സംവിധായകന്‍ കഥാപാത്രമായി പരിണമിക്കുക എന്നത് ചില്ലറ കാര്യമല്ല. അതുല്യ പ്രതിഭകള്‍ക്കേ അത് സാധിക്കൂ. ലോകസിനിമാരംഗത്ത് സത്യജിത്ത് റായിയെ പോലുള്ള ആള്‍ക്കാര്‍ക്ക് പോലും സാധിക്കാത്ത ഈ ദിവ്യമായ കഴിവ് മലയാളത്തിന്റെ അഭിമാനമായ അടൂര്‍ ഗോപാലകൃഷ്ണന്‍ സാധിച്ചിരിക്കുന്നു. വിധേയന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ അദ്ദേഹമാണ് പട്ടേലരുടെ തൊമ്മിയെ പോലെ ഇടതു സര്‍ക്കാരിന്റ മുമ്പില്‍ വിനീത വിധേയനായി നില്‍ക്കുന്നത്. തൊമ്മി നിഷ്‌കളങ്കനാണ്. അടൂരും. അതുകൊണ്ടാണല്ലോ ‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞത്. എന്നാലും അതിനെ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയത് തെറ്റാണെന്ന് പറയുമ്പോള്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ തൊമ്മിയായി മാറുന്നു. കേട്ടിടത്തോളം പ്രചാരണ സ്വഭാവമുള്ളതാണ് ഈ സിനിമ എന്നും ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ ആണ് ഇത്തരം ചിത്രങ്ങള്‍ സിനിമാ വേളകളില്‍ തിരുകി കയറ്റുന്നത് എന്നും പറയുമ്പോള്‍ പട്ടേലരുടെ പിന്നാലെ തോക്കും പേറി നടക്കുന്ന തൊമ്മിയുടെ ചിത്രം തെളിഞ്ഞുവരും.
ഈ തൊമ്മിത്തം അടൂര്‍ജിക്ക് പുതിയതല്ല. ചില ജനക്കൂട്ടങ്ങള്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും കുറ്റവിചാരണ ചെയ്ത് ശിക്ഷിക്കുമ്പോള്‍ ‘ജയ് ശ്രീരാം’ മുഴക്കുന്നുണ്ടെന്നും അതിനാല്‍ ‘ജയ് ശ്രീരാം’ വിളിക്കുന്നത് തടയണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഭാരത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയ 49 ഇടത് സാഹിത്യകാരന്മാരില്‍ അടൂരും ഉണ്ടായിരുന്നു. കേട്ടുകേള്‍വി പോലും ഇല്ലാത്ത ഇത്തരം സംഭവങ്ങള്‍ എവിടെയാണ് നടന്നത് എന്ന് നിവേദനത്തില്‍ ഒപ്പിടും മുമ്പ് അദ്ദേഹം ചോദിച്ചതേയില്ല. കാരണം അദ്ദേഹം വിധേയനാണ്; തൊമ്മിയാണ്. ഇടതന്മാരുടെ ഇഷ്ടക്കാരനായ തമിഴ് കവി വൈരമുത്തുവിന് ‘മീടു’ ലൈംഗിക കുറ്റവാളി എന്ന് മലയാളത്തിലെ പ്രമുഖ നടികള്‍ ശക്തമായി പ്രതിഷേധിച്ചിട്ടും അഞ്ചാം ഒഎന്‍വി പുരസ്‌കാരം നല്‍കിയതിനെയും അടൂര്‍ ഗോപാലകൃഷ്ണന്‍ ന്യായീകരിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം ഇല്ലാത്തവര്‍ രാജ്യാന്തര സിനിമ കാണാന്‍ വേരണ്ട തില്ല എന്ന് തര്‍ക്കിച്ചപ്പോഴും അടൂരില്‍ തെളിഞ്ഞത് തൊമ്മിയുടെ സ്വഭാവമായിരുന്നു. ഉറവ വറ്റിയ സംവിധായകന്‍ ആണെങ്കിലും താന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ലോകത്തെ അറിയിക്കാന്‍ ഇത്തരം വിവാദങ്ങളില്‍ കയ്യിട്ട് സ്വയം നാറ്റിക്കേണ്ടത് അദ്ദേഹത്തിന്റ ആവശ്യമായിരിക്കാം.