കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂള്‍ കലോത്സവത്തിന് നാളെ (3-1-2023) കോഴിക്കോട് തിരിതെളിയും. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ കലാപ്രതിഭകള്‍ 24 വേദികളിലായി 239 ഇനങ്ങളിള്‍ മത്സരിക്കും. പതിനാലായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കുന്ന കലാമത്സരങ്ങള്‍ക്ക് കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ പേരിലുള്ള വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനമാണ് പ്രധാന വേദി. 21 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ തവണത്തെ വിജയികളായ പാലക്കാട് ജില്ലയില്‍ നിന്നും വിജയിക്കുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ്ണക്കപ്പ് കോഴിക്കോട് എത്തിക്കും. 2015 ല്‍ കലോത്സവത്തിന് കോഴിക്കോട് വേദിയായിരുന്നു. അതിരാണിപ്പാടം, ഭൂമി, കൂടല്ലൂര്‍, തസ്രാക്ക് തുടങ്ങിയ 24 പേരുകളാണ് ഇത്തവണ വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. വിക്രം മൈതാനത്ത് രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങ് കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.