(ഗുരുധര്‍മ്മാനന്ദ സ്വാമികളുടെ 28-ാം സമാധി ആചരണത്തോടനുബന്ധിച്ച് നടന്ന മഹാ സന്ന്യാസി സമ്മേളനത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍).
ആദ്ധ്യാത്മിക ദര്‍ശനത്തിന്റെ അന്തിമ ലക്ഷ്യമായ മോക്ഷം അഥവാ ആത്മസാക്ഷാത്ക്കാരത്തെ സമാജ ഹിതത്തിനു സമര്‍പ്പിച്ച പാരമ്പര്യമാണ് ഭാരതത്തിന്റേത്. സന്ന്യാസി ധര്‍മ്മത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ തിരുക്കുറളും, ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും ആണ് ആദ്യം മുന്നില്‍ വരിക. തിരുവള്ളുവരുടെ നീത്താര്‍ പെരുമൈ (സന്ന്യാസി മഹിമ) തര്‍ജമ ചെയ്ത് കൊണ്ട് ഗുരുദേവന്‍ ഇപ്രകാരം പറയുന്നുണ്ട്.
”സര്‍വ്വപ്രാണിയിലും തുല്യ കൃപ പൂണ്ടു നടക്കയാല്‍
അന്തണന്മാരെന്നു ചൊല്ലേണ്ടത് സന്ന്യാസിമാരെയാം”
എല്ലാ ജീവികളിലും ഒരേ ഈശ്വരാംശം ദര്‍ശിച്ചു കാരുണ്യനിധിയായി വര്‍ത്തിക്കുന്ന സന്ന്യാസിമാരെയാണു ബ്രാഹ്‌മണന്‍ എന്ന് വിളിക്കേണ്ടത്. ബ്രഹ്‌മജ്ഞാനികളും സന്ന്യാസികളും എന്താണെന്ന് തിരുവുള്ളവരും ഗുരുദേവനും ഇതിലൂടെ നമുക്ക് വെളിവാക്കി തരുന്നു.
കാരുണ്യ നിധിയായി സമാജത്തില്‍ പരിലസിക്കുന്ന ഉദാത്ത ദര്‍ശനമാണ് സന്ന്യാസിമാരിലൂടെ നമുക്ക് ഭാരതം മുഴുവന്‍ കാണാന്‍ സാധിക്കുക. വിവേകാനന്ദ സ്വാമികള്‍ ഈ ദര്‍ശനങ്ങളെ സംശയത്തിനിടയില്ലാത്ത വിധം അടിവര ഇട്ട് സമാജത്തിന്റെ മുന്നില്‍ വെളിവാക്കി. അദ്ദേഹം പറയുകയാണ്
Renunciation and Service are the national ideals of this great Nation.. if you want to strengthen her, Strengthen her in those channels. Rest will take care of itself
ത്യാഗവും സേവനവും ആണ് ഭാരതത്തിന്റെ മുഖമുദ്ര. സന്ന്യാസിമാരുടെ ജീവിതാടിസ്ഥാനങ്ങള്‍ രാഷ്ട്രദര്‍ശനമായി വിവേകാനന്ദന്‍ അവതരിപ്പിക്കുകയായിരുന്നു. ചുറ്റുപാടുമുള്ളവരുടെ സുഖവും സന്തോഷവും പരിഗണിച്ചാണ് അവര്‍ ആത്മസുഖം ലക്ഷ്യമിടുന്നത്. വ്യക്തി സുഖവും രാഷ്ട്ര സുഖവും താദാത്മ്യം പ്രാപിച്ച ആദ്ധ്യാത്മിക ദര്‍ശനമാണ് നമ്മുടേത്.
സത്യത്തെ, ജ്ഞാനത്തെ കണ്ടെത്തുന്നതിലൂടെ ഈ ദര്‍ശന സ്ഥിതിയില്‍ നാം എത്തിച്ചേരുന്നു. ഉപനിഷത്തുകള്‍ ഈ ജ്ഞാനം സംവാദങ്ങളിലൂടെ നമുക്ക് വെളിവാക്കിത്തരുന്നു.
കഠോപനിഷത്തും, ഛാന്ദോഗ്യോപനിഷത്തും ഒക്കെ ഈ അന്വേഷണവും സംവാദവും നടത്തി ഒടുവില്‍ സത്യദര്‍ശനത്തില്‍ എത്തി നില്‍ക്കുന്നു എന്ന് നമുക്ക് കാണാന്‍ സാധിക്കും. കഠോപനിഷത്തിലെ രണ്ടാം അദ്ധ്യായത്തിലെ നാലാം വല്ലിയില്‍ ഒന്നാം ശ്ലോകത്തില്‍ ഇപ്രകാരം പറയുന്നു
”പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ –
സ്തസ്മാത് പരാങ്പശ്യതി നാന്തരാത്മന്‍
കശ്ചിദ്ധീരഃ പ്രത്യഗാത്മാനമൈക്ഷ –
ദാവൃത്തചക്ഷുരമൃതത്വമിച്ഛന്‍’
സ്വയംഭൂവായിട്ടുള്ള ബ്രഹ്‌മം ചെവി മുതലായ ഇന്ദ്രിയങ്ങളെയെല്ലാം പുറത്തേക്ക് ഊക്കില്‍ തള്ളിവിട്ടു. അതിനാല്‍ അവ ബഹിര്‍മുഖമായി, അന്യങ്ങളില്‍ പ്രതിഷ്ഠിതമായി അന്യത്തെ മാത്രം കാണുന്നു, സാക്ഷിയായ സ്വയംഭൂവിനെ ഈ അവസ്ഥയില്‍ കാണുന്നില്ല. എന്നാല്‍, ഹൃദയം തെളിഞ്ഞ ഒരു ധീരന്‍ അമൃതത്വത്തെ ഇച്ഛിച്ച് അന്തര്‍മുഖനായി സ്വയംഭൂവായ സാക്ഷിയെ തേടി ആ പദമെത്തിച്ചേരുന്നു.
പുറത്തേക്കുള്ള സകല അന്വേഷണങ്ങളും അവസാനിച്ച, ശേഷം ഹൃദയം തെളിഞ്ഞ ധീരന്‍ ഉള്ളിലോട്ടുള്ള അന്വേഷണത്തില്‍ അന്തര്‍മുഖനായി പരമ ജ്ഞാനത്തില്‍ എത്തുന്നു.
ഛാന്ദോഗ്യോപനിഷത്തിലും ഈ ആത്മാന്വേഷണം നമുക്ക് കാണാം. ഛാന്ദോഗ്യത്തിലെ എട്ടാം അദ്ധ്യായത്തിലെ ഏഴാം ഖണ്ഡം മുതലുള്ള ഭാഗത്ത് പ്രജാപതിയുടെ ആത്മാവിന്റെ വിവരണത്തെ ഇന്ദ്രനും വിരോചനനും മനസ്സിലാക്കുന്നത് എങ്ങനെയെന്ന് വിവരണത്തിലൂടെ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും.
ഏട്ടാമദ്ധ്യായത്തിലെ ഏഴാം ഖണ്ഡത്തില്‍ ഒന്നാം ശ്ലോകത്തില്‍ പ്രജാപതി പറയുന്നു
‘യ ആത്മാപഹതപാപ്മാ വിജരോ വിമൃത്യുര്‍വിശോകോ
വിജിഘത്സോങ്കപിപാസഃ സത്യകാമഃ സത്യസങ്കല്‍പഃ സോങ്കന്വേഷ്ടവ്യഃ
സ വിജിജ്ഞാസിതവ്യഃ സ സര്‍വാം ?ശ്ച ലോകാനാപ്‌നോതി
സര്‍വാംശ്ച കാമാന്യസ്തമാത്മാനമനുവിദ്യ വിജാനാതീതി ഹ
പ്രജാപതിരുവാച”
”ഏതാത്മാവാണോ പാപമറ്റതും, ജരയില്ലാത്തതും, മൃത്യുവില്ലാത്തതും, ശോകമില്ലാത്തതും, വിശപ്പില്ലാത്തതും, ദാഹമില്ലാത്തതും, സത്യ കാമവും, സത്യസങ്കല്പവുമായിട്ടുള്ളത് ആ ആത്മാവിനെയാണ് അന്വേഷിക്കേണ്ടത്, ആ ആത്മാവിനെ ആണ് അറിയേണ്ടത്, അങ്ങനെ ആ ആത്മാവിനെ അറിയുന്നവന്‍ എല്ലാ ലോകങ്ങളേയും പ്രാപിക്കുന്നു. അവന്റെ എല്ലാ കാമങ്ങളും സാധിക്കുന്നു.
പ്രജാപതിയുടെ ഈ ഉദ്‌ഘോഷത്തെ ഇന്ദ്രനും വിരോചനനും അന്വേഷിക്കുന്നതും പ്രജാപതിയുടെ അടുത്ത് ശിഷ്യത്വം സ്വീകരിക്കാന്‍ വരുന്നതും വിവിധ തലത്തില്‍ നിന്നു കൊണ്ട് നടത്തിയ മനനത്തിലൂടെ ആത്മബോധത്തെ സാക്ഷാത്കരിക്കുന്നതും കാണാന്‍ സാധിക്കും. ഇത്തരം അന്വേഷണത്തിലൂടെയും സംവാദത്തിലൂടെയും ബോധ്യമായ ആത്മ ദര്‍ശനത്തെ രാഷ്ട്ര ഹിതത്തിനായിട്ടായിരുന്നു നമ്മുടെ ഋഷീശ്വരന്മാര്‍ സമര്‍പ്പിച്ചത്. അത് ഇന്നും തുടര്‍ന്ന് വരുന്നു.
ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ സൂത്രങ്ങള്‍ പ്രകാരം സര്‍വരും ചരിക്കുന്നത് സുഖത്തിനു വേണ്ടിയാണ്. സുഖത്തിന്റെ അടിസ്ഥാനം ധര്‍മ്മമാകുന്നു. ധര്‍മ്മത്തിന്റെ മൂലം അര്‍ത്ഥം ആകുന്നു. അര്‍ത്ഥത്തിന്റെ മൂലം രാജ്യം ആകുന്നു. രാജ്യത്തിന്റെ മൂലം ഇന്ദ്രിയ ജയമാകുന്നു. ഇന്ദ്രിയ ജയം വിനയത്തിലൂടെ പ്രാപ്തമാകുന്നു. വിനയം സന്ത്-സജ്ജന സന്ന്യാസി – ഋഷി ജനങ്ങളുടെ പരിചരണത്തിലൂടെയും സേവനത്തിലൂടെയും പ്രാപ്തമാകുന്നു.
ഈ പുണ്യഭൂമിയില്‍ സന്ന്യാസി സംഗമത്തിലൂടെ സജ്ജന സേവയാണ് നാം ചെയ്യുന്നത്. അത് നേരത്തെ സൂചിപ്പിച്ച വിവിധ തലങ്ങളിലൂടെ ധര്‍മ്മത്തിലൂന്നിയ സുഖം പ്രാപ്തമാക്കുന്നു. അതിനാല്‍ ഇത്തരം ആചാരങ്ങള്‍ക്ക് വലിയ ഫലം സമാജത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഇത്തരം സന്ന്യാസിലോകത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആ ജീവിതത്തിന്റെ ശ്രേഷ്ഠതയെ കുറിച്ച് ഗുരുദേവന്‍ തിരുക്കുറളിലൂടെ പറയുന്നത് വീണ്ടും നമ്മുടെ മനസ്സില്‍ കടന്നു വരും.
”അറിവാമങ്കുശത്താലഞ്ചറിവാം വാരണങ്ങളെതളച്ചവന്‍
മോക്ഷഭൂവില്‍ മുളയ്ക്കുമൊരു ബീജമാം
കഴിയാത്തതു ചെയ്തീടും മഹാന്മാ,രല്പരായവര്‍
ചെയ്കയില്ലൊരു കാലത്തും ചെയ്തീടാന്‍ കഴിയാത്തത്”
ജ്ഞാനേന്ദ്രിയങ്ങളാകുന്ന അഞ്ചു മദയാനകളെയും അദ്വൈത ജ്ഞാനമായ തോട്ടി കൊണ്ട് കൈയിലൊതുക്കിയവന്‍ മോക്ഷ ഭൂമിയിലെ കിളിര്‍ത്ത വിത്തായി ഭവിക്കുന്നു.
സ്വധര്‍മ്മത്തിനു വിരുദ്ധമായതു ചെയ്തു മഹത്വം നേടാന്‍ ശ്രമിക്കുന്നവര്‍ പരമസത്യം കാണാത്ത അല്‍പ്പ ബുദ്ധികളാണ് എന്ന് തിരുക്കുറള്‍ വ്യക്തമാക്കുന്നു.
ഇങ്ങനെയുള്ള സന്ന്യാസി ശ്രേഷ്ഠന്മാര്‍ രാഷ്ട്രത്തിന്റെ സാംസ്‌കാരിക ഏകതയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിവരുന്നു.
ഈ സാംസ്‌കാരിക ഏകത (കള്‍ച്ചറല്‍ യൂണിറ്റി) യെ കുറിച്ച് ബി.ആര്‍. അംബേദ്ക്കര്‍ ആശങ്കയ്ക്ക് ഇട നല്‍കാത്ത വിധം ദൃഢതയോടെ പറയുന്നത് ഇങ്ങനെയാണ്.
It is the unity of culture that is the basis of homogeneity. Taking this for granted, I venture to say that there is no country that can rival the Indian peninsula with respect to the unity of its culture. It is not only a Geographical unity, but it has over and above all a deeper and a much more fundamental unity- THE INDUBITABLE CULTURAL UNITY that covers the land from end to end.”
സ്വാതന്ത്ര്യലബ്ധിക്കു മുന്നേ തന്നെ ഈ മണ്ണിന്റെ ഏകതയെ കുറിച്ച് ഉദ്‌ഘോഷിക്കപ്പെട്ടിരുന്നു എന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ഇത് കേവലം ഭൂമി ശാസ്ത്രപരമായ ഏകതയല്ല, മറിച്ച് എല്ലാത്തിനും ഉപരിയായ അടിസ്ഥാനപരമായ ഏകതയാണ്. പ്രപഞ്ചത്തിന്റെ ആദി മുതല്‍ അവസാനം വരെ നിറഞ്ഞ് നില്‍ക്കുന്ന ഏകത. ഇതാണ് ഭാരതീയ ദര്‍ശനം. ഈ ഏകതയാണ് ഋഷീശ്വരന്മാര്‍ നമുക്ക് വെളിവാക്കി തരുന്നത്.
ഈ ദര്‍ശനം ഭാരതത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് കൊണ്ടാണ് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞത് എല്ലാത്തിലും ദിവ്യത്വം നിറഞ്ഞ് നില്‍ക്കുന്നുണ്ട് എന്ന്.
അമൃതത്വത്തിന്റെ അമര സന്താനങ്ങളാണ് ഏവരും. വിവേകാനന്ദന്‍ പറയുന്നു
“Each soul is potentially divine. The goal is to manifest this divinity within by controlling nature external and internal. Do this either by work, or worship, or mental discipline or philosophy.. by one or more or all these- and be free”
ഓരോ ജീവനിലും ദിവ്യത്വം നിലീനമായിരിക്കുന്നു. ഈ അന്തര്‍ലീനമായ ദിവ്യത്വത്തെ പ്രകാശിപ്പിക്കലാകുന്നു ഓരോരുത്തരുടേയും ലക്ഷ്യം; ബാഹ്യവും ആഭ്യന്തരവുമായ പ്രകൃതിയെ നിയന്ത്രിക്കുന്നത് അതിനുവേണ്ടിയുള്ള മാര്‍ഗ്ഗവുമാകുന്നു. ഈ ലക്ഷ്യത്തിനായി കര്‍മ്മ ഭക്തി ജ്ഞാനയോഗങ്ങളില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ എല്ലാമോ വഴിയായി ചെയ്യുക, പൂര്‍ണ്ണ സ്വതന്ത്രനാവുക.
ഋഷീശ്വരന്മാര്‍ കാട്ടിയ വഴിയിലൂടെ മുന്നേറുക.
Comments