കേരളം കടക്കെണിയില്‍ പെട്ടിരിക്കുകയാണെന്ന് പൊതുവെ പറയാറുണ്ട്. കേരളത്തിന്റെ സാമ്പത്തികനില ഗള്‍ഫ്‌രാജ്യങ്ങളില്‍നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള മണി ഓര്‍ഡറിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്നത് പ്രസിദ്ധമാണ്. സാമ്പത്തികശാസ്ത്രത്തിന് ‘മണിഓര്‍ഡര്‍ ഇക്കോണമി’ എന്ന പുതിയൊരു പദം കേരളം സംഭാവന ചെയ്തു. തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ കേരളത്തില്‍ കൂടുതലാണ്. കായികമായി അദ്ധ്വാനമില്ലാത്ത വെള്ളക്കോളര്‍ ജോലികളെയാണ് കേരളത്തില്‍ തൊഴില്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ശാരീരികാദ്ധ്വാനം ആവശ്യമായ ജോലികള്‍ തമിഴര്‍, ബംഗാളികള്‍, ഒറീസക്കാര്‍ തുടങ്ങിയ മറ്റ് സംസ്ഥാന തൊഴിലാളികളാണ് ചെയ്യുന്നത്. കൊട്ടിഘോഷിക്കപ്പെട്ട ‘കേരളമോഡല്‍ വികസനം’ പരാജയപ്പെട്ടു എന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ടില്ല. കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് യുവാക്കള്‍ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുനിന്നും ഇത്തരമൊരു ഒഴുക്ക് ഇല്ല (ബീഹാര്‍, യുപി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും മുംബൈ, ദല്‍ഹി പോലുള്ള വന്‍നഗരങ്ങളിലേയ്ക്ക് കൂലിപ്പണിക്ക് ആളുകളെത്തുന്നു എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ അവരാരും അഭ്യസ്തവിദ്യരല്ല) കേരളത്തിലുള്ള ആളുകള്‍ തൊഴിലെടുക്കുന്നതില്‍ ഉത്സുകരാണ്. എന്നാല്‍ കേരളത്തില്‍ തൊഴിലെടുക്കുന്നതില്‍ അവര്‍ വിമുഖരാണ്. ഇതിനര്‍ത്ഥം കേരളീയജനത മടിയന്മാരാണെന്നല്ല. പക്ഷെ കേരളത്തിലെ തൊഴില്‍ സംസ്‌കാരം അവരെ മടിയന്മാരാക്കുന്നു എന്നുള്ളതാണ്. കേരളത്തിന്റെ പൊതുബോധത്തില്‍ കമ്യൂണിസത്തിന് വലിയ സ്വാധീനമുണ്ടെന്ന് കരുതുന്നു. എന്നാല്‍ അതേ കേരളത്തിലാണ് ശാരീരികാദ്ധ്വാനത്തോടുള്ള എതിര്‍പ്പ് ഉണ്ടാകുന്നത്. ഈ സ്വാധീനം ശാരീരികാദ്ധ്വാനത്തെ മോശപ്പെട്ട എന്തോ ആയി കാണുന്നു. അദ്ധ്വാനിക്കാതെ പണം നേടാനുള്ള വഴികളാണ് കേരളീയര്‍ക്ക് അഭികാമ്യം. ലോട്ടറി- മദ്യവില്പ്പന തുടങ്ങി സമൂഹത്തിന് ഹാനികരമായ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നത് കേരളത്തിലെ രാഷ്ട്രീയനേതാക്കളാണ്. കേരളം ആരോഗ്യമേഖല, പോഷകാഹാരം തുടങ്ങിയ കാര്യങ്ങളില്‍ മുന്നിലാണെന്നതില്‍ നാം അഭിമാനിക്കുന്നു. കേരളത്തില്‍ മുട്ടിനുമുട്ടിനുള്ള ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യത്തിന്റേതല്ല; അത് രോഗാതുരമായ ഒരു സമൂഹത്തിന്റെ പുറംകാഴ്ചയാണ്. ഒരു ശരാശരി കേരളീയന്‍ മരുന്ന് കഴിക്കുന്നത് മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വളരെക്കൂടുതലാണ്. പനി മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഏറ്റവുമധികം മരുന്ന് ചെലവാകുന്ന സംസ്ഥാനം കേരളമാണ്. ഓര്‍മ്മിക്കേണ്ട ഒരു വസ്തുത, ഇത്രയധികം ആശുപത്രികള്‍ ഉണ്ടെങ്കിലും അവിടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാം പഠിച്ചത് കേരളത്തിനു പുറത്താണ് എന്നതാണ്. അതായത് ആരോഗ്യരംഗത്തേയ്ക്ക് ആവശ്യമുള്ള മെഡിക്കല്‍ – പാരാമെഡിക്കല്‍ സ്റ്റാഫിനെ പരിശീലിപ്പിക്കാന്‍ കേരളത്തിനാകുന്നില്ല. ഇതുതന്നെയാണ് മറ്റ് പ്രൊഫഷനുകളായ എഞ്ചിനീയറിംഗ്, നിയമം തുടങ്ങിയ മേഖലകളിലേയും സ്ഥിതി. മാനവവിഭവശേഷി വികസിപ്പിക്കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും കേരളം പരാജയപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വിദ്യാസമ്പന്നരാണ് കേരളീയര്‍. എന്നാല്‍ കേരളത്തില്‍ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇല്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല ആകെ പാര്‍ട്ടി ആശ്രിതര്‍ക്ക് ചേക്കേറാനുള്ള മേഖലയാക്കി മാറ്റിയ രാഷ്ട്രീയനേതൃത്വമാണ് ഇതിനുത്തരവാദികള്‍.
സംസ്ഥാന രൂപീകരണ കാലത്ത് കേരളം ഒരു കാര്‍ഷിക സംസ്ഥാനമായിരുന്നു. കേരളത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളില്‍ നല്ലൊരു ശതമാനം ഇവിടെ തന്നെ ഉത്പാദിപ്പിച്ചിരുന്നു. ഭൂപരിഷ്‌കരണനിയമം നടപ്പാക്കിയശേഷം സ്ഥിതി അതല്ല. ഇന്ന് അരി, പച്ചക്കറി, പാല്‍, മുട്ട, മാംസം തുടങ്ങിയ എല്ലാം അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വന്നില്ലെങ്കില്‍ കേരളീയര്‍ പട്ടിണിയിലാകും. കാര്‍ഷികവൃത്തി ചെയ്ത് ജീവിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഭക്ഷ്യവസ്തുക്കള്‍ വളരെ മാരകമായ മായം ചേര്‍ത്തവയാണ്. അത് കഴിക്കുന്ന കേരളീയര്‍ അതിവേഗത്തില്‍ രോഗികളാകുന്നു. ഹൃദ്രോഗികള്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ കേരളീയരില്‍ വളരെ കൂടുതലാണ്. ഇവരുടെ ചികിത്സാചെലവ് വര്‍ദ്ധിച്ചതുകാരണം പല കുടുംബങ്ങളും കഷ്ടപ്പെടുന്നു. മരുന്നുകമ്പനികള്‍ ഏറ്റവുമധികം മരുന്ന് വിറ്റഴിക്കുന്നത് കേരളത്തിലാണ്. ആരോഗ്യമുള്ള ജനത നാടിന്റെ സമ്പത്താണ്. ജനങ്ങളുടെ ആരോഗ്യം പരിപാലിക്കേണ്ട ചുമതല സര്‍ക്കാരിനാണ്. എന്നാല്‍ ഇന്ന് ആരോഗ്യപാലനം എന്നാല്‍ മരുന്ന് കഴിക്കല്‍ എന്നായിത്തീര്‍ന്നിരിക്കുന്നു. ആശുപത്രിയില്‍ പോകുന്നതും മരുന്ന് കഴിക്കുന്നതും ആരോഗ്യലക്ഷണമല്ല. രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് സാധ്യമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കുന്നില്ല. നിത്യോപയോഗവസ്തുക്കള്‍, അവശ്യവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍ എന്തിന് പൂവ് പോലും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നു. മലയാളി തന്റെ വേഷവിധാനത്തില്‍ വളരെ ശ്രദ്ധാലുവാണ്. എന്നാല്‍ വസ്ത്രഉത്പാദനം കേരളത്തില്‍ ഇല്ലതന്നെ. അതെല്ലാം തമിഴ്‌നാട്ടില്‍നിന്നോ ഗുജറാത്ത്, മുംബൈ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നോ വരണം.
ഇങ്ങനെ കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടേണ്ടിയിരുന്ന സമ്പത്ത് മുഴുവനും ഇതരസംസ്ഥാനങ്ങളിലേയ്‌ക്കോ മറ്റ് രാജ്യങ്ങളിലേയ്‌ക്കോ ഒഴുകിപ്പോകുകയാണ്. Brain Drain എന്നതിനേക്കാള്‍ ഭീകരമാണിത്. കേരളം ഉപഭോഗസംസ്ഥാനമായി മാറിയിരിക്കുന്നു. ഉത്പാദനം മറ്റുള്ളവര്‍ നടത്തും. ‘പത്തായം പെറും, ചക്കി കുത്തും, ഞാനുണ്ണും’ എന്നതായിരിക്കുന്നു കേരളത്തിന്റെ സ്ഥിതി. സമ്പത്തിന്റെ വളര്‍ച്ച അത് വിനിമയം ചെയ്യുന്നതുവഴിയാണ് ഉണ്ടാകുന്നത്. അതിനുപകരം സമ്പത്തുതന്നെ കേരളം വിട്ടുപോകുന്നു. കൂടെ അതുവഴി ഉണ്ടാകേണ്ട വികസനവും. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ കേരളത്തില്‍നിന്നും മറ്റിടങ്ങളിലേയ്ക്ക് പോകുന്നത്. അതുമൂലം വികസനം ഉണ്ടാകുന്നില്ല. സമ്പത്തിന്റെ ഈ ഒഴുക്ക് മൂലം ഉണ്ടാകുന്ന തൊഴില്‍ നഷ്ടം കൂടി കണക്കാക്കിയാല്‍ ഞെട്ടിപ്പിക്കുന്ന ചിത്രമാണ് ലഭിക്കുക.
കേരളവികസനം
വിദ്യാഭ്യാസമുള്ളവരും പരിശ്രമശാലികളുമായ ജനങ്ങള്‍, അനുകൂലമായ കാലാവസ്ഥ, സമൃദ്ധമായ മഴയും ജല ലഭ്യതയും അങ്ങനെ വിഭവസമൃദ്ധി കൊണ്ട് അനുഗൃഹീതമാണ് കേരളം. അത് വികസിക്കാത്തതിന് കാരണം ഇവിടത്തെ രാഷ്ട്രീയനേതൃത്വമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാഷ്ട്രീയനേതൃത്വം കേരളത്തിന്റെ ശാപമാണ്. അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ചെറിയകാര്യങ്ങള്‍ നടക്കാന്‍പോലും കൈക്കൂലി നിര്‍ബന്ധമാണ്. അതിനാല്‍ ഇവിടെ വ്യവസായങ്ങള്‍ തുടങ്ങാന്‍ ആരും തയ്യാറല്ല. രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥരും ഒരുപോലെ അഴിമതി നടത്തുന്നു. ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ രാഷ്ട്രീയനേതൃത്വവും. അഴിമതി പല വിധത്തിലാണ്. കൈക്കൂലി വാങ്ങിക്കുക, ആശ്രിതര്‍ക്ക് ഉന്നതസ്ഥാനങ്ങള്‍ ഉറപ്പാക്കുക, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പണമുണ്ടാക്കിക്കൊടുക്കുക എന്നിങ്ങനെ പല മാര്‍ഗ്ഗങ്ങളുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന് നല്‍കുന്ന അഴിമതിപ്പണം കൊടുത്തയാള്‍ക്ക് തിരികെ ലഭിക്കാന്‍ അവര്‍ വഴിയും കണ്ടെത്തുന്നു. ഉദാഹരണത്തിന് നിര്‍മ്മാണത്തിന് ചിലവാക്കുന്നതിന്റെ പല മടങ്ങാണ് റോഡുപണിക്കുള്ള ചെലവ്. അഴിമതിക്കാവശ്യമായ പണവും കൂടി കണക്കാക്കിയാണ് കരാര്‍ വെയ്ക്കുക. പണിയില്‍ കാണിക്കുന്ന തട്ടിപ്പിനുനേരേ രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥരും കണ്ണടക്കുന്നു. ഫലം ഉദ്ഘാടനത്തിന് മുമ്പ് നിലം പറ്റുന്ന പാലവും കുണ്ടുംകുഴിയും നിറഞ്ഞ പുതിയ റോഡുകളും.
അഴിമതിയുടെ മറ്റൊരു രൂപമാണ് ന്യൂനപക്ഷപ്രീണനം, ജാതിപ്രീണനം തുടങ്ങിയവ. ന്യൂനപക്ഷങ്ങളെ തങ്ങളുടെ വോട്ടുബാങ്കായി നിലനിര്‍ത്താനായി സര്‍ക്കാരുകള്‍ നീതിക്കു നിരക്കാത്ത ആനുകൂല്യങ്ങള്‍ അനുവദിക്കുന്നു. ഇതിനെല്ലാം തുക പൊതുജനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ ജോലി ലഭിക്കാന്‍ രാഷ്ട്രീയനേതാക്കളുടെ ശുപാര്‍ശ ആവശ്യമാണ്. ഇതിന് കൈക്കൂലി കൊടുക്കുകയും വേണം. ഇങ്ങനെ ജോലി ലഭിക്കുന്നവര്‍ക്ക് യാതൊരു ആത്മാര്‍ത്ഥതയും ജോലിയോടുണ്ടാവില്ല. മാത്രമല്ല ഒരാള്‍ക്ക് ചെയ്യേണ്ട ജോലി വളരെ കുറവുമാണ്. ഇതുമൂലം സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ പിന്നീട് ജോലി ചെയ്യാതിരിക്കുക എന്നതാണ് പതിവ്്. പാര്‍ട്ടികളെ പ്രീണിപ്പിക്കുന്നതിലാണ് ഉദ്യോഗസ്ഥന്മാര്‍ ശ്രദ്ധിക്കുന്നത്. പദ്ധതികള്‍ എങ്ങിനെ കീശ വീര്‍പ്പിക്കുന്നവയാക്കി മാറ്റാമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന നിലയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഇത്രയും കാലം കഴിഞ്ഞിട്ടും കേരളത്തില്‍ ഉല്പാദനത്തിന് പ്രസിദ്ധമായ ഒരു പ്രദേശം പോലും ഇല്ല. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, കോയമ്പത്തൂര്‍, കര്‍ണ്ണാടകത്തിലെ മംഗലാപുരം, മൈസൂര്‍ പ്രദേശങ്ങള്‍ എല്ലാം വികസിതമാണ്. കേരളത്തിന്റെ അതിര്‍ത്തിക്ക് മറുവശം വികസിക്കുകയും കേരളത്തിനുള്ളിലുള്ള പ്രദേശങ്ങള്‍ വികസിക്കാതിരിക്കുകയും ചെയ്യുന്നത് രാഷ്ട്രീയനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണ്.
കെടുകാര്യസ്ഥത, ധൂര്‍ത്ത്, അഴിമതി
കേരളത്തിലെ മിക്കവാറും എല്ലാ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. ജലസമൃദ്ധമായ കേരളത്തില്‍ വൈദ്യുതിക്ക് വില കൂടുതലാണ്. ക്ഷാമവും ഉണ്ട്. യാത്രാച്ചെലവും കൂടുതലാണ്. കെ.എസ്.ആര്‍.ടി.സി. കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും ധൂര്‍ത്തിന്റേയും ഉദാഹരണമാണ്. കെ.എസ്.ആര്‍.ടി.സി.ക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളം ഡിപ്പോകളും വര്‍ക്ക്‌ഷോപ്പുകളുമുണ്ട്. എന്നാല്‍ ഇതിരിക്കുന്ന സ്ഥലത്തുനിന്ന് മറ്റൊരു വരുമാനവും കെ.എസ്.ആര്‍.ടി.സി.ക്ക് ഇല്ല. കെ.എസ്.ആര്‍.ടി.സി.യില്‍ സ്റ്റാഫ് ആവശ്യത്തിലേറെയാണ്. കമ്പ്യൂട്ടര്‍വല്‍ക്കരണം തുടങ്ങിയ ആധുനികരീതികള്‍ നടപ്പാക്കിയപ്പോഴും സ്റ്റാഫിന്റെ എണ്ണം വേണ്ടത്ര കുറഞ്ഞില്ല. ഈ ഉദ്യോഗസ്ഥര്‍ പലരും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകരാണ്. അവരുടെ വേതനം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കെ.എസ്.ആര്‍.ടി.സി. വഹിക്കണം. ചുരുക്കത്തില്‍ ജോലിയില്‍ പ്രവേശിച്ച അന്നുമുതല്‍ മരിക്കുംവരെ അവരെ പോറ്റേണ്ട ചുമതല കെ.എസ്.ആര്‍.ടി.സി.ക്കാണ്. കൂടാതെ കെ.എസ്.ആര്‍.ടി.സി.യില്‍ നടക്കുന്ന പര്‍ച്ചേയ്‌സുകളിലെ കമ്മീഷന്‍, കൈക്കൂലി ഇവയും ഉണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ അനാവശ്യമായ പോസ്റ്റുകള്‍ ഉണ്ടാക്കി അവിടെ തങ്ങള്‍ക്കിഷ്ടമുള്ളവരെ തിരുകിക്കയറ്റുന്നത് അഴിമതി തന്നെയാണ്. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം നികര്‍ത്താന്‍ അതിന്റെ ഡിപ്പോകള്‍ സ്വകാര്യമേഖലയ്ക്ക് വാടകയ്ക്ക് കൊടുക്കാന്‍ കെട്ടിടങ്ങള്‍ പണിയും എന്ന് തോമസ് ഐസക് ധനമന്ത്രിയായിരിക്കുമ്പോള്‍ പ്രഖ്യാപനം വന്നു. കെട്ടിടങ്ങള്‍ പണിതപ്പോള്‍ അത് വാടകയ്‌ക്കെടുക്കാന്‍ ആളില്ല. കെട്ടിടം പണിയുമ്പോള്‍ നടന്ന അഴിമതി മിച്ചം. കുറച്ചുകാലം കഴിയുമ്പോള്‍ ഈ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടക്കാതെ വൃത്തികേടായി കിടക്കും.
കെ.എസ്.ആര്‍.ടി.സി.യില്‍ വലിയ അഴിച്ചുപണി നടക്കണം. ഉദ്യോഗസ്ഥന്മാരുടെ എണ്ണം കുറയ്ക്കണം. ഇന്‍വെന്‍ട്രി കണ്‍ട്രോള്‍ ആവശ്യമാണ്. കെ.എസ്.ആര്‍.ടി.സിയുടെ കൈവശമുള്ള ഭൂമി ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയണം. സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ ചുരുക്കത്തില്‍ ഭരണവകുപ്പുകള്‍ തമ്മില്‍ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമി എല്ലാം സര്‍ക്കാരിന്റെ പേരിലാക്കണം. കെ.എസ്.ആര്‍.ടി.സി ഡിപ്പോ, വര്‍ക്ക്‌ഷോപ്പ് ഇരിക്കുന്ന ഭൂമിയില്‍ ബഹുനിലകെട്ടിടങ്ങള്‍ പണിത് സര്‍ക്കാര്‍ ഓഫീസുകള്‍ അതത് സമുച്ചയത്തിനകത്താക്കണം. അങ്ങനെ അനാവശ്യമായി ഭൂമി കൈവശം വെച്ചുകൊണ്ടിരിക്കുന്നത് അവസാനിപ്പിക്കണം.
കേരളത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനവും ലാഭത്തിലല്ല. സര്‍ക്കാര്‍, കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ കൈവശം ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. ഈ ഭൂമി വെറുതെ കാടുപിടിച്ചു കിടക്കുന്നു. ഉത്പാദനക്ഷമമായി അവ ഉപയോഗിക്കപ്പെടുന്നില്ല. കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയിട്ടും ഒച്ചിഴയുന്ന വേഗത്തിലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഫയലുകള്‍ നീങ്ങുന്നത്. പദ്ധതികള്‍ പ്രഖ്യാപിക്കുന്ന സമയത്ത് കണക്കാക്കുന്ന ചെലവിന്റെ പല മടങ്ങ് ചെലവ് വര്‍ദ്ധിച്ച് മാത്രമേ പദ്ധതികള്‍ പൂര്‍ത്തിയാക്കാറുള്ളൂ. ഈ കാലതാമസം പൊതുഖജനാവിനെ ക്ഷയിപ്പിക്കുന്നു. ഇക്കാര്യങ്ങളില്‍ ആര്‍ക്കും ഉത്തരവാദിത്തവുമില്ല. ഇത് ശരിയാക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ അയാള്‍ക്കെതിരായ യുദ്ധപ്രഖ്യാപനവുമായി തൊഴിലാളി സംഘടനകള്‍ രംഗത്തുവരും.
ഇനിയും ഏറെ പറയാനുണ്ട്. പക്ഷെ എന്താണൊരു പരിഹാരം? ഒന്നാമതായി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണം (ഇത് പറയുമ്പോള്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കും എന്ന വാദം മുന്നോട്ടുവരും. എന്നാല്‍ ഭരണയന്ത്രം സുതാര്യവും കാര്യക്ഷമവുമായാല്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഇതുവഴി വലിയൊരു ഭാഗം തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയും). ഓരോ ഉദ്യോഗസ്ഥനും നിശ്ചയിക്കപ്പെട്ട ജോലി ഇന്നില്ല. അതുകൊണ്ട് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രവൃത്തികള്‍ നടക്കുന്നില്ല. എന്നുമാത്രമല്ല ഉപദ്രവകരമായ കാര്യങ്ങള്‍ നടക്കുകയും ചെയ്യുന്നു. ഓരോ ഉദ്യോഗസ്ഥനും തീര്‍ക്കേണ്ട ജോലി തീരുമാനിക്കണം. ഓഫീസുകളില്‍ പണിയെടുക്കുന്നവര്‍, ഒരു ദിവസം എത്ര ജോലി ചെയ്തുതീര്‍ക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. ഒരു കാരണവശാലും ഒരു ഫയല്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ഒരാളുടെ കൈവശം ഇരിക്കാനോ രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ഒരാള്‍ വശം വരാനോ പാടില്ല. ഫയല്‍ അടുത്തയാളിലേയ്ക്ക് തട്ടുന്ന ഏര്‍പ്പാട് നിര്‍ത്തി കൃത്യമായ തീരുമാനം ദുര്‍വ്യാഖ്യാനത്തിന് ഇട നല്‍കാത്ത രീതിയില്‍ വ്യക്തമായി എഴുതണം. ഒരു അപേക്ഷയില്‍ മുപ്പത് ദിവസത്തിനകം തീരുമാനം ഉണ്ടാകണം. ഉദ്യോഗസ്ഥരുടെ ഹാജര്‍, ജോലിക്കുവരുന്നതും പോകുന്നതുമായ സമയം ഇവയെല്ലാം കൃത്യമായിരിക്കണം. കെ.എസ്.ആര്‍.ടി.സി, വൈദ്യുതി ബോര്‍ഡ് എന്നിവിടങ്ങളിലും ഈ കാര്യക്ഷമത കൊണ്ടുവരണം.
ഓഫീസുകള്‍ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം. ആധുനികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. എല്ലാ ഓഫീസുകളിലും സ്വീകരണവിഭാഗം ആവശ്യമാണ്. സര്‍ക്കാരില്‍നിന്നും ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങളെ ഏറ്റവും നല്ല രീതിയില്‍ പരിഗണിക്കണം. പൊതുജനങ്ങള്‍ നല്‍കുന്ന അപേക്ഷകളില്‍ 15 ദിവസത്തിനകം തീരുമാനം എടുത്ത് അവരെ അറിയിക്കണം. പല പ്രാവശ്യം സര്‍ക്കാര്‍ ഓഫീസില്‍ കയറി നടക്കേണ്ട ഇന്നത്തെ ഗതികേട് അവസാനിക്കണം.
സര്‍ക്കാര്‍ നടപ്പാക്കുന്ന ഓരോ പദ്ധതിയും നിശ്ചിതസമയത്തുതന്നെ പൂര്‍ത്തീകരിക്കണം. അതിന് എതിരു നില്‍ക്കുന്നവരെ ഉചിതമായ നടപടികള്‍ക്ക് വിധേയമാക്കണം. റോഡു പണികള്‍ക്ക് മുമ്പ് ജല-വൈദ്യുത വകുപ്പുകളുമായി കോര്‍ത്തിണക്കല്‍ ആവശ്യമാണ്. റോഡുപണി കഴിഞ്ഞാല്‍ പിന്നീട് അത് കുത്തിപ്പൊളിക്കുന്നത് അവസാനിപ്പിക്കണം. അതില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സമിതി രൂപീകരിച്ച് സമിതിയുടെ അനുവാദം വാങ്ങിക്കണം. വൈദ്യുതി പ്രസരണനഷ്ടം ഒഴിവാക്കാന്‍ ഒപ്ടിക്കല്‍ ഫൈബര്‍ ഉപയോഗിക്കണം. പാചകവാതകം പൈപ്പുവഴി വീടുകളിലെത്തിക്കണം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കളക്‌ട്രേറ്റുകള്‍ തുടങ്ങിയവയും ഒരേ കോംപ്ലെക്‌സില്‍ പ്രവര്‍ത്തിക്കണം. പൊതുജനങ്ങള്‍ക്കാവശ്യമായ വരുമാനസര്‍ട്ടിഫിക്കറ്റ്, വീട്ടുകരം തുടങ്ങിയവ സ്വീകരിക്കാന്‍ ഡിജിറ്റല്‍ സംവിധാനം ഉപയോഗപ്പെടുത്തണം. സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ നിശ്ചിതസ്ഥലത്ത് കൊടുക്കുക, പിന്നീട് അത് ആവശ്യമെങ്കില്‍ മുകളിലുള്ള ഓഫീസുകളില്‍നിന്ന് ക്ലിയറന്‍സ് വാങ്ങിക്കുക തുടങ്ങിയ കാര്യങ്ങള്‍ അതാത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമായിരിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവ ലഭ്യമാക്കാന്‍ പല പ്രാവശ്യം ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേട് ഉണ്ടാകരുത്.
ഇതുപോലെതന്നെ വിദ്യാഭ്യാസവകുപ്പ്, കോടതികള്‍ എന്നിവയും കാര്യക്ഷമമാക്കണം. കോടതികളെല്ലാം ഒരേ സമുച്ചയത്തിലാക്കണം. അതേസമുച്ചയത്തില്‍ ഇന്‍കംടാക്‌സ് തുടങ്ങിയ ഓഫീസുകളും പരാതി പരിഹാരഓഫീസും കോടതികളും ആകാം. നീതിന്യായവകുപ്പുകള്‍ ഒരേ കെട്ടിടത്തില്‍ ആകണം.
സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഇങ്ങനെ പല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വാഹനങ്ങളുണ്ട്. ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ കൈവശം വെയ്ക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഇത് മാറി ഒരു ഉദ്യോഗസ്ഥന് ഒരു കാര്‍ എന്ന രീതി നടപ്പാക്കാനാവണം. ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയ കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ആവശ്യമാണ്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന് നിശ്ചിത ഓഫീസ് ഉണ്ടാക്കുന്ന കാര്യം പരിഗണിക്കണം. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതില്‍ നിയന്ത്രണം ആവശ്യമാണ്. അനാവശ്യമായി വണ്ടികള്‍ വാടകയ്ക്ക് എടുക്കരുത്.
പൊതുമേഖലാസ്ഥാപനങ്ങള്‍
പൊതുമേഖലാസ്ഥാപനങ്ങളില്‍ ഉല്‍പ്പാദനരംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും ഭരണനിര്‍വ്വഹണരംഗത്ത് പ്രവര്‍ത്തിക്കുന്നവരും തമ്മില്‍ നിശ്ചിത അനുപാതം ആവശ്യമാണ്. ഭരണനിര്‍വ്വഹണരംഗത്ത് 5 തൊഴിലാളികള്‍ക്ക് ഒരാള്‍ എന്ന അനുപാതം സ്വീകരിച്ചാല്‍ നന്നായിരിക്കും. തൊഴിലാളികള്‍ക്കായും ഉദ്യോഗസ്ഥര്‍ക്കായും ഉള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ ബഹുനിലകെട്ടിടങ്ങളിലാക്കണം. അത്യാവശ്യത്തില്‍ കൂടുതല്‍ ഭൂമി ഒരു കാരണവശാലും ഇത്തരം സ്ഥാപനങ്ങള്‍ കൈവശം വെയ്ക്കരുത്. വിപുലീകരണം ലക്ഷ്യമാക്കി ഭൂമി വാങ്ങുന്നപക്ഷം ആ ഭൂമിയില്‍ കൃഷി ചെയ്യാന്‍ വ്യവസ്ഥ ഉണ്ടാകണം. ഇന്നത്തെപ്പോലെ പൊതുമേഖലാസ്ഥാപനങ്ങള്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും അത് കാടുപിടിച്ച് കിടക്കുകയും ചെയ്യുന്ന നില അവസാനിപ്പിക്കണം. ഏറ്റെടുത്ത ഭൂമിയുടെ വില മൂന്ന് മാസത്തിനകം ഉടമയ്ക്ക് നല്‍കണം. അല്ലെങ്കില്‍ ഭൂമി തിരികെ കൊടുക്കണം.
കോര്‍പ്പറേഷനുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങള്‍, ടൗണ്‍ ഹാളുകള്‍, മണ്ഡപങ്ങള്‍ ഇവ പണിത് വാടകയ്ക്ക് കൊടുക്കണം. ഓരോ ഹാളും അറ്റകുറ്റപ്പണി, വൃത്തി, ആകര്‍ഷണീയത എന്നിവ ഉള്ളവയാക്കാന്‍ ഉറച്ച നടപടികളുണ്ടാകേണ്ടതാണ്. പരിപാടി നടത്താന്‍ ജനങ്ങള്‍ക്ക് ആഗ്രഹം തോന്നുംവിധം സൗകര്യങ്ങളും ആകര്‍ഷണീയതയും ഉള്ളവയായിരിക്കണം ഇത്തരം ഹാളുകള്‍.
ജനങ്ങള്‍ക്ക് സഹായം നല്‍കാനാവശ്യമായ സര്‍ട്ടിഫിക്കറ്റ്, മറ്റ് രേഖകള്‍ എന്നിവയ്ക്കുള്ള അപേക്ഷ കൊടുത്താല്‍ അത് പൂര്‍ത്തീകരിച്ച് അപേക്ഷകന് നല്‍കാനുള്ള ചുമതല ഓഫീസിന്റേതാകണം. ഇത് 15 ദിവസത്തിനകം നല്‍കണം. സര്‍ക്കാരിന്റെ നടപടികളെല്ലാം സുതാര്യമായിരിക്കണം. ഇക്കാര്യങ്ങള്‍ക്ക് കൃത്യമായ രീതി ആവശ്യമാണ്. ടോള്‍ പിരിവ് ആധുനികവല്‍ക്കരിക്കണം.
വിദ്യാഭ്യാസം
വലിയൊരുവിഭാഗം വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിനായി ഇന്ന് കേരളത്തിനുപുറത്ത് പോകുന്നുണ്ട്. ഇതുവഴി കോടിക്കണക്കിന് രൂപയുടെ സമ്പത്ത് ഇതരപ്രദേശങ്ങളിലേയ്ക്ക് പോകുന്നു. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകണം. ഗവേഷണം ജനങ്ങള്‍ക്ക് ഉപകാരം ഉള്ളതായി മാറണം. ശാസ്ത്ര-സാങ്കേതികഗവേഷണം വ്യവസായവുമായി ബന്ധിപ്പിക്കണം. ഇതേപോലെ കല-സാഹിത്യം-സംസ്‌കാരം, കൃഷി തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ആവശ്യത്തിനുതകുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടക്കണം. കാര്‍ഷികസര്‍വ്വകലാശാലയും കൃഷി, പാല്‍ തുടങ്ങിയവയുടെ ഉത്പാദനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. ഒപ്പം പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കണം. വിദ്യാര്‍ത്ഥികള്‍ നാടിന്റെ സമ്പത്താണ്. അത് പ്രയോജനപ്പെടുത്താന്‍ കഴിയണം.
ചെറുപ്രായത്തില്‍തന്നെ കായികാദ്ധ്വാനത്തിനുള്ള മനോഭാവവും അഭിമാനബോധവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കണം. അതിന് മണ്ണുമായി അടുത്ത ബന്ധം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണം. മണ്ണില്‍ നിന്നകലുന്ന മനുഷ്യന്‍ വേരുകളില്ലാത്തവനാകുന്നു. അതുകൊണ്ട് മനുഷ്യനെ മണ്ണിനോട് ആഭിമുഖ്യവും ആദരവും ഉള്ളവനാക്കി മാറ്റാനുള്ള പദ്ധതികള്‍ നടപ്പാക്കണം. സ്‌കൂളുകളിലും കോളേജുകളിലും പച്ചക്കറി, പഴം തുടങ്ങിയവ എല്ലാം വിളയിക്കണം. വിദ്യാര്‍ത്ഥികളെ സ്വന്തം വീടുകളില്‍ അടുക്കളത്തോട്ടം, പൂന്തോട്ടം എന്നിവ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കണം. കാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ ഇവയെ വളര്‍ത്താനായി പ്രേരിപ്പിക്കണം. വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാകണം. വിദ്യാഭ്യാസം നേടിയ വ്യക്തി കായികാദ്ധ്വാനത്തില്‍ ഏര്‍പ്പെടണം. വ്യവസായ പുരോഗതിക്കായി നടത്തുന്ന ഗവേഷണങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. വിദ്യാര്‍ത്ഥികള്‍ സ്വന്തം നാടിന്റെ സംസ്‌കാരത്തെക്കുറിച്ച് ബോധവാന്മാരാകണം. നമ്മുടെ നാടിനോടും സംസ്‌കാരത്തോടും ആദരവും അഭിമാനവും വളരുന്നതായിരിക്കണം വിദ്യാഭ്യാസം. നാടിനോടുള്ള അഭിമാനവും ആദരവും ഉണ്ടെങ്കില്‍ മാത്രമേ നാടിനുവേണ്ടി അദ്ധ്വാനിക്കാനുള്ള മാനസികാവസ്ഥയുണ്ടാകൂ.
കാര്‍ഷികരംഗം
മണ്ണുമായി മനുഷ്യനെ ബന്ധിപ്പിക്കുന്നതില്‍ കൃഷിക്ക് വലിയ പങ്കുണ്ട്. ഭൂമി മാതാവാണെന്നുള്ള സങ്കല്പം ഭാരതത്തിന് പുരാതനകാലം മുതല്‍ ഉണ്ട്. മനുഷ്യനെ നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും ഭൂമിക്കുള്ള പങ്ക് വലുതാണ്. ഭൂമി മനുഷ്യര്‍ക്ക് വേണ്ടതെല്ലാം തരുന്നതാണ്. അതുകൊണ്ട് കൃഷിക്കാര്‍ക്കുമാത്രമല്ല മുഴുവന്‍ ജനതയ്ക്കും ഭൂമിയുമായുള്ള ബന്ധം ആവശ്യമാണ്. ഈ ദൃഷ്ടിയില്‍ കൃഷി എല്ലാവരുടേയും കടമയാണ്. എല്ലാ വീടുകളിലും അടുക്കളത്തോട്ടം വേണം. വീട്ടാവശ്യത്തിനുള്ള പച്ചക്കറി സ്വയം ഉത്പ്പാദിപ്പിക്കാന്‍ ശ്രമിക്കണം. ഇതുമൂലം കുടുംബബജറ്റ് കുറയും. അതോടൊപ്പം മാരകമായ വിഷങ്ങള്‍ അടങ്ങിയ പച്ചക്കറികളില്‍നിന്ന് രക്ഷയും ആകും. സാമ്പത്തികമായും ആരോഗ്യപരമായും ഇത് ഗുണകരമാണ്. ഇന്നത്തെ പ്രത്യേകകാലത്ത് മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഓരോ പ്രദേശത്തേയ്ക്കും ആവശ്യമുള്ള പാല്‍ അതത് പ്രദേശത്ത് ഉത്പാദിപ്പിക്കാന്‍ കഴിയണം. ശുദ്ധമായ പാല്‍, തൈര്, നെയ്യ് എന്നിവ ലഭ്യമാകണം. ഇതേപോലെ മുട്ട, മാംസം, മത്സ്യം എന്നിവ ലഭിക്കാനും ഏര്‍പ്പാടുകള്‍ ഉണ്ടാകണം. ചുരുക്കത്തില്‍ മനുഷ്യന് ലഭിക്കുന്ന ഭക്ഷണം ആരോഗ്യത്തിനു യോജിച്ചതാണെന്ന് ഉറപ്പിക്കാന്‍ കഴിയണം. നെല്‍കൃഷി, നാളികേരകൃഷി, സുഗന്ധവ്യഞ്ജനം, ഔഷധങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, വിവിധ കായ്ക്കനികള്‍ എന്നിവയും രാസവളം ഒഴിവാക്കി ഉത്പാദിപ്പിക്കണം. ഇവയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും നാം ശ്രദ്ധിക്കണം. ‘ആരോഗ്യമുള്ള ജനതയ്ക്ക് മായമില്ലാത്ത ആഹാരം’ എന്നതായിരിക്കണം ലക്ഷ്യം.
നെല്ല്, നാളികേരം തുടങ്ങിയവയുടെ കൃഷി മുന്‍പ് കേരളത്തില്‍ വ്യാപകമായിരുന്നു. കേരളത്തിലെ ഓരോ പ്രദേശത്തിനും അനുയോജ്യമായ നെല്‍കൃഷികള്‍ ഉണ്ടായിരുന്നു. പാരമ്പര്യവിത്തുകള്‍ ഉപയോഗിച്ചുള്ള നെല്‍കൃഷി വ്യാപകമാക്കണം. നാളികേരം മൂല്യവര്‍ദ്ധിത വസ്തുവാക്കി ഉപയോഗപ്പെടുത്തണം. മായം ചേര്‍ക്കാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിക്കാന്‍ സാധിക്കണം. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളിലേയ്ക്കാവശ്യമായ വസ്തുക്കള്‍ ഗ്രാമപ്രദേശങ്ങളില്‍ ഉത്പാദിപ്പിച്ച് അവ നേരിട്ട് ഉപഭോക്താവിന്റെ കൈവശം എത്തിക്കാനായാല്‍തന്നെ ചെലവുകള്‍ കുറയും. കൃഷിയോടൊപ്പം കൃഷി അനുബന്ധവ്യവസായങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കലും അവ നേരിട്ട് ഉത്പാദിപ്പിച്ച് ഉപഭോക്താവിന് എത്തിക്കാനുള്ള ഏര്‍പ്പാടുകളും ആവശ്യമാണ്.
ഉത്പന്നങ്ങള്‍ ആക്കി വിറ്റാല്‍ റബ്ബറിന് കൂടുതല്‍ വില ലഭിക്കും. അതിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കണം. സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് കേരളം വളരെ പ്രശസ്തമാണ്. ആ രംഗത്തും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി കൂടുതല്‍ വില നേടാം.
മത്സ്യമേഖല
മത്സ്യമേഖല ഇടനിലക്കാരുടെ ചൂഷണം കൊണ്ട് വീര്‍പ്പു മുട്ടുകയാണ്. ഇവിടെ മത്സ്യതൊഴിലാളികളുടെ കൂട്ടായ്മ, സഹകരണസംഘങ്ങള്‍ എന്നിവ രൂപീകരിച്ചു അതുവഴി മത്സ്യോത്പന്നങ്ങള്‍ ഉണ്ടാക്കി വിറ്റഴിക്കണം. യന്ത്രവത്കൃത ബോട്ടുകളുടെ ആഴക്കടല്‍ മത്സ്യബന്ധനം നിരോധിക്കണം. ൃലമറ്യ ീേ രീീസ എന്ന രീതിയില്‍ മത്സ്യം പായ്ക്ക് ചെയ്തു വില്‍ക്കാന്‍ സാധിക്കും.
വൈദ്യുതി
നദികള്‍ കൊണ്ടും മഴ കൊണ്ടും സമൃദ്ധമായ നാടാണ് കേരളം. പക്ഷേ ഇവിടെ വൈദ്യുതിക്ക് വലിയ വിലയാണ്. വൈദ്യുതി ഉല്‍പ്പാദനം കുറവാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് അവസാനിപ്പിക്കണം. സൗരോര്‍ജ്ജം, കാറ്റില്‍നിന്ന് വൈദ്യുതി ഇവ ഓരോ വീട്ടിലും ഉല്‍പ്പാദിപ്പിക്കണം. വൈദ്യുതി ഉല്‍പ്പാദനം മൂന്നിരട്ടിയാക്കണം. അങ്ങനെ വൈദ്യുതിയുടെ പ്രസാരണനഷ്ടം ഒഴിവാക്കണം. ഇതിലൂടെ വൈദ്യുതി വില മൂന്നിലൊന്നായി കുറയ്ക്കാനാകും. കൃഷി ആവശ്യങ്ങള്‍ക്ക് വൈദ്യുതിക്ക് സബ്‌സിഡി നല്‍കണം. ചെറുകിട വ്യവസായം, കുടില്‍ വ്യവസായം എന്നിവയെ പ്രോത്സാഹിപ്പിക്കണം. പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറയണം. വാഹനങ്ങള്‍ ഇലക്ട്രിസിറ്റി ഉപയോഗിച്ച് ഓടിക്കണം. അന്തരീക്ഷമലിനീകരണം ഇല്ലാതാക്കാനും ഇത് പ്രയോജനപ്പെടും. എല്ലാ വീടുകളിലും മഴവെള്ളസംഭരണം നടപ്പാക്കണം.
വസ്ത്രം,തുണി
കേരളീയര്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധാലുക്കളാണ്. എന്നാല്‍ ഇവിടെ തുണി ഉല്‍പ്പാദനം ഇല്ല. തുണി വ്യവസായം, സഹകരണസംഘം, ചെറുകിടവ്യവസായം, കുടില്‍വ്യവസായം എന്നീ നിലകളില്‍ പ്രോത്സാഹിപ്പിക്കണം. കേരളത്തിന് ആവശ്യമായ തുണിയെങ്കിലും ഇവിടെ ഉല്‍പ്പാദിപ്പിക്കണം. തുണി ഉല്‍പ്പാദനത്തിനും വിറ്റഴിക്കലിനും പ്രത്യേക വ്യവസ്ഥ വേണം.
സ്വര്‍ണ്ണം, ഫര്‍ണ്ണിച്ചര്‍
സ്വര്‍ണ്ണാഭരണങ്ങള്‍, തൊഴിലാളികളുടെ കൂട്ടായ്മയിലൂടെ നിര്‍മ്മിക്കണം. കുടില്‍ വ്യവസായങ്ങളില്‍ ചെറുകിടയന്ത്രങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിക്കണം. ഫര്‍ണ്ണിച്ചര്‍ വ്യവസായവും ഇതേപോലെ നടക്കണം.
ടൂറിസം, തീര്‍ത്ഥാടനം
തീര്‍ത്ഥാടനം കേരളത്തില്‍ വലിയൊരു മേഖലയാണ്. വര്‍ഷംതോറും നടക്കുന്ന ശബരിമലതീര്‍ത്ഥാടനം കേരളത്തിന്റെ സാമ്പത്തികനിലയെ മെച്ചപ്പെടുത്താന്‍ ഉപയോഗപ്പെടണം. അതിനായി വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തില്‍ ശുദ്ധമായ വസ്തുക്കള്‍ വില്‍ക്കണം, ഭക്ഷണം, പ്രാഥമികകൃത്യങ്ങള്‍, താമസം, പൂജാദ്രവ്യങ്ങള്‍, വസ്ത്രം, യാത്ര എന്നിവയ്ക്ക് ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യണം.
ദേവസ്വം ബോര്‍ഡ്
ദേവസ്വം ബോര്‍ഡ് ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം. ഓരോ ക്ഷേത്രവും കേന്ദ്രീകരിച്ച് ഭാരതീയസംസ്‌കാരവും ദര്‍ശനവും പഠിപ്പിക്കാന്‍ വ്യവസ്ഥയുണ്ടാകണം. ഭാരതത്തിന്റെ ആദ്ധ്യാത്മിക-ശാസ്ത്രീയ-കലാപാരമ്പര്യത്തെക്കുറിച്ച് പ്രദര്‍ശനികള്‍, ക്ലാസുകള്‍ എന്നിവ നടക്കണം. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കല്യാണമണ്ഡപങ്ങള്‍ ഏറ്റവും വൃത്തിയും വെടിപ്പും ഉള്ളവയായിരിക്കണം. അത്തരം ഹാളുകള്‍ വിവാഹത്തിനുള്ള ഒന്നാമത്തെ പരിഗണന കിട്ടുംവിധം ആകര്‍ഷകവും സൗകര്യപ്രദവുമാകണം. ദേവസ്വത്തിന്റെ കീഴിലുള്ള ഭൂമി കൃഷിക്കായി ഉപയോഗിക്കണം. ക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്ന് ശബരിമല തീര്‍ത്ഥാടനസമയത്ത് (മറ്റ് തീര്‍ത്ഥാടനങ്ങള്‍ക്കും) തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്നത് ഒഴിവാക്കണം.
വഖഫ് ബോര്‍ഡ് സ്വത്ത്, ക്രിസ്ത്യന്‍ പള്ളിസ്വത്ത് എന്നിവയ്ക്ക് നല്‍കുന്ന പരിഗണനയും സ്വാതന്ത്ര്യവും ദേവസ്വം ബോര്‍ഡിനും നല്‍കണം. ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ളതുപോലെ മറ്റ് മതസ്ഥരുടെ തീര്‍ത്ഥാടനങ്ങള്‍ക്കും സബ്‌സിഡി നല്‍കണം. ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ്, മദ്രസാദ്ധ്യാപകര്‍ക്കുള്ള വേതനം, മറ്റാനുകൂല്യങ്ങള്‍ ഇവ നിര്‍ത്തലാക്കണം. മതേതരരാജ്യത്ത് മതപ്രചാരണത്തിനോ മതപഠനത്തിനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേക പരിഗണന ഉണ്ടാകരുത്. എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യപരിഗണനയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നല്‍കണം.
കേരളത്തിന്റെ വികസനത്തില്‍ തടസ്സം രാഷ്ട്രീയ അതിപ്രസരമാണ്. കേരളം മുന്നണികള്‍ മാറിമാറി ഭരിച്ചു എന്ന പ്രസ്താവന ഭാഗികമായേ ശരിയാകുകയുള്ളൂ. കാരണം കേരളം യു.ഡി.എഫ് ഭരിച്ചാലും എല്‍.ഡി.എഫ്. ഭരിച്ചാലും ഇവിടത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഭൂരിഭാഗവും എല്‍.ഡി.എഫ്. ആണ് നിയന്ത്രിക്കുന്നത്. അതുകൊണ്ട് കേരളത്തിന്റെ തകര്‍ച്ചയുടെ പ്രധാന ഉത്തരവാദിത്തം എല്‍.ഡി.എഫിനാണ്. ട്രേഡ് യൂണിയനുകള്‍, കുടുംബശ്രീ, വിവിധ വര്‍ഗ-ബഹുജനസംഘടനകള്‍, ലൈബ്രറി കൗണ്‍സില്‍ തുടങ്ങി വിവിധമേഖലകളിലൂടെ എല്‍.ഡി.എഫ്. അവരുടെ സ്വാധീനമുറപ്പിച്ചിരിക്കുന്നു. കേരളഭരണത്തിന്റെ 80% ഉം ഇടതുഭരണമാണ് നടപ്പായത്. അതുകൊണ്ടുതന്നെ കേരളവികസനം വിജയിച്ചിട്ടില്ല എന്നതിന്റെ പ്രധാന ഉത്തരവാദിത്തം ഇടതുഭരണത്തിനാണ്.
കേരളമോഡല്‍ വികസനമെന്ന പേരില്‍ ഇടതുപക്ഷം നടപ്പാക്കിയ പദ്ധതി അമ്പേ പരാജയമാണെന്ന് ഇന്ന് വ്യക്തമായിരിക്കുന്നു. ലോകത്തിലൊരിടത്തും ഇടതുപക്ഷവികസനം വിജയിച്ചിട്ടില്ല. 35 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ നിന്നും തൊഴിലന്വേഷിച്ച് ആയിരക്കണക്കിന് ആളുകള്‍ കേരളത്തില്‍പ്പോലും എത്തുന്നു. കേരളത്തിലെ അഭ്യസ്തവിദ്യര്‍ ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും മറ്റ് രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നു. ഇടതുപക്ഷം സാമ്പത്തികമായി പരാജയമാണ്. അതിനുകാരണം ഇത്രകാലം ഭരിച്ചിട്ടും നാടിന്റെ സാംസ്‌കാരികധാരകളെ പരിരക്ഷിക്കാനോ ബലപ്പെടുത്താനോ മുതിര്‍ന്നില്ല എന്നതാണ്. പകരം അവയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. നാടിന്റെ സംസ്‌കാരത്തോട് കൂറും അഭിമാനവും ഉണ്ടാകുമ്പോള്‍ മാത്രമേ നാടിന്റെ അഭിവൃദ്ധിക്കായി ജനങ്ങള്‍ പരിശ്രമിക്കുകയുള്ളൂ. അതില്ലാത്തതുകൊണ്ട് ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സാമ്പത്തികമേഖല തകരുന്നു. കേരളത്തിന്റെ തകര്‍ച്ചയ്ക്ക് കാരണവും ഇടതുപക്ഷമാണ്. ഇത് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇടയ്ക്കിടെയുള്ള ‘ഇത് കേരളമാണ്’ എന്ന പ്രസ്താവന. ഭാരതത്തില്‍ നിന്ന് വ്യത്യസ്തമാണ് കേരളം എന്ന സൂചനയും ധ്വനിയുമാണ് ആ പ്രസ്താവനയിലുള്ളത്. എന്നാല്‍ ഭാരതത്തില്‍നിന്നു വേറിട്ട് കേരളം പുരോഗമിക്കുകയില്ല. ഭാരതവുമായി അടുത്തുനിന്നാല്‍ മാത്രമേ കേരളവും വളരൂ. ഇത്തരുണത്തില്‍, ”ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍” എന്ന് കേരളത്തെക്കുറിച്ച് വള്ളത്തോള്‍ പറഞ്ഞത് ഓര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തെ ഭാരതത്തിന്റെ ഘടകമായിട്ടാണ് വള്ളത്തോള്‍ കാണുന്നത്. വള്ളത്തോളിന്റേത് സമഗ്രവീക്ഷണമാണ്, പിണറായിയുടേത് വികലവീക്ഷണവും. കേരളത്തിന്റെ വികസനത്തിന് വള്ളത്തോളിന്റെ വീക്ഷണം തന്നെ നമ്മള്‍ സ്വീകരിക്കുക എന്നതാണ് മാര്‍ഗ്ഗം. കേരളവികസനം ഉറപ്പുവരുത്താന്‍ ഭാരതത്തിലെതന്നെ വിവിധ സംസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയാണ് വേണ്ടത്. ഇതിനായി വിദേശയാത്രകള്‍ നടത്തുന്നത് ധൂര്‍ത്താണ്. വിദേശരാജ്യങ്ങളിലെ രീതി അവര്‍ക്ക് യോജിച്ചതാണ്. അത് കേരളത്തിലേയ്ക്ക് പറിച്ചുനടാനാവില്ല. കേരളവികസനത്തിന് ഇവിടത്തെ മണ്ണും സംസ്‌കാരവുമെല്ലാമാണ് ആവശ്യം. ഒരു രാജ്യത്തെ വികസനം മറ്റൊരിടത്ത് നടത്തുവാനാവില്ല. ഇടതുപക്ഷത്തിന് ഇന്നാടിന്റെ നേട്ടങ്ങളിലോ സംസ്‌കാരത്തിലോ അഭിമാനമില്ല. അവരുടെ കണ്ണ് എപ്പോഴും വിദേശങ്ങളിലാണ്, വിദേശരാജ്യങ്ങളിലായിരുന്നു. അവര്‍ക്ക് വൈദേശികമായതെല്ലാം ആരാധ്യവും ഭാരതീയമായതെല്ലാം പരിഹാസ്യവുമാണ്. അതുകൊണ്ടുതന്നെ അവരുടെ വികസനനയം വിജയിക്കുകയില്ല. തൊഴില്‍ ചെയ്യാനുള്ള പ്രേരണ നഷ്ടപ്പെട്ട തൊഴിലാളികള്‍ പരിശ്രമിക്കുകയോ അവരുടെ പ്രതിഭ അതില്‍ ചെലുത്തുകയോ ചെയ്യുന്നില്ല. ഇത്തരം തരംതാണ ജല്പനങ്ങളാണ് അതിന് കാരണം.
കേരളവികസനസേന
ഓരോ വാര്‍ഡിലും ‘ഒരു വികസനസേന’ ഉണ്ടാകണം. വീടുകളില്‍ അടുക്കളത്തോട്ടം, പൂന്തോട്ടം എന്നിവയുണ്ടാക്കാന്‍ വീട്ടുകാരെയും ജനങ്ങളെയും പ്രേരിപ്പിക്കുന്നതിന് ഈ സേന ഉപകരിക്കും. വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ച് ഉപഭോക്താവിന് എത്തിക്കുവാനും ഗ്രാമം ശുചിയാക്കി വെയ്ക്കാനും ഗ്രാമീണ ഉത്സവങ്ങള്‍ നല്ല രീതിയില്‍ നടത്താനും സമൂഹത്തിലെ മദ്യപാനം, ജാതി, സ്ത്രീധനം തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലാതാക്കാനും ഈ സേന ഉപകരിക്കും. ഗ്രാമത്തെ മാലിന്യവിമുക്തമാക്കാനും പ്ലാസ്റ്റിക് വിമുക്തമാക്കാനും ഇവരിലൂടെ സാധിക്കും. ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ആവശ്യമായ അറിവും ആരോഗ്യവും ഉണ്ടാക്കാനും ഇവര്‍ പ്രവര്‍ത്തിക്കണം. ഗ്രാമത്തില്‍ യോഗ, ജിം, കളരി തുടങ്ങിയ കായികപരിശീലനങ്ങള്‍, ലൈബ്രറി എന്നിവ നടത്തണം.
ഗ്രാമത്തില്‍ മദ്യ-മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാനുള്ള ബോധവല്‍ക്കരണം നടക്കണം. ജാതി തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം നല്‍കണം. ‘ആരോഗ്യമുള്ള കുടുംബവും അനാചാരമില്ലാത്ത സമൂഹവും’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് പ്രവര്‍ത്തിക്കണം. കുട്ടികളില്‍ സംസ്‌കാരം, കലാ-കായിക അഭിരുചി, സംസ്‌കാരത്തെക്കുറിച്ചുള്ള അറിവ് എന്നിവ ഉളവാക്കണം. ഇങ്ങനെ ആദര്‍ശഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണം.