പന്ത്രണ്ട് മാസവും മുന്നൂറ്റി അറുപത്തഞ്ചു ദിവസവും ചക്ക വിളയുന്ന പ്രദേശമുണ്ടോ? ഉണ്ട്-അതാണ് പാന്റുതി.
ചക്കക്കു മാത്രമല്ല കശുമാവ് കൃഷിക്കും പേരുകേട്ട തമിഴ്‌നാടന്‍ പ്രദേശമാണ് കടലൂര്‍ ജില്ലയിലെ ഈ താലൂക്ക്. ഇവിടെ സമൃദ്ധമായി വിളയുന്ന ചക്കയുടെയും കശുവണ്ടിയുടെയും പെരുമ അങ്ങ് കടല്‍ കടന്ന് യൂറോപ്പിലും അമേരിക്കയിലും വരെ എത്തി നില്‍ക്കുകയാണ്. ഗുണത്തിലും മണത്തിലും തനിമയിലും രുചിയിലും മധുരത്തിലും എല്ലാം മുന്നില്‍ നില്‍ക്കുന്ന പാന്റുതി ചക്കയ്ക്കും കശുവണ്ടിക്കും സ്വദേശത്തും വിദേശത്തും ആവശ്യക്കാരും ഏറെയാണ്. 1000 ഹെക്ടറില്‍ അധികം പ്രദേശത്താണ് ഇവിടെ പ്ലാവ് കൃഷി ചെയ്യുന്നത്.
കടലൂര്‍ ജില്ലയുടെ വാണിജ്യ തലസ്ഥാനം കൂടിയാണ് പാന്റുതി നഗരം. പുലര്‍ച്ചെ നാലുമണിക്ക് ഉണരുന്ന ഇവിടുത്തെ ചന്തയിലെ മുഖ്യ ആകര്‍ഷണവും ചക്കയും കശുമാങ്ങയും തന്നെയാണ്. അതിരാവിലെ 4 മണിക്ക് തുറക്കുന്ന രത്തിനം പിള്ള മാര്‍ക്കറ്റിന് ചക്കപ്പഴത്തിന്റെ നറുമണം ആണ് എപ്പോഴും. ബോംബെയിലേക്കും ചെന്നൈയിലേക്കും ദിവസം 5-6 ലോഡ് ചക്ക കയറ്റി പോയിരുന്നു കോവിഡ് വരുന്നതിന് തൊട്ടു മുന്‍പ് വരെ. എന്നാല്‍ ലോക്ക്ഡൗണ്‍ ഇവരെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. പത്തു കിലോയുള്ള ചക്കയ്ക്ക് അഞ്ഞൂറു രൂപ വരെ വില കിട്ടിയിരുന്നു. ഇപ്പോള്‍ പരമാവധി മുന്നൂറ് രൂപ മാത്രം. പാന്‍രുട്ടി ചക്കപ്പഴം എന്നു കേട്ടാല്‍ നാവില്‍ വെള്ളമൂറും ലോകമെങ്ങുമുള്ള തമിഴന്. ഇപ്പോള്‍ പാന്റുതി കശുവണ്ടിയും ബ്രാന്‍ഡായി ലോകമെങ്ങും വില്‍ക്കുന്നു.
കടലൂരിനും നെയ്‌വേലിക്കും ഇടയിലായുള്ള ഈ നഗരത്തിന് ഏറെ ചരിത്രവുമുണ്ട്. ചക്കയും കശുമാങ്ങയും വരുന്നതിന് മുന്‍പേ തന്നെ ഇവിടുത്തെ പനം ചക്കരയും പനംകള്ളുമെല്ലാം ഏറെ പേരുകേട്ടതായിരുന്നു. കണ്ണഞ്ചവടി എന്ന പാന്റുതി താലൂക്കിലെ ഗ്രാമത്തില്‍ ഉല്പാദിപ്പിക്കുന്ന പനയില്‍ നിന്നുണ്ടാകുന്ന പഴച്ചാറിന് ആവശ്യക്കാര്‍ ഏറെയാണ്. പാന്റുതി എന്ന പ്രദേശത്തിന്റെ വാണിജ്യ കാര്‍ഷിക ചരിത്രത്തിന് ഇരുന്നൂറ് വര്‍ഷത്തെ പഴക്കമുണ്ട്.
ആയിരം വര്‍ഷത്തെ പഴക്കമുള്ള വീരട്ടനേശ്വരര്‍ അമ്പലമാണ് ഇവിടുത്തെ മറ്റൊരു മുഖ്യ ആകര്‍ഷണം. തമിഴ് സംഗീത ചരിത്രവുമായി പൊക്കിള്‍കൊടി ബന്ധമുള്ള ഈ പ്രദേശത്തിന് പേര് വരാന്‍ തന്നെ കാരണം ഇതാണ്. സംഗീതം ചിട്ടപ്പെടുത്തല്‍ എന്നാണ് ചെന്തമിളില്‍ പാന്റുതി എന്ന പദത്തിന് അര്‍ത്ഥം. കൊളോണിയല്‍ കാലത്തും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇഷ്ട ലാവണകളില്‍ ഒന്നായിരുന്നു പാന്റുതി. അവരാണ് ശാസ്ത്രീയ കൃഷി രീതികള്‍ ഗ്രാമീണര്‍ക്ക് പരിചയപ്പെടുത്തിയതും. നൂറ്റമ്പതു വര്‍ഷം മുന്‍പേ ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം ആരംഭിച്ചതും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തന്നെയാണ്.

അര ഏക്കര്‍ മുതല്‍ 25 ഏക്കര്‍ വരെയുള്ള തോട്ടങ്ങളുണ്ട് ഇവിടെ. യഥാസമയം വളപ്രയോഗവും നനയും നല്‍കുന്നവരുമുണ്ട്. അതിനാല്‍ തന്നെ വര്‍ഷം മുഴുവന്‍ ഇവിടെ ചക്കയുണ്ട്. ഒരു ഹെക്ടറില്‍ നിന്നും 40 ടണ്‍ ചക്ക ലഭിക്കുമത്രേ. എഴുപതും എണ്‍പതും കിലോയുള്ള ചക്കയും ധാരാളമായി കാണാന്‍ കഴിയും. വര്‍ഷത്തില്‍ 1200 മി.മീ മഴ മാത്രമേ ഇവിടെ ലഭിക്കുന്നുള്ളൂ. ഇവിടുത്തെ ചക്കച്ചുളയ്ക്ക് തേന്‍മധുരം കിട്ടാന്‍ കാരണവും ഇത് തന്നെയാണ്. പാന്റുതി ചക്കക്കും കശുവണ്ടിക്കും ഭൗമ സൂചിക ലഭിക്കുകയാണെങ്കില്‍ കടലൂര്‍ ജില്ലയിലെ വിരുദാചലം, കുറിഞ്ഞിപാടി എന്നീ താലൂക്കുകളിലെ കര്‍ഷകര്‍ക്ക് ഏറെ നേട്ടമാകും. ഗുണത്തിലും വലുപ്പത്തിലും മുന്നിട്ടു നില്‍ക്കുന്ന ഇവിടുത്തെ ചക്കക്കും കശുവണ്ടിക്കും മികച്ച ഒരു വിപണി കൂടി ഇന്ത്യക്കകത്തും വിദേശത്തും ലഭിക്കും. നിലവില്‍ 35000ഹെക്ടര്‍ സ്ഥലത്താണ് കശുവണ്ടി കൃഷിയുള്ളത്. പാന്റുതിയുടെ സമീപമുള്ള പാലൂര്‍ ചക്ക ഗവേഷണ കേന്ദ്രത്തില്‍ നിന്നും മികച്ച രണ്ട് പ്ലാവിനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. പാലൂര്‍-1 ഉം പാലൂര്‍-2 ഉം.
കെടിലം നദിയും തെന്‍പന്നി ആറും ഈ നഗരത്തെയും ചുറ്റുമുള്ള ഗ്രാമങ്ങളെയും വലം വെച്ച് ഒഴുകുന്നതിനാല്‍ ഇവിടെ ജലക്ഷാമം അത്ര രൂക്ഷമല്ല. മാഹിയില്‍ നിന്ന് പോണ്ടിച്ചേരിക്കുള്ള സര്‍ക്കാര്‍ ബസ് സര്‍വീസ് നടത്തുന്നത് ഈ നഗര പ്രാന്തം വഴിയാണ്. അതിരാവിലെ ഇത് വഴി പോണ്ടിച്ചേരിക്ക് കടന്ന് പോവുന്ന മാഹി ബസ്സിലൂടെ ഉള്ള യാത്ര ചക്ക, കാശു വണ്ടി മണം ഏറ്റ് ഉള്ളതാണെന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല.