കഥ പറഞ്ഞുപറഞ്ഞ് മുത്തശ്ശിക്കു മടുക്കും. എനിക്കാണെങ്കില്‍ കഥ എത്ര കേട്ടാലും മതിയാവില്ല.
”മുത്തശ്ശീ ഒരു കഥ കൂടി –”
”അപ്പു കേട്ടിട്ടില്ലേ, കുഞ്ചുപ്പണിക്കരുടെ ചാമക്കിഴി?”
”കുഞ്ചുപ്പണിക്കരുടെ ചാമക്കിഴി പോലെ” എന്ന് ഇടക്കൊക്കെ വീട്ടില്‍ പറയുന്നതു കേള്‍ക്കാം. എന്താണ് ചാമക്കിഴിയുടെ വിശേഷം എന്നു മാത്രം എനിക്കറിയില്ല.
മുത്തശ്ശി പറയുകയായിരുന്നു:
മുത്തശ്ശിയുടെ കുട്ടിക്കാലത്ത് അയലത്തൊരു കുഞ്ചുപ്പണിക്കരുണ്ടായിരുന്നു. കണിയാന്‍ പണിക്കരാണ് കുഞ്ചുപ്പണിക്കര്‍. ജ്യോതിഷം കുലത്തൊഴിലാണല്ലോ കണിയാന്‍ പണിക്കന്മാര്‍ക്ക്. എത്ര വിദ്വാനായാലും അന്നത്തെക്കാലത്ത് ജോത്സ്യന്മാര്‍ക്ക് വരുമാനം കുറവാണ്. ഇരുപത്തെട്ടു പട്ടിണിയും രണ്ടേകാദശിയും. അങ്ങനെയാണ് പണിക്കരുടെ കുടുംബം ജീവിതം തള്ളി നീക്കുന്നത്. നാലഞ്ചു നാഴിക ദൂരെ അമ്പലപ്പാറ എന്ന സ്ഥലത്ത് ഒരു വീട്ടിലേക്ക് കുഞ്ചുപ്പണിക്കരെ രാശിവെക്കാന്‍ വിളിച്ചു കൊണ്ടുപോയി. ചില്ലറപ്പൈസ എന്തോ ദക്ഷിണ കിട്ടി. വീട്ടുകാര് സന്തോഷിച്ച് ഇടങ്ങഴി ചാമയും ഒരു മത്തങ്ങയും കൊടുത്തു പണിക്കര്‍ക്ക്. ചാമ കിഴികെട്ടി കക്ഷത്തു വെച്ചു. മത്തങ്ങ തോളത്തു വെച്ചു. പാതിവഴി വന്നപ്പോള്‍ പണിക്കര്‍ക്ക് മൂത്രശങ്ക. മത്തങ്ങയും ചാമക്കിഴിയും താഴത്തുവെച്ചു. കാര്യം സാധിച്ച് എണീറ്റു പോരുമ്പോള്‍ ചാമക്കിഴിയെടുക്കാന്‍ മറന്നു. മത്തങ്ങയെടുത്ത്് തോളത്തു വെച്ചു. കുറേ ദൂരം പോന്നു കഴിഞ്ഞപ്പോഴാണ് ചാമക്കിഴിയുടെ കാര്യം ഓര്‍മ്മ വന്നത്. മത്തങ്ങ വഴിയില്‍ത്തന്നെ വെച്ചു. ചാമക്കിഴിയെടുക്കാന്‍ പോയി. ചെന്നു നോക്കുമ്പോള്‍ ചാമക്കിഴി ആരോ കൊണ്ടുപോയിരിക്കുന്നു. മടങ്ങി വന്നപ്പോള്‍ മത്തങ്ങയുമില്ല. പണിക്കര്‍ക്ക് പറ്റിയ അമളി നാട്ടിലെല്ലാരുമറിഞ്ഞു. പറഞ്ഞുപറഞ്ഞ് അതൊരു പഴഞ്ചൊല്ലായി”.“
”പിടിച്ചതിനെ വിട്ട് പറക്കുന്നതിനെ പിടിക്കരുത്. അല്ലെ മുത്തശ്ശി?”
”അപ്പു പറഞ്ഞതാ അതിന്റെ ശരി”.
”കാക്കക്കുഞ്ഞ് കണിക്കുഞ്ഞ് കോഴിക്കുഞ്ഞ് കുറക്കുഞ്ഞ്”
മുത്തശ്ശി കണിയാന്‍ പണിക്കന്മാരെപ്പറ്റി വേറൊരു ചൊല്ലു പറഞ്ഞു.
”അതെന്താ മുത്തശ്ശീ?”
മുത്തശ്ശി പറഞ്ഞു തന്നു.
നല്ലവണ്ണം പറക്കാറാവുന്നതുവരെ കൂട്ടില്‍ത്തന്നെ ഇരിക്കും കാക്കക്കുട്ടി. തള്ളക്കാക്ക കൊണ്ടുവന്നു കൊടുക്കണം തീറ്റ. അതുപോലെയാണത്രെ കണിയാന്‍ പണിക്കരുടെ കുട്ടികളും. ജോത്സ്യം പഠിച്ചു പഠിച്ച് കവിടി നിരത്താറാകുമ്പോഴേക്കും പത്തുമുപ്പതു വയസ്സാവും.
കുറവന്മാരുടെ കുട്ടികളോ, കോഴിക്കുട്ടികളെപ്പോലെയാണ്. മുട്ടയില്‍നിന്ന് വിരിഞ്ഞിറങ്ങുമ്പോഴേ കോഴിക്കുട്ടികള്‍ രണ്ടു കാലില്‍ നില്‍ക്കും. കൊത്തിപ്പെറുക്കാനും തുടങ്ങും.
ഇത്തിരിപ്പോന്ന പ്രായത്തില്‍ പക്ഷികളെ പിടിക്കാന്‍ പുറപ്പെടും കുറവക്കുട്ടികള്‍. കെണിവെച്ചും കവണിയില്‍ കല്ലുവെച്ച് എറിഞ്ഞു വീഴ്ത്തിയും പക്ഷികളെ പിടിക്കും. അവരുടെ കുഞ്ഞിവയറിനുവേണ്ടത് അവര് നയിച്ചുണ്ടാക്കും.
Comments