കേരള ഗവര്‍ണ്ണറെ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ ഗവര്‍ണ്ണര്‍ക്ക് നല്‍കി എന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണറുടെ ഓഫീസും അധികാരങ്ങളും എന്തൊക്കെയാണെന്ന് വ്യാപകമായി ചര്‍ച്ചയായിരിക്കുകയാണ്.
ഗവര്‍ണ്ണറുടെ ഓഫീസ്
ഭരണഘടനയുടെ 153 മുതല്‍ 163 വരെയുള്ള അനുച്ഛേദങ്ങള്‍ ഗവര്‍ണ്ണറെക്കുറിച്ച് പ്രതിപാദിക്കുന്നു. ഓരോ സംസ്ഥാനത്തിനും ഒരു ഗവര്‍ണ്ണര്‍ ഉണ്ടായിരിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ നിര്‍വ്വാഹകാധികാരം ഗവര്‍ണ്ണറില്‍ നിക്ഷിപ്തമായിരിക്കും. ഭരണഘടനയനുസരിച്ച് അദ്ദേഹം നേരിട്ടോ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാര്‍ മുഖേനയോ തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന നിര്‍വ്വാഹകാധികാരം പ്രയോഗിക്കേണ്ടതുമാകുന്നു. രാഷ്ട്രപതിയാണ് അദ്ദേഹത്തിന്റെ കയ്യൊപ്പും മുദ്രയും വച്ച അധികാരപത്രം വഴി ഗവര്‍ണ്ണറെ നിയമിക്കുന്നത്. ഗവര്‍ണ്ണര്‍ തന്റെ ഉദ്യോഗത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ആ സംസ്ഥാനത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുന്‍പാകെ പ്രതിജ്ഞ ചെയ്ത് ഒപ്പു വയ്‌ക്കേണ്ടതുമാകുന്നു.
മന്ത്രിസഭ
ഭരണഘടനയുടെ 163, 164 വകുപ്പുകള്‍ സംസ്ഥാന മന്ത്രിസഭയെക്കുറിച്ച് പ്രതിപാദിക്കുന്നു. 163(1) പ്രകാരം ”ഈ ഭരണഘടനയാലോ, ഭരണഘടനാപ്രകാരമോ ഗവര്‍ണ്ണര്‍ സ്വവിവേകം ഉപയോഗിച്ച് നിര്‍വ്വഹിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ അദ്ദേഹത്തെ സഹായിക്കുന്നതിനും ഉപദേശിക്കുവാനും മുഖ്യമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭ ഉണ്ടായിരിക്കേണ്ടതാണ്”.
”ഏതെങ്കിലും ഒരു വിഷയം ഈ ഭരണഘടനയാലോ, ഭരണഘടനാപ്രകാരമോ ഗവര്‍ണ്ണര്‍ സ്വവിവേകം ഉപയോഗിച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഒരു വിഷയമാണോ എന്ന പ്രശ്‌നം വന്നാല്‍ ഗവര്‍ണ്ണര്‍ സ്വവിവേകം ഉപയോഗിച്ച് ചെയ്യുന്ന തീരുമാനം അന്തിമമായിരിക്കും; ഗവര്‍ണ്ണര്‍ ചെയ്യുന്ന എന്തിന്റെയെങ്കിലും സാധുത അദ്ദേഹം സ്വവിവേകം ഉപയോഗിച്ച് ചെയ്യേണ്ടിയിരുന്നു എന്നോ ഇല്ലെന്നോ ഉള്ള കാരണത്തിന്മേല്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമാകുന്നു.”
അതായത് ഗവര്‍ണ്ണറുടെ മുന്‍പാകെ വരുന്ന ചില വിഷയങ്ങളില്‍ ഭരണഘടനാദത്തമായ വിവേചനാധികാരം ഉപയോഗിച്ച് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത നിലപാടുകള്‍ എടുക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരം നല്‍കുന്നതാണ്. 163-ാം വകുപ്പ്.
ഗവര്‍ണ്ണറും നിയമനിര്‍മ്മാണ നടപടി ക്രമവും
അനുച്ഛേദം 200 പ്രകാരം ഒരു ബില്‍ സംസ്ഥാന നിയമനിര്‍മ്മാണ സഭ പാസ്സാക്കിയാല്‍ ആ ബില്ല് ഗവര്‍ണ്ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതാണ്. ബില്ല് ഗവര്‍ണ്ണറുടെ മുന്‍പാകെ വന്നാല്‍ അദ്ദേഹത്തിന് താഴെപ്പറയുന്ന നാല് വഴികളില്‍ ഒന്ന് സ്വീകരിക്കാം.
1. ബില്ലിന് അനുമതി നല്‍കല്‍.
2. ബില്ലിന് അനുമതി നല്‍കാതിരിക്കല്‍.
3. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കല്‍.
4. പണ ബില്‍ അല്ലാത്ത ഏതെങ്കിലും ബില്ല് ചില നിര്‍ദ്ദേശങ്ങളോടെ നിയമസഭയിലേക്ക് തിരിച്ചയയ്ക്കല്‍.
ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള ഗവര്‍ണ്ണറുടെ അധികാരം
”ഒരു സംസ്ഥാനത്തിന്റെ നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോളൊഴികെ അല്ലെങ്കില്‍ ഒരു സംസ്ഥാനത്ത് നിയമസമിതി ഉള്ളിടത്ത് നിയമനിര്‍മ്മാണ മണ്ഡപത്തിന്റെ ഇരുസഭകളും സമ്മേളനത്തിലായിരിക്കുമ്പോളൊഴികെ ഏതെങ്കിലും സമയത്ത് സത്വരനടപടിയെടുക്കുന്നത് ആവശ്യമായിത്തീര്‍ന്നിരിക്കുന്ന പരിതഃസ്ഥിതികള്‍ ഉണ്ടെന്ന് ഗവര്‍ണ്ണര്‍ക്ക് ബോദ്ധ്യമാകുന്നുവെങ്കില്‍ ആ പരിതഃസ്ഥിതികള്‍ ആവശ്യപ്പെടുന്നുവെന്ന് തനിക്ക് തോന്നുന്ന അങ്ങനെയുള്ള ഓര്‍ഡിനന്‍സുകള്‍ അദ്ദേഹത്തിന് പ്രഖ്യാപിക്കാവുന്നതാണ്.” അനുച്ഛേദം 213 പ്രകാരം ചില പരിധികള്‍ക്ക് വിധേയമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം ഗവര്‍ണ്ണര്‍ക്കുണ്ട്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കത്തക്ക സ്ഥിതി സംജാതമായിട്ടുണ്ടെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണ്ണര്‍ മാത്രമാണ്.
സര്‍വ്വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണ്ണറെ നീക്കം ചെയ്യുന്നതിനുള്ള ഓര്‍ഡിനനന്‍സ് ഇറക്കാന്‍ മന്ത്രിസഭ ഗവര്‍ണ്ണര്‍ക്കു നല്‍കിയ ശുപാര്‍ശയുടെ പശ്ചാത്തലം പ്രസക്തമായതാണ്. യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഏത് വൈസ് ചാന്‍സലര്‍ നിയമനവും അതിന്റെ തുടക്കം മുതല്‍ക്കുതന്നെ അസാധുവാണെന്നാണ് സുപ്രീംകോടതി വിധി. അത് നടപ്പില്‍ വരുത്തുന്ന പ്രക്രിയയ്ക്കിടയിലാണ് ഓര്‍ഡിനന്‍സിറക്കാനുള്ള ശുപാര്‍ശ വരുന്നത്. അനുച്ഛേദം 141 പ്രകാരം സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം ഭാരതത്തിന്റെ ഭൂപ്രദേശത്തില്‍ എല്ലായിടത്തും ബാധകമാണ്. ചാന്‍സലര്‍ എന്ന പദവിയിലിരുന്നുകൊണ്ട് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെടുന്നതിനായി ഏതു തരത്തിലുമുള്ള ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തക്ക പരിതഃസ്ഥിതി സംജാതമായിട്ടുണ്ടോയെന്ന് തീരുമാനിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്. അത് അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്. അപ്രകാരമുള്ള ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത് തന്റെ ‘കഴിവിന്റെ പരമാവധി ഭരണഘടനയെയും നിയമത്തേയും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും പാലിക്കുകയും’ ചെയ്യുമെന്ന പ്രതിജ്ഞാപാലനത്തെ ബാധിക്കുന്നതെന്നുതോന്നുന്ന പക്ഷം ഓര്‍ഡിനന്‍സിനുള്ള ശുപാര്‍ശയില്‍ നടപടിയെടുക്കാതെയിരിക്കാം. ഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഓര്‍ഡിനന്‍സിനായുള്ള ശുപാര്‍ശയില്‍ പരാമര്‍ശിതന്‍ ഗവര്‍ണര്‍ തന്നെയെങ്കിലും സ്വന്തം കേസില്‍ സ്വയം വിധികര്‍ത്താവാകാതെയിരിക്കാന്‍ ഓര്‍ഡിനന്‍സിനുള്ള ശുപാര്‍ശ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാന്‍ ഗവര്‍ണ്ണര്‍ക്ക് വിവേചന അധികാരമുണ്ട്.
അവലംബം
1. ഭാരതത്തിന്റെ ഭരണഘടന (ദ്വിഭാഷാ പതിപ്പ്)prepared by Official Language (Legislative) Commission, Kerala and approved by the official Language wing of Ministry of Law and Justice-2007.
2. ഭരണഘടനയ്ക്ക് ഒരു ഭാഷ്യം (രണ്ടാം പതിപ്പ്) ഇ.കെ. കൃഷ്ണനെഴുത്തച്ഛന്‍.