‘ഇടതുപക്ഷം വരും എല്ലാം ശരിയാവും’, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി കേരളത്തിന്റെ മുന്നിലേക്ക് വെച്ച പ്രചാരണ മുദ്രാവാക്യമായിരുന്നു ഇത്. പാവം മലയാളികള്‍ അത് വിശ്വസിച്ചു. വിശേഷിച്ചും അച്യുതാനന്ദനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടപ്പോള്‍ കേരളം പ്രതീക്ഷിച്ചത് കുറച്ചുകാലത്തേക്കെങ്കിലും അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കിയ ശേഷം പിണറായി ഭരണം ഏറ്റെടുക്കും എന്നായിരുന്നു. എന്നാല്‍, പിണറായി ഭരണം ഏറ്റെടുത്തു എന്നുമാത്രമല്ല, അച്യുതാനന്ദനെ കറിവേപ്പില പോലെ വലിച്ചെറിയുകയും ചെയ്തു. അച്യുതാനന്ദന്റെ പേര് കറിവേപ്പിലയുടെ അപരനാമം ആയി കേരള രാഷ്ട്രീയത്തില്‍ മാറി. പിന്നെ ലോട്ടറിയില്‍ ഒന്നാം സമ്മാനം അടിക്കാത്തവര്‍ക്ക് കിട്ടുന്ന സമാശ്വാസ സമ്മാനം പോലെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കി. കമ്മീഷന്‍ കൊടുത്ത ഒരു റിപ്പോര്‍ട്ട് പോലും സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല എന്നുമാത്രമല്ല, റിപ്പോര്‍ട്ടിന്റെ അവസ്ഥ എന്താണെന്ന് പോലും ആര്‍ക്കും അറിയില്ല.
നാടെമ്പാടും നടന്നു പറയുന്ന മതനിരപേക്ഷ വര്‍ഗീയ വിരുദ്ധ നിലപാടില്‍ നിന്നും അഴിമതി വിരുദ്ധ നിലപാടില്‍ നിന്നും ഇടതുമുന്നണി എത്രമാത്രം അകന്നിരിക്കുന്നു എന്ന് തിരിച്ചറിയണം. പൊതുജനങ്ങളോട് പോലീസ് മര്യാദയ്ക്ക് പെരുമാറുന്നില്ല എന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ ആരോപണം നേരിടുന്നത് കെഎസ്ആര്‍ടിസി ആണ്. അഴിമതിയും പക്ഷപാതവും നിയമന ക്രമക്കേടും ഒക്കെ, എല്ലാം ശരിയാകും എന്ന് പറഞ്ഞ ആദ്യത്തെ മുദ്രാവാക്യത്തിന്റെ ഭാഗമാണോ എന്ന സംശയമാണ് ഇന്നുള്ളത്.
ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോരാട്ടവും അഭിപ്രായവ്യത്യാസവും കുറച്ചുകാലമായി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ ഉള്ളതാണ്. സാധാരണക്കാരായ പൊതുജനങ്ങള്‍, രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന നിഷ്പക്ഷമതികള്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കൊപ്പം ആയിരുന്നു. കാരണം ഗവര്‍ണര്‍ പറയുന്നത് ന്യായമായിരുന്നു. സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിലും അധ്യാപക നിയമനത്തിലും ഇടതുപക്ഷം പ്രകടിപ്പിച്ച അനിയന്ത്രിതമായ രാഷ്ട്രീയവല്‍ക്കരണവും സ്വജനപക്ഷപാതവും വളരെ വ്യക്തമായി പുറത്തു വന്നിട്ടുള്ളതാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എല്ലാ യോഗ്യതയും ഉള്ള, 642 മാര്‍ക്ക് നേടിയ ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ അധ്യാപകനെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയെ നിയമിച്ചത് ഹൈക്കോടതി തന്നെ റദ്ദാക്കി. 200 അടുത്ത് മാര്‍ക്ക് മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടേയും കൂത്തരങ്ങായ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഇന്റര്‍വ്യൂവില്‍ കിട്ടിയ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തിലാണ് രാഗേഷിന്റെ ഭാര്യയെ നിയമിച്ചത്. ഇതടക്കമുള്ള സംഭവങ്ങളാണ് ഗവര്‍ണറുടെ ഇടപെടലിലേക്ക് എത്തിയത്. പിന്നീട് സാങ്കേതിക സര്‍വ്വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനം സുപ്രീംകോടതി റദ്ദാക്കി. എല്ലാ വൈസ് ചാന്‍സലര്‍മാരുടെയും നിയമനം ഇപ്പോള്‍ തുലാസില്‍ നില്‍ക്കുകയാണ്.
എല്ലാം ശരിയാക്കാന്‍ വന്ന പിണറായി വിജയന്റെ സര്‍ക്കാരിന് ഒരു തൂവല്‍ക്കിരീടം കൂടി ആരോഗ്യ സര്‍വകലാശാല നല്‍കിയിരിക്കുന്നു. രണ്ടാംവര്‍ഷ പരീക്ഷ എഴുതുകയോ വിജയിക്കുകയോ ചെയ്യാത്ത ഏഴു പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആഘോഷപൂര്‍വ്വം വിതരണം ചെയ്താണ് ആരോഗ്യ സര്‍വകലാശാല ഗിന്നസ് ബുക്കില്‍ എത്തിയത്. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ വീണാ ജോര്‍ജ് പ്രകടിപ്പിച്ചിരുന്ന കാര്യപ്രാപ്തി മന്ത്രിയായപ്പോള്‍ ചോര്‍ന്നുപോയി. മാത്രമല്ല, അവര്‍ പണ്ട് മാധ്യമപ്രവര്‍ത്തക ആയിരുന്നുവെന്ന് ഓര്‍മിക്കുന്നത് പോലും ഇന്ന് അപമാനമായിരിക്കുന്നു. പാര്‍ട്ടിയുടെയും ഇടതുപക്ഷ യൂണിയനുകളുടെയും തടവറയില്‍ ആയതുകൊണ്ടാവാം ഇത്തരം സംഭവങ്ങള്‍ ആരോഗ്യവകുപ്പില്‍ തുടരെ ആവര്‍ത്തിക്കുന്നത്. 65 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍ ഏഴുപേര്‍ പരീക്ഷയെഴുതിയിട്ടില്ല. ഇത് നിരക്ഷരരായ ആളുകള്‍ ഭൂരിപക്ഷമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുമോ? ചികിത്സിക്കാന്‍ വേണ്ടി നാട്ടുകാര്‍ക്കിടയിലേക്ക് ഇറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് രാഷ്ട്രീയം നോക്കി, പരീക്ഷയെഴുതാതെ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് എന്തു മാനദണ്ഡത്തിലാണ്. പണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പൂജ്യം മാര്‍ക്ക് കിട്ടിയവരെ മെഡിക്കല്‍ കോഴ്‌സിന് തിരുകിക്കയറ്റിയ സംഭവം കേട്ടിട്ടുണ്ട്. ഇത് അതിനെയും വെല്ലുന്നതാണ്. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!
നേരത്തെ തന്നെ അഴിമതിക്കഥ കൊണ്ട് നിറഞ്ഞതാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം. ചിത്തിര തിരുനാള്‍ മഹാരാജാവ് കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിനു വേണ്ടി ആരംഭിച്ച സ്ഥാപനം പിന്നീട് രാഷ്ട്രീയക്കാരുടെ കറവപ്പശുവായി മാറി. സാധാരണ സള്‍ഫറില്‍ അഞ്ച് ശതമാനം മണ്ണ് ഉണ്ടാകുന്നിടത്ത് ടൈറ്റാനിയത്തില്‍ വാങ്ങിയ സള്‍ഫറില്‍ 50 ശതമാനം മണ്ണ് ആയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമിക്ക് വേണ്ടി ഈ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതാണ്. അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് ഇപ്പോഴും നടക്കുന്നു. പിന്നീട് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഇബ്രാഹിം കുഞ്ഞിന്റെയും ചെന്നിത്തലയുടെയും ഇടപെടല്‍ നടന്നു എന്ന് ആരോപണം വന്ന മാലിന്യപ്ലാന്റ് അഴിമതി, അതും കേസായി. കേരളത്തില്‍ പിന്‍വാതില്‍ നിയമനത്തിന് പിന്നാലെ വന്‍ ഉദ്യോഗ തട്ടിപ്പാണ് നടക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. നിരവധി യുവാക്കളെ തട്ടിപ്പിന് ഇരയാക്കിയ സംഘത്തിലെ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കാനുള്ള തത്രപ്പാടാണ് അരങ്ങേറുന്നത്. കേരളം ശരിയായി, ഇനി ശരിയാക്കാന്‍ ഒന്നുമില്ല എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ, സര്‍ക്കാരിന്റെ ജനപ്രീതി അന്വേഷിക്കാന്‍ വേണമെങ്കില്‍ ഒരു കമ്മീഷനെയോ ഏജന്‍സിയേയോ നിയമിക്കാവുന്നതാണ്. മുസ്ലിം ലീഗിനെ കൂടെ നിര്‍ത്തി വീണ്ടും അധികാരം പിടിക്കാനുള്ള തന്ത്രം ആവിഷ്‌ക്കരിക്കുന്നത് പോലും ജനങ്ങളുടെ വെറുപ്പ് കാരണമാണെന്ന് ഏവര്‍ക്കും മനസ്സിലാവും. ഇനിയെങ്കിലും ഈ അവസ്ഥയില്‍ നിന്ന് ഒരു മാറ്റം ഉണ്ടാക്കാന്‍ ശ്രമിച്ചു കൂടെ? ഉറക്കമിളച്ച് പരീക്ഷ എഴുതി വിജയിച്ചു വന്ന ഉദ്യോഗാര്‍ത്ഥികളെയും വിദ്യാര്‍ത്ഥികളെയും വിഡ്ഢികളാക്കുന്നതല്ലേ പിന്‍വാതില്‍ നിയമനവും ആരോഗ്യ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് വിതരണവും ഒക്കെ. ഇതിന്റെയൊക്കെ ഉത്തരവാദിത്തത്തില്‍ നിന്ന് എല്ലാം ശരിയാക്കും എന്ന് പറഞ്ഞു വന്ന മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയുമോ?