ബാല്യത്തിന്റേയും യൗവ്വനത്തിന്റേയും ഇടയിലുള്ള കൗമാര പ്രായം മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്. 10 മുതല്‍ 15 വയസ്സു വരെയുള്ള കാലഘട്ടമാണ് കൗമാരം (Teenage) എന്ന് ലോകാരോഗ്യ സംഘടന (WHO) ഉള്‍പ്പെടെ പറഞ്ഞിട്ടുണ്ട്. ‘ജീവിതത്തിന്റെ വസന്തകാലമെന്ന്’ വിശേഷിപ്പിച്ചിരുന്ന ഈ കാലഘട്ടത്തില്‍ പലതരം പ്രശ്‌നങ്ങളും മനോവിഷമങ്ങളും ചതിക്കുഴികളും പ്രതിബന്ധങ്ങളും തരണം ചെയ്യേണ്ടി വരാറുണ്ട്. കൗമാര പ്രണയവും ലൈംഗിക ബന്ധങ്ങളും സൗന്ദര്യപ്രശ്‌നങ്ങളും പരീക്ഷാപേടിയും ലഹരി ഉപയോഗം പോലുള്ള ദുശ്ശീലങ്ങളും കുമാരീകുമാരന്മാര്‍ക്ക് നേരിടേണ്ടി വരുന്നു. ഇത്തരം കാര്യങ്ങള്‍ അച്ഛനമ്മമാരോടോ, അദ്ധ്യാപകരോടോ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ ഇവരില്‍ പലരും തയ്യാറല്ല. മദ്യപാനം, പുകവലി, മറ്റു ലഹരി ഉപയോഗം എന്നിവ കൗമാര പ്രായക്കാരില്‍ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇതിന്റെ പരിണതഫലമായി സമൂഹത്തില്‍ റോഡപകടങ്ങള്‍, ആത്മഹത്യ, മാനസിക രോഗങ്ങള്‍, ബലാത്സംഗം, ഒളിച്ചോട്ടം, കൊള്ള, കൊല തുടങ്ങിയവ വര്‍ദ്ധിച്ചുവരുന്നു.
കൗമാരപ്രായത്തിലെ പെരുമാറ്റങ്ങളും സ്വഭാവരീതിയും, വളരുന്ന സാഹചര്യങ്ങളുടെ സ്വാധീനം മൂലം വ്യത്യസ്തമായിരിക്കും. കൗമാരത്തില്‍ ശരീരത്തിലുണ്ടാവുന്ന ഹോര്‍മോണുകളുടെ ഫലമായി ശാരീരികമായും മാനസികമായും പല മാറ്റങ്ങളുമുണ്ടാവും. ഭക്ഷണം, വ്യായാമം, ദിനചര്യ, ജീവിതശൈലി എന്നിവ ശരീരഘടന, മാനസികാരോഗ്യം എന്നിവയെ സ്വാധീനിക്കും. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ശ്രദ്ധക്കുറവും തെറ്റായ കൂട്ടുകെട്ടുകളും അമിത സ്വാതന്ത്ര്യവും അച്ചടക്കരാഹിത്യവും വേണ്ടപ്പെട്ട മാര്‍ഗ്ഗദര്‍ശനത്തിന്റെ അഭാവവും മറ്റും കൗമാരപ്രായക്കാരുടെ ജീവിതം ലഹരിയുടെ മായാലോകത്തിലെത്താന്‍ കാരണമാകുന്നു.
കൗമാരദുശ്ശീലങ്ങള്‍
കൗമാരകാലത്തെ പ്രധാനപ്പെട്ട ദുശ്ശീലങ്ങളാണ് മദ്യപാനം, പുകവലി, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തുടങ്ങിയവ. കേരളത്തിലെ പല സ്‌കൂളുകളിലും കോളേജുകളിലും മാത്രമല്ല, പുറത്തുള്ള രഹസ്യ സങ്കേതങ്ങളിലും വിദ്യാര്‍ത്ഥികളുടെയും മറ്റു യുവതീയുവാക്കളുടെയും ജീവിതം ലഹരി പദാര്‍ത്ഥങ്ങളുടെ വലയില്‍ വീണു നശിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരായുള്ള പോരാട്ടം വര്‍ദ്ധിപ്പിച്ചെങ്കില്‍ മാത്രമേ ഇവരെ രക്ഷിക്കാന്‍ സാധിക്കൂ.
മദ്യപാനമെന്ന വിപത്ത്
മയക്കുമരുന്നുകള്‍ പോലെ ലഹരിനേടുന്നതിനു വേണ്ടി ധാരാളം കൗമാരപ്രായക്കാരും മറ്റു മുതിര്‍ന്നവരും അഭയം തേടുന്ന ഒരു ദുശ്ശീലമാണ് മദ്യപാനം. മദ്യം ഏതു രൂപത്തിലായാലും കഴിച്ച ഉടനെ സന്തോഷം തോന്നാമെങ്കിലും പിന്നീടതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാവാറുണ്ട്. മാനസിക സംഘര്‍ഷം കൊണ്ടോ, ജിജ്ഞാസകൊണ്ടോ, നിയമം ലംഘിക്കണമെന്ന അഭിലാഷം കൊണ്ടോ, കൂട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയോ, പാര്‍ട്ടിയില്‍ കൂട്ടുകൂടാന്‍ വേണ്ടിയോ മദ്യപാനം ആരംഭിക്കുന്ന കൗമാരപ്രായക്കാര്‍ നിരവധിയാണ്. മദ്യപാനത്തിന് അടിമപ്പെടുന്ന കൗമാരക്കാരില്‍ ബലാല്‍സംഗം, അവിചാരിതമായ ലൈംഗികബന്ധം, കൂട്ടത്തോടെയുള്ള ലൈംഗികാക്രമണം (ഏമിഴ ഞമുല), ലൈംഗിക രോഗങ്ങള്‍, വാഹനാപകടങ്ങള്‍ തുടങ്ങിയവ സാധാരണമാണ്. ഇത്തരം കാര്യങ്ങള്‍ സ്വന്തം ജീവിതത്തിനും കുടുംബത്തിനും പേരുദോഷം വരുത്തുന്നതിനുപുറമേ, ആളുകളുടെ ഭാവിയെയും നശിപ്പിക്കുന്നു.
കൗമാര പുകവലിയും ആരോഗ്യപ്രശ്‌നങ്ങളും
പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് (ടാീസശിഴ ശ െശിഷൗൃശീൗ െീേ വലമഹവേ) സിഗരറ്റുകളുടെ മുകളില്‍ അച്ചടിച്ചിരിക്കുന്നതും സിനിമാ ഹാളിലും മറ്റും സ്‌ക്രീനില്‍ എഴുതി കാണിക്കുന്നതുമെല്ലാം മനസ്സിലാക്കിയിട്ടും കൗമാരക്കാര്‍ പുകവലി ആരംഭിക്കുന്നതു കാണാം. പുകവലിക്കുന്ന സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടുകൊണ്ടോ, വീട്ടിലുള്ള മുതിര്‍ന്നവര്‍ പുകവലിക്കുന്നതു കണ്ടിട്ടോ, ചില സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധം കൊണ്ടോ, വെറുതെ ഒന്നു പരീക്ഷിച്ചു നോക്കാനുള്ള ആകാംക്ഷ കൊണ്ടോ ഒക്കെ കൗമാരത്തില്‍ പുകവലി ആരംഭിക്കുന്നവരുണ്ട്. തുടക്കത്തില്‍ മനസ്സിനു സന്തോഷം കിട്ടിയേക്കാം. പക്ഷേ, പിന്നീടതു ഒരു ദുശ്ശീലമായി മാറുകയും പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. കഞ്ചാവും മറ്റു മയക്കുമരുന്നുകളും കലര്‍ത്തി പുകവലിക്കുന്നതാണ് ഏറ്റവും ഹാനികരം.
പുകവലിയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍
♠ പുകവലി ശ്വാസകോശങ്ങളെ കൂടുതല്‍ ബാധിക്കുന്നു. ശ്വാസകോശം ക്രമേണ നശിച്ചു പോകുന്നതിനാല്‍ ശ്വാസം മുട്ടലുണ്ടാവും. ആസ്തമ രോഗികളില്‍ പുകവലികൊണ്ട് ആസ്തമ വര്‍ദ്ധിക്കും. ചുമ കൂടുകയും കഫം കൂടുതലാവുകയും ചെയ്യും. പുകവലി മൂലം ശ്വാസകോശങ്ങളെ ബാധിക്കുന്ന എംഫിസോമ (ഋാുവ്യലൊമ) എന്ന രോഗവും ശ്വാസകോശാര്‍ബുദവും ഉണ്ടാവാനുള്ള സാധ്യതയും കൂടും.
♠ പുകവലിക്കുന്നവരുടെ അടുത്തുള്ളവര്‍ക്കും പുക ശ്വസിക്കേണ്ടി വരുന്നതിനാല്‍ ചുമയും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളും ഉണ്ടാവാനിടയുണ്ട്.
♠ പുകവലിക്കുന്നവര്‍ക്ക് ചര്‍മ്മത്തിന് മഞ്ഞനിറം, ചുളിവ്, വരള്‍ച്ച എന്നിവ ഉണ്ടാവാം. വിരലുകള്‍ക്ക് മഞ്ഞനിറമുണ്ടാവും. ചുണ്ടുകള്‍ക്ക് കറുപ്പുനിറം വന്ന് വികൃതമാവും.
♠ പുകവലി ഹൃദയത്തെ ബാധിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിക്കാനിടയുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിനു കൂടുതല്‍ വേഗത്തില്‍ മിടിക്കേണ്ടിവരും.
♠ പുകവലി മൂലം ശ്വാസത്തിന് ദുര്‍ഗ്ഗന്ധമുണ്ടാവുന്നതിനാല്‍ സമീപത്തുള്ളവര്‍ക്കു പ്രയാസമുണ്ടാവും. പല്ലുകള്‍ക്ക് മഞ്ഞനിറം കൂടും. വായിലെ രുചിമുകുളങ്ങള്‍ നശിപ്പിക്കുന്നതിനാല്‍ രുചി അറിയാന്‍ ബുദ്ധിമുട്ടാവും. സ്വനപേടകത്തിലെ ശബ്ദമുണ്ടാക്കുന്ന തന്തുക്കളെ ബാധിച്ചാല്‍ ശബ്ദം പരുപരുത്തതായിമാറും.
♠ പുകവലി തലച്ചോറിനെ പലവിധത്തില്‍ ബാധിക്കും. പുകവലിക്കുമ്പോള്‍ സിഗരറ്റിലടങ്ങിയ നിക്കോട്ടിന്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തലച്ചോറിലെത്തും. ആദ്യം സുഖം തോന്നുമെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ അസ്വസ്ഥത, പരിഭ്രമം, വിഷാദം, തലവേദന, തലചുറ്റല്‍ എന്നിവ ഉണ്ടായേക്കാം. പുകയിലയില്‍ പലതരം രാസവസ്തുക്കളുമടങ്ങിയിരിക്കുന്നതിനാല്‍, അവ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്നു.
ജീവിത ശൈലി ആധുനികമായിത്തീര്‍ന്നതോടെ പെണ്‍കുട്ടികളും പുകവലിക്കുന്നതു സാധാരണമായിത്തീര്‍ന്നിട്ടുണ്ട്. പുകവലി ചുണ്ടുകളെയും പല്ലുകളെയും ബാധിക്കുന്നതിനാല്‍ സൗന്ദര്യം നഷ്ടപ്പെടാം. പുകവലിക്കാരുടെ മാംസപേശികളിലേക്കുള്ള രക്തപ്രവാഹവും ഓക്‌സിജനും കുറയുന്നതിനാല്‍ വ്യായാമം ചെയ്യുമ്പോള്‍ മാംസപേശികള്‍ക്ക് വേദന കൂടും. പുകവലിക്കുന്നതുകൊണ്ട് മാനസിക സംഘര്‍ഷമോ, ദുഃഖമോ, വിഷാദമോ കുറയാനിടയില്ല. മറിച്ച് പുകവലിയെന്ന ദുശ്ശീലത്തിനടിമയാക്കും.
കൗമാരത്തില്‍ പുകവലി തുടങ്ങുന്നവര്‍ക്ക് ഈ ദുശ്ശീലം നിര്‍ത്താന്‍ സാധിക്കാതെ തുടരുമ്പോള്‍, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വന്ന് ജീവിതം അപകടത്തിലാവും. മരിജൂവനായടക്കം എല്ലാവിധ പുകവലിയും ശരീരത്തിനപകടകരമാണ്.
മദ്യപാനം കൊണ്ട് ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍
മദ്യപാനത്തിന് അടിമയായിത്തീര്‍ന്നാല്‍ ആ സ്വഭാവം മാറ്റി എടുക്കാന്‍ പ്രയാസമാണ്. മദ്യപാനം മൂലം ശരീരത്തിലുണ്ടാവുന്ന താല്‍ക്കാലികമോ, ദീര്‍ഘകാലികമോ ആയ നാശങ്ങള്‍ പലതാണ്. മദ്യപാനികളുടെ ശരീരത്തിലുണ്ടാവുന്ന പ്രധാനപ്പെട്ട മാറ്റങ്ങളെന്താണെന്നു നോക്കാം:-
♠തലച്ചോറിന് കൈകാലുകളുടെ പ്രവര്‍ത്തനം മനസ്സിലാക്കാനും അതു നിയന്ത്രിക്കാനും കഴിയാത്ത അവസ്ഥയുണ്ടാവും. എന്തെങ്കിലും അപകടത്തില്‍പ്പെടുമ്പോള്‍ ശരീരത്തിന്റെ പെട്ടെന്നുള്ള പ്രതികരണമായ റിഫ്‌ളക്‌സ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. കാഴ്ചമങ്ങുക, തലചുറ്റുക, ഓര്‍മ്മകുറയുക എന്നിവയുമുണ്ടാവും.
♠വയറ്റില്‍പ്പുണ്ണ്, നെഞ്ചെരിച്ചില്‍, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ഉണ്ടാവാം.
♠ഹൃദയമിടിപ്പിന്റെ താളം തെറ്റുക, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക, ഹൃദയത്തിന്റെ വലുപ്പം കൂടുക, രക്തസമ്മര്‍ദ്ദം കൂടുക എന്നിവയുണ്ടാവും.
♠കരളിലെ സീറോസിസ്, മഞ്ഞപ്പിത്തമുണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ,് കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവും.
♠പെണ്‍കുട്ടികളില്‍ ആര്‍ത്തവകാലത്തു വയറുവേദന, രക്തം കൂടുതല്‍ പോകല്‍ ആര്‍ത്തവത്തിനു മുമ്പ് അസ്വസ്ഥത, ആര്‍ത്തവക്രമം തെറ്റല്‍ എന്നിവ ഉണ്ടാവും.
മദ്യപാന ശീലത്തിനു കാരണങ്ങള്‍
♠മദ്യപാനം, മയക്കുമരുന്നുപയോഗം, പുകവലി തുടങ്ങിയവ പരീക്ഷിച്ചു നോക്കാനുള്ള കൗമാര ജിജ്ഞാസ.
♠മാതാപിതാക്കളോടുള്ള അഭിപ്രായവ്യത്യാസങ്ങള്‍, അദ്ധ്യാപകരുടെ ശകാരം, കൂട്ടുകാരുമായുള്ള വഴക്കിടല്‍, പരീക്ഷാ തോല്‍വി, പഠനപിന്നോക്കം തുടങ്ങിയവ മൂലമുണ്ടാവുന്ന മാനസിക സംഘര്‍ഷം കുറക്കാനുള്ള പോംവഴി.
♠മറ്റുള്ളവരോടുള്ള പകപോക്കല്‍, ഏകാന്തത, ആത്മവിശ്വാസക്കുറവ്, ഉല്‍ക്കണ്ഠ, അപകര്‍ഷത എന്നിവ.
♠രക്ഷിതാക്കളുടെ മദ്യപാനം, സിനിമയിലോ, ടെലിവിഷന്‍ സീരിയലുകളിലോ ഉള്ള രംഗം എന്നിവ കൊണ്ടുള്ള സ്വാധീനം.
♠മദ്യം കഴിക്കുന്ന പാര്‍ട്ടികളില്‍ കൂട്ടുകൂടാന്‍ വേണ്ടി സ്വയം മദ്യപാനം തുടങ്ങുന്നവരും മദ്യപിക്കുന്ന സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധത്തിനുവഴങ്ങി മദ്യപാനമാരംഭിക്കുന്നവരുമുണ്ട്.
♠ശീതളപാനീയങ്ങളില്‍ മദ്യം കലര്‍ത്തി ചതിയില്‍ മദ്യപാനശീലമുണ്ടാക്കുന്ന സുഹൃത്തുക്കള്‍.
♠പ്രേമനൈരാശ്യം, ജോലി നഷ്ടം, ധനനഷ്ടം തുടങ്ങിയവയില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി.
ലഹരി ഉപയോഗത്തിന്റെ കുഴപ്പങ്ങള്‍
പഠനത്തില്‍ താല്പര്യം കുറയുക, പരീക്ഷയില്‍ പരാജയപ്പെടുക, സാമൂഹ്യ വിരുദ്ധരുടെ കെണിയില്‍ കുടുങ്ങുക, വഴക്ക്, അടിപിടി, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കുടുങ്ങിപ്പോവുക, ലഹരിപദാര്‍ത്ഥങ്ങള്‍ വാങ്ങാന്‍ പണമുണ്ടാക്കുന്നതിനുവേണ്ടി അനാവശ്യമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, കുറ്റബോധം മൂലം കുടുംബാംഗങ്ങളില്‍ നിന്നു ഒഴിഞ്ഞുനില്‍ക്കുക, സ്വയം നിന്ദതോന്നുക, ആത്മവിശ്വാസം നഷ്ടപ്പെടുക, ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുക, സമൂഹത്തില്‍ ഒറ്റപ്പെടുക, ഭാവിയും ജീവിതവും നശിക്കുക എന്നിങ്ങനെ ലഹരി ഉപയോഗം കൊണ്ട് നിരവധി കുഴപ്പങ്ങളുണ്ടായേക്കാം.
ലഹരി ഉപയോഗത്തില്‍ നിന്നു രക്ഷനേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗത്തിന് അടിമയാവുന്നവരെ രക്ഷിക്കാനും ലഹരി ഉപയോഗത്തില്‍ നിന്നും മുക്തമാക്കുവാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.
♠ കൂട്ടുകാരുടെ സമ്മര്‍ദ്ദം കൗമാരപ്രായത്തില്‍ സാധാരണയാണ്. തെറ്റായ ചങ്ങാതിക്കൂട്ടങ്ങളില്‍ നിന്നു പിന്മാറാനും ലഹരി ഉപയോഗം, പുകവലി, മദ്യപാനം തുടങ്ങിയ ദുഃശ്ശീലങ്ങളില്‍ നിന്നു ഒഴിഞ്ഞു മാറാനും ധൈര്യം സംഭരിക്കുക.
♠ വീട്ടിലെ മുതിര്‍ന്നവര്‍, കുട്ടികളുടെ മുമ്പില്‍ വെച്ച് മദ്യപാനം, പുകവലി തുടങ്ങിയവ ചെയ്യാതിരിക്കുക.
♠ മക്കളുടെ കൂട്ടുകാര്‍ ആരെന്നും അവരുടെ സ്വഭാവഗുണങ്ങളും അറിയുന്നതിനു പുറമെ ആരോഗ്യകരമായ കൂട്ടുകെട്ടിനു മാത്രം രക്ഷിതാക്കള്‍ പിന്തുണ നല്‍കുക.
♠ മദ്യവും മയക്കുമരുന്നുകളും മറ്റും ഉപയോഗിക്കുന്ന പാര്‍ട്ടികളില്‍ കൗമാരപ്രായത്തിലുള്ള കുട്ടികളെ പോകാന്‍ അനുവദിക്കാതിരിക്കുക.
♠ മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ ഉണ്ടാക്കി ബ്ലാക്ക് മെയില്‍ ചെയ്യുകയും ജീവിതം നശിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ കൗമാരക്കാര്‍ അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇത്തരം കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. അഥവാ ചതിയില്‍ പെട്ടാല്‍ അതിനെതിരായുള്ള നിയമ നടപടികള്‍ നടത്തി കുറ്റവാളികളെ ശിക്ഷിക്കണം.
♠ കൂട്ടുകാരോടുള്ള സുഹൃദ്ബന്ധം നിലനിര്‍ത്താന്‍ അവര്‍ ചെയ്യുന്ന അനാവശ്യ കാര്യങ്ങളിലും ദുശ്ശീലങ്ങളിലും പങ്കാളിയാവാതിരിക്കുക.
♠ പാനീയങ്ങള്‍, പലഹാരങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവയില്‍ മയക്കുമരുന്നുകള്‍ കലര്‍ത്തി കുടിപ്പിച്ചു ലഹരി ഉപയോഗത്തിന് അടിമയാക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ അത്തരം സാധനങ്ങള്‍ ഭക്ഷിക്കാതിരിക്കുക. വീട്ടില്‍ ഉണ്ടാക്കിയ പാനീയങ്ങള്‍ കൂടെ കരുതുക.
♠ മദ്യം കഴിക്കുന്ന പാര്‍ട്ടികളില്‍ പെട്ടുപോയാല്‍ മദ്യത്തിനുപകരം വെള്ളമോ, സോഡയോ, കോളയോ, പഴച്ചാറുകളോ മാത്രം കഴിക്കുക. കഴിയുന്നതും അത്തരം പാര്‍ട്ടികള്‍ ഒഴിവാക്കുക.
♠ ഹോട്ടലുകളില്‍ നി ന്നോ, പാര്‍ട്ടികളില്‍ നിന്നോ അടപ്പു തുറക്കാത്ത പാനീയങ്ങള്‍ അല്ലെങ്കില്‍ സ്വന്തം മുമ്പില്‍ വെച്ച് അടപ്പു തുറന്ന പാനീയങ്ങള്‍ മാത്രം കഴിക്കുക. തുറന്ന പാനീയങ്ങളില്‍ മയക്കുമരുന്നു ചേര്‍ത്തിട്ടുണ്ടെങ്കില്‍ മനസ്സിലാവില്ല.
♠ യാത്രക്കിടയിലോ, പാര്‍ട്ടികളിലോ, വിനോദയാത്രാവേളയിലോ അപരിചിതരില്‍ നിന്ന് പാനീയങ്ങളും പലഹാരങ്ങളും കഴിക്കാതിരിക്കുക.
♠ ആരോഗ്യകരമായ ജീവി തശൈലി പാലിക്കുക. ഉദാ: സന്തുലിതാഹാരം കഴിക്കുക, കൃത്യമായ വ്യായാമങ്ങള്‍ ചെയ്യുക, സമയപരിപാലനപട്ടിക പിന്തുടരുക, ശരീരം വൃത്തിയായി സൂക്ഷിക്കുക, ധ്യാനം-യോഗ തുടങ്ങിയവ ചെയ്ത് മനസ്സിന്റെ സംഘര്‍ഷം കുറയ്ക്കുക തുടങ്ങിയവ.
♠ നീലപ്പടങ്ങളും അശ്ലീലപുസ്തകങ്ങളും അശ്ലീലപരമായ വെബ് സൈറ്റുകളും ഒഴിവാക്കുക. ഇന്റര്‍നെറ്റിലെ തട്ടിപ്പില്‍ അകപ്പെടാതിരിക്കാന്‍ ശ്രമിക്കുക.
♠ മയക്കുമരുന്നുപയോഗം പോലുള്ള ദുശ്ശീലങ്ങളില്‍പ്പെട്ടുപോയാല്‍ അതൊളിച്ചുവെക്കാതെ രക്ഷിതാക്കളോട് സത്യം തുറന്നു പറയുക. അവര്‍ക്ക് നിങ്ങളെ രക്ഷിക്കാന്‍ സാധിക്കും.
♠ നല്ലൊരു മനഃശാസ്ത്രവിദഗ്ദ്ധനെക്കണ്ട് മനോവിഷമങ്ങള്‍ പങ്കുവെച്ചാല്‍, അതിന് വേണ്ട പരിഹാരങ്ങള്‍ ലഭിക്കും.
♠ ലഹരിയുടെ മായാവലയത്തില്‍ ലയിച്ചു ജീവിതം നശിപ്പിക്കുന്നതിലും ഭേദമാണ് അതില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. നല്ല സുഹൃത്തുക്കളോടോ, അദ്ധ്യാപകരോടോ, അച്ഛനമ്മമാരോടോ മനഃശാസ്ത്രവിദഗ്ദ്ധരോടോ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് സഹായം തേടുന്നത് നല്ലതാണ്.
♠ പ്രേമപരാജയമോ, ജീവിത നൈരാശ്യങ്ങളോ, മറ്റു പ്രതികൂലാനുഭവങ്ങളോ ഉണ്ടാവുമ്പോള്‍ ആത്മധൈര്യത്തോടെ അതിനെ നേരിടാന്‍ ശ്രമിക്കണം.
♠ ലഹരിയോടുള്ള ആസക്തി മിക്കവാറും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെന്ന കാര്യമോര്‍ക്കുക.
മയക്കുമരുന്നുകളും മറ്റു ലഹരിപദാര്‍ത്ഥങ്ങളും നല്‍കി യുവതലമുറയെ നശിപ്പിക്കുന്ന സാമൂഹ്യ ദ്രോഹികളെപ്പറ്റി പോലീസിനും മറ്റു ജനകീയ സംഘടനകള്‍ക്കും വിവരം നല്‍കി നിയമാനുസൃതം ശിക്ഷിക്കപ്പെടുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. നമ്മുടെ യുവതലമുറയെ പ്രത്യേകിച്ചും കൗമാരപ്രായക്കാരുടെ ഭാവിജീവിതം തകര്‍ക്കുന്ന മയക്കുമരുന്നുപയോഗം, മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളെ കര്‍ശനമായി നിരോധിക്കണം. ലഹരി പദാര്‍ത്ഥങ്ങള്‍ വില്പന നടത്തുന്നവര്‍ക്കും ലഹരി മാഫിയകള്‍ക്കും അതുപയോഗിക്കുന്നവര്‍ക്കും ലഹരി പദാര്‍ത്ഥങ്ങള്‍ കള്ളക്കടത്തു നടത്തുന്നവര്‍ക്കുമെതിരായുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനുപുറമേ അവ വ്യക്തമായി നടപ്പിലാക്കുകയും വേണം. ലഹരിസ്വന്തം ജീവിതം നശിപ്പിക്കുന്നതോടൊപ്പം കുടുംബം തകരുന്നതിനും കാരണമാവുന്നു. ഈ സാമൂഹ്യശാപത്തില്‍ നിന്നും മുക്തി നേടണമെങ്കില്‍ ഗവണ്‍മെന്റും നിയമപാലകരും മാധ്യമങ്ങളും പൊതുജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.