കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന മുസ്ലിം സംഘടന ഒരു ഉഗ്രപ്രതിജ്ഞയെടുത്തിരിക്കുന്നു. ഇനി അവരുടെ ഒരു പരിപാടിക്കും ആര്‍.എസ്.എസ്സുകാരെയോ ബി.ജെ.പിക്കാരെയോ വിളിക്കില്ല എന്നതാണ് ആ ഉഗ്രപ്രതിജ്ഞ. ഇത് കേട്ടാല്‍ തോന്നുക ഇവര്‍ ക്ഷണിക്കുന്നതു കൊണ്ടാണ് ആര്‍.എസ്.എസ്സുകാരുടെ കഞ്ഞി കുടി മുടങ്ങാതെ നടന്നു പോകുന്നത് എന്നാണ്. മുജാഹിദുകള്‍ ആര്‍.എസ്.എസ്സുകാരുടെ റേഷന്‍ മുട്ടിച്ചു കളഞ്ഞല്ലോ, വല്ലാത്ത കഷ്ടമായിപ്പോയി. നദ്‌വത്തുല്‍ മുജാഹിദീന്‍ കോഴിക്കോട്ട് നടന്ന പത്താം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവര്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയെ ക്ഷണിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. അതോടെ നദ്‌വത്തുല്‍കാര്‍ക്കുനേരെ വേട്ടനായ്ക്കളെപ്പോലെ സുന്നി സംഘടനകള്‍ പാഞ്ഞടുത്തു കടിച്ചു കുടഞ്ഞു. ഇതാണ് പുതിയ ഉഗ്ര പ്രതിജ്ഞയുടെ പശ്ചാത്തലം. ആര്‍.എസ്.എസ്സുകാര്‍ക്ക് എത്ര ദൂരേയ്ക്കാണ് അയിത്തം കല്പിക്കുന്നത് എന്നു നോക്കിയാണ് മുസ്ലിം സംഘടനകളുടെ ഇസ്ലാമിക മാറ്റ് അളക്കുന്നത്. തങ്ങള്‍ മാത്രമാണ് ദീനിന്റെ യഥാര്‍ത്ഥ അവകാശിയെന്നും ബാക്കിയുള്ളവരെല്ലാം വ്യാജന്മാരാണെന്നുമാണ് ഓരോ ഇസ്ലാമിക സംഘടനയുടെയും വാദം. അവിടെയാണ് പി.എസ്.ശ്രീധരന്‍പിള്ള മുജാഹിദ് സമ്മേളനത്തില്‍ പറഞ്ഞ ഒരു സംഭവം പ്രസക്തമാകുന്നത്. ആര്‍.എസ്.എസ് നേതാക്കളെ കാണാന്‍ നാഗപ്പൂരിലെ സംഘകാര്യാലയത്തില്‍ ചെന്ന മുസ്ലിം പണ്ഡിതനായ മുഹമ്മദ് യൂസഫിന് നിസ്‌കാര സമയത്ത് അതിനുള്ള സൗകര്യം കാര്യാലയത്തില്‍ ഒരുക്കിക്കൊടുത്തു. ഇതിനെ അംഗീകരിക്കാന്‍ തയ്യാറില്ലാത്തതുകൊണ്ടാണല്ലോ ഇനി ആര്‍.എസ്.എസ്സുകാരെ ക്ഷണിക്കില്ല എന്ന് നദ്‌വത്തുല്‍കാര്‍ ശപഥം ചെയ്തത്.
നദ്‌വത്തുല്‍കാര്‍ നടത്തുന്ന സമ്മേളനം സ്‌നേഹവും സഹവര്‍ത്തിത്വവും പ്രചരിപ്പിക്കാനാണ് എന്നാണ് അവരുടെ അവകാശവാദം. ആ സ്‌നേഹത്തിനും സഹവര്‍ത്തിത്വത്തിനും ആര്‍.എസ്.എസ്സിന് അവകാശമില്ല എന്നും തീര്‍ത്തുപറഞ്ഞുകഴിഞ്ഞു. അതിര്‍ത്തി നിശ്ചയിച്ചിട്ടുള്ളതാണ് അവരുടെ വിശാലമായ സ്‌നേഹവും സഹവര്‍ത്തിത്വവുമെന്നു ചുരുക്കം. മുജാഹിദുകള്‍ വലിയ ബിരിയാണി ചെമ്പില്‍ സൂക്ഷിച്ചിരിക്കുന്ന സ്‌നേഹവും സഹവര്‍ത്തിത്വവും പാണക്കാട്ടു തങ്ങന്മാര്‍ക്കു സല്‍ക്കരിക്കുമോ? ഇല്ല. അവര്‍ക്കും ഇലയില്ല എന്നു നേരത്തെ പറഞ്ഞിട്ടുണ്ട്. സമസ്ത സുന്നികള്‍ക്കും കാന്തപുരം സുന്നികള്‍ക്കും ഇക്കൂട്ടര്‍ ഈ ബിരിയാണി വിളമ്പില്ല. വിളിച്ചാലും ഉണ്ണാന്‍ അവര്‍ വരില്ല. അതായത് നദ്‌വത്തുല്‍കാരുടെ സ്‌നേഹ ബിരിയാണി അവര്‍ക്കുമാത്രം സ്വന്തം.