പരേതന്റെ വീട്ടിലെ ചിതയും കരച്ചിലും
ഒരുമിച്ചു കെട്ടുപോയെങ്കിലും പിന്നെയും
ഒച്ചയില്ലാതെ കരച്ചിലൊരാളുടെ
നിര്‍ത്താതെ വിമ്മുകയല്ലോ നിരന്തരം…
പെയ്‌തൊഴിഞ്ഞാലും മരങ്ങള്‍ പെയ്യും പോലെ
പിന്നെയുമാരോ പിറുപിറുക്കും പോലെ …
എത്തിപ്പിടിക്കാന്‍ കഴിയാതെ പോയതാം
സ്വപ്‌നങ്ങള്‍ മോഹലക്ഷ്യങ്ങള്‍ പ്രതീക്ഷകള്‍…
ഒക്കെയും വെന്തൊടുങ്ങാതെ ചിതാഗ്‌നിയില്‍
നിന്നുമുയിര്‍ത്തു വരുന്നതു മാതിരി..
ഒച്ചയില്ലാതെ കരച്ചിലൊരാളുടെ
നിര്‍ത്താതെ വിമ്മുകയല്ലോ നിരന്തരം…
പൊട്ടിപ്പിളര്‍ന്നു പിരിഞ്ഞ കശേരുവും
പൊട്ടിത്തെറിച്ച തലയോടു ചില്ലുമ-
ങ്ങെന്തോ പതം പറഞ്ഞഗ്‌നി നാളങ്ങളില്‍
സന്താപ പൂര്‍വ്വം കിടക്കയാണിപ്പൊഴും…
കെട്ടുപ്രായം കഴിഞ്ഞോളൊരാള്‍ താലിയും
പൊട്ടിച്ചു വന്നു നില്‍ക്കുന്നൊരു മൂത്തവള്‍
കെട്ടിപ്പടുത്ത പണി മുടിയാത്തതാം കെട്ടിടം
ജപ്തി നോട്ടീസുകള്‍ വ്യാധികള്‍…
മൂലക്കുരു പോലെ വന്നു നോവിച്ചിടും…
വട്ടിപ്പലിശ പിടുങ്ങുന്ന ചെട്ടിയാര്‍
വാതം പ്രമേഹം പ്രഷര്‍ കൊളസ്‌ട്രോളുമായ്
ഗോതമ്പു കഞ്ഞിയില്‍ തീര്‍ന്നതാം ജീവിതം..
എന്നിട്ടുമെന്നിട്ടുമെന്തൊക്കെയോ മോഹ
ഭംഗങ്ങള്‍ ചൊല്ലി പതം പറഞ്ഞീടുമാ..
കെട്ടുതീരാത്ത ചിതയില്‍ പരേതന്റെ
കെട്ടടങ്ങാത്ത മോഹങ്ങള്‍ ജ്വലിക്കവെ
ഇപ്പൊഴും തെക്കേമുറിക്കുള്ളില്‍ വാതവും
കട്ടന്‍ പൊകലയുമായ് കിടക്കുന്നൊരാള്‍
തെക്കു പുറത്തുമുറ്റത്തിനുമപ്പുറം
പട്ടടയില്‍ മകന്‍ കെട്ടതറിയാതെ
എപ്പോഴവന്‍ വരും ധന്വന്തരവുമായ്
എന്നു നിനച്ചു കിടക്കയാണിപ്പൊഴും…
Comments