ഇടതുമുന്നണിയുടെ പ്രവര്‍ത്തകര്‍ എപ്പോഴും ആവേശത്തില്‍ വിളിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്, ‘ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലീം രക്തം, ഞങ്ങളിലില്ല ക്രിസ്ത്യന്‍ രക്തം, ഞങ്ങളിലുള്ളത് മാനവരക്തം’. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററും ഒക്കെ ആവേശത്തോടെ വിളിച്ചിരുന്ന ഈ മുദ്രാവാക്യത്തില്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്ക് വിശ്വാസമില്ല. നിഷ്പക്ഷ നിരീക്ഷകര്‍ക്കു പോലും ഇത് ബോദ്ധ്യപ്പെടുന്നുമില്ല. സാമൂഹ്യമാധ്യമങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ വന്ന ഏറ്റവും ശ്രദ്ധേയമായ കമന്റും ഇതേക്കുറിച്ച് തന്നെയായിരുന്നു. ഇടതുമുന്നണി വരും എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യം ഇടതുമുന്നണി വരും എല്ലാം ശരീഅത്ത് ആക്കും എന്നായിരുന്നു എന്നാണ് കേരളത്തിലുടനീളം പരക്കെ ഉയര്‍ന്നിട്ടുള്ള വിശകലനം. ഇപ്പോള്‍ സി പി എമ്മുകാരുടെ സിരകളില്‍ കൂടി ഓടുന്ന രക്തം മാനവരക്തമല്ല, കാണ്ടാമൃഗത്തിന്റേതാണ് എന്നാണ് പൊതുജനാഭിപ്രായം. കാണ്ടാമൃഗത്തിന്റെ അത്ര തൊലിക്കട്ടി കേരളത്തില്‍ സി പി എമ്മിനല്ലാതെ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് ഉണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, പിണറായി വിജയന്‍ ഇരട്ടച്ചങ്കനാണെന്ന പാര്‍ട്ടിപ്രചാരണത്തിന്റെ അത്ര അപഹസിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്ത മറ്റൊരു പ്രസ്താവനയില്ല.
ഇസ്ലാമിക ഭീകരതയ്ക്കും തീവ്രവാദികള്‍ക്കും മുന്നില്‍ മുട്ടുമടക്കി അവര്‍ പറയുന്നതെന്തും അതേപടി ചെയ്യുന്ന പിണറായി വിജയന്‍ എന്ത് മതനിരപേക്ഷതയാണ് കേരളത്തിലെ സാധാരണക്കാര്‍ക്കു മുന്നില്‍ വെയ്ക്കുന്നത്? ഏറ്റവും അവസാനത്തെ സംഭവമാണ് കുടുംബശ്രീ അംഗങ്ങള്‍ക്കായി പുറപ്പെടുവിച്ചിരുന്ന പ്രതിജ്ഞ. ഇസ്ലാമിക ഭീകരവാദികളും ഇസ്ലാമിക പക്ഷപാതികളായ ചില മാധ്യമങ്ങളും കണ്ണുരുട്ടിയപ്പോള്‍ പ്രസ്താവന പിന്‍വലിച്ച് രായ്ക്കുരാമാനം സ്ഥലം വിട്ട മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും ഇരട്ടച്ചങ്കു പോയിട്ട് നട്ടെല്ല് തന്നെ ഉണ്ടോ എന്ന് പരിശോധിക്കണം. സ്ത്രീകള്‍ക്കുള്ള പ്രതിജ്ഞയില്‍ പറഞ്ഞിരുന്നത് ഇതാണ്: ‘പെണ്‍കുഞ്ഞാകട്ടെ, ആണ്‍കുഞ്ഞാകട്ടെ, രണ്ടു കുഞ്ഞുങ്ങളുടെയും ജനനം നമ്മള്‍ ആഘോഷിക്കും. മകനും മകള്‍ക്കും തുല്യ വിദ്യാഭ്യാസത്തിനും തുല്യ പുരോഗതിക്കും തുല്യ അവസരം നല്‍കും. ബാലവിവാഹത്തെയും നിര്‍ബ്ബന്ധിത വിവാഹത്തെയും ഗാര്‍ഹിക പീഡനങ്ങളെയും നമ്മള്‍ എതിര്‍ക്കും. സ്ത്രീകളെയും പെണ്‍കുട്ടികളെയും ബഹുമാനിക്കാന്‍ നമ്മള്‍ ആണ്‍കുട്ടികളെ പഠിപ്പിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള ഏത് അതിക്രമത്തെയും നമ്മള്‍ എതിര്‍ക്കും. അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള ഒരവസരവും നമ്മള്‍ പാഴാക്കില്ല. എല്ലാ അതിജീവിതമാരെയും അവരുടെ അന്തസ്സോടെ സംരക്ഷിക്കുകയും അവരുടെ അനുഭവങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. നമ്മള്‍ ഒരിക്കലും നിയമം കൈയിലെടുക്കില്ല. സമാധാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശങ്ങള്‍ എല്ലാ ഗ്രാമങ്ങളിലേക്കും എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കും. നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും. ദുര്‍ബലരെയും അഗതികളെയും നമ്മള്‍ പിന്തുണയ്ക്കും.’ കുടുംബശ്രീ അംഗങ്ങള്‍ക്കായി ജന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ സത്യപ്രതിജ്ഞ യായിരുന്നു ഇത്.
ഈ സത്യപ്രതിജ്ഞയില്‍ എന്താണ് മുസ്ലീം വിരുദ്ധമായിട്ടുള്ളത്? ആണ്‍കുഞ്ഞുങ്ങളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും ജനനം ഒരേപോലെ ആഘോഷിക്കപ്പെടേണ്ടതല്ലേ? മകനും മകള്‍ക്കും വിദ്യാഭ്യാസത്തിന് തുല്യ അവസരം നല്‍കേണ്ടതല്ലേ? സ്ത്രീകളെയും പെണ്‍കുട്ടികളെയും ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കും എന്ന വാചകം ഒരുപക്ഷേ, ഇസ്ലാമിക വിരുദ്ധമാകാം. സ്ത്രീയെ കൃഷിയിടമായി മാത്രം കാണുന്ന എല്ലായ്‌പ്പോഴും ഭാര്യമാരുടെ എണ്ണം നാലില്‍ മാത്രം ഒതുക്കാന്‍, സൃഷ്ടിച്ച മക്കളെയും കെട്ടിയെ ഭാര്യയെയും തെരുവിലേക്ക് വലിച്ചെറിയാന്‍ ഒരു ഉളുപ്പുമില്ലാത്ത മതവെറിയന്മാര്‍ക്ക് ഇത് മതവിരുദ്ധമായി തോന്നാം. പിന്നെ പറയുന്ന കാര്യങ്ങള്‍ അതിജീവിതകളുടെ സംരക്ഷണം സംബന്ധിച്ചുള്ളതാണ്. ഏറ്റവും അവസാനം ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വത്തില്‍ തുല്യഅവകാശം നല്‍കും എന്നകാര്യവും പ്രതിജ്ഞയില്‍ പറഞ്ഞിട്ടുണ്ട്. ഇതും സാധാരണ മുസ്ലീങ്ങളെയോ മുസ്ലീം കുടുംബങ്ങളെയോ പ്രകോപിപ്പിച്ചില്ല. വര്‍ഗ്ഗീയതിമിരം ബാധിച്ച സാമൂഹിക പുരോഗതിയോ സാമാന്യബുദ്ധിയോ ഇല്ലാത്ത ചിലരെ പ്രകോപിപ്പിച്ചു. അവരാണ് ഇത് വിവാദമാക്കിയത്. സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം നല്‍കുന്നത് ശരീഅത്ത് നിയമത്തിന് വിരുദ്ധവും മതവികാരത്തിന് എതിരുമാണെന്നാണ് അവര്‍ പറഞ്ഞത്.
മുഖ്യധാരാ മാധ്യമങ്ങള്‍ ആരെങ്കിലും ഈ വിവരമില്ലായ്മയെ പിന്തുണച്ച് രംഗത്തെത്തുമെന്ന് പ്രതീക്ഷിച്ചില്ല. ഡിസംബര്‍ നാലിന് പുറത്തിറങ്ങിയ സുപ്രഭാതം പത്രത്തില്‍ കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ച വാര്‍ത്ത തങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ‘ഇംപാക്ട്’ ആയി അവകാശപ്പെട്ടിട്ടുണ്ട്. അതിനകത്ത് പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യമായ സ്വത്തവകാശം നല്‍കുമെന്ന വാചകത്തിന് എതിരെയാണ് പ്രതിഷേധം കനത്തതെന്നും ഇതുസംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നെന്നും അവകാശപ്പെടുന്നു. മാധ്യമധര്‍മ്മത്തെ കുറിച്ചോ ഒരു പത്രത്തിന്റെ മതവീക്ഷണത്തെ കുറിച്ചോ അഭിപ്രായം പറയുന്നില്ല. ഭാരതമെന്ന രാജ്യത്ത് ശരീഅത്ത് നിയമം അനുസരിച്ചല്ല കാര്യങ്ങള്‍ പോകേണ്ടതെന്ന് അടുത്തിെട പല കോടതികളും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, മേരി റോയ് കേസില്‍ സ്വത്തവകാശം സംബന്ധിച്ച് പുറപ്പെടുവിച്ച വിധി എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒരേപോലെ ബാധകമാണ്. ഇത്തരം ഒരു പ്രതിജ്ഞ ചൊല്ലിയാല്‍ പോലും അത് തങ്ങളുടെ മതവികാരം വ്രണപ്പെടുന്നതാണ് എന്നുപറഞ്ഞ് വിരട്ടിയാലുടന്‍ പ്രസ്താവന പിന്‍വലിച്ച് തലയില്‍ മുണ്ടിട്ട് മുങ്ങുന്ന ആളാണ് കരുത്തന്മാരില്‍ കരുത്തനായ ഇരട്ടച്ചങ്കനെന്ന് ഓര്‍മ്മിക്കുമ്പോള്‍ തന്നെ ചിരി, വെറും ചിരിയല്ല, തലകുത്തി ചിരിക്കാന്‍ തോന്നും.
അടുത്തിടെ ഇസ്ലാമിക ഭീകരവാദികളെയും സമസ്തയെയും ഒക്കെ ഭയന്ന് പിണറായി വിജയനും ഇടതു മുന്നണിയും തലയൂരിയ സംഭവങ്ങള്‍ എത്രയാണ്. വഖഫ് ബോര്‍ഡിന്റെ നിയമനം പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചപ്പോള്‍ ആരെതിര്‍ത്താലും നടപ്പിലാക്കും എന്നൊക്കെ ഘോരഘോരം പ്രസംഗിച്ച ഇടതുമുന്നണി ആരുടെ താല്പര്യത്തിലാണ് അത് പിന്‍വലിച്ചത്? ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ഇതേപോലെ തന്നെ ചെയ്തതായിരുന്നു. പത്രപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ നിയമനം പിന്‍വലിച്ചിരുന്നെങ്കില്‍ പിണറായിയുടെയും സര്‍ക്കാരിന്റെയും മാനം പോവില്ലായിരുന്നു. ഇസ്ലാമിക ഭീകരവാദികള്‍ പ്രകടനം നടത്തിയപ്പോള്‍ അവരുടെ ആവശ്യത്തിന് മുന്നില്‍ കീഴടങ്ങി കളക്ടറെ മാറ്റിയത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ നേരത്തെ ഉണ്ടായിട്ടുണ്ടോ? സംസ്ഥാനസര്‍ക്കാരിന്റെ ഓരോ തീരുമാനങ്ങളിലും കടന്നുവരുന്ന ശരീഅത്ത് ഇസ്ലാമിക ഭീകരസ്വാധീനം ഇന്ന് ഏതു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയില്‍ മാറിയിരിക്കുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസവുമില്ല. കുടുംബശ്രീ പ്രതിജ്ഞ വരെയുള്ള ഓരോ കാര്യങ്ങളിലും സി പി എമ്മിന്റെ ഔദ്യോഗിക നിലപാട് എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. പ്രത്യേകിച്ചും ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും. എന്തുകൊണ്ടാണ് എസ് എഫ് ഐയുടെ അഭിപ്രായം തേടിയതെന്ന് ശങ്കിച്ചേക്കാം. കഴിഞ്ഞദിവസം അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്തതിനെ കുറിച്ച് എസ് എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. മറക്കില്ലൊരിക്കലും എന്നുപറഞ്ഞായിരുന്നു പ്രചാരണം. ഏതാണ്ട് അതേ തരത്തിലുള്ള പ്രചാരണം ഇസ്ലാമിക ഭീകരസംഘടനകളും നടത്തിയിരുന്നു. സുപ്രീംകോടതി വിധി വന്ന് പരിഹരിക്കപ്പെട്ട ഒരു പ്രശ്‌നത്തിലാണ് എസ് എഫ് ഐയും ഇസ്ലാമിക ഭീകരസംഘടനകളും ഡിസംബര്‍ ആറ് മറക്കില്ലെന്ന പേരില്‍ പ്രചാരണം നടത്തിയത്. എസ് എഫ് ഐ നേതാക്കന്മാരോട് ഒന്നേ ചോദിക്കാനുള്ളൂ, അയോദ്ധ്യയിലെ തര്‍ക്കപ്രശ്‌നം ഉണ്ടായിട്ട് എത്രവര്‍ഷമായി? 1992 ലാണോ ആദ്യമായി ഒരു ആരാധനാലയം തകര്‍ത്തത്? തകര്‍ക്കപ്പെട്ട തര്‍ക്കമന്ദിരം ഇസ്ലാമിക രാജാക്കന്മാരോ അല്ലെങ്കില്‍ മതവിശ്വാസികളോ സ്വന്തമായി പടുത്തുയര്‍ത്തിയതാണോ? ശ്രീരാമജന്മഭൂമി സഹസ്രാബ്ദങ്ങളായി ഇസ്ലാം എന്ന മതം ഉണ്ടാകുന്നതിനു മുന്‍പു തന്നെ ഭാരതത്തിലെ ഹിന്ദുക്കള്‍ ആരാധിച്ചിരുന്നതാണ് എന്ന കാര്യം എസ്. എഫ്. ഐ എന്ന സംഘടനയിലെ ഏഴാംകൂലികള്‍ക്ക് അറിയുമോ? 1565 ലാണ് ജിഹാദി സേന അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി കൈയടക്കിയത്. അതിനെത്രയോ ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ അവിടെ ശ്രീരാമജന്മഭൂമി എന്നപേരില്‍ ആരാധിക്കപ്പെട്ടിരുന്നു. അന്നുമുതല്‍ 2000 വരെ രണ്ടുലക്ഷത്തിലധികം പേര്‍ ആരാധനാ അവകാശം തിരിച്ചുപിടിക്കാന്‍ വേണ്ടി ജീവത്യാഗം ചെയ്തു. സുപ്രീംകോടതി വിധിയിലൂടെയാണ് അത് തിരിച്ചുകിട്ടിയത്. അയോദ്ധ്യയിലെ നല്ലവരായ മുസ്ലീങ്ങള്‍ രാമജന്മഭൂമിയുടെ അവകാശം തിരിച്ചുകൊടുക്കാന്‍ തയ്യാറായിട്ടും അത് തടഞ്ഞത് ഇര്‍ഫാന്‍ ഹബീബും അസ്‌കര്‍ അലി എഞ്ചിനീയറും റൊമീള ഥാപ്പറും അടക്കമുള്ള ഇടതുപക്ഷ ചരിത്രകാരന്മാരായിരുന്നുവെന്ന് ഐ സി എച്ച് ആറിന്റെ ചുമതലയിലുള്ളപ്പോള്‍ മലയാളിയായ പ്രൊഫ. എം.ജി.എസ്.നാരായണന്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം തകര്‍ത്താണ് പള്ളി വെച്ചതെന്ന് മലയാളിയായ കെ.കെ. മുഹമ്മദും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കള്‍ മറക്കാനും പൊറുക്കാനും തയ്യാറായതുകൊണ്ടാണ് ഭാരതത്തിലെ മതനിരപേക്ഷത അതേപടി നിലനില്‍ക്കുന്നത്. 1992ല്‍ തര്‍ക്കമന്ദിരം തകര്‍ത്തത് കേരളത്തിലെ എസ്.എഫ്.ഐക്കാര്‍ മറക്കേണ്ട. മലപ്പുറം ജില്ലയില്‍ ടിപ്പുവിന്റെ നേതൃത്വത്തില്‍ തകര്‍ത്തിട്ട നൂറുകണക്കിന് ക്ഷേത്രങ്ങള്‍ അവര്‍ കാണണം. മാനഭംഗം ചെയ്യപ്പെട്ട, മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദുക്കളുടെ അവസ്ഥ മഹാകവി കുമാരനാശാനും വില്യം ലോഗനും കെ.മാധവന്‍നായരും എഴുതിയത് വായിക്കണം. മഥുരയിലെ കൃഷ്ണജന്മഭൂമിയും കാശി വിശ്വനാഥ ക്ഷേത്രവും അടക്കം ഇന്നും ജിഹാദികളുടെ കൈവശമാണെന്നത് കൂടി എസ്.എഫ്.ഐ മറക്കരുത്.
ഇസ്ലാമിക തീവ്രവാദത്തിന് കുടപിടിക്കുന്ന അവരുടെ പോഷകസംഘടനയായി സി പി എമ്മും എസ്.എഫ്.ഐയും കൂടി മാറിയതിന്റെ ഉദാഹരണമാണ് കുടുംബശ്രീ മുതല്‍ തര്‍ക്കമന്ദിരം തകര്‍ത്തതിന്റെ വാര്‍ഷികം വരെയുള്ള എല്ലാ നിലപാടുകളും. സ്‌കൂള്‍ കലോത്സവത്തില്‍ പേരാമ്പ്രയിലെ മേമുണ്ട സ്‌കൂള്‍ അവതരിപ്പിച്ച ‘ബൗണ്ടറി’ എന്ന നാടകത്തില്‍ പാകിസ്ഥാന് കൈയടിക്കാന്‍ കഴിയാത്തതിലുള്ള തീവ്രവേദന പ്രകടിപ്പിച്ചുകണ്ടു. ആദ്യം സ്വന്തം അയല്‍പക്കക്കാരനോട് ബൗണ്ടറിയില്ലാതെ പെരുമാറാന്‍, അവരുടെ കണ്ണീരൊപ്പാന്‍, സ്വന്തം ക്ലാസ്സിലെ വിശന്നിരിക്കുന്ന സഹപാഠിക്ക് ഉച്ചഭക്ഷണം നല്‍കാന്‍, കോരിച്ചൊരിയുന്ന മഴയത്ത് പുസ്തകം നനയാതെ ഉറങ്ങാന്‍ കിടപ്പാടമൊരുക്കാന്‍ കഴിഞ്ഞിട്ടു പോരെ പാകിസ്ഥാന് ജയ് വിളിക്കല്‍? 1947 ല്‍ വാഗ അതിര്‍ത്തി കടന്നെത്തിയ അഭയാര്‍ത്ഥികളുടെ ട്രെയിനിലെ കഥ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉണ്ടായിരുന്ന ഹിന്ദു-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ മേമുണ്ടയിലെ ഇസ്ലാമിസ്റ്റ്-കമ്മ്യൂണിസ്റ്റ് മാഷന്മാര്‍ അന്വേഷിക്കണം. അതിര്‍ത്തി കടന്നെത്തി ഭീകരാക്രമണം നടത്തുന്ന പാകിസ്ഥാന്‍കാര്‍ കണ്ണ് ചൂഴ്ന്നും വികൃതമാക്കിയും മടക്കിത്തന്ന ഇന്ത്യന്‍ സൈനികരെ കുറിച്ച് ഓര്‍ക്കണം. ആ ഓര്‍മ്മകളില്‍ നെഞ്ച് ചുട്ടുപൊള്ളുന്നവരാരും പാകിസ്ഥാന് കൈയടിക്കില്ല. അതിര്‍ത്തിയില്‍ കണ്‍പോളകള്‍ ചിമ്മാതെ മൈനസ് ഡിഗ്രിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികന്റെ ജാഗ്രതയാണ് പാകിസ്ഥാനിലെ ഭീകരരില്‍ നിന്നും ജിഹാദി സൈന്യത്തില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നത്. കശ്മീരില്‍ നിന്ന് ഇസ്ലാമല്ലാത്തവര്‍ മുഴുവന്‍ പുറത്തുപോകണം എന്നാവശ്യപ്പെട്ട് പാക് ഭീകരരുടെ പിന്തുണയോടെ ഇസ്ലാമിക ജിഹാദികള്‍ നടത്തിയ വംശഹത്യയെ കുറിച്ച് നിശ്ശബ്ദത പാലിക്കുന്നവര്‍ക്ക് പാകിസ്ഥാന് വേണ്ടി കൈയടിക്കാം. കുഞ്ഞുങ്ങളെക്കൊണ്ട് ചുടുചോറ് വാരിച്ച മേമുണ്ടയിലെ മാഷന്മാര്‍ അതിര്‍ത്തിയില്‍ നടക്കുന്നത് എന്താണെന്ന് കണ്ടറിഞ്ഞിട്ട് തീരുമാനിക്കട്ടെ കൈയടിക്കാന്‍.
കേരളത്തില്‍ സമസ്തയും ഇസ്ലാമിക ഭീകരവാദികളും കൊണ്ടുവരുന്ന അജണ്ട തിരിച്ചറിഞ്ഞേ കഴിയൂ. ലോകകപ്പ് ഫുട്‌ബോള്‍ മതവിരുദ്ധമാണെന്ന് സമസ്ത. സ്ത്രീക്കും പുരുഷനും തുല്യത നല്‍കുന്നതിനെതിരെ സമസ്ത. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസ്സില്‍ ഇടകലര്‍ന്നിരിക്കുന്നതിന് എതിരെ സമസ്ത. പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറുന്നതിന് എതിരെ സമസ്ത. പാഠ്യക്രമത്തില്‍ ലിംഗനീതി ഉള്‍പ്പെടുത്തുന്നതിന് എതിരെ സമസ്ത. ലിംഗവ്യത്യാസമില്ലാത്ത യൂണിഫോമിനെതിരെ സമസ്ത. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ സമസ്ത. പത്തുവയസ്സായാലും പതിനൊന്ന് വയസ്സായാലും പ്രായപൂര്‍ത്തി ആയാലുടന്‍ പെണ്‍കുട്ടികളുടെ വിവാഹം നടത്തണമെന്ന് ജിഹാദികള്‍. പോക്‌സോ കേസുകള്‍ ശരീഅത്തിലും നിലനില്‍ക്കുമെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയ കാര്യം മറച്ചുവെച്ചുകൊണ്ടി ജിഹാദി ഭീകര അജണ്ട പ്രചരിപ്പിക്കാനാണ് സമസ്തയും അതിന് കീഴടങ്ങുന്ന പിണറായിയും ചെയ്യുന്നത്. അഫ്ഗാനിസ്ഥാനില്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ വെച്ച പെണ്‍കുട്ടിയെ ചാട്ടവാറിന് അടിക്കുന്ന ദൃശ്യം പഴയതല്ല. അതേസമയം ഇറാനില്‍ ഹിജാബിന് എതിരെയുള്ള പോരാട്ടത്തില്‍ ഭരണകൂടം മതപോലീസിനെ പിരിച്ചുവിട്ടിരിക്കുന്നു. സൗദി അറേബ്യ പോലും ഹിജാബ് അടക്കമുള്ളവ തള്ളി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ആകാശം തുറന്നുകൊടുത്തിരിക്കുന്നു. എന്നിട്ടും നൂറുശതമാനം സാക്ഷരമാണെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ ചരടുവലിക്കൊത്ത് സമസ്തയുടെ ശാസനങ്ങള്‍ക്ക് കീഴടങ്ങി ഇടതുമുന്നണിയും പിണറായിയും തുള്ളുമ്പോള്‍ പുരോഗമന പാര്‍ട്ടിയാണെന്ന് പറയാതിരിക്കാനുള്ള ഉളുപ്പെങ്കിലും കാട്ടണം.