കോഴിക്കോട്: സ്വകാര്യബസ്സ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് അസ്സോസിയേഷന് ഭാരവാഹികള്‍. നിയമങ്ങള്‍ വ്യവസായത്തെ വരിഞ്ഞുമുറുക്കുന്നതും തങ്ങള്‍ക്ക് ന്യായമായി കിട്ടേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതും നീതീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ജസ്റ്റിസ് എം. രാമചന്ദ്രന് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി 2022 മേയ് മാസം മുതല്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് സംബന്ധിച്ച ശുപാര്‍ശയെക്കുറിച്ച് പഠിക്കാന്‍ മറ്റൊരു കമ്മിറ്റിയെ നിയമിച്ചത് ശരിയായില്ലെന്നും അതിന്മേല് നടപടി ഉണ്ടാകാതിരിക്കെ മന്ത്രിമാരുടെയും എം.എല്‍.എ. മാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരുടെ റിപ്പോര്‍ട്ട് ഭരണപക്ഷവും പ്രതിപക്ഷവും എതിര്‍പ്പില്ലാതെ സ്വീകരിച്ചുവെന്നും അസ്സോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. കെ.എസ്.ആര്.ടി.സി ബസുകള്‍ക്കും പ്രൈവറ്റ് ബസ്സുകള്‍ക്കും ജി.പി.എസ്സിന്റെയും സ്പീഡ് ഗവര്‍ണറിന്റെയും പേരിലുള്ള നിയമം രണ്ട് രീതിയില്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും ന്യായീകരണമുണ്ടോ എന്നും അവര്‍ ചോദിച്ചു.
പത്രസമ്മേളനത്തില്‍ അസ്സോസിയേഷന് പ്രസിഡന്റ് കെ.ടി.വാസുദേവന്‍, ജനറല്‍സെക്രട്ടറി എം. തുളസിദാസ്, സാജു എം.എസ്, റിനീഷ്.ഇ, എ.സി. ബാബുരാജ്, അബ്ദുല്‍ സത്താര്‍, കെ.കെ മനോജ്, ആലി പി, ബീരാന് കോയ.ടി.കെ എന്നിവര്‍ പങ്കെടുത്തു.