പാണ്ഡവര്‍ ദൈവീസമ്പത്തുള്ളവരാണെന്നും ദുര്യോധനാദികള്‍ ആസുരീ സമ്പത്തിന്റെ മാനുഷാകാരങ്ങളാണെന്നും വ്യാസന്‍ തന്നെ പറഞ്ഞു വച്ചിട്ടുള്ളത് നാം കേട്ടു. എങ്കിലും പാണ്ഡവ കൗരവന്മാരോടൊപ്പം സേനാവ്യൂഹത്തില്‍ നില്‍ക്കുന്നവരെല്ലാം പൂര്‍ണ്ണമായും അങ്ങനെയല്ലെന്നുള്ള കാര്യവും കൃഷ്ണദ്വൈപായനന്‍ കാണിച്ചു തന്നിട്ടുണ്ട്. ആസുരീസമ്പത്തും ദൈവീസമ്പത്തും അവരിലെല്ലാം പല അളവുകളിലും പല പ്രകാരങ്ങളിലും കൂടിക്കലര്‍ന്നിരിക്കുന്നു. ശ്രദ്ധയാണ് അവരെ പാണ്ഡവപക്ഷത്തോ കൗരവപക്ഷത്തോ എത്തിച്ചത്. സമ്പത് സ്വരൂപം ഏതുതന്നെയാകിലും യുധിഷ്ഠിരനില്‍ അഥവാ ധര്‍മ്മത്തില്‍ ശ്രദ്ധയുള്ളവര്‍ പാണ്ഡവപക്ഷത്തും ദുര്യോധനനില്‍ ശ്രദ്ധയുള്ളവര്‍ കൗരവപക്ഷത്തും കൂടി. രാജസതാമസശ്രദ്ധകളുണ്ടായിരുന്നവര്‍ തനിക്കിഷ്ടമില്ലാത്തയാളിന്റെ ശത്രുപക്ഷത്തു ചേര്‍ന്നു. സാത്വികരാജസശ്രദ്ധാലുക്കളുടെ കൂട്ടത്തില്‍ കര്‍ത്തവ്യത്തില്‍ മനസ്സര്‍പ്പിച്ചവര്‍ അതിനനുസരിച്ച് തന്റെ പക്ഷം തിരഞ്ഞെടുത്തു. ശ്രദ്ധാത്രയ വിഭാഗയോഗം പറയുന്നത് കേള്‍ക്കുക.
സത്വാനുരൂപാ സര്‍വസ്യ
ശ്രദ്ധാഭവതിഭാരത
ശ്രദ്ധാമയോƒയം പുരുഷോ
യോയച്ഛ്രദ്ധഃ സ ഏവസഃ (ഗീത 17-3)
ഓരോരുത്തരുടെയും ശ്രദ്ധ മാനസിക ഘടനക്ക് അനുസൃതമായിരിക്കുന്നു. ജീവാത്മാവ് ശ്രദ്ധാരൂപിയാണ്. ശ്രദ്ധയാണ് മനുഷ്യന്‍. ഓരോരുത്തരുടെയും ശ്രദ്ധാസ്വരൂപവും ശ്രദ്ധ രൂപപ്പെട്ടു വന്ന മനശ്ശാസ്ത്ര സാഹചര്യവും കഥകളിലൂടെ ദര്‍ശിക്കാം. മാദ്രീസഹോദരനാകയാല്‍ പാണ്ഡവരെ സഹായിക്കാന്‍ പുറപ്പെട്ട ശല്യര്‍ക്ക് സസൈന്യം കൗരവപക്ഷത്തില്‍ ചേരേണ്ടിവന്നതും തന്നെ ക്ഷണിക്കാന്‍ ആദ്യമെത്തിച്ചേര്‍ന്ന ദുര്യോധനനെ തന്ത്രപൂര്‍വ്വം ഒഴിവാക്കി കൃഷ്ണന്‍ പാണ്ഡവപക്ഷത്തു കൂടിയതുമെല്ലാം ഭഗവദ്ഗീതയുടെ 17-ാം അദ്ധ്യായത്തിന്റെ നാടകീയ ദൃശ്യവല്‍ക്കരണങ്ങളാണ്. (മഹാഭാരതം ഉദ്യോഗപര്‍വം നോക്കുക). സാത്വികീശ്രദ്ധയും കൃഷ്ണനോട് ആദരവും പാണ്ഡവരോട് വാത്സല്യവും ഉണ്ടായിരുന്നിട്ടും കൗരവപക്ഷത്തിന്റെ സൈന്യാധിപത്യം ഏറ്റെടുക്കേണ്ടി വന്ന ഭീഷ്മന്‍ ദൈവീസമ്പത്തിന്റെ വേറൊരു മുഖമായിരുന്നു. യുദ്ധത്തിന്റെ പത്താം ദിവസം അദ്ദേഹം ശരശയ്യയിലേയ്ക്ക് വിരമിച്ചതിനു ഹേതുവും വേറൊന്നല്ല.
ശ്രദ്ധ സാത്വികമായാല്‍ ലോകഹിതകരമായ ധര്‍മ്മത്തിലേക്കു മാത്രമേ മനസ്സു ചെല്ലൂ. യുധിഷ്ഠിരനില്‍ ശ്രദ്ധയൂന്നിയ പാണ്ഡവപ്പടയിലെ യോദ്ധാക്കള്‍ക്ക് സ്വന്തം നേട്ടങ്ങളെപ്പറ്റി ചിന്തയുണ്ടാകാത്തത് അതുകൊണ്ടാണ്. കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍വസൈന്യാധിപന്റെ കല്‍പനകളെ നടപ്പിലാക്കുന്നതിനപ്പുറം മറ്റൊന്നിനും അവരുടെ മനസ്സില്‍ പ്രവേശനം കിട്ടിയില്ല. സൈനികരുടെ സംഖ്യയും മഹാരഥന്മാരുടെ എണ്ണവും താരതമ്യേന കുറവായിരുന്നിട്ടു കൂടി ഒരൊറ്റ ശരീരവും ഒറ്റ മനസ്സും പോലെ പ്രവര്‍ത്തിച്ച ആ ഏഴ് അക്ഷൗഹിണികള്‍ വിജയം കൈവരിച്ചു. എന്നാല്‍ ഏറെ മഹാരഥന്മാരും പതിനൊന്ന് അക്ഷൗഹിണികളുമുണ്ടായിരുന്നിട്ടും കൗരവപ്പടയെ കാത്തിരുന്നത് പതനമാണ്. രാജസതാമസഗുണപ്രഭാവന്മാരും ആസുരീസമ്പത്ത് വര്‍ദ്ധിച്ചവരും അതിനനുരൂപമായ ശ്രദ്ധ ഉദിച്ചവരുമായിരുന്നു അക്കൂട്ടത്തില്‍ സിംഹഭാഗം. തൊഴുത്തില്‍ക്കുത്തിനല്ലാതെ ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ ഈ സ്വഭാവ വിശേഷങ്ങള്‍ അവരെ അനുവദിച്ചില്ല. പോരാത്തതിന് ഭൗതികബന്ധനങ്ങളില്‍പ്പെട്ട് കൗരവപക്ഷത്തു നില്‍ക്കാന്‍ നിര്‍ബന്ധിതരായ ഭീഷ്മദ്രോണശല്യാദികള്‍ മനസ്സുകൊണ്ട് പാണ്ഡവപക്ഷത്തായിരുന്നു. ദുര്യോധനന്റെ പ്രിയസഖനെന്നു പ്രസിദ്ധനായ കര്‍ണ്ണനു പോലുമുണ്ടായിരുന്നു യുധിഷ്ഠിരാഭിമുഖ്യം.
സ ഏവ രാജാ ധര്‍മ്മാത്മാ ശാശ്വതോƒസ്തു യുധിഷ്ഠിരഃ
നേതായസ്യഹൃഷീകേശോ യോദ്ധായസ്യധനഞ്ജയഃ (ഉദ്യോഗപര്‍വം 139-23)
സ്വന്തം അജണ്ടകളില്‍ ഏവരും മുറുകെപ്പിടിച്ചപ്പോള്‍ ദുര്യോധനപതനം അനിവാര്യമായിത്തീര്‍ന്നു. കര്‍ണ്ണാര്‍ജ്ജുനന്മാരുടെ ദ്വൈരഥവേളയില്‍ കര്‍ണ്ണരഥത്തിലെ കലഹവും അര്‍ജ്ജുനരഥത്തിലെ ഐക്യവും ആസുരവും ദൈവീകവുമായ ശ്രദ്ധകള്‍ക്ക് വ്യാസന്‍ നല്‍കിയ കഥാരൂപമാണ്. സ്വന്തം തേരാളിയും വിജയത്തിന്റെ മഹാശില്‍പിയുമായ കൃഷ്ണനെ അര്‍ജ്ജുനന്‍ നേടിയെടുത്തത് സാത്വികീശ്രദ്ധയും ദൈവീസമ്പദ്‌സമൃദ്ധിയും കൊണ്ടാണെന്ന യാഥാര്‍ത്ഥ്യവും വ്യാസന്‍ ആദിപര്‍വം മുതല്‍ക്കേ വരച്ചു വച്ചിരിക്കുന്നു.
കോലാഹലമയമായ ഈ മഹാഭാരത പ്രപഞ്ചവൃക്ഷത്തിന്റെ ശിഖരങ്ങള്‍ വ്യാപകമായി പടര്‍ന്നു കിടക്കുന്നത് താഴെയാണെങ്കിലും എല്ലാറ്റിനുമാധാരമായ നാരായവേരും അതിന്റെ ഉപവേരുകളും നിശ്ചലമായി ഉറച്ചു നില്‍ക്കുന്നത് മുകളിലാണ്.
ഊര്‍ദ്ധ്വമൂലമധഃ ശാഖം
അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യപര്‍ണ്ണാനി
യസ്തം വേദ സ വേദവിത് (ഗീത 15-1_
എല്ലാ പ്രപഞ്ചപദാര്‍ത്ഥങ്ങള്‍ക്കുള്ളിലും പുറത്തും വ്യാപിച്ച് സര്‍വോപരി സ്ഥിതി ചെയ്യുന്ന പ്രപഞ്ചാധാരമാണ് പുരുഷോത്തമന്‍. അതാണ് ഭഗവദ്ഗീതയുടെയും ഈ ലേഖനത്തിന്റെയും തുടക്കത്തിലേ പ്രതിപാദിച്ച സാംഖ്യബുദ്ധി. അതു തന്നെയാണ് മഹാഭാരതേതിഹാസത്തിലെ കൃഷ്ണനെന്നും വിശദമാക്കി. ഭഗവദ്ഗീതയിലെ പതിനെട്ടദ്ധ്യായങ്ങളിലും മുഖ്യമായി വര്‍ണ്ണിക്കപ്പെടുന്നത് പരബ്രഹ്‌മസ്വരൂപനായ വാസുദേവ കൃഷ്ണനാണ്. പല തലങ്ങളില്‍ നിന്ന് പരിചയപ്പെടുത്തിയിരിക്കുന്നതിനാല്‍ കൃഷ്ണനെപ്പറ്റി വിപുലധാരണ ലഭിക്കാന്‍ അത് പര്യാപ്തമായിത്തീരുന്നു. നിര്‍ഗ്ഗുണനും നിരാകാരനുമായ ആ പരമാത്മാവാണ് ഘോരതമമായ കുരുക്ഷേത്രയുദ്ധമാകുന്ന നദിയില്‍ അപകടം പിണയാതെ ധര്‍മ്മസ്വരൂപരായ പാണ്ഡവരെ വിജയതീരത്തെത്തിച്ചത്. മഹാഭാരതത്തിലെ ആദിപര്‍വം മുതല്‍ പതിനാറാമത്തെ മൗസലപര്‍വം വരെ പ്രത്യക്ഷമായും മഹാപ്രസ്ഥാനിക സ്വര്‍ഗ്ഗാരോഹണ പര്‍വങ്ങളില്‍ ഇന്ദ്രിയ പ്രത്യക്ഷമല്ലെങ്കിലും സര്‍വത്ര നിറഞ്ഞും കൃഷ്ണന്‍ വിളങ്ങുന്നു. മഹാരഥന്മാര്‍ അസംഖ്യം പേര്‍ അണിനിരന്നിട്ടും സൂര്യനു ചുറ്റും ഗ്രഹങ്ങളെന്ന പോലെ മഹാഭാരതത്തിലെ സര്‍വവും അനുസരണയോടെ പ്രദക്ഷിണം വച്ചത് കൃഷ്ണനെന്ന യോഗേശ്വര വ്യക്തിത്വത്തെയാണ്. വിഭൂതിയോഗത്തില്‍ അദ്ദേഹം പറയുന്നത് കേള്‍ക്കുക.
അഹമാത്മാ ഗുഡാകേശ
സര്‍വ ഭൂതാശയ സ്ഥിതഃ
അഹമാദിശ്ച മദ്ധ്യം ച
ഭൂതാനാമന്ത ഏവച ഗീത (10-20)
‘അല്ലയോ അര്‍ജ്ജുനാ എല്ലാ പ്രപഞ്ച ഘടകങ്ങളുടെയും ഉള്ളിലിരിക്കുന്നത് ഞാനാണ്. എല്ലാം എന്നിലുണ്ടാകുന്നു, എന്നില്‍ നിലനില്‍ക്കുന്നു, എന്നില്‍ത്തന്നെ ലയിക്കുന്നു’. എതിരാളികളെല്ലാം കൃഷ്ണനു മുന്നില്‍ നിസ്‌തേജരായിത്തീരുന്നതിനു കാരണം ഇവിടെ വ്യക്തമാകുന്നുണ്ട്.
സര്‍വത്ര നിറഞ്ഞുനില്‍ക്കുന്ന കൃഷ്ണനാകുന്ന പരമാത്മാവില്‍ മാറ്റങ്ങളൊന്നുമുണ്ടാകുന്നില്ല. നിശ്ചലമായ പരമചൈതന്യത്തില്‍ അദ്ദേഹത്തിന്റെ തന്നെ ശക്തിയായ മൂലപ്രകൃതി പ്രവര്‍ത്തിച്ചിട്ട് പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ ഉല്‍പത്തി സ്ഥിതിവിനാശങ്ങള്‍ തോന്നിക്കുക മാത്രമാണ് ചെയ്യുന്നത്. രാജവിദ്യാരാജഗുഹ്യയോഗത്തില്‍ അദ്ദേഹം പറയുന്നു.
മയാദ്ധ്യക്ഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതുനാനേന കൗന്തേയ
ജഗദ് വിപരിവര്‍ത്തതേ. (ഗീത 9-10)
”സാന്നിദ്ധ്യം കൊണ്ടനുഗ്രഹിക്കുന്ന എന്നെ അവലംബിച്ചുകൊണ്ട് എന്റെ ശക്തിയായ മായ പ്രപഞ്ചപദാര്‍ത്ഥങ്ങളെയെല്ലാം പ്രസവിക്കുന്നു. എന്റെ സാന്നിദ്ധ്യവും പ്രകൃതിയുടെ പ്രവര്‍ത്തനവും മൂലം ലോകം ഇങ്ങനെ ഉണ്ടാവുകയും മറയുകയും ചെയ്തുകൊണ്ടിരിക്കുന്നു’. കൃഷ്ണശബ്ദത്തിനര്‍ത്ഥം പരബ്രഹ്‌മമെന്നാണ്. വ്യാസന്‍ കാണിച്ചു തരുന്ന കൃഷ്ണരൂപം നിര്‍ഗ്ഗുണ നിരാകാരത്തിന്റെ സഗുണ സാകാരത്വവുമായിരിക്കുന്നു. പാഞ്ചാലീ സ്വയംവരം കൃഷ്ണ സാന്നിദ്ധ്യത്തിലാണ് നടന്നത്. യുധിഷ്ഠിര ദിഗ്വിജയം നടന്നതും വാസുദേവ സാന്നിദ്ധ്യത്തില്‍. രാജസൂയയജ്ഞം ഇന്ദ്രപ്രസ്ഥത്തില്‍ യുധിഷ്ഠിരന്‍ നടത്തിയതും കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍. മഹാഭാരതയുദ്ധത്തില്‍ പാണ്ഡവര്‍ ജയിച്ചതും അങ്ങനെ തന്നെ. മഹാരഥന്മാര്‍ ആയുധങ്ങളേന്തി പടക്കളങ്ങളെ പൊടിക്കുമ്പോള്‍ ചമ്മട്ടിയേന്തി തേരു തെളിക്കാനും കുതിരകളെ ശുശ്രൂഷിക്കാനുമൊക്കെയാണ് അദ്ദേഹം സമയം ചിലവാക്കിയത്. ഭൗതികദൃഷ്ട്യാ പറയത്തക്ക ജോലികളൊന്നും ചെയ്യുന്നതായി മഹാഭാരതത്തില്‍ കാണുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ വരുതിയിലാണ് സര്‍വപ്രപഞ്ചവുമെന്നതും മഹാഭാരതം വ്യക്തമാക്കിത്തരുന്നു. ആസുരീശക്തികളുടെ സകല പ്രയത്‌നങ്ങളും തകര്‍ന്നു വീഴുന്നത് ആ മായാഗോപാലകനു മുന്നില്‍. ഗീതയില്‍ വ്യാസന്‍ പ്രകാശിപ്പിച്ച പരബ്രഹ്‌മതത്ത്വം മുഴുവന്‍ മഹാഭാരത കൃഷ്ണനില്‍ കാണാം. ഈ വിധത്തില്‍ നിര്‍ഗ്ഗുണ നിരാകാര ബ്രഹ്‌മത്തിന്റെ സഗുണസാകാരാവിഷ്‌കരണം കൃഷ്ണദ്വൈപായനനു മാത്രമേ സാധിക്കുകയുള്ളൂ. പരമാത്മാവിന്റെ അവതാരമാണ് അഥവാ പരമാത്മസ്വരൂപനാണ് കൃഷ്ണദ്വൈപായനന്‍. പരമാത്മാവു തന്നെയാണ് വാസുദേവ കൃഷ്ണന്‍.
വ്യാസായ വിഷ്ണു രൂപായ
വ്യാസരൂപായ വിഷ്ണവേ
നമോ വൈ ബ്രഹ്‌മനിധയേ
വാസിഷ്ഠായ നമോ നമഃ
എന്ന് ആചാര്യ പരമ്പര പ്രകീര്‍ത്തിച്ചത് വെറുതെയല്ല. വേദാന്തശാസ്ത്രത്തിനും വ്യാസന്റെ ബ്രഹ്‌മപദവി സമ്മതമാണ്. ബ്രഹ്‌മത്തെ അറിഞ്ഞവന്‍ ബ്രഹ്‌മം തന്നെ ആയിത്തീരുന്നു എന്നാണ് ഭാരതീയ പരമ്പരയുടെ അചഞ്ചലമായ സിദ്ധാന്തം. വേദവ്യാസന്‍ ബ്രഹ്‌മജ്ഞാനിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതുതന്നെയാണ് അദ്ദേഹം ബ്രഹ്‌മം തന്നെയാണെന്നതിനും തെളിവ്.
പരമാത്മാവിനെപ്പറ്റിയും മൂലപ്രകൃതിയെപ്പറ്റിയും ഭഗവദ്ഗീതയില്‍ പറഞ്ഞുവച്ചിട്ടുള്ള തത്ത്വങ്ങളെല്ലാം മഹാഭാരതത്തിലെ ധര്‍മ്മാര്‍ത്ഥകാമമോക്ഷ പ്രതിപാദകമായ കഥകളുടെ നിര്‍മ്മിതിക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ലോകത്തിനു മുഴുവന്‍ പിതാവ് പരമാത്മാവും മാതാവ് മൂലപ്രകൃതിയുമാണെന്ന ഗീതാവാക്യമാണ് മഹാഭാരതത്തില്‍ നിയോഗകഥയായി പ്രകടമാകുന്ന തത്ത്വം.
സര്‍വയോനിഷു കൗന്തേയ
മൂര്‍ത്തയഃ സംഭവന്തിയാഃ
താസാം ബ്രഹ്‌മ മഹദ് യോനിഃ
അഹം ബീജപ്രദഃ പിതാ (ഗീത 14-4)
പ്രപഞ്ചത്തിലുള്ള സമസ്തരൂപങ്ങള്‍ക്കും ബീജം പ്രദാനം ചെയ്യുന്ന പിതാവ് ഞാനാണെന്ന് ഗുണത്രയ വിഭാഗയോഗത്തില്‍ ഭഗവദ് വചനം. ലോകം ഒരു കുടുംബമാണെന്ന വസ്തുതയെ വ്യഞ്ജിപ്പിച്ചുകൊണ്ട് യുദ്ധങ്ങളുടെ അര്‍ത്ഥശൂന്യതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന ഈ ദര്‍ശനത്തിന് ഇതിഹാസത്തിലുള്ള പ്രാധാന്യം നിസ്സാരമല്ല. കാലം കൊണ്ടും ദേശം കൊണ്ടും നരവംശ വിജ്ഞാന വ്യവസ്ഥ കൊണ്ടും എത്ര ദൂരങ്ങളിലായിരുന്നാലും വിശ്വകുടുംബദര്‍ശനത്തിന് ഭംഗം വരികയില്ല. ഭൗതികശരീരത്തെ ആസ്പദമാക്കിയാണ് മാതാപിതാക്കളെ സാധാരണയായി മനുഷ്യര്‍ നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ മാതാപിതാക്കള്‍ അവരല്ല മൂലപ്രകൃതിയും പരമാത്മാവുമാണ് എന്നു തിരിച്ചറിയണമെങ്കില്‍ ഉപനിഷത്തോ ഗീതാ ശാസ്ത്രമോ പഠിക്കണം. പ്രപഞ്ച മാതാപിതാക്കളായ അവര്‍ എവിടെയും എക്കാലവും ഒന്നു തന്നെ. അതാണ് ലോകം ഒരു കുടുംബമാണെന്ന ദര്‍ശനത്തിനാസ്പദം. ഭൗതിക ജഗത്തിലെ മാതാപിതാക്കള്‍ മക്കളുടെ ശരീരം സൃഷ്ടിച്ചവരല്ല. ശരീര സൃഷ്ടി അവരിലൂടെ സംഭവിക്കുന്നു എന്നു മാത്രമേയുള്ളൂ. ശരീര നിര്‍മ്മിതി നടത്തുന്നത് പുരുഷനും പ്രകൃതിയുമാണ്. അണുവിനെക്കാള്‍ അണുവായ പുരുഷന്‍ അഥവാ ആത്മാവും മൂലപ്രകൃതിയും ഒത്തിരിക്കുന്നത് ഇന്ദ്രിയഗ്രാഹ്യമല്ല. അതിനാല്‍ ജീവരാശികള്‍ പുരുഷനെ തിരിച്ചറിയാറില്ലെന്നു മാത്രം. പകരം സ്ഥൂലശരീരത്തില്‍ പിതൃത്വ മാതൃത്വാദികള്‍ ആരോപിച്ച് മിഥ്യാഭിമാനത്തിന്റെ കന്മതിലുകള്‍ ചുറ്റിനും സൃഷ്ടിച്ച് പരസ്പരം മത്സരിക്കുന്നു. അത്യന്തം നാടകീയമായാണ് വ്യാസന്‍ ഈ ഗീതാ ദര്‍ശനത്തെ കഥയാക്കിയിരിക്കുന്നത്.
ചന്ദ്രവംശജനായ ശന്തനുവിന്റെ മകനായി ഹസ്തിനപുരം വാണ വിചിത്രവീര്യന്‍ മരിച്ചത് മക്കളില്ലാതെയായിരുന്നു. വംശം അന്യം നിന്നു പോകുമെന്നു ഭയപ്പെട്ട രാജമാതാവായ സത്യവതി വിചിത്രവീര്യന്റെ പത്‌നിമാരായ അംബികയെയും അംബാലികയെയും സ്വീകരിക്കാന്‍ ഭീഷ്മനോട് ആവശ്യപ്പെട്ടു. താന്‍ സ്വയം സ്വീകരിച്ച ആജീവനാന്ത ബ്രഹ്‌മചര്യവ്രതം ലംഘിക്കാന്‍ തയ്യാറല്ലാത്ത ഭീഷ്മന്‍ സത്യവതിയുടെ കാനീനപുത്രനായ വ്യാസനെ വരുത്താനാണ് നിര്‍ദ്ദേശിച്ചത്. അങ്ങനെ നടന്ന നിയോഗത്തിന്റെ ഫലമായി ധൃതരാഷ്ട്രന്‍, പാണ്ഡു, വിദുരന്‍ എന്നു മൂന്നു പേര്‍ ജനിച്ചു. അക്കൂട്ടത്തില്‍ ധൃതരാഷ്ട്രനും പാണ്ഡുവും വിചിത്രവീര്യന്റെ പത്‌നിമാരില്‍ ജനിച്ചവരാകയാല്‍ അന്നത്തെ നിയമപ്രകാരം രാജാവിന്റെ മക്കളായി, രാജകുമാരന്മാരായി പരിഗണിക്കപ്പെട്ടു. ആ നിലയ്ക്കാണ് ചന്ദ്രവംശ കിരീടത്തിന് അവര്‍ അര്‍ഹരായിത്തീര്‍ന്നത്. വ്യാസന്റെ പുത്രനായതു കൊണ്ടു കിട്ടുന്നതല്ല ചന്ദ്രവംശത്തിന്റെ കിരീടാവകാശം. വിദുരന് കിരീടാവകാശം ലഭിക്കാത്തത് അതുകൊണ്ടാണ്. വ്യാസന്‍ ആ കുടുംബത്തില്‍ ആരുമല്ല. രാജകുമാരന്മാരുടെ പിതാവെന്ന സ്ഥാനം പോലും അദ്ദേഹത്തിനില്ല. ലോകത്തിന്റെ കണ്മുന്നില്‍ ആ രണ്ടു സഹോദരന്മാര്‍ വിചിത്രവീര്യന്റെ മക്കള്‍. എന്നാല്‍ അവരുടെ യഥാര്‍ത്ഥ ബീജദാതാവ് വിചിത്രവീര്യനല്ല; സത്യവതീ പുത്രനായ വ്യാസനാണെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പ്രപഞ്ചത്തിലെ സമസ്ത ജീവരാശിയുടെയും പിതാവ് ഞാനാണെന്ന ഗീതാ വാക്യത്തിന്റെ (അഹം ബീജപ്രദഃ പിതാ) കഥാരൂപവ്യാഖ്യയാണ് ഈ ആഖ്യാനം. ത്രിഗുണാത്മികയായ മൂലപ്രകൃതിയാണ് അമ്മയെന്നുള്ള വസ്തുതയും ഇക്കഥക്കുള്ളില്‍ തന്നെ ശ്രദ്ധാലുക്കള്‍ക്കു കാണാം.
ധര്‍മ്മത്തിന്റെ പേരില്‍ സത്യവതിയുടെ ആജ്ഞയനുസരിക്കാന്‍ തയ്യാറായ വ്യാസന്‍ താന്‍ നിര്‍ദ്ദേശിക്കുന്ന വ്രതം വിചിത്രവീര്യപത്‌നിമാര്‍ ഒരു വര്‍ഷക്കാലമനുഷ്ഠിച്ച് ശുദ്ധി നേടണമെന്ന് അമ്മയോടാവശ്യപ്പെട്ടു. എന്നാല്‍ അരാജകത്വം നാടിന് ആപത്താകയാല്‍ കാലം വൈകിക്കാനാകില്ലെന്നായിരുന്നു സത്യവതിയുടെ നിലപാട്. വ്രതവിശുദ്ധി കൈവരിച്ചില്ലെങ്കില്‍ അവര്‍ തന്റെ വൈരൂപ്യവും ഗന്ധവും സഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് പോലും സത്യവതിയുടെ തിടുക്കത്തെ ശമിപ്പിച്ചില്ല. വ്യാസന്റെ വൈരൂപ്യത്തില്‍ ഭയന്ന അംബിക കണ്ണുകളടച്ചു കളഞ്ഞു. അംബാലിക വ്യാസനെക്കണ്ട് വിളറിപ്പോയി. യഥാകാലം അംബികയ്ക്കു അന്ധനും അംബാലികയ്ക്കു പാണ്ഡുരോഗം ബാധിച്ചവനുമായ പുത്രന്മാരുണ്ടായി. ധൃതരാഷ്ട്രനും പാണ്ഡുവും. ദുഃഖിതയായ സത്യവതി ഉത്തമസന്താനം കൊതിച്ച് അംബികയെ വീണ്ടും പ്രേരിപ്പിച്ചു. വ്യാസന്റെ വൈരൂപ്യാദികള്‍ ഭയന്ന അംബിക ഒരു ദാസിയെയാണ് ചുമതല ഏല്‍പ്പിച്ചത്. പ്രസന്നമായ മനസ്സോടെ വ്യാസനെ സ്വീകരിച്ച അവള്‍ക്കു വിദുരനെന്നു പേരായി മഹാജ്ഞാനിയായ മകനും പിറന്നു. ഭഗവദ്ഗീതയിലെ അനേകം ശ്ലോകങ്ങളാണ് ഇക്കഥയ്ക്കുള്ളില്‍ അനുരണനം ചെയ്യുന്നത്.
പുരുഷനെന്നും പ്രകൃതിയെന്നും രണ്ടു തത്ത്വങ്ങള്‍ പ്രപഞ്ചപദാര്‍ത്ഥങ്ങളിലെല്ലാമുണ്ട്. പ്രകൃതിയില്‍ നിന്നുണ്ടായ മഹാഭൂതങ്ങള്‍, അഹങ്കാരം, ബുദ്ധി, അവ്യക്തം, പത്ത് ഇന്ദ്രിയങ്ങള്‍, അഞ്ചു വിഷയങ്ങള്‍ മുതലായവ കൂടിച്ചേര്‍ന്ന ശരീരമാണ് ക്ഷേത്രം. എല്ലാ ക്ഷേത്രങ്ങളിലും വസിക്കുന്ന ഏകനായ ആത്മാവ് ക്ഷേത്രജ്ഞന്‍. മഹാഭാരതേതിഹാസത്തിലെ കൃഷ്ണന്‍ ക്ഷേത്രജ്ഞനാണ് എന്നറിഞ്ഞുകൊള്ളണം. ഗീതയിലെ ക്ഷേത്രക്ഷേത്രജ്ഞയോഗത്തില്‍ ഇതിന്റെ സൂക്ഷ്മാംശങ്ങളെല്ലാം ലഭിക്കും. മൂലപ്രകൃതിക്ക് സത്വം രജസ്സ്, തമസ്സ് എന്നു മൂന്നു ഗുണങ്ങളുണ്ട്. അവയാണ് ശരീരത്തില്‍ ആത്മാവിനെ ബന്ധിക്കുന്നത്. (ഗുണത്രയവിഭാഗയോഗം നോക്കുക).
സത്വം രജസ്തമ ഇതി
ഗുണാഃ പ്രകൃതി സംഭവാഃ
നിബദ്ധ്‌നന്തി മഹാബാഹോ
ദേഹേ ദേഹിനമവ്യയം (ഗീത 14-5)
ജീവജാലങ്ങളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും പ്രകൃതി സിദ്ധമായ ത്രിഗുണങ്ങളാകുന്നു. വ്യക്തിത്വം പ്രഭാപൂര്‍ണ്ണമാകണമെങ്കില്‍ വിദ്യാത്മകത്വം അഥവാ സംശുദ്ധിയെ പ്രകൃതി നേടിയെടുക്കണം. അല്ലെങ്കില്‍ അവിദ്യയുടെ വിപരീതഫലങ്ങള്‍ മനുഷ്യനെ പിടികൂടും. ഈ ഗീതാതത്ത്വത്തിനു കഥാരൂപം നല്‍കുന്നതിനു വേണ്ടി അവസരമൊരുക്കുന്നു എന്നതാണ് ശന്തനുവിന്റെ വംശത്തിന്റെ പ്രത്യേകത. കുരുവംശചരിത്രത്തെ അതിനാലാണ് വ്യാസന്‍ ഉപകരണമാക്കിയത്. വിചിത്രവീര്യന്റെ പത്‌നിമാരായ അംബികയും അംബാലികയും യഥാക്രമം തമോഗുണ രജോഗുണങ്ങളുടെ മാതൃകകളായി ഇതിഹാസത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. അംബികയുടെ ദാസിയാണ് സാത്വികഗുണപ്രതീകം. അംബികയും അംബാലികയും വ്രതവിശുദ്ധി നേടണമെന്ന് വ്യാസന്‍ ആവശ്യപ്പെട്ടതിനു കാരണം ഗീതാദര്‍ശനമാണ്. ബീജപ്രദനായ പിതാവ് -വ്യാസന്‍ അഥവാ പരമാത്മാവ് – സത്സന്താനോല്‍പത്തിക്കായി തമോഗുണ രജോഗുണങ്ങള്‍ മനുഷ്യാകൃതി പൂണ്ട വിചിത്ര വീര്യക്ഷേത്രങ്ങളുടെ വിശുദ്ധീകൃതമായ അവസ്ഥ അഥവാ തപോനിഷ്ഠമായ സ്ഥിതി അഥവാ സാത്വിക ഗുണവര്‍ദ്ധന ആവശ്യപ്പെടുന്നു. കഠിന സാധനകള്‍ കൊണ്ടു മാത്രം നേടിയെടുക്കാവുന്നതാണ് പ്രസ്തുത ശുദ്ധീകരണം. അതിനു തയ്യാറല്ലെങ്കില്‍ സംഭവിക്കുന്ന വീഴ്ച അംബികക്കും അംബാലികക്കും പറ്റി. ധര്‍മ്മാധര്‍മ്മങ്ങളുടെ ഏറ്റുമുട്ടലിലൂടെ ഗീതാശാസ്ത്രത്തെ ആവിഷ്‌ക്കരിക്കുന്ന വിപുലമായ ഇക്കഥ മുന്നോട്ടു നയിക്കാന്‍ അത് അനിവാര്യവുമാണ്.
യഥാര്‍ത്ഥത്തില്‍ പരിധികളില്ലാത്ത സൗന്ദര്യത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് വ്യാസന്‍. ബ്രഹ്‌മസ്വരൂപനാണദ്ദേഹമെന്നതു മറക്കരുത്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ സത്യം ശിവം സുന്ദരം. പക്ഷേ അതു കാണാനാകണമെങ്കില്‍ നോക്കുന്നവന്റെ ഉള്ളിലെ ത്രിഗുണങ്ങള്‍ പവിത്രീകൃതമാകണം. അദ്ധ്യാത്മസാധനാരൂപമായ വ്രതമല്ലാതെ അതിനു മറ്റൊരു വഴിയുമില്ല. വിശുദ്ധമായ അന്തഃകരണസ്ഥിതി നേടിയിട്ടില്ലെങ്കില്‍ സൗന്ദര്യത്തിന്റെ സ്ഥാനത്ത് വൈരൂപ്യം അനുഭവപ്പെടും. വ്യാസനെക്കാണുമ്പോള്‍ ഉണ്ടായ പ്രതികരണം അംബിക തമോഗുണപ്രകൃതിയാണെന്നും അംബാലിക രജോഗുണപ്രകൃതിയാണെന്നും വ്യഞ്ജിപ്പിക്കുന്നവയാണ്. അംബിക ഭയന്നു കണ്ണുകളടച്ചതും അംബാലിക ഭയത്താല്‍ വിളര്‍ത്തതും താമസരാജസപ്രകൃതങ്ങളെ കഥയാക്കുന്ന കൃഷ്ണദ്വൈപായന തന്ത്രങ്ങളാകുന്നു. തമോഗുണം വളര്‍ന്നു പുറക്കണ്ണു പോലെ അകക്കണ്ണും ഇരുളടഞ്ഞ ധൃതരാഷ്ട്രര്‍ അംബികയ്ക്കും മൃഗയാദി വ്യസനാസക്തനും പാണ്ഡുരോഗിയുമായ മകന്‍ അംബാലികയ്ക്കും പിറന്നത് മൂലപ്രകൃതിഗുണങ്ങളുടെ കഥാത്മകാവിഷ്‌കൃതിയുമാണ്. അംബികയുടെ ദാസി സാത്വികഗുണസമ്പന്നയായിരുന്നു. അവളുടെ പ്രതികരണങ്ങളിലൂടെ വ്യാസന്‍ അതു വ്യഞ്ജിപ്പിക്കുകയും ചെയ്തു. ബ്രഹ്‌മചൈതന്യം സത്വഗുണത്തോടിണങ്ങി പ്രകാശിച്ചതാണ് യമധര്‍മ്മന്റെ അവതാരമെന്നു പ്രശസ്തനായ മഹാജ്ഞാനി വിദുരന്‍. താമസരാജസ സാത്വിക പ്രകൃതങ്ങളുടെ പ്രത്യേകതകള്‍ ഗുണത്രയവിഭാഗയോഗത്തില്‍ വിശദമായി നിരൂപണം ചെയ്തിട്ടുണ്ട്. ധൃതരാഷ്ട്രന്റെയും പാണ്ഡുവിന്റെയും വിദുരന്റെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ആവിഷ്‌കൃതമാകുമ്പോള്‍ അവ പതിനെട്ടു പര്‍വങ്ങളിലൂടെ നിറയുന്ന മഹാഭാരതകഥയായി വികസിക്കുന്നു. ശകുനിയെയും കര്‍ണ്ണനെയും അനുസരിക്കുന്ന കൗരവന്മാരുടെ അധര്‍മ്മപ്രിയതക്കും ഭീഷ്മരെയും കൃഷ്ണനെയും വിദുരനെയും പിന്‍തുടരുന്ന പാണ്ഡവരുടെ ധര്‍മ്മബുദ്ധിക്കും കാരണമായ ഗീതാതത്ത്വങ്ങളും ഇതോടെ സൂചിതമായി. ഗുണത്രയവിഭാഗയോഗമില്ലാതെ മഹാഭാരതേതിഹാസമില്ലെന്നു വ്യക്തം. വിശദാംശങ്ങള്‍ നേരിട്ടു മനസ്സിലാക്കിക്കൊള്‍ക. ലേഖന വിസ്തൃതി നിയന്ത്രിക്കാന്‍ വിശദീകരിക്കുന്നില്ലെന്നു മാത്രം.
ഓരോ വ്യക്തിയുടെയും സ്വഭാവഘടനയിലന്തര്‍ഭവിച്ച അടിസ്ഥാന ഗീതാദര്‍ശനമാണ് മേല്‍പ്പറഞ്ഞ നിയോഗകഥയിലൂടെ വ്യാസന്‍ മുഖ്യമായി ചിത്രീകരിച്ചത്. അതിനനുസൃതമായ ശരീരഘടനാ തത്ത്വവും ക്ഷേത്രക്ഷേത്രജ്ഞയോഗത്തില്‍ കാണാം. അതിന്റെ കഥാരൂപമാണ് പാണ്ഡവ ജനനഘട്ടത്തില്‍ ചെയ്തു വച്ചിരിക്കുന്നത്.
ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ
ഏതദ് യോ വേത്തി തംപ്രാഹു
ക്ഷേത്രജ്ഞ ഇതി തദ്വിദഃ (ഗീത 13-2)
ശരീരമാണ് ക്ഷേത്രം. അതിനെ അറിയുന്ന ആത്മാവ് ക്ഷേത്രജ്ഞന്‍. മൂലപ്രകൃതിയില്‍ നിന്നുണ്ടായ മഹാഭൂതങ്ങള്‍ അഹങ്കാരം മുതലായവയാണ് ക്ഷേത്രനിര്‍മ്മിതിക്കായുപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങള്‍.
(തുടരും)