‘പുഷ്പനെ അറിയാമോ പുഷ്പനെ അറിയാമോ….’ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചലനശേഷി നഷ്ടപ്പെട്ട് ജീവച്ഛവമായി കിടക്കുന്ന പുഷ്പന്റെ ചുറ്റും നിന്ന് പെന്തക്കോസ്തുകാരെ പോലെ കൊട്ടി പാടിയ പാട്ട് കേരളത്തിലെ പൊതുസമൂഹം ഇന്ന് പരമ പുച്ഛത്തോടെയാണ് കാണുന്നത്. സ്വാശ്രയ വിദ്യാഭ്യാസത്തിന് എതിരായ സമരത്തില്‍ കൂത്തുപറമ്പില്‍ എം.വി. രാഘവനെ തടഞ്ഞപ്പോഴാണ് പുഷ്പന് വെടിയേറ്റത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അതത് കാലത്ത് സ്വീകരിക്കുന്ന നിലപാടുകളില്‍ സത്യം ബോധ്യപ്പെടാനും തലയില്‍ വെളിച്ചം വരാനും കുറഞ്ഞത് 50 വര്‍ഷമെങ്കിലും എടുക്കും എന്ന ഒരു പഴമൊഴി രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ഉണ്ട്. ട്രാക്ടറും ടില്ലറും മുതല്‍ കമ്പ്യൂട്ടര്‍ വരെ എല്ലാ പുരോഗമന ഉപാധികളെയും നിരസിക്കുകയും നിഷേധിക്കുകയും തടയുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ് കേരളത്തെ പിന്നോട്ടടിച്ചത്. കാര്‍ഷികമേഖലയില്‍ ശാസ്ത്രീയ നേട്ടങ്ങളുടെ ഉപയോഗം തടഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ണ് പരിശോധന ലാബ് മുതല്‍ ഡ്രിപ്പ് ഇറിഗേഷന്‍ വരെയുള്ള എല്ലാ പുരോഗമന സംവിധാനങ്ങളെയും തൊഴില്‍പ്രശ്‌നം പറഞ്ഞ് ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. തൊണ്ട് തല്ലുന്ന യന്ത്രം കേരളത്തില്‍ നടപ്പിലാക്കാന്‍ 1971 ലാണ് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതിനെ നിരാകരിച്ച കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കയര്‍ത്തൊഴിലാളികളുടെ തൊഴിലവസരം നഷ്ടപ്പെടും എന്നാണ് പറഞ്ഞിരുന്നത്. ഒരു തൊണ്ട് തല്ലാന്‍ 10 പൈസ പോലും ചെലവില്ലാത്ത യന്ത്ര സംവിധാനം തമിഴ്‌നാടും കര്‍ണാടകവും ആന്ധ്രയും ഉപയോഗപ്പെടുത്തിയപ്പോള്‍, കേരളത്തില്‍ കയര്‍വ്യവസായത്തിന്റെ ആധുനികവല്‍ക്കരണം ഇല്ലാതാവുകയായിരുന്നു. അന്താരാഷ്ട്രതലത്തില്‍ കയര്‍ ഉല്‍പ്പന്നങ്ങളുടെ കുത്തകയുണ്ടായിരുന്ന കേരളം ഇന്ന് പൂര്‍ണ്ണമായും പിന്തള്ളപ്പെട്ടിരിക്കുന്നു. കയര്‍മേഖലയിലുള്ള ചില വിദേശരാജ്യങ്ങളും അയല്‍ സംസ്ഥാനങ്ങളും ഈ മേഖലയിലെ വ്യാപാര രംഗത്ത് മുടിചൂടാമന്നന്മാരായി മാറുമ്പോള്‍ ഉയര്‍ന്ന വിലയും യന്ത്രവല്‍കൃത ആധുനിക സംവിധാനങ്ങളുടെ അഭാവവും കേരളത്തെ പൂര്‍ണമായും പുറന്തള്ളി. ഇത് ഒറ്റപ്പെട്ട സംഭവമല്ല, കേരളത്തിന്റെ സമസ്ത മേഖലകളിലും ഇത് ദൃശ്യമാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടതുമുന്നണി സ്വീകരിച്ച പുതിയ നിലപാട് 50 വര്‍ഷത്തിനുശേഷം വെളിവ് വരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതും ഉറപ്പിക്കുന്നതുമാണ്. സംസ്ഥാനത്ത് സ്വകാര്യ-കല്പിത സര്‍വകലാശാലകള്‍ അനുവദിക്കാനും പരമാവധി വിദേശ നിക്ഷേപം സ്വീകരിക്കാനും ഇടതുമുന്നണി തീരുമാനമെടുത്തതാണ് ഈ പുതിയ നീക്കം. 1982 ലാണ് കേരളത്തില്‍ പ്രീഡിഗ്രി ബോര്‍ഡ് നടപ്പാക്കാന്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബ് തീരുമാനിച്ചത്. ടി.എം. ജേക്കബിന്റെ നിര്‍ദ്ദേശം മന്ത്രിസഭാ തീരുമാനമായി വന്നപ്പോള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും സ്തംഭിപ്പിക്കുന്ന അക്രമത്തിന്റെയും അരാജകത്വത്തിന്റെയും സമരമാണ് എസ്എഫ്‌ഐ അഴിച്ചുവിട്ടത്. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരാനുള്ള പദ്ധതിയാണ് അന്ന് പ്രീഡിഗ്രി ബോര്‍ഡ് ആരംഭിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല പൂര്‍ണമായും കലുഷിതമാക്കിയ ആ സമരത്തിനുശേഷം ബോര്‍ഡ് മരവിപ്പിക്കുകയായിരുന്നു. അതിനുശേഷം അധികാരത്തില്‍ വന്ന ഇ.കെ. നായനാര്‍ സര്‍ക്കാര്‍ പ്രീഡിഗ്രി ബോര്‍ഡ് എന്ന പേരിന് പകരം പ്ലസ്ടു എന്ന പേരില്‍ അതേ സമ്പ്രദായം ഒരു വ്യത്യാസവും ഇല്ലാതെ നടപ്പിലാക്കി.
വികസനം, വ്യവസായം തുടങ്ങി നാനാ മേഖലകളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം മതി എന്ന നിലപാടില്‍ നിന്ന് കമ്മ്യൂണിസ്റ്റ് റഷ്യയും ചൈനയും വരെ മാറിക്കഴിഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ, അല്ലെങ്കില്‍ പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യമേഖലയും കൂടി ഉള്‍പ്പെടുത്തിയുള്ള പദ്ധതികളാണ് ഇന്ന് എല്ലാ രംഗത്തും വരുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ ഇതേ രീതിയിലുള്ള നിലപാടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, പ്രത്യേകിച്ചും സിപിഎം സ്വീകരിച്ചത്. ഇതുകാരണം തൊഴിലധിഷ്ഠിത അത്യന്താധുനിക കോഴ്‌സുകള്‍ കേരളത്തില്‍ തുടങ്ങാതാവുകയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കേരളത്തിനു പുറത്തേക്കും വിദേശത്തേക്കും ഒഴുകുകയും ചെയ്തു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ സമരം എം.വി രാഘവന് എതിരായ രാഷ്ട്രീയ വൈരമാക്കി മാറ്റിയതിന് പിന്നിലും സിപിഎമ്മിന്റെ കറുത്ത കൈകള്‍ ഉണ്ടായിരുന്നു. ആ നീക്കത്തിന്റെ ഭാഗമായിട്ടാണ് കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടായതും അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ രക്തസാക്ഷികളായതും, നിരവധി പേര്‍ പുഷ്പനെ പോലെ ജീവച്ഛവമായി മാറിയതും. ആ പുഷ്പനെ സാക്ഷിയാക്കിയാണ് ഇന്ന് സിപിഎം അന്ന് സമരം നടത്തിയ കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ പരിഷ്‌കരണത്തിനെതിരെ സമരം ചെയ്ത് ജീവത്യാഗം ചെയ്ത ആ പാര്‍ട്ടിപ്രവര്‍ത്തകരോടും കുടുംബങ്ങളോടും സിപിഎമ്മിന് എന്താണ് പറയാനുള്ളത്? ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ ഭൂമി പരന്നതാണെന്ന് ഇപ്പോള്‍ ആരും കരുതുന്നില്ലല്ലോ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. അവിടെയും അദ്ദേഹത്തിന് തെറ്റി എന്നത് മറ്റൊരു കാര്യം. കേരളത്തിലുടനീളം മദ്രസകളില്‍ ഇപ്പോഴും പഠിപ്പിക്കുന്നത് ഭൂമി പരന്നതാണെന്നാണ്. ഇത് ഗോവിന്ദന്‍ അറിയില്ലെന്ന് നടിക്കുകയാണ്. ഭൂമി ഉരുണ്ടതാണെന്നും അച്ചുതണ്ടില്‍ തിരിയുന്നതാണെന്നും ഒക്കെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ കണ്ടെത്തിയതാണ്. അത് സെമറ്റിക് മതങ്ങള്‍ അംഗീകരിക്കുന്നുമില്ല. പക്ഷേ എം.വി.ഗോവിന്ദന്‍ ഇത് ഉയര്‍ത്തി പാര്‍ട്ടിയുടെ തീരുമാനത്തെ ലാഘവ ബുദ്ധിയോടെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ 50 വര്‍ഷമെങ്കിലും എസ്എഫ്‌ഐ നടത്തിയിരുന്ന എല്ലാ സമരങ്ങളുടെയും അടിത്തറ തോണ്ടുന്നതാണ് സിപിഎമ്മിന്റെ ഈ പുതിയ നിലപാട്. 1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍, സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് മൂക്കുകയറിടും എന്ന് പറഞ്ഞ് അവര്‍ മുന്നോട്ടു കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്‌കരണ ശ്രമങ്ങള്‍ ഇന്ന് എവിടെയെത്തി? സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്, നാട്ടുകാരുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം കൊടുക്കുമ്പോള്‍ അധ്യാപകരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിലും പി.എസ്.സി.യിലും നിക്ഷിപ്തമാകണ്ടേ. പിഎസ്‌സി പരീക്ഷ എഴുതി മാര്‍ക്ക് അടിസ്ഥാനത്തില്‍ മികച്ച അക്കാദമിക് യോഗ്യതയുള്ളവര്‍ റാങ്ക് ലിസ്റ്റില്‍ കാത്തുനില്‍ക്കുമ്പോള്‍ മൂന്നാം ക്ലാസില്‍ വിജയം നേടിയവരും രാഷ്ട്രീയ നേതാക്കളുടെ കുടുംബക്കാരും പിന്‍വാതിലിലൂടെ നിയമനം നേടുന്ന സാഹചര്യം സിപിഎം അംഗീകരിക്കുന്നുണ്ടോ? ഈ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കേരളത്തിലെ പൊതുസമൂഹത്തിനോട് മറുപടി പറയേണ്ടത്. പ്രൈമറി സ്‌കൂളില്‍ 25 ലക്ഷം, ഹൈസ്‌കൂളില്‍ 50 ലക്ഷം, പ്ലസ്ടുവിന് 60 ലക്ഷവും കോളേജില്‍ 75 ലക്ഷവുമാണ് കോഴ. ഇത് അവസാനിപ്പിച്ച് പിഎസ്‌സി നിയമനം നടത്താനുള്ള തന്റേടമോ ചങ്കുറപ്പോ പിണറായിക്കും സിപിഎമ്മിനും ഇല്ല.
എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ മുന്നോട്ടുവെച്ച പരിഷ്‌കരണ അജണ്ടയുടെ ഭാഗമായാണ് ഇടതുമുന്നണി ഈ തീരുമാനം എടുത്തിട്ടുള്ളത്. ശാസ്ത്രീയ വിദ്യാഭ്യാസത്തിനെതിരെയും വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെയും സിപിഎം നടത്തിയ അക്രമാസക്തമായ, രക്തരൂക്ഷിത പോരാട്ടം എന്തിനുവേണ്ടി ആയിരുന്നു എന്ന പൊതുസമൂഹത്തിന്റെ ചോദ്യം അവഗണിച്ചാലും പുഷ്പന്റെ കുടുംബത്തോടെങ്കിലും മറുപടി പറയാനുള്ള ബാധ്യത സിപിഎം നേതാക്കള്‍ക്കില്ലേ? വിദേശ സര്‍വകലാശാലകളുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ വെട്ടിലേക്കാണ് പോകുന്നത്. വിദേശ സര്‍വകലാശാലകള്‍ ഭാരതത്തില്‍ ക്യാമ്പസുകള്‍ ആരംഭിക്കുന്നത് ഉപാധികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അംഗീകരിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇത്തരം ഉപാധികള്‍ ഒന്നുമില്ലാതെ വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ കേരളത്തില്‍ തുടങ്ങാനുള്ള ഇടതുമുന്നണിയുടെ തീരുമാനം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ശ്രമിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യക്ഷനായിരുന്ന നയതന്ത്ര വിദഗ്ദ്ധന്‍ ഡോ.ടി.പി ശ്രീനിവാസന്റെ കരണത്തടിച്ച് നിലത്തിട്ട എസ്എഫ്‌ഐ നേതാക്കള്‍ ഇന്നും പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട് എന്ന കാര്യം പിണറായിയും എം.വി.ഗോവിന്ദനും മറക്കരുത്. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെയും ലോകബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വന്നപ്പോള്‍ അവര്‍ക്കെതിരെ പ്രക്ഷോഭം നടത്തുകയും അവര്‍ക്ക് നേരെ കരിയോയില്‍ ഒഴിക്കുകയും ചെയ്തവര്‍ ഇന്ന് അത്തരം സ്ഥാപനങ്ങളുടെ മുന്നില്‍ സഹായധനത്തിനുവേണ്ടി ഭിക്ഷാപാത്രവുമായി നില്‍ക്കുന്ന കാഴ്ച വിധിയുടെ അല്ലെങ്കില്‍ കാലത്തിന്റെ കണക്ക് തീര്‍ക്കല്‍ ആയി വിലയിരുത്താം.
വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ഭാരതത്തില്‍ ആരംഭിക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുള്ള ഏക രാഷ്ട്രീയപ്പാര്‍ട്ടി സിപിഐ ആണ്. സിപിഐയുടെ മുഖപ്രസിദ്ധീകരണമായ ന്യൂ ഏജില്‍ ഔദ്യോഗികമായി ലേഖനം എഴുതി സിപിഎം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും മുന്‍ കേരള മന്ത്രിയുമായ ബിനോയ് വിശ്വം വിദേശ സര്‍വകലാശാല വരുന്നതിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോലും ട്രോള്‍ ആയി മാറി. ബിനോയ് വിശ്വത്തിന്റെ ഭാര്യയും മകളും മരുമകനും പഠിച്ചത് വിദേശത്താണെന്നാണ് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഭാര്യ ഷൈല ജോര്‍ജ് പഠിച്ചത് നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലും മകള്‍ പഠിച്ചത് കൊളംബിയ യൂണിവേഴ്‌സിറ്റിയിലുമാണത്രേ. സ്വന്തം മക്കളെ വിദേശത്ത് വിട്ടു പഠിപ്പിക്കുമ്പോള്‍ അത്തരം സംവിധാനം ഭാരതത്തില്‍ വരുന്നതിന് എതിര്‍ക്കുന്ന നേതാക്കന്മാരുടെ പൊള്ളത്തരവും കള്ളത്തരവും ആണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസം എവിടെ നിന്ന് വന്നാലും അതിനെ അംഗീകരിക്കാനും ആദരിക്കാനുമല്ലേ തയ്യാറാകേണ്ടത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള സാമ്പത്തികശേഷി ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് ഇല്ലാതായാല്‍ അവര്‍ക്ക് കൂടി അതിന് അവസരം ഒരുക്കുകയല്ലേ ഭരണകൂടം ചെയ്യേണ്ടത്. 50 വര്‍ഷത്തിനപ്പുറം ഒരു തെറ്റു കൂടി തിരുത്തുമ്പോള്‍ ഒരിക്കല്‍ കൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം ആവര്‍ത്തിക്കുകയാണ്. ന്യായീകരണത്തിന് എത്ര ക്യാപ്‌സ്യൂള്‍ കൊണ്ടുവന്നാലും പുഷ്പന്‍ മുതല്‍ എം.വി. രാഘവന്‍ വയെുള്ളവരോടും കേരളത്തിലെ പൊതുസമൂഹത്തിനോടും സിപിഎം മാപ്പ് പറയണം. ഇനിയെങ്കിലും വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായ, പൊതുതാല്‍പര്യത്തിന് ഉതകുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സിപിഎമ്മിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.