ഋഗ്വേദം പത്താം മണ്ഡലത്തിലെ 129-ാം സൂക്തമാണ് നാസദീയസൂക്തം അഥവാ ഉല്പത്തിസൂക്തം. ‘നാസദാസീന്നോ….’ എന്നു തുടങ്ങുന്ന അതിന്റെ മലയാളം പരിഭാഷ ഇവിടെ കൊടുക്കാം. ‘പ്രളയകാലത്ത് നന്മതിന്മ എന്ന സ്ഥിതിവിശേഷങ്ങള്‍ ഉണ്ടായിരുന്നില്ല. കൂടാതെ സത്തും ഉണ്ടായിരുന്നില്ല. ലോകങ്ങളും മറവുമുണ്ടായിരുന്നില്ല. സുഖവും ദുഃഖവുമുണ്ടായിരുന്നില്ല. അന്ന് മരണമുണ്ടായിരുന്നില്ല. എന്നാല്‍ പ്രാണികള്‍ക്ക് മരണമില്ലാത്ത ചിരാവസ്ഥയുമുണ്ടായിരുന്നില്ല. രാത്രിയും പകലും എന്ന വ്യത്യാസമുണ്ടായിരുന്നില്ല.
സൂര്യചന്ദ്രന്മാരില്ലാതിരുന്നതിനാല്‍ ഋതു ഭേദങ്ങളുണ്ടായിരുന്നില്ല. പക്ഷെ ഉപാധികളില്ലാത്ത ബ്രഹ്‌മം മാത്രം മായയോടുകൂടി ഒന്നും ചെയ്യാതെ ഇളകാതെ നിന്നു. അതുകൊണ്ട് സൃഷ്ടിക്കുശേഷം കാണപ്പെടുന്ന ഭൂതാത്മകമായ ലോകവും ഉണ്ടായിരുന്നില്ല. സൃഷ്ടിക്കു മുന്‍പ് ഇരുട്ടായിരുന്നു. അപ്പോള്‍ ലോകത്തെ തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നു. ഉള്ളതും ഇല്ലാത്തതും തിരിച്ചറിയാനാകാത്ത ഭാവരൂപജ്ഞാനം കൊണ്ട് ഒന്നായിതീര്‍ന്നതായി എന്താണോ ഭവിച്ചത് അത് ജഗത് സൃഷ്ടിയുടെ മാഹാത്മ്യം കൊണ്ടാണ് ഇന്നു കാണുന്ന രീതിയിലായത്. സൃഷ്ടിക്കു മുമ്പ് മഹാദേവന്റെ മനസ്സില്‍ സൃഷ്ടിക്കുവാനുള്ള ആഗ്രഹമുണ്ടായി. സൃഷ്ടിച്ചത് ഈശ്വരനാണെങ്കിലും അതിനെ ഒരു പുരുഷന്‍ ധരിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ അത് ഈശ്വരന്‍ തന്നെയാവണം. ആ ഈശ്വരനാണ് സര്‍വ്വതും അറിയുന്നത്! പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ഇത്തരത്തില്‍ ഒരു ചിത്രം നല്‍കുന്ന മറ്റേതെങ്കിലും മതഗ്രന്ഥം ഉള്ളതായി അറിവില്ല.
ആധുനിക ഭൗതികം മുന്നോട്ടു വയ്ക്കുന്ന പ്രപഞ്ചോത്പത്തി സിദ്ധാന്തങ്ങള്‍ നല്‍കുന്ന പ്രപഞ്ച ചിത്രം നാസദീയസൂക്തത്തിലേതിനു സമാനമാണെന്ന് ആധുനിക തത്വചിന്തകരില്‍ പലരും എടുത്തു കാണിക്കുന്നുണ്ട്. പൊതുവെ ആസ്തികത്വ ചിന്തയെ അധിക്ഷേപിക്കുന്ന കാള്‍സാഗനും (Carl Sagan) പ്രപഞ്ചോല്‍പ്പത്തിക്കുമുന്‍പ് ശൂന്യതയായിരുന്നു എന്ന് ഋഗ്വേദം പറയുന്നില്ല എന്നതിനെ എടുത്തുകാണിക്കുന്നു. ആധുനികകാലത്ത് ഋഗ്വേദത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച ചെക്ക് ചിന്തകനായ കാറല്‍ വെര്‍നെറും (Karel Werner) ഉം (Joeol P Brereton) ബ്രെറിട്ടനും നാസദീയ സൂക്തത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നവരാണ്. ഈയിടെ അന്തരിച്ച പി. കേശവന്‍നായര്‍ അദ്ദേഹത്തിന്റെ ‘ഭൗതികത്തിനുമപ്പുറം’ എന്ന കൃതിയില്‍ നാസദീയ സൂക്തവും ആധുനിക ഭൗതികവും മുന്നോട്ടു വയ്ക്കുന്ന പ്രപഞ്ച വീക്ഷണം ഒന്നാണെന്ന് സ്ഥാപിക്കുന്നുണ്ട്.
നാസദീയസൂക്തം ഉദ്ധരിക്കേണ്ടി വന്നത് ഡിസംബര്‍ 4 ന്റെ മാതൃഭൂമിയില്‍ കവി സച്ചിദാനന്ദന്‍ തന്റെ കവിതയില്‍ ഈ സൂക്തം പരാമര്‍ശിച്ചതു കൊണ്ടാണ്. ‘വയസ്സെത്രയായി’ എന്ന കവിത തികച്ചും തത്വചിന്താപരം തന്നെ. എത്രമാത്രം എഴുതിയിട്ടും സച്ചിദാനന്ദന്റെ തൂലിക തേഞ്ഞു തീരുന്നില്ല. അതില്‍ നിന്നും പുതിയ വര്‍ണ്ണങ്ങള്‍ വിടരുന്നതു കാണാതിരിക്കാന്‍ വയ്യ.
വിപ്ലവകാരിക്കും നല്ല കവിത എഴുതണമെങ്കില്‍ നമ്മുടെ പൗരാണിക ചിന്തയിലേയ്ക്കു മനസ്സു നടത്തിയേ പറ്റൂ എന്നതിന്റെ തെളിവാണ് ഈ കവിത. ”ഇരിപ്പൂ അഭാവം ഭവത്തിന്റെയുള്ളില്‍ ഇരിപ്പാണതില്‍ ഞാന്‍ വയസ്സെത്രയായി” എന്നിങ്ങനെ അവസാനിക്കുന്ന വരികള്‍ നാസദീയ സൂക്തത്തിന്റെ കാമ്പും കഴമ്പും ഊറ്റിയെടുത്തവ തന്നെ. ഉണ്മയുടെ ഉള്ളില്‍ അസത്തും അസത്തിനുള്ളില്‍ ഉണ്മയും കാണാന്‍ വേദകവിക്കു കഴിഞ്ഞതുപോലെ സച്ചിദാനന്ദനും കഴിയുന്നു. നളചരിതം നാലാം ഭാഗത്തിലെ ബാഹുകന് വായുദേവന്‍ നല്‍കുന്ന ഉപദേശം പോലെ, കവിയുടെ കാപട്യമൊക്കെ വലിച്ചെറിഞ്ഞ് ആത്മതത്വം പ്രകടമാക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നേ എനിക്കും പറയാനുള്ളൂ. ഇത്രയും പ്രശസ്തനായിക്കഴിഞ്ഞ കവിക്ക് ഇനി സത്യം പറയാവുന്നതേയുള്ളൂ. കവിതയില്‍ വലിയ ആത്മീയ മനസ്സ് പ്രകടമാക്കാറുള്ള സച്ചിദാനന്ദന്‍ പൊതുസമൂഹത്തില്‍ അതൊക്കെ ഒളിപ്പിച്ചു വച്ച് മറ്റൊരു മുഖമാണ് കാണിക്കുന്നത്. സത്യത്തില്‍ അതിന്റെയൊന്നും ആവശ്യമില്ല. തന്റെ സ്വത്വം പരസ്യമായി പ്രകടിപ്പിക്കാന്‍ കവിക്കു കഴിയുമാറാകട്ടേ എന്ന് ആശംസിക്കാം.
വിമീഷ് മണിയൂര്‍ മാതൃഭൂമിയിലെഴുതിയിരിക്കുന്ന കവിത ‘വീട്ടിലെ കാശ്മീര്‍’ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. ‘വീട്ടിലെ കാശ്മീരാണ് ഫ്രിഡ്ജ്’ എന്നാണ് തുടക്കം. പത്രാധിപര്‍ക്കും കവിതയുടെ ആന്തരികധ്വനിയൊന്നും മനസ്സിലായിട്ടുണ്ടാവുമെന്നുതോന്നുന്നില്ല. ‘കാശ്മീര്‍’ എന്നു കണ്ട ഉടനെ അതില്‍ രാജ്യവിരുദ്ധമായി എന്തെങ്കിലുമൊക്കെ ഉണ്ടാവും എന്നു കരുതിയങ്ങു പ്രസിദ്ധീകരിച്ചതായിരിക്കും. കാശ്മീരില്‍ ഇന്ത്യ ചെയ്യുന്നതൊക്കെ പാപകര്‍മ്മങ്ങളാണെന്നു പ്രചരിപ്പിക്കലാണല്ലോ ഒരു കൂട്ടം പത്രക്കാരുടെ ജോലി. ആസാദ് കാശ്മീരിലെ ഭൂരിപക്ഷം ജനങ്ങള്‍ക്ക് ഇന്ത്യയുടെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്ന സത്യം അവര്‍ മൂടിവയ്ക്കുന്നു. പാകിസ്ഥാന്‍ എന്നൊരു രാജ്യമില്ലായിരുന്നുവെങ്കില്‍ കാശ്മീരില്‍ വിഘടനവാദവും ഉണ്ടാകുമായിരുന്നില്ല. പാകിസ്ഥാന്റെ ചുവടുപറ്റി ഇപ്പോള്‍ അഫ്ഗാനിസ്ഥാനും കാശ്മീര്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടത്രേ! കാരുണ്യം, നന്മ എന്നിവയൊക്കെ സാര്‍വ്വത്രികമായല്ല ആപേക്ഷികമായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ചിലര്‍ എന്തെല്ലാം നന്മകള്‍ ചെയ്താലും അതൊക്കെ അവഗണിക്കപ്പെടുന്നു. മറ്റുചിലരുടെ തിന്മകളെപ്പോലും നന്മയായി വാഴ്ത്തിപ്പാടുന്നു. കാശ്മീരിലും അതു തന്നെയാണ് സംഭവിക്കുന്നത്. കവിയായ വിമേഷിന് അതൊന്നും ബാധകമാണെന്ന് തോന്നുന്നില്ല. കാശ്മീര്‍ എന്നു കണ്ടാല്‍ മാതൃഭൂമിക്കാര്‍ ചാടിപ്പിടിക്കുമെന്നറിയുന്ന ഈ കവി തന്ത്രപരമായി അവരെ പറ്റിക്കുകയായിരുന്നു.
സുകുമാരന്‍ ചാലിഗദ്ധയുടെ ബെഡ്‌ലാമ്പ് എന്ന കവിതയും മാതൃഭൂമിയില്‍ ചേര്‍ത്തിട്ടുണ്ട്. പ്രാതിനിധ്യത്തിനുവേണ്ടി ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രാദേശികഭാഷാ കവിത മാത്രമല്ല അത്. അതില്‍ കവിതയുടെ നനവുണ്ട്. ‘നിലാവ് ഭൂമിയോട് കള്ളം പറഞ്ഞ് മുങ്ങിയ നേരത്ത് ഞാനും എന്റെ റാട്ടിയും കൊള്ളിവച്ച് കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയപ്പോഴാണ് എന്റെ കാട്ടിലെ കാട്ടാനകള്‍ അവളുടെ തലയിലേക്ക് കയറിയത്’ എന്നിങ്ങനെയുള്ള എഴുത്തില്‍ ആര്‍ദ്രതയുണ്ട്. ‘കാട്ടിലെ കാട്ടാനകള്‍’ എന്നു വേണ്ടിയിരുന്നില്ല. ‘കാട്ടിലെ ആനകള്‍ എന്നു മാത്രം മതിയല്ലോ എന്ന് നമ്മുടെ വ്യാകരണനിയമങ്ങള്‍ വച്ചു നമ്മള്‍ പറഞ്ഞേക്കാം. എന്നാല്‍ കാട്ടില്‍ വ്യാകരണ നിയമങ്ങള്‍ക്കു പ്രസക്തിയില്ല. അവിടെ കാടിന്റെ നിയമങ്ങളാണു പ്രധാനം.
ഷെയ്ക്‌സ്പിയറിന്റെ കാലത്ത് ബ്രേയ്‌വ് എന്ന വാക്കിന് ഹാന്‍ഡ്‌സം എന്നായിരുന്നു അര്‍ത്ഥം. എന്നാല്‍ ഇന്ന്, ധൈര്യമുള്ള എന്നാണല്ലോ അര്‍ത്ഥം. ഇവമൃമരലേൃ എന്നാല്‍ വാക്ക് എന്ന് അക്കാലത്ത് അര്‍ത്ഥമുണ്ടായിരുന്നു. ഗിമ്‌ല എന്നതിന്റെ പഴയ അര്‍ത്ഥം വേലക്കാരന്‍, ചെറിയ ആണ്‍കുട്ടി എന്നൊക്കെ ആയിരുന്നു. ഇപ്പോള്‍ തെമ്മാടി എന്നായി മാറിയിരിക്കുന്നു. ടൗയരെൃശുശേീി എന്നതിന്റെ പഴയ അര്‍ത്ഥം ബഹുമാനം (ഛയലറശലിരല) എന്നായിരുന്നു. ഇങ്ങനെ പലപദങ്ങളും കാലാന്തരത്തില്‍ അര്‍ത്ഥഭേദത്തിനു വിധേയമാകുന്നു. മലയാളത്തിലും ഇത്തരത്തില്‍ അര്‍ത്ഥവ്യതിയാനം സംഭവിച്ച പദങ്ങള്‍ ധാരാളമുണ്ടെങ്കിലും ഇംഗ്ലീഷുകാരെപ്പോലെ നമ്മള്‍ അക്കാര്യത്തില്‍ വലിയ പഠനങ്ങളൊന്നും നടത്തിയതായി കണ്ടിട്ടില്ല. അതുകൊണ്ട് അവയുടെ ഒരു പട്ടിക നല്‍കുക എളുപ്പമല്ല.
ഇങ്ങനെ അര്‍ത്ഥവ്യതിയാനം വന്ന ഒരു മലയാളപദമാണ് ‘സഹിഷ്ണുത’. ആ വാക്കിന്റെ നിഘണ്ടുവിലെ അര്‍ത്ഥം സഹിക്കാനുള്ള കഴിവെന്നാണ്. എന്നാല്‍ ഇന്നത്തെ അര്‍ത്ഥം ആദരവ്, ബഹുമാനം എന്നൊക്കെയാണ്. അങ്ങനെയൊരര്‍ത്ഥം നിഘണ്ടുവില്‍ ഇതുവരെ ചേര്‍ത്തിട്ടില്ലെങ്കിലും സമൂഹം ഇന്ന് ആ അര്‍ത്ഥത്തില്‍ വ്യാപകമായി ആ പദം ഉപയോഗിച്ചു വരുന്നു. എങ്കിലും ആ പദം മാറ്റി ‘സമഭാവന’ എന്ന പദമുപയോഗിക്കണം എന്നാണ് കെ.സി. നാരായണന്‍ തന്റെ മാതൃഭൂമി പംക്തിയായ ‘അക്ഷരം പ്രതി’യില്‍ സച്ചിദാനന്ദനെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത്.
ശൃംഗേരി മഠത്തിലെ ശങ്കരാചാര്യന്മാരിലൊരാള്‍ പണ്ടു കേരളം സന്ദര്‍ശിച്ചപ്പോള്‍ അക്കാലത്തെ കേരളത്തിലെ ഒരു രാജാവ് സ്വാമികള്‍ക്ക് ഒരാനയെ സമ്മാനിച്ചു. ശങ്കരാചാര്യര്‍ കൊട്ടാരത്തിലെ അതിഥിയായി കുറച്ചുദിവസം താമസിച്ചശേഷമാണ് മടങ്ങിപ്പോയത്. ഒരു ദിവസം രാവിലെ രാജാവ് ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് ശങ്കരാചാര്യരുടെ തെലുങ്കു നാട്ടുകാരനായ പാപ്പാന്‍ ആനയെ തെലുങ്കു പഠിപ്പിക്കുന്നതിന്റെ ബഹളമായിരുന്നു. ആനയെ അയാളിട്ടുകഷ്ടപ്പെടുത്തുന്നു. തോട്ടിയും കുന്തവും വടിയുമൊക്കെക്കൊണ്ടു ദണ്ഡിക്കുന്നു. ആനയെ തിരികെ വാങ്ങിയാലോ എന്നുപോലും രാജാവിനു തോന്നിപ്പോയി. ദാനം നല്‍കിയത് തിരികെ വാങ്ങുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് അദ്ദേഹം മനസ്സില്‍ ആ തെലുങ്കനൊരല്പം മലയാളം പഠിച്ചു കൂടെ എന്ന് സ്വയം ചോദിച്ചു. ആനയ്ക്ക് തന്നേക്കാള്‍ ബുദ്ധിയുണ്ടെന്ന് ആ പാപ്പാന്‍ കരുതുന്നുണ്ടാവണം എന്ന് സമാശ്വസിക്കുകയും ചെയ്തു.
തെലുങ്കുപാപ്പാനെ അനുസ്മരിപ്പിക്കുന്ന സംഗതികളാണ് സച്ചിദാനന്ദനും ശ്രീമാന്‍ കെ.സിയും നിര്‍ദ്ദേശിക്കുന്നത്. ഒരു വാക്കിന്റെ നിലവിലുള്ള പ്രയോഗാര്‍ത്ഥവും നിഘണ്ടുവിലെ അര്‍ത്ഥവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ പുതിയ ഒരുപദം പ്രയോഗത്തിലേയ്ക്കു കൊണ്ടുവരുന്നതിനേക്കാള്‍ എളുപ്പം ആ അര്‍ത്ഥവും കൂടി നിഘണ്ടുവില്‍ ചേര്‍ക്കുന്നതല്ലേ. അങ്ങനെയൊരു പദം ചില പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചാല്‍ ജനം അതുസ്വീകരിക്കണമെന്നുണ്ടോ? ചില തെറ്റുകള്‍ പോലും ദശാബ്ദങ്ങളായി ശ്രമിച്ചിട്ടു തിരുത്താനാകുന്നില്ല. ‘ഹാര്‍ദ്ദമായ’ എന്നതിന് മലയാളം അദ്ധ്യാപകര്‍ പോലും ‘ഹാര്‍ദ്ദവമായ’ എന്ന് പ്രയോഗിക്കുന്നത് നൂറുകണക്കിനു പൊതുയോഗങ്ങളില്‍ കേട്ടിട്ടുണ്ട്. അതുപോലെ ‘അപാകത’യെ ‘അപാക’മാക്കാന്‍ പന്മന രാമചന്ദ്രന്‍ നായര്‍ സാറുതൊട്ടു പലരും ശ്രമിച്ചിട്ടും ഇന്നും അത് അപാകതയായിത്തന്നെ തുടരുന്നു. ‘സഹിഷ്ണുത’യെ ‘സമഭാവന’യാക്കുന്നതിനേക്കാള്‍ എളുപ്പം സമഭാവനയുടെ അര്‍ത്ഥം ആദ്യത്തേതിനും കൂടി നല്‍കുന്നതാണ്. ഭാഷ ഉത്ഭവിക്കുന്നതും വളരുന്നതും വികസിക്കുന്നതുമെല്ലാം തെരുവിലാണ്; വൈയാകരണന്മാരുടെ കോടതിയിലല്ല. അവര്‍ക്കു ജനം സൃഷ്ടിക്കുന്ന നിയമങ്ങള്‍ തിരിച്ചറിയാനേ സാധിക്കൂ! പുതിയവ സൃഷ്ടിക്കുക എളുപ്പമല്ല.