെ 95 ശതമാനം രാഷ്ട്രീയ സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും ഏതെങ്കിലും ഒരു ഭാഗത്ത് സി.പി.എം ഉണ്ട്. സി.പി.എമ്മാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം തുടങ്ങിവച്ചത്. ആര്‍.എസ്.എസും ബി.ജെ.പിയും മാത്രമല്ല, കോണ്‍ഗ്രസും ലീഗും എന്തിനേറെ സി.പി.ഐ പോലും ഇവരുടെ അക്രമത്തിന് ഇരയാവുന്നു. ഏകപക്ഷീയമായ അക്രമം മൂലം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് പരാതി പറഞ്ഞിരുന്നു. ഇത് പുരോഗമനാത്മകമായ ഒരു സമൂഹത്തില്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് പൊറുപ്പിക്കാന്‍ ആകുന്നതാണോ?
ഭരണകൂടത്തിന്റെ പിടിപ്പുകേടിന് ജയകൃഷ്ണന്‍ മാസ്റ്ററുടെ കുടുംബത്തിനും ഷെസീനയുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ? പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ബാധ്യത ഭരണകൂടത്തില്‍ നിക്ഷിപ്തമാണ്. ആ ഭരണകൂടത്തിന്റെ പരാജയമാണ് ഈ രണ്ടു ബലിദാനങ്ങള്‍ക്കും പിന്നില്‍. അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. കേരളത്തില്‍ ഇനിയെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി വിചാരിച്ചാല്‍ മതി, അത് സിപിഎമ്മാണ്.
പാടത്തെ പണിക്ക് വരമ്പത്ത് കൂലി എന്ന സിദ്ധാന്തത്തില്‍ നിന്ന് സഹവര്‍ത്തിത്വത്തോടെയുള്ള, ഉത്തരവാദിത്തമുള്ള, രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് അവര്‍ മാറിയില്ലെങ്കില്‍ ജനാധിപത്യം വെറും പ്രഹസനമായി മാറും. മാത്രമല്ല, പോപ്പുലര്‍ഫ്രണ്ട് നിരോധിക്കപ്പെടും മുമ്പുതന്നെ സിമിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്ക് ചേക്കേറിയിട്ടുണ്ട്. അവരുടെ നേതൃത്വത്തില്‍ അക്രമം കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു. ഇതിനെ തടയാനോ പ്രതിരോധിക്കാനോ സി.പി.എമ്മിന് കഴിയുന്നുമില്ല. ഇതുംകൂടി കണക്കിലെടുത്ത് ഉത്തരവാദിത്തബോധമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറിയില്ലെങ്കില്‍ ഷെസീനമാരുടെ എണ്ണം ഇനിയും കൂടും. ഒരു തെറ്റും ചെയ്യാതെ സ്വന്തം ജീവിതത്തിന്റെ നിറവും നിറച്ചാര്‍ത്തും സ്വപ്‌നങ്ങളും ഒക്കെ അകാലത്തില്‍ വിട്ടെറിഞ്ഞു പോകേണ്ടിവന്ന ആ സഹോദരിക്ക് പ്രണാമം.