പാലക്കാട് വ്യാസവിദ്യാപീഠത്തിലെ പ്രിന്‍സിപ്പലും യോഗാചാര്യനുമായ ജി. ദേവന്‍ ഡിസംബര്‍ പതിനാറിന് രാവിലെ വാഹനാപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ശിഷ്യന്മാരേയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും സംഘബന്ധുക്കളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. അതിരാവിലെയുള്ള പതിവ് നടത്തത്തിനിടയില്‍ വീട്ടിലേക്ക് ആവശ്യമായ പാല്‍ വാങ്ങുന്നതിനായി എടത്തറയിലെ വീടിനടുത്തുള്ള കടയിലേക്ക് നടന്നു പോകുമ്പോഴാണ് അതിവേഗതയില്‍ വന്ന ഓട്ടോറിക്ഷ പിന്നില്‍ വന്ന് ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ് തലച്ചോറിന് കാര്യമായ പരിക്ക് പറ്റിയതാണ് മരണകാരണം. ഉടന്‍ തന്നെ പാലക്കാട് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദീര്‍ഘകാലം അധ്യാപകനും പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ച കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ജീവിതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള വലിയ ജനാവലി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അതിനുശേഷം ജന്മഗൃഹമായ കണ്ണമ്പ്രയിലേക്ക് കൊണ്ട് പോയി. അവിടെ പൊതുദര്‍ശനവും അന്ത്യോപചാരവും അര്‍പ്പിച്ച ശേഷം തിരുവില്വാമല ഐവര്‍ മഠത്തില്‍ ദഹിപ്പിച്ചു.
കൃഷിക്കാരനായിരുന്ന കണ്ണമ്പ്ര പാറക്കല്‍ ഗോപാലന്റെയും കൊച്ചമ്മയുടെയും നാല് മക്കളില്‍ മുതിര്‍ന്നയാളായിരുന്നു ദേവന്‍. സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിച്ചും, മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയുമാണ് കണ്ണമ്പ്രക്കാരന്‍ ദേവന്‍ ഏവരുടേയും പ്രിയപ്പെട്ട ദേവന്‍ മാഷും ദേവേട്ടനുമായി മാറിയത്. സഹോദരന്‍ മുരളീധരന്‍ ഗള്‍ഫില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. സഹോദരിമാരായ ശകുന്തള, ശ്യാമള എന്നിവര്‍ അധ്യാപികമാരാണ്. പരിചയപ്പെട്ടവര്‍ക്കൊക്കെ സ്‌നേഹവും വല്‍സല്യവും നല്‍കിയ വല്യേട്ടന്റെ അനുജനും അനിയത്തിമാരുമാകാന്‍ ഭാഗ്യം നല്‍കിയ പുണ്യത്തിന് ദൈവത്തിനോട് നന്ദി പറയുന്നു എന്നാണ് മുഴുമിപ്പിക്കാനാകാത്ത വാക്കുകളിലൂടെ അവര്‍ തങ്ങളുടെ ജ്യേഷ്ഠാനുഭവത്തെ പങ്കുവെക്കുന്നത്. ഭാര്യ ഷൈജ പാലക്കാട് ഗവ: മോയന്‍സ് സ്‌കൂളില്‍ ടീച്ചറാണ്. രണ്ട് പെണ്‍ മക്കളാണ് ദേവിക, നന്ദന. ദേവിക പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് എം.എസ്‌സി ക്ക് അടുത്തിടയാണ് ചേര്‍ന്നത്. നന്ദന പ്ലസ് ടുവിന് പഠിക്കുന്നു.
മനുഷ്യ ബന്ധങ്ങളെയും സൗഹൃദത്തേയും ഹൃദ്യമായി കാത്തുസൂക്ഷിച്ചിരുന്ന അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്ന ജി.ദേവന്‍ അധ്യാപകനായിരുന്നുവെങ്കിലും എല്ലാവര്‍ക്കും ദേവേട്ടനാണ്. കാരണം വാക്കിലും പെരുമാറ്റത്തിലും സ്‌നേഹമെന്ന ദേവസ്പര്‍ശവും എട്ടന്റെ വാല്‍സല്യവും നുകരാനായതുകൊണ്ടാണ്. നെന്മാറ എന്‍.എസ്.എസ് കോളേജ്, രാമകൃഷ്ണ മിഷന്‍, മൈസൂര്‍ അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദേവന്‍ വ്യാസവിദ്യാപീഠത്തില്‍ ലൈേബ്രറിയന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നീ നിലകളിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് അവിടെ തന്നെ ചരിത്രവിഭാഗത്തില്‍ അധ്യാപകനായി ചേര്‍ന്നു. വിദ്യാഭാരതി വിദ്യാഭ്യാസ പദ്ധതിയുടെ പഞ്ചാംഗ ശിക്ഷണത്തിന്റെ ഭാഗമായുള്ള യോഗാധാരിത വിദ്യാഭ്യാസത്തിന്റെ സംസ്ഥാന ചുമതല വഹിച്ചിരുന്ന ദേവന്‍ മാസ്റ്റര്‍ ഈ രംഗത്ത് നടത്തിയ പദ്ധതികള്‍ അനുകരണീയമാണ്. വിവേകാനന്ദ കേന്ദ്രം, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് യോഗയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയത്. നിരവധി യോഗ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്തിട്ടുള്ള മാഷ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ യോഗ അധ്യാപകനായിരുന്നു. യോഗയുമായി ബന്ധപ്പെട്ട് അദ്ദേഹംനിരവധി ശിഷ്യന്മാരെ രാജ്യത്തിനകത്തും പുറത്തുമായി വാര്‍ത്തെടുത്തിട്ടുണ്ട്. മാത്രമല്ല പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരേയും മാനസികസംഘര്‍ഷത്തിലായവരേയും യോഗ മാര്‍ഗത്തിലൂടെ മികവിന്റെ വഴിയിലേക്ക് തിരിച്ചു വിടാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിന് ശേഷം ഈ മേഖലയില്‍ സജീവമാകുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു.
കോളേജ് പഠനകാലത്ത് എ.ബി.വി.പിയുടെ പ്രവര്‍ത്തനത്തിലൂടെയാണ് സംഘടനാ പ്രവര്‍ത്തനത്തിലെത്തുന്നത്. ആദ്യമായി കോളേജില്‍ ഒരു എ.ബി.വി.പി പ്രതിനിധി തിരഞ്ഞെടുപ്പില്‍ ജയിച്ചത് ദേവനിലൂടെയായിരുന്നു. 1986-ല്‍ കുറച്ച് കാലം പാലക്കാട് ബിഎംഎസ് ഓഫീസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭാരതിയുടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യോഗപ്രമുഖ് എന്ന ചുമതലവരെ വഹിച്ചിരുന്ന ദേവന്‍ മാസ്റ്റര്‍ സംഘ കുടുബത്തിലെ മാതൃകാ സ്വയംസേവകനായിരുന്നു. ജ്ഞാനം, ശീലം, ഏകത എന്നാണ് എ.ബി.വി.പിയുടെ ധ്യേയവാക്യം, അധ്വാനം ആരാധനയാണ് എന്ന് ബി.എം.എസിന്റേത്. തന്നോടും ചുറ്റുമുള്ളവരോടും രമ്യതയിലാവുക എന്നതാണ് യോഗയുടെ സംസ്‌കാരം. ഇക്കാര്യങ്ങള്‍ ജീവിതത്തില്‍ പാലിച്ച് നടന്നു നീങ്ങിയ വഴികളെല്ലാം ദേവസ്പര്‍ശമുള്ളതാക്കിയ കര്‍മ്മയോഗിയായിരുന്നു ദേവനെന്ന സഹപ്രവര്‍ത്തകനെന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വലിയ നെടുവീര്‍പ്പുകളോടെ അനുസ്മരിപ്പിക്കുന്നത്. സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കളായ പി.പരമേശ്വര്‍ജി, ഹരിയേട്ടന്‍, രാ.വേണുവേട്ടന്‍, ഭാസ്‌കര്‍ജി, എം.എ സാര്‍, മോഹന്‍ജി, സേതുവേട്ടന്‍, എ.ഗോപാലകൃഷ്ണന്‍ ചേട്ടന്‍, ശശിയേട്ടന്‍, ഹരികൃഷ്ണന്‍ജി തുടങ്ങിയവരും ബി.എം.എസ് കാര്യകര്‍ത്താക്കളായ പി.ടി.റാവുജി, സി.കെ.സജി നാരായണന്‍ജി, എസ്.ദുരൈ രാജ്, കെ.കെ.വിജയകുമാര്‍ തുടങ്ങിയ എല്ലാവരുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം നല്ലൊരു അദ്ധ്യാപകന്‍, യോഗാചാര്യന്‍, സംഘാടകന്‍, ചിന്തകന്‍, വാഗ്മി എന്നീ നിലകളിലും മികവ് തെളിയിച്ചിരുന്നു. ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ വെച്ച് പ്രശസ്തമായ പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാ പീഠത്തിന്റെ അക്കാദമികവും അല്ലാത്തതുമായ സമഗ്ര വളര്‍ച്ചയുടെ പിറകില്‍ ദേവനെന്ന കര്‍മ്മയോഗിയുടെ സമര്‍പ്പിത പ്രവര്‍ത്തനമുണ്ടായിരുന്നു. മണിപ്പൂര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കേരളത്തിലെ വിദ്യാനികേതന്‍ വിദ്യാലയങ്ങളിലേക്ക് കൊണ്ടുവരുന്നതിനും അവര്‍ക്ക് മെച്ചപ്പെട്ട പഠന പാഠന സംവിധാനം ഒരുക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് മറക്കാന്‍ കഴിയില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടവധി വിദ്യാര്‍ത്ഥികളെ വിദ്യാനികേതന്‍ സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞത് ദേവന്റെ കഠിനമായ പരിശ്രമഫലമായാണ്. ഇതിന് വേണ്ടി അദ്ദേഹം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്തിട്ടുണ്ട്. നേരത്തെ ഇവിടെപഠിച്ച പോയ വിദ്യാര്‍ത്ഥികളില്‍ പലരുടേയും മക്കള്‍ പഠിക്കുന്നത് ഇവിടെയാണ്.
ഉയര്‍ന്ന തലങ്ങളിലെത്തിയ അവര്‍ക്കെല്ലാം വ്യാസവിദ്യാപീഠം പഠിച്ചിറങ്ങിയ വിദ്യാലയത്തിനപ്പുറം ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. കാരണം അവരുടെ എല്ലാമായ ദേവേട്ടന്‍ അവിടെയാണുള്ളത്. അപകടം നടക്കുന്നതിന്റെ തലേദിവസം വൈകിട്ടു വരെ മണിപ്പൂരില്‍ നിന്നുള്ള കുടുംബം സന്ദര്‍ശിക്കാനെത്തിയിരുന്നു. അവരുമൊത്തുമുള്ള ഫോട്ടോയാണ് ദേവന്‍ മാഷ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ഒടുവിലത്തെ പോസ്റ്റ്. എളമക്കര സരസ്വതി വിദ്യാനികേതനില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ ആ വിദ്യാലയത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ദേവേട്ടനാണ് മടിയനും വികൃതിയുമായ എന്നെ മാറ്റിയെടുത്തത്. പഠനത്തിന് ശേഷം എന്റെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോഴെല്ലാം ചേര്‍ത്ത് പിടിച്ചിരുന്ന വലിയൊരുകരമാണ് നഷ്ടപ്പെട്ടതെന്ന് പറഞ്ഞു മുറിഞ്ഞു പോയ വാക്കുകളിലൂടെ അനുഭവം പങ്കു വെക്കുന്ന അദ്ദേഹത്തിന്റെ നിരവധി പൂര്‍വവിദ്യാര്‍ത്ഥികളെ ഞാന്‍ കണ്ടു. ഈ നിലയില്‍ ജീവിതാനുഭവമുള്ള വലിയൊരു ശിഷ്യ സമൂഹത്തിന് ഉടമയായിരുന്ന അദ്ദേഹം. ഇത്രയേറെ കുട്ടികള്‍ പഠിപ്പ് കഴിഞ്ഞ് വിദ്യാലയത്തില്‍ നിന്ന് പോയാലും തുടര്‍ന്നും അവരുമായി പുലര്‍ത്തിയിരുന്ന നല്ല സൗഹൃദം പലപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഇതുപോലെയുള്ള വിദ്യാര്‍ഥികളും സൃഹൃത്തുക്കളും എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും അവരുടെ മനസ്സില്‍ നിന്നും ദേവന്‍മാഷെ അവരുടെ ദേവേട്ടനു നല്‍കിയ സ്ഥാനം ഒരിഞ്ച് പോലും കുറയാതെ കാത്തുസൂക്ഷിക്കാനും അദ്ദേഹം തുടര്‍ന്നു പോന്നിരുന്ന വിദ്യാഭ്യാസ സേവന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടു പോരുന്നതിന് എല്ലാം ചെയ്യുമെന്നാണ് ദേവന്‍ജിയുടെ ആദ്യകാല ശിഷ്യന്മാരായ വിഷ്ണുവും രമേശും പുഗീഷും ഉദയനും പറഞ്ഞത്.. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല സഹപ്രവര്‍ത്തകര്‍ക്കും, രക്ഷിതാക്കള്‍ക്കു പോലും അദ്ദേഹം ദേവേട്ടനാണ്.
സൗഹൃദങ്ങള്‍ ഊഷ്മളമായ അനുഭവമാക്കുന്നതില്‍, വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം വാല്‍സല്യം നിറഞ്ഞതാക്കുന്നതില്‍, പ്രതിസന്ധികളെ പരിഭവമില്ലാതെ പരിഹരിക്കുന്നതില്‍, അങ്ങനെ ഇടപെട്ട രംഗങ്ങളിലെല്ലാം ദേവസ്പര്‍ശമുള്ള മാതൃക സൃഷ്ടിച്ചുകൊണ്ട് വിടപറഞ്ഞ ദേവന്‍ എനിക്ക് വെറും സുഹൃത്ത് മാത്രമായിരുന്നില്ല 1981 മുതല്‍ 1985 വരെ നെന്മാറ എന്‍.എസ്.എസ് കോളേജില്‍ ഒരു ക്ലാസ് മുറിയില്‍ ഒരു ബഞ്ചില്‍ അടുത്തടുത്തിരുന്നാണ് പ്രീഡിഗ്രിയും ഡിഗ്രിയും ഞങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഊഷ്മളമായ സൗഹൃദത്തിന്റെയും നിര്‍മ്മല സ്‌നേഹത്തിന്റെയും ആദര്‍ശ ജീവിതത്തിന്റെയും ആള്‍രൂപമായിരുന്നു ദേവന്‍. കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷമായി ഞാന്‍ ബി.എം.എസ് മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രസ്ഥാനത്തിന്റെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയും ഇന്ന് ആ പ്രസ്ഥാനത്തിന്റെ ദേശീയ സെക്രട്ടറി എന്ന ചുമതലയില്‍ വരെ എത്തിയതിന് പിന്നില്‍ ദേവനെന്ന സംഘാടകനാണെന്ന് നന്ദി പൂര്‍വ്വം ഓര്‍ക്കുകയാണ്. 1986 കാലഘട്ടത്തില്‍ ബി.എം.എസിന്റെ പാലക്കാട് ഓഫീസ് സെക്രട്ടറി ആയിരുന്ന സമയത്ത് പ്രസ്ഥാനത്തെ പരിചയപ്പെടുത്തുകയും പ്രവര്‍ത്തകനാകാന്‍ ക്ഷണിക്കുകയും ചെയ്തത് ദേവനാണ്. തുടര്‍ന്നുള്ള എന്റെ ജീവിതത്തിന് എല്ലാ കാര്യങ്ങളിലും ദേവസ്പര്‍ശം നല്‍കിയ എല്ലാമെല്ലാമായ ദേവന്റെ പാവനസ്മരണക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.