ബാങ്കില്‍ പോയി വരുമ്പോഴാണ് ശ്രദ്ധിച്ചത് റോഡില്‍ തലയ്ക്ക് മുകളില്‍ അഞ്ച് തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ പതാകകള്‍. സാമാന്യം വലുപ്പത്തില്‍ ഉള്ളവ. പതാകള്‍ക്കു താഴെ അവയെ നോക്കി ഒരാള്‍ ചിരിച്ചങ്ങനെ നില്‍ക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് പഴയ സുഹൃത്ത് പെരുമണ്ണ ബഷീര്‍. സ്‌കൂളില്‍ സഹപാഠി. നല്ല ഫുട്ബാള്‍ കളിക്കാരനായിരുന്നു ബഷീര്‍…പെട്ടെന്ന് സേട്ട് നാഗ്ജി ഫുട്‌ബോള്‍, പഴയ റേഡിയോ കമന്ററികള്‍ എല്ലാം ഓര്‍മ്മ വന്നു.
കുശലാന്വേഷണത്തിനു ശേഷം ഞങ്ങള്‍ കേരളത്തിലെ കളിയിലെ അമിതാവേശത്തിലേയ്ക്ക് കടന്നു. ബഷീര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ‘ഇവിടെ ഫുട്ബാള്‍ പ്രേമം വെറും പ്രകടനമാണ് കാര്യത്തിലേക്ക്.. അല്ല.. കളിയിലേക്ക് കടക്കില്ല’.
‘ശരിയാണ്. ടിവി വന്നതോടെ ക്രിക്കറ്റ് പോപ്പുലറായി. അതോടെ ഫുട്‌ബോളിന്റെ പ്രാധാന്യം കുറഞ്ഞു. കേരളപ്പിറവിയ്ക്ക് മുമ്പ് തന്നെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിലവില്‍ വന്നിരുന്നു അല്ലെ?’
‘അതെ 1948 ല്‍..’
’74 വര്‍ഷം പിന്നിട്ടു. എന്നിട്ടും നല്ല സ്റ്റേഡിയങ്ങള്‍ ഇല്ല. നല്ല ടൂര്‍ണമെന്റും.’
‘ചെറിയ തോതില്‍ ഒരു റിവൈവല്‍ നടക്കുന്നുണ്ട്. പക്ഷെ സര്‍ക്കാരിന് അതിലൊന്നും വലിയ താല്‍പ്പര്യമില്ല. ഇടയ്ക്ക് മുണ്ടുടുത്ത് കളിക്കളത്തിലിറങ്ങി പന്ത് തട്ടി കാണിക്കും. വെറും ജാഡകള്‍. പിന്നെ അവര്‍ക്കും ക്രിക്കറ്റിനോടാണ് താല്പര്യം.’ സ്‌കൂളിനുവേണ്ടിയും ജില്ലയ്ക്കുവേണ്ടിയും ഒക്കെ കളിച്ചിരുന്ന ബഷീറിന്റെ മുഖത്ത് ഒരു നിരാശ നിഴലിച്ചു. ഈ ഫ്‌ളക്‌സ് ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍ എന്നിവയ്ക്ക് ചിലവാക്കുന്ന പണം കൊണ്ട് നല്ല സ്ഥലം വാങ്ങി സ്റ്റേഡിയം പണിയാം.
ബഷീറിന്റെ ആ അഭിപ്രായത്തോട് ഞാന്‍ യോജിച്ചു. അത്രയ്ക്ക് പണമാണ് ഫാന്‍സ് അസോസിയേഷനുകള്‍ ചിലവാക്കുന്നത്.
‘ഇതിനൊക്കെ എതിരെ മതപരമായ വിയോജിപ്പുകളും ഉണ്ട് അല്ലെ?’
‘തീര്‍ച്ചയായും.. ഈയിടെ ഒരു ഉസ്താദ് പറഞ്ഞു. ഇതൊക്കെ പിശാചിന്റെ തന്ത്രമാണ് എന്ന്.. അത് പറഞ്ഞു ബഷീര്‍ ഉറക്കെ ചിരിച്ചു.
ചിരിയില്‍ പങ്കു ചേര്‍ന്ന് ഞാന്‍ ചോദിച്ചു ‘അല്ല ഇപ്പോള്‍ സൗദി ജയിച്ചാലും അങ്ങനെ പറയുമോ?”പിശാചിന്റെ തന്ത്രം വിജയിച്ചതിനു സൗദി ഗവണ്മെന്റ് അവധി പ്രഖ്യാപിച്ചിരിക്കയാണ്.’
‘ഹ.ഹ..’ ബഷീറിന് ഒരു സംശയുമില്ല. ‘..അവിടത്തെ വലിയ മൂത്ത മുത്തവ്വകളെ വിമര്‍ശിക്കുന്ന ഉസ്താദുമാരാണ് കേരളത്തിലെ ഉസ്താദുമാര്‍.. അവര്‍ കരുതുന്നത് തല ഇവിടെയാണ് ഇരിക്കുന്നത് എന്നും വാലാണ് അവിടെയെന്നുമാണ്.’
‘ചില വീഡിയോ കാണുമ്പോള്‍ അങ്ങനെ തോന്നാറുണ്ട്.’
ഞാന്‍ വീണ്ടും ഗൃഹാതുരത്വ ചിന്തയിലാണ്ടു.
‘പണ്ട് കമന്ററി കേള്‍ക്കാന്‍ തന്നെ എന്തൊരു ഹരമായിരുന്നു അല്ലെ?’
ബഷീര്‍ ഉത്സാഹവാനായി. ‘ങ്ങക്കറിയോ.. 1950 ലെ ബ്രസീലില്‍ വെച്ച് നടന്ന ലോകകപ്പിലേയ്ക്ക് ഇന്ത്യ സെലെക്റ്റഡായിരുന്നു. പക്ഷെ പോയില്ല. ആദ്യം ടിക്കറ്റിന് കാശില്ല എന്ന് പറഞ്ഞു. ഫിഫയും ബ്രസീലും ടിക്കറ്റ് അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞു. പിന്നെ പറഞ്ഞു ഷൂ ഇടാതെ കളിക്കാന്‍ സമ്മിതിക്കില്ലെന്നുള്ള നിയമം കാരണമാണ് പോകാഞ്ഞതെന്നും.’
‘ഹ..ഹ.. ശരിയായിരിക്കാം.. ഷൂ ഇടാതെയാണ് വലിയ ടൂര്‍ണ്മെന്റുപോലും അന്ന് കളിച്ചിരുന്നത്. നല്ല ഫുട്ബാള്‍ ഷൂവൊക്കെ നമുക്ക് അപ്രാപ്യമായിരുന്നു.’
‘ശരിയാണ്.. പിന്നെ കേട്ടു വേണ്ടത്ര തയ്യാറെടുപ്പും ആരെയൊക്കെ അയക്കണമെന്ന തീരുമാനമില്ലായ്മയുമായിരുന്നു കാരണങ്ങള്‍ എന്ന്’
‘നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് വേറെ ചില താല്പര്യങ്ങളായിരുന്നല്ലോ അന്ന്..’
‘അല്ല.. സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷം പിന്നിട്ടിട്ടല്ലേ ഉണ്ടായിരുന്നുള്ളു. അത്തരം ചിന്തകള്‍ അന്ന് ഉണ്ടായില്ലെന്ന് കരുതാം’
ബഷീറിനോട് നമ്പര്‍ വാങ്ങി വിളിക്കാം എന്ന് പറഞ്ഞു ഞാന്‍ വാഹനത്തില്‍ കയറി. മാനാഞ്ചിറ ചുറ്റുമ്പോള്‍ മേഴ്സി എന്ന മെസ്സിയെക്കണ്ടു ചിരി വന്നു.
ഫുട്‌ബോള്‍ മലയാളിയുടെ രക്തത്തില്‍ ഇല്ലെങ്കിലും കളിയിലെ നര്‍മ്മത്തിന്റെ സുതാര്യ രേണുക്കള്‍ നമ്മളില്‍ അങ്ങിങ്ങ് ചിതറി കിടപ്പുണ്ട്.
2018 ല്‍ ഇത്രയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ല അന്നതിനെ കുറിച്ച് വലിയ ചര്‍ച്ചയായി. കോര്‍പ്പറേഷനും പഞ്ചായത്തും ഇതിനു നികുതി ചുമത്തണം എന്നുവരെ ചര്‍ച്ച പോയി. ഉപയോഗിച്ച ഫ്‌ളക്‌സുകള്‍ സ്വീകരിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ഫ്‌ളക്‌സ് ബാങ്ക് തുറന്നു. ആ ബാങ്ക് പൂട്ടിപ്പോയോ എന്തോ?
വന്‍ തുക കൊടുത്ത് ഒരു സംഘം കളി അമര്‍ന്നിരുന്ന് കാണാന്‍ ഒരു വീട് വരെ വാങ്ങിച്ചിട്ടു.
എന്തായാലും നമ്മള്‍ കളി കളിക്കാതെ കളിയില്‍ കാണിക്കുന്ന അമിതോത്സാഹം നമ്മെ എവിടെ കൊണ്ടെത്തിക്കുമോ എന്തോ?
പിശാചിന്റെ തന്ത്രമല്ലെങ്കിലും ഒരു തരം ഭ്രമം കളിഭ്രാന്തന്മാര്‍ക്കുണ്ട്. ലോകത്തെല്ലായിടത്തും അതുണ്ട്.
ഒരിക്കല്‍ ഒരു ലോകകപ്പ് ടൂര്‍ണമെന്റ് നടക്കുകയാണ്. വലിയ വില കൊടുത്ത് ഒരാള്‍ ടിക്കറ്റ് കരസ്ഥമാക്കി. സന്തോഷത്തോടെ ഗാലറിയില്‍ സീറ്റ് കണ്ടെത്തി ഇരുന്നു. കളി തുടങ്ങാറായി. നോക്കുമ്പോള്‍ അടുത്ത സീറ്റ് കാലി. അതിനപ്പുറത്തുള്ള ആളോട് കാര്യം അന്വേഷിച്ചു. അയാള്‍ പറഞ്ഞു ‘അതെന്റെ ഭാര്യയുടെ സീറ്റാണ്. കഴിഞ്ഞ മൂന്ന് വേള്‍ഡ് കപ്പും ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടത്. ഇതും ഒരുമിച്ച് കാണണം എന്ന് അവള്‍ക്ക് വലിയ ആഗ്രഹമായിരുന്നു.’
‘എന്നിട്ട് അവരെവിടെ ?’
‘അവര്‍ മരിച്ചു പോയി’ അത് കേട്ട് ദു:ഖത്തോടെ മറ്റെയാള്‍ ചോദിച്ചു ‘എന്നാലും ഇത്ര വിലയേറിയ സീറ്റ് ഇങ്ങനെ ഒഴിച്ചിടണോ, ബന്ധുക്കളോ സുഹൃത്തുക്കളോ ആര്‍ക്കെങ്കിലും ആ ടിക്കറ്റ് കൊടുക്കാമായിരുന്നില്ലേ?’
ഉത്തരം പൊടുന്നനെ ആയിരുന്നു ‘അതിന് അവരെല്ലാവരും അവളുടെ ഫ്യുണറലിന്, അന്ത്യ കൂദാശയ്ക്ക് പോയിരിക്കയാണല്ലോ’ എന്ന്.
അത്തരത്തിലാണ് ഫുട്ബാള്‍ തമാശകള്‍. ഒന്ന് കൂടി പറഞ്ഞു നിര്‍ത്താം. ബ്രിട്ടനില്‍ പ്രചരിച്ചതാണിത്.
മരണാനന്തരം ഒരാള്‍ സ്വര്‍ഗ്ഗത്തിലെത്തി. സ്വര്‍ഗ്ഗത്തിന്റെ പടിവാതില്‍ക്കല്‍ സെയിന്റ് പീറ്റര്‍.
സെയ്ന്റ് പീറ്റര്‍: ‘നില്‍ക്കൂ കടക്കുന്നതിന് മുന്‍പ് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം.’
‘ചോദിക്കൂ..’ എന്നായി വന്നയാള്‍.
‘നിങ്ങള്‍ ജീവിതത്തില്‍ കാര്യമായ എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ?’
‘ഇല്ല അങ്ങനെ ഒന്നും ഓര്‍മ്മയില്ല.’
‘എന്നാല്‍ കടക്കാന്‍ പറ്റില്ല.. നരകമാണ് നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ളത്.’
‘അയ്യോ അങ്ങനെ പറയരുത്.. ഞാന്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. അതിനാല്‍ ..?’
‘അതുകൊണ്ടു കാര്യമില്ല. ആട്ടെ നിങ്ങള്‍ ധീരമായ വല്ല കാര്യവും ചെയ്തിട്ടുണ്ടോ?’
‘ഉണ്ട്.. അങ്ങുന്നേ .. അതിധീരമായ ഒരു കാര്യം.. ചെയ്തിട്ടുണ്ട്’.
സെയ്ന്റ് പീറ്ററിന് ആകാംക്ഷയായി ‘പറയൂ എന്താണത്?’
‘ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള ഫൈനല്‍ മാച്ച്. റഫറി ഞാനായിരുന്നു. അവസാന നിമിഷം വരെ സമനില. പിന്നെ മാഞ്ചസ്റ്ററിന് അനുകൂലമായി ഒരു പെനാല്‍ട്ടി ഞാന്‍ അങ്ങോട്ട് നീട്ടി വിളിച്ചു.’
‘ഭയങ്കര ധൈര്യം തന്നെ. ആട്ടെ ഇത് എപ്പോഴാണ് നടന്നത് ?’ സെയ്ന്റ് പീറ്റര്‍ കൗതുകത്തോടെ ചോദിച്ചു.
‘ഇതാ ഇപ്പൊ, ഒരു മൂന്ന് മിനിറ്റേ ആയുള്ളൂ.’
ശേഷം ചിന്ത്യം.