ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തന്റെ വിശ്വാസ്യത തെളിയിക്കാന്‍ സത്യം ചെയ്യേണ്ടത് ചെങ്കൊടിയേയും അരിവാള്‍ ചുറ്റികയേയും പിടിച്ച് ആണയിട്ടു കൊണ്ടാണോ? നിയമസഭയില്‍ സഖാവ് ദൃഢപ്രതിജ്ഞയെടുത്തു എന്നൊക്കെ പറയുന്നത് ഹിന്ദുക്കള്‍ക്കു മാത്രം ബാധകം. മുസ്ലിം സഖാവിന് പാര്‍ട്ടിയില്‍ ചട്ടം വേറെയാണ്. ഞാന്‍ അഞ്ചു നേരം നിസ്‌ക്കരിക്കുന്ന മുസ്ലിമാണ് എന്ന ഒറ്റ സത്യവാങ്മൂലം മതി സംഗതി ഓക്കെ. ഈ സത്യവാങ്മൂലം നല്‍കിയാല്‍ വിജയന്‍ മുഖ്യന്റെ കീഴിലുള്ള പോലീസ് വകുപ്പിന് മറ്റു തെളിവുകളെല്ലാം തള്ളിക്കളയേണ്ടവയാണ്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഏരിയ കമ്മറ്റിയംഗവും ആലപ്പുഴ നഗരസഭാ കൗണ്‍സിലറുമായ എ.ഷാനവാസ് ലഹരിക്കടത്ത് കേസില്‍ പെട്ടപ്പോള്‍ ഇത്തരമൊരു സത്യവാങ്മൂലം നല്‍കി. ഞാന്‍ കഴിഞ്ഞ രണ്ട് കൊല്ലമായി അഞ്ചു നേരം നിസ്‌ക്കരിച്ചു കൊണ്ട് കൃത്യതയോടെ വിശ്വാസിയായി ജീവിക്കുന്ന ആളാണ്. എനിക്ക് ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യാനാവില്ല. ഈ സത്യവാങ്മൂലത്തിന്റെ ബലത്തില്‍ കരുനാഗപ്പള്ളിയില്‍ നിന്നും ഒരുകോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടിയ കേസില്‍ നിന്നും ഷാനവാസിനെ പോലീസ് ഒഴിവാക്കി. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലാണ് മയക്കുമരുന്ന് കടത്തിയത്. ഇതേ കേസില്‍ പിടികൂടിയ മറ്റൊരു വാഹനത്തിന്റെ ഉടമ അന്‍വറും ഷാനവാസില്‍ നിന്നും വാഹനം വാടകക്കെടുത്ത കട്ടപ്പനക്കാരന്‍ ജയനും പ്രതിപ്പട്ടികയില്‍ പെടുകയും ചെയ്തു. രണ്ടാളും ഇതുപോലെ സത്യവാങ്മൂലം നല്‍കിയിട്ടില്ല.
ഷാനവാസിന് ക്രിമിനല്‍, ക്വട്ടേഷന്‍ ലഹരി കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും അവരുടെ സാമ്പത്തിക ഇടപാടിലെ ഇടനിലക്കാരനാണെന്നും പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടു വന്നതാണ്. മൂന്നു ഭാഗങ്ങളായുള്ള റിപ്പോര്‍ട്ടില്‍ ആദ്യഭാഗത്ത് ഷാനവാസിന്റെ പാര്‍ട്ടി ബന്ധവും രണ്ടാം ഭാഗത്ത് സാമ്പത്തിക ഇടപാടിനെക്കുറിച്ചും മൂന്നാം ഭാഗത്ത് ക്വട്ടേഷന്‍ ബന്ധങ്ങളെക്കുറിച്ചും പറയുന്നു എന്നു പത്രവാര്‍ത്തയും വന്നു. ഷാനവാസിന്റെ ഇടപാടുകള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെയും നിശ്ചയിച്ചു. അവരും ചിലത് കണ്ടെത്തിയത്രെ. എന്നാല്‍ ഷാനവാസിന്റെ ഒരൊറ്റ സത്യവാങ്മൂലത്തോടെ എല്ലാ ആരോപണങ്ങളും അസാധുവായി. പോലീസ് അയാളെ കുറ്റവിമുക്തനാക്കി. ഇതൊന്നുമറിയാതെ മാത്യു കുഴല്‍നാടന്‍ എം.എല്‍. എ നിയമസഭയില്‍ പാര്‍ട്ടിക്കാരുടെ ലഹരിമാഫിയ ബന്ധത്തെക്കുറിച്ച് പറഞ്ഞു. ഉടനെ മുഖ്യന്‍ വിജയന്‍ സഖാവ് തിളച്ചുമറിഞ്ഞു. സി.പി.എമ്മിനെക്കുറിച്ച് എന്തും വിളിച്ചു പറയാമെന്നാണോ വിചാരം എന്ന് പൊട്ടിത്തെറിച്ചു.വിജയന്‍ സഖാവിനു ബി.ജെ.പിയെക്കുറിച്ച് സഭയിലും പുറത്തും എന്തും വിളിച്ചു പറയാം. മറ്റുളളവര്‍ക്ക് സി.പി. എമ്മിനെക്കുറിച്ച് കണ്ടറിഞ്ഞ സത്യം പോലും പറയാന്‍ പാടില്ല!!
Comments