”ഭാവുകം നേരും ഭവാന്‍ കര്‍ഷകന്നെല്ലായ്‌പ്പോഴും
ഭാവനം ചെയ്യും ഭവാന്‍ നാകമായ് നരകത്തെ
എന്നാലീ യാഥാര്‍ത്ഥ്യങ്ങളെങ്ങനെയറിയും നീ?
പൊന്നൊളിക്കിനാക്കളെങ്ങെന്റെ ജീവിതമെങ്ങോ?
കഷ്ടപ്പാടിനെബ്ഭവാന്‍ താരാട്ടിയുറക്കുന്നു.
കഷ്ടമിക്കൃഷിക്കാരനുണര്‍ന്നു കഴിഞ്ഞിട്ടും”
‘കവിയും കര്‍ഷകനും’ എന്ന കവിതയില്‍ ഒളപ്പമണ്ണ ആത്മനിന്ദയോടുകൂടി കര്‍ഷകനെ വാഴ്ത്തുന്നു. വ്യക്തി ജീവിതത്തിലും കാവ്യജീവിതത്തിലും പുലര്‍ത്തിയ ഈ വിനയഭാവമാകാം ഒളപ്പമണ്ണ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയെ മലയാള കവിതയില്‍ ഒന്നാം നിരക്കാരുടെയിടയില്‍ നിലനിര്‍ത്താതെ പോയത്. പാഠപുസ്തകങ്ങളില്‍ സ്ഥിരമായി അദ്ദേഹത്തിന്റെ കവിതകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇരുപതിലധികം സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ അവാര്‍ഡ്, എന്‍.വി.പുരസ്‌കാരം, ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്, തമിഴ്‌നാട് സര്‍ക്കാരിന്റെ കവിതാ പുരസ്‌കാരം ഇവയൊക്കെ ലഭിച്ചു. കലാമണ്ഡലത്തിന്റെ ചെയര്‍മാനായി. ഇതൊക്കെയുണ്ടായിരുന്നിട്ടും ഇന്നു മലയാള കവിതാചര്‍ച്ചയില്‍ ഒളപ്പമണ്ണയുടെ പേരു പൊങ്ങിവരുന്നില്ല. അക്കാര്യം കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുള്ള വിഷയമാണ്.
ഒളപ്പമണ്ണയെ സ്മരിക്കുമ്പോള്‍ രണ്ടു കവിതകളേ മനസ്സിലേയ്ക്കു വരുന്നുള്ളു. ഒന്നു ‘നിഴലാന’ യും രണ്ടാമത്തേത് ‘നങ്ങേമക്കുട്ടി’യും. നിഴലാന ദാര്‍ശനികമാനമുള്ള കവിതയാണ്. നമ്മള്‍ കണ്ടതും അനുഭവിച്ചതുമായ ജീവിതം മിഥ്യയാണെന്ന സത്യം നിസ്സാരമായ ഒരു ആനക്കഥയിലൂടെ കവി അവതരിപ്പിക്കുന്നു (ആന ഒളപ്പമണ്ണയ്ക്കു പ്രിയപ്പെട്ട വിഷയമാണ്. മരപ്പേട്ടയിലെ ആന, ആനയോട്ടം എന്നീ പേരുകളില്‍ അദ്ദേഹം രണ്ടു ആനക്കവിതകള്‍ കൂടി എഴുതിയിട്ടുണ്ട്. മറ്റു ചില കവിതകളിലും ആന ഒരു ബിംബമായി കടന്നുവരുന്നുണ്ട്).
ഒളപ്പമണ്ണയെ ഏറ്റവും പ്രസിദ്ധനാക്കിയ കവിത നങ്ങേമക്കുട്ടിയാണ്. കണ്ണു നനയിക്കുന്ന കഥാകാവ്യമാണത്. പതിനാലുകാരിയായ പെണ്‍കുട്ടി തന്റെ കാമുകനില്‍ നിന്നും ഗര്‍ഭം ധരിക്കുന്നു. പെണ്‍കുട്ടിയുടെ കാമുകനോ അവളുടെ ട്യൂഷന്‍ മാസ്റ്ററാണ്. അവള്‍ ഗര്‍ഭിണിയായ വിവരം കവി അറിയിക്കുന്നത് ‘നേരമല്ലാത്ത നേരത്തായ് നങ്ങേമക്കുട്ടിതന്‍ കുളി” എന്നാണ്. വാല്യക്കാരിയായ പാറതി (പാര്‍വ്വതി) അവളുടെ മുലക്കണ്ണു കറുത്തവിവരം അമ്മയെ അറിയിക്കുമ്പോഴാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിവരമറിയുന്നത്. സ്വാഭാവികമായതു തന്നെ സംഭവിക്കുന്നു. പാര്‍വതി വിവരം അമ്മയോടു പറയുന്ന സന്ദര്‍ഭത്തെ ‘കൈതെറ്റി വീണുപോം കുപ്പിപ്പാത്രം പോലൊരു വാചകം” അവള്‍ പറഞ്ഞുവെന്നാണു പറയുന്നത്. ഭയപ്പാടോടെ ആ വര്‍ത്തമാനം അവതരിപ്പിക്കുന്ന ദാസിയുടെ അവസ്ഥയെ ഇതിനേക്കാള്‍ മെച്ചമായി പറയാനാവില്ല. ആ വിവരം അറിയുന്ന അച്ഛന്റെ സ്ഥിതി. ”ആളിപ്പോകുന്നു ഹാ വൈക്കോല്‍ക്കുണ്ടയില്‍ തീയുപോലവേ അച്ഛനീ വാര്‍ത്ത കേള്‍ക്കവേ”
ഭ്രഷ്ട് കല്പിച്ചു പെണ്‍കുട്ടികളെ ഇറക്കിവിടുന്ന പാരമ്പര്യം അന്‍പതുകളിലും തുടര്‍ന്നിരുന്നുവെന്നാണ് ഈ കവിതയിലെ ഇതിവൃത്തം നമ്മളെ അറിയിക്കുന്നത്. 1950കളില്‍ നടന്ന ഒരു സംഭവത്തെയാണ് കവി കാവ്യവല്‍ക്കരിച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതായി പലരും രേഖപ്പെടുത്തിയിരിക്കുന്നു. കുറിയേടത്തു താത്രിമാരെ സൃഷ്ടിച്ച പാരമ്പര്യത്തിന്റെ ഏറ്റവും അവസാനത്തെ ഇരയാണീ കവിതയിലെ നങ്ങേമക്കുട്ടി. അക്കാലത്തും കുറച്ചുകൂടി മനുഷ്യത്വപരമായ ഒരു പരിഹാരം കാണാന്‍ കുട്ടിയുടെ നല്ലവരായ രക്ഷാകര്‍ത്താക്കള്‍ക്ക് കഴിയുന്നില്ല. ”വെള്ളത്തിലെണ്ണപോല്‍ പാറിക്കിടന്നീ സ്വയം മറഞ്ഞുപോകാത്ത സങ്കടം” അവരുടെ ഉള്ളിലുണ്ടായിരുന്നെങ്കിലും അവര്‍ കുട്ടിയെ ഇറക്കി വിടുകതന്നെ ചെയ്തു. ഇറക്കി വിടപ്പെട്ട കുട്ടി പലരുടേയും കാരുണ്യത്താല്‍ ആശുപത്രിയിലെത്തി. അവിടത്തെ പരിചാരികയില്‍ നിന്നാണ് ”ചുട്ടൊരോട്ടിന്‍ പുറത്താദ്യമാരി തന്‍ തുള്ളി പോലവേയിറ്റു വീഴുന്ന വാക്കുകള്‍” അവള്‍ കേള്‍ക്കുന്നത്. താന്‍ ജന്മം നല്‍കിയ കുഞ്ഞിനെ തന്റെ മാതാപിതാക്കളുടെ സമക്ഷത്തില്‍ത്തന്നെ സമര്‍പ്പിച്ചശേഷം അവള്‍ ജീവനൊടുക്കുന്നു.
ട്യൂഷന്‍ മാസ്റ്ററുടെ സവിധത്തില്‍ ”താനാ കൈവെള്ളയിലൊതുങ്ങിടും ചെറുനാരങ്ങപോലവേ” നിന്നതിനു വലിയ വില പെണ്‍കുട്ടിയ്ക്കു കൊടുക്കേണ്ടിവന്നു. ട്യൂഷന്‍ മാസ്റ്റര്‍ രമണനിലെ ചന്ദ്രികയെപ്പോലെ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു പോകുന്നവനല്ല. അയാള്‍ അവളെ തന്റെ ജീവിതത്തിലേയ്ക്കു ക്ഷണിക്കുന്നുണ്ട്. പക്ഷേ അച്ഛനമ്മമാരോടുള്ള അദമ്യമായ സ്‌നേഹവും വിശ്വാസവും ഇറങ്ങിപ്പോകുന്നതില്‍ നിന്നും അവളെ വിലക്കുന്നു. അതാണു പെണ്‍കുട്ടിയ്ക്കു ദുരിതപര്‍വ്വം തീര്‍ക്കുന്നത്. കുറച്ചുകൂടി ധൈര്യം നങ്ങേമയ്ക്ക് ഉണ്ടായിരുന്നെങ്കില്‍, ഏകദേശം നാല്പതുവര്‍ഷം മുന്‍പ് ആശാന്റെ സാവിത്രി കാണിച്ച ധീരതയും നിശ്ചയദാര്‍ഢ്യവും കാണിക്കാന്‍ പുതിയ കാലത്തും അവള്‍ക്കു കഴിയുന്നില്ല. പാരമ്പര്യത്തിന്റെയും ജാത്യാഭിമാനത്തിന്റെയും ഇരയായി സ്വയം നശിപ്പിക്കാന്‍ ആ പെണ്‍കുട്ടി തയ്യാറാവുന്നു.
മറ്റു പ്രണയകാവ്യങ്ങള്‍ പോലെ ഒരു കാല്പനിക കവിതയേയല്ല നങ്ങേമക്കുട്ടി. ഇടശ്ശേരിയുടെ കഥാകാവ്യങ്ങളില്‍ കാണുന്നവിധം പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഒളപ്പമണ്ണയും ആവിഷ്‌ക്കരിക്കുന്നത്. കവിക്ക് പുരസ്‌കാരങ്ങളും ‘വിജ്ഞന്‍മാ’രുടെയിടയില്‍ സ്വീകാര്യതയും ഒക്കെയുണ്ടായെങ്കിലും കവിത വ്യാപകമായി വായിക്കപ്പെടുകയോ സ്വീകരിക്കപ്പെടുകയോ ഉണ്ടായില്ല. അതിനുകാരണം കാവ്യത്തിന്റെ ഘടനയാണെന്നു തോന്നുന്നു. ഒട്ടും അയവില്ലാത്ത അനുഷ്ടുപ്പിന്റെ രീതിയാണ് ആഖ്യാനത്തിനുപയോഗിച്ചിരിക്കുന്നത്. ‘ഗായത്രി’യാണുവൃത്തം എന്ന് ചിലര്‍ എഴുതിക്കാണുന്നു. ഗായത്രിക്ക് പൊതുവെ ആറ് അക്ഷരം എന്നാണു കേട്ടിട്ടുള്ളത്. ഇവിടെ എട്ട് അക്ഷരമാണ് ഓരോ വരിയിലുമുള്ളത്. കൃത്യമായി വൃത്തശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തട്ടേ.
ധാരാളം പ്രാദേശികമായ ഭാഷാ പ്രയോഗങ്ങളും കവി ഉപയോഗിക്കുന്നു. വെള്ളനേഴിക്കാര്‍ മാത്രം ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ കവിതയിലുപയോഗിച്ചാല്‍ അതിനു അടിക്കുറിപ്പ് കൊടുക്കാന്‍ കവിക്കു ബാധ്യതയുണ്ട്. ‘പൊള്ളംപൊട്ടുക’ (നീര്‍ക്കുമിള പൊട്ടുക) പൊള്ളം എന്ന പദം ശബ്ദതാരാവലിയിലുണ്ടെങ്കിലും തെക്കന്‍ കേരളത്തിലാരും അതു കേട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. പൊടുക്കനേ (പെട്ടെന്ന്) എന്നതും സാര്‍വ്വത്രികമായി ഉപയോഗിക്കുന്നില്ല. ‘പാത്രം മോറുന്ന പോതിലും’ (പാത്രം കഴുകുന്ന നേരത്തും), പൊളുകുക (പൊള്ളുക), ചാമ്പിപ്പെട്ടിക്കുക എന്നിവയൊക്കെ അപൂര്‍വ്വമായി മാത്രം പ്രയോഗിക്കുന്ന, തെക്കോട്ടു പ്രയോഗിക്കാത്ത പദങ്ങളാണ്. അത്തരം പ്രയോഗങ്ങളും കവിതയെ കുറച്ചൊക്കെ വായനക്കാരില്‍ നിന്ന് അകറ്റിയിട്ടുണ്ടാവാം. എങ്കിലും സാധാരണ കഥാകാവ്യങ്ങള്‍ക്കു കാണുന്ന ന്യൂനത നങ്ങേമക്കുട്ടിയ്ക്കില്ല. കഥാകാവ്യങ്ങള്‍ മിക്കവാറും കാവ്യഗുണമില്ലാത്തവയാണ്. കഥ പറയാനുള്ള വ്യഗ്രതയില്‍ കവികള്‍ കവിത മറന്നു പോകാറുണ്ട്. ആ വൈകല്യം ഈ ഖണ്ഡകൃതിക്കില്ല. കവിതയുടെ സാന്ദ്രത ഉടനീളം നമുക്ക് അനുഭവവേദ്യമാണ്.
ഒളപ്പമണ്ണയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഭാഷാപോഷിണി ജനുവരി ലക്കത്തില്‍ നാലു ലേഖനങ്ങള്‍ കൊടുത്തിരിക്കുന്നു. അവ വായിച്ചതാണ് അദ്ദേഹത്തിന്റെ ചില കവിതകളിലൂടെ സഞ്ചരിക്കാനിടയാക്കിയത്. ‘കേരളീയാധുനികതയുടെ ആദ്യകിരണങ്ങള്‍ നാം കണ്ടത് ഒളപ്പമണ്ണയിലാണെന്നും വിപ്ലവാഭിമുഖ്യം പുലര്‍ത്തുകയും വിപ്ലവത്തെ സംശയിക്കുകയും ചെയ്ത ദ്വിമുഖ ചിന്തയായിരുന്നു അദ്ദേഹത്തിന്റേതെന്നും ആലങ്കോട് ലീലാകൃഷ്ണനെഴുതുന്നു. ജീവിതത്തില്‍ ഒളപ്പമണ്ണ ആധുനികനായിരിക്കാം. പക്ഷെ കവിതയില്‍ അദ്ദേഹം തികഞ്ഞ പാരമ്പര്യവാദിയാണ് (ജീവിതത്തിലും അങ്ങനെതന്നെ ആയിരുന്നുവെന്നാണ് തോന്നിയിട്ടുള്ളത്). ഉള്ളടക്കത്തിലും ഘടനയിലും അദ്ദേഹത്തിന്റെ കവിതകള്‍ ആധുനികതയെ പ്രകടിപ്പിക്കുന്നില്ല. വിപ്ലവത്തെ അനുകൂലിച്ചോ അതിനെ സംശയിച്ചോ എന്നുള്ളതൊന്നും ഒരു കവിയെ വിലയിരുത്തുന്നതില്‍ പരിഗണിക്കേണ്ട വസ്തുതയേയല്ല.
വിപ്ലവവും അതിനെക്കുറിച്ചുള്ള ഉട്ടോപ്യന്‍ സ്വപ്‌നങ്ങളും മനുഷ്യരാശിക്കുവീണു കിട്ടിയിട്ട് ഇരുനൂറു വര്‍ഷം പോലും തികഞ്ഞിട്ടില്ല. മനുഷ്യന്‍ കവിതയെഴുതാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് അയ്യായിരം വര്‍ഷമെങ്കിലുമാകും (ആദ്യകാലത്ത് എഴുതിയിരുന്നില്ല ഉദ്ഗാനം ചെയ്യുകയായിരുന്നു). ഈ ചെറിയ കാലത്തുണ്ടായ ഒരു പ്രത്യയശാസ്ത്രത്തെ അളവുകോലാക്കി കവിതയെ വിലയിരുത്തുന്നത് ബാലിശം. ഈ തിരിച്ചറിവ് ലോകത്തെല്ലായിടത്തും ഉണ്ടായിട്ടും ലീലാകൃഷ്ണനെപ്പോലുള്ളവര്‍ ഇപ്പോഴും അതില്‍തന്നെ കടിച്ചുതൂങ്ങുന്നത് ദയനീയമായ കാഴ്ചയാണ്. എം.പി. പോളിനും സി.ജെ. തോമസിനുമൊക്കെ ലീലാകൃഷ്ണന്‍ ജനിക്കുന്നതിനു മുമ്പുതന്നെയുണ്ടായ തിരിച്ചറിവ് ഇപ്പോഴും ഈ കവിക്ക് ഉണ്ടാകാത്തത് അത്ഭുതം തന്നെ. ആത്മാരാമന്‍ എഴുതിയിരിക്കുന്ന ‘പുറവെള്ളവും അന്തഃസലിലവും’ എന്ന ലേഖനം കനപ്പെട്ടതുതന്നെ. ശ്രീദേവി ഒളപ്പമണ്ണയുടെ ഓര്‍മകളും മനോഹരം.
ലോപയുടെ ഭാഷാപോഷിണിക്കവിത ‘ഝ്‌ലും’ മനോഹരം തന്നെ. സൂക്ഷ്മമായ ആവിഷ്‌ക്കാരം. റോഡരുകില്‍ ഗതാഗതം ക്രമപ്പെടുത്താന്‍ വച്ച കണ്ണാടിയില്‍ കല്ലു വീഴുന്ന ശബ്ദമാണ് ‘ഝ്‌ലും’… അവിടെ നിന്ന് കവി ജീവിതത്തിലേയ്ക്കും. പ്രണയത്തിലേയ്ക്കും ഒടുവില്‍ ആത്മഹത്യയിലേയ്ക്കും സഞ്ചരിക്കുന്നു. ”ജീവിതത്തിന്റെ ഭ്രാന്തന്‍ കുതിരപ്പുറത്തുനിന്ന് വെള്ളച്ചാട്ടത്തിലേയ്ക്ക് ചിതറുമ്പോഴും അതേ ശബ്ദം ‘ഝ്‌ലും’ ‘ഒറ്റക്കല്ലേറില്‍ വലയങ്ങളായി വളര്‍ന്നു തകര്‍ന്നു കുട്ടിക്കാലത്തിന്റെ കണ്ണാടിക്കുളവും’ സുന്ദരം തന്നെ. കവിയെ നമുക്ക് അഭിനന്ദിക്കാം.
ഭാഷാപോഷിണിയില്‍ ശൈലന്‍ എഴുതിയിരിക്കുന്ന കവിത ‘ഫുല്‍ബാരി’ക്ക് യാത്രാവിവരണം എന്ന പേരാവും യോജിക്കുക. അദ്ദേഹം ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഒരു പ്രദേശം (ഫുല്‍ബാരി) കണ്ടതാണ് വിഷയം. യാന്ത്രികമായ വിവരണമേയുള്ളു. എന്നാലും അവസാനം കവിയുടെ വക ഒരു തിരിച്ചറിവുണ്ട്. ‘മനുഷ്യന്‍ എത്ര മഹത്തായ പദം, അതിര്‍ത്തി എത്ര തുച്ഛമാംവര’ ഈ തിരിച്ചറിവിലൂടെ എത്രയോ കവികള്‍ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ശൈലനും സഞ്ചരിക്കാം. പക്ഷേ അത് ‘മറ്റൊരുവിധ’മായിരിക്കണം.
Comments