ഹര്‍ത്താലിന്റെ പേരില്‍ പൊതുസ്വത്തു നശിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടുകാരുടെ സ്വത്തു കണ്ടുകെട്ടാന്‍ ഹൈക്കോടതി ശാസന നല്‍കിയപ്പോള്‍ ഏറ്റവുമധികം ഹൃദയവേദനയുണ്ടായത് ഇസ്ലാമിക തീവ്രവാദികള്‍ക്കായിരുന്നില്ല; കേരള സര്‍ക്കാരിനും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കുമായിരുന്നു. ഹൈക്കോടതി ആവര്‍ത്തിച്ച് അന്ത്യശാസനം നല്‍കിയിട്ടും വീങ്ങുന്ന ഹൃദയവുമായാണ് വിജയന്‍ സഖാവ് വിധി നടപ്പാക്കിയത്. വിധിക്കെതിരെ പറയാന്‍ ഒരാളെപ്പോലും കിട്ടിയില്ല എന്ന സങ്കടം വേറെയും. അതിനാല്‍ നാലാളെ ഈ വിധിക്കെതിരാക്കാന്‍ തങ്ങളാലാവുന്നത് ചെയ്യണമെന്നു സര്‍ക്കാര്‍ നിശ്ചയിച്ചു. ഹര്‍ത്താല്‍ നടക്കുന്നതിന് ആറുമാസം മുമ്പു മരിച്ചുപോയ പോപ്പുലര്‍ ഫ്രണ്ടുകാരന്റെ സ്വത്ത് ജപ്തി ചെയ്യാന്‍ തീരുമാനിച്ചു. അതും പോരാ, ലീഗുകാരെയും ഒന്നു ഇളക്കണമല്ലോ, മലപ്പുറത്ത് ഒരു ലീഗുകാരന്റെയും സ്വത്തു ജപ്തി ചെയ്യാന്‍ നോട്ടീസ് നല്‍കി.
അതോടെ വിജയന്‍ സഖാവ് കണക്കു കൂട്ടിയപോലെ കാര്യങ്ങള്‍ നടന്നു. കുഞ്ഞാലിക്കുട്ടിയടക്കം ലീഗുപട ഇളകി വന്നു. അവര്‍ ജപ്തിക്കെതിരെ ശബ്ദിച്ചു. മരിച്ചുപോയ പോപ്പുലര്‍ ഫ്രണ്ടുകാരന്റെ സ്വത്ത് ജപ്തി ചെയ്തത് ജമാഅത്തെ ഇസ്ലാമി പത്രം ഏറ്റെടുത്തു. ഹര്‍ത്താലിലുണ്ടായ നഷ്ടം 5.2 കോടി രൂപയാണെങ്കില്‍ അതില്‍ എത്രയോ ഇരട്ടി രൂപയുടെ സ്വത്തു കണ്ടുകെട്ടി എന്ന് എസ്.കെ.എസ്.എസ്.എഫ് പ്രതികരിച്ചു. ജനരോഷം ഭയന്നു വായ പൂട്ടിയിരുന്ന ഇസ്ലാമിസ്റ്റ് വിഭാഗക്കാര്‍ക്ക് വാലുപൊക്കാന്‍ അവസരമായി. എല്ലാ തീവ്രവാദ ഇസ്ലാമിസ്റ്റു ഗ്രൂപ്പുകളും ‘മുസ്ലിങ്ങളെ വേട്ടയാടുന്നു’ എന്ന സംഘഗാനം ആലപിക്കാന്‍ പോകുകയാണ്. ഇവര്‍ക്ക് വേദിയൊരുക്കി പാട്ടിനു താളം പിടിച്ച് സുഖിക്കുകയാണ് എ.കെ.ജി സെന്ററിലെ സഖാക്കള്‍.
Comments