ഡോ: വി.എസ്. വിജയന്‍ – അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനും, പക്ഷിനിരീക്ഷകനും സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്യുറല്‍ ഹിസ്റ്ററിയുടെ സ്ഥാപകനുമാണ്, കേരള ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഭിമുഖം: ഡോ. വി.എസ്. വിജയന്‍ / ഡോ. രണ്‍ജിത്ത് പയറ്റുപാക്ക
♠മനുഷ്യന്റെ ഉപഭോഗതൃഷ്ണയാണല്ലോ പ്രകൃതിയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുന്നത്. ആഗോളതാപനത്തിന്റെ കാരണക്കാരനും മനുഷ്യന്‍ തന്നെയല്ലേ.
മനുഷ്യന്റെ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന ആവശ്യങ്ങളാണ് പ്രകൃതി മുഴുവനും അസന്തുലിതാവസ്ഥ പടര്‍ത്തുന്നത്. തീര്‍ച്ചയായും മനുഷ്യന്‍ തന്നെയാണ് ആഗോളതാപനത്തിന്റെ കാരണം. മനുഷ്യന്റെ പ്രവൃത്തി മൂലമാണല്ലോ കാര്‍ബണ്‍ഡയോക്‌സൈഡും മീഥെയ്‌നുമൊക്കെ കൂടുതലളവില്‍ പുറന്തള്ളപ്പെടുന്നത്. പല വാതകങ്ങള്‍ കൂടി ചേര്‍ന്ന ഒരാവരണമാണ് ഭൂമിയ്ക്കുള്ളത്. ഈ ആവരണത്തില്‍ ഈ ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുന്തോറും അന്തരീക്ഷത്തില്‍ ചൂടും കൂടികൊണ്ടിരിക്കും. ഈ ചൂട് മുകളിലേക്കുയര്‍ന്നു വരുന്നു. കടല്‍വെള്ളം ചൂടാകുന്നതിനും ഇത് കാരണമാകുന്നു. തുടര്‍ന്ന് വെള്ളം ഉയര്‍ന്ന് കരയിലേക്ക് കയറുന്നു. കരയെ കടലെടുക്കുന്നു. പല ദ്വീപുകളും അപ്രത്യക്ഷമാകുന്നതിന്റെ കാരണമിതാണ്. ചൂട് കൂടുന്തോറും ആര്‍ട്ടിക് പ്രദേശങ്ങളില്‍ ഐസ് ഉരുകുകയും ആ പ്രദേശത്തെ ജീവജാലങ്ങള്‍ വംശനാശ ഭീഷണിക്ക് വിധേയമാവുകയും ചെയ്യുന്നു. ഇതിനെല്ലാം കാരണം നാം തന്നെയാണ്.
ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എന്നിലെ വിവിധ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ഒരു അന്തര്‍ദേശീയ സമ്മേളനം നടന്നത്. അമേരിക്കയൊഴിച്ച് എല്ലാ രാഷ്ട്രങ്ങളും ഈ തീരുമാനത്തില്‍ ഒപ്പു വെച്ചു. “”No Compromise would be made on the lifestyle of the Americans”എന്നാണ് അമേരിക്ക അന്ന് പറഞ്ഞത്. ജീവിതരീതി എന്ന് പറഞ്ഞത്, ശ്രദ്ധിക്കണം. ഈ വിധത്തില്‍ രാഷ്ട്രങ്ങള്‍ പിന്തിരിഞ്ഞാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. ജീവിതരീതികള്‍ കുറെയെങ്കിലുമൊക്കെ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാവുന്നതാണ്. വീടുകളില്‍ നിന്നു തന്നെ ഇത്തരം മാറ്റങ്ങള്‍ തുടങ്ങണം.
♠കേരളത്തില്‍ ഗൃഹ നിര്‍മ്മാണം ഉള്‍പ്പെടെ ഇന്ന് ഒരു ആഡംബര പ്രവര്‍ത്തനമായി മാറിയിരിക്കുന്നു. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം അനിവാര്യമല്ലേ?
കേരളത്തില്‍ ഗൃഹ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആഡംബരപ്രക്രിയയായി മാറിയിട്ടുണ്ടെന്നുള്ളത് സത്യം തന്നെയാണ്. ‘അയല്‍ക്കാരന്റെ വീടിനേക്കാളും വലുതായിയിരിക്കണം എന്റെ വീട്’ എന്ന് ഓരോരുത്തരും മത്സരിച്ച് ചിന്തിക്കുകയാണ്. ഒരു വീടിന്റെ വലിപ്പം എത്രയായിരിക്കണമെന്നുള്ളത് പ്രധാന ചോദ്യമാണ്. നമ്മുടെ കയ്യിലുള്ള കാശിന്റെ അടിസ്ഥാനത്തിലാണല്ലോ വീടിന്റെ വലിപ്പം നിശ്ചയിക്കുന്നത്. ഇത്തരം ചിന്തകളെല്ലാം ഒഴിവാക്കണം. മറിച്ച് ഒരു വീടിന്റെ വലിപ്പം നിശ്ചയിക്കേണ്ടത് ആ വീട്ടില്‍ എത്ര അംഗങ്ങളുണ്ട് എന്നതിനെ അനുസരിച്ചായിരിക്കണം. രണ്ടോ മൂന്നോ അംഗങ്ങള്‍ക്ക് താമസിക്കാനുള്ള വലിയ ഒരു വീടിന്റെ വലിപ്പം എത്രയായിരിക്കണമെന്നുള്ളത് പ്രധാന ചോദ്യമാണ്. നമ്മുടെ കയ്യിലുള്ള കാശിന്റെ അടിസ്ഥാനത്തിലാണല്ലോ വീടിന്റെ വലിപ്പം നിശ്ചയിക്കുന്നത്. അടുത്തുള്ള വീടിനേക്കാള്‍ വലുതായിരിക്കണം എന്റെ വീട് എന്നതാണ് വീട് നിര്‍മ്മാണത്തിലെ മറ്റൊരു ഘടകം. രണ്ടോ മൂന്നോ അംഗങ്ങള്‍ക്ക് താമസിക്കാന്‍ വലിയ വീടിന്റെ ആവശ്യമില്ല. അടിസ്ഥാനപരമായ ഈയൊരു ധാര്‍മ്മികതയെങ്കിലും എല്ലാവരും പാലിക്കാന്‍ ശ്രദ്ധിക്കണം. വീടുകള്‍ പലരീതിയില്‍ നിര്‍മ്മിക്കാമല്ലോ. പരിസ്ഥിതി സൗഹാര്‍ദ്ദപരമായി വീട് നിര്‍മ്മിക്കുന്നവരുമുണ്ട്. ആഡംബര കെട്ടിടങ്ങള്‍ക്ക് അനുവാദം കൊടുക്കാതിരിക്കാന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വീട് നിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒരു ഉത്തരവായി ഗവണ്‍മെന്റ് മുന്നോട്ട് വെയ്ക്കണം. കൃത്യമായി നടപ്പിലാക്കുകയും വേണം. കെട്ടിടങ്ങളുടെ പ്ലാനിന് അനുവാദം കൊടുക്കുമ്പോള്‍ അവരുടെ മുന്നില്‍ ചില നിര്‍ദ്ദേശങ്ങള്‍ വെയ്ക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വൈദ്യുതി, ജലം എന്നിവ കട്ട് ചെയ്യുമെന്നറിയിക്കുക. തമിഴ്‌നാട്ടില്‍ ജയലളിത ഇത് ചെയ്തിരുന്നു. എല്ലാ വീടുകളിലും മഴവെള്ള സംഭരണി നിര്‍മ്മിക്കണമെന്ന് പറഞ്ഞു. കെട്ടിടനിര്‍മ്മാണ നിയമത്തില്‍ ഇവിടെയും അതുള്‍പ്പെടുത്തേണ്ടതാണ്. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ കാട്ടില്‍ നിന്നുള്ള മരം മുറിയ്ക്കലുകള്‍ കുറയും. കരിങ്കല്‍ ഖനനവും മണല്‍ വാരലും കുറയും. അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക എന്നൊരു ധാര്‍മ്മികത എന്തുകൊണ്ട് നിര്‍മ്മാണരംഗത്ത് നമുക്ക് നടപ്പിലാക്കിക്കൂടാ. അതൊരു വലിയ വിപ്ലവം തന്നെയായിരിക്കും. അങ്ങനെ ശീലിച്ചാല്‍ മാത്രമേ നമുക്ക് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളു. കാരണം ഈ വിഭവങ്ങളൊക്കെയും തീര്‍ന്നുപോകുന്നവയാണല്ലോ. അതുകൊണ്ട് ഒരു ഫിലോസഫിക്കല്‍ ചെയ്ഞ്ച് ഉണ്ടാകണം. നിയമങ്ങളിലൂടെ ഇത് സാധ്യമാക്കാന്‍ സാധിക്കും. അതുപോലെ മറ്റൊന്നാണ് സോളാര്‍. 25, 30 ലക്ഷമൊക്കെ മുടക്കി വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് സോളാറിനു വേണ്ടിയും കുറച്ച് കാശ് ചിലവാക്കാവുന്നതാണ്. സാധാരണക്കാര്‍ക്ക് ഗവണ്‍മെന്റ് സോളാര്‍ സൗജന്യമായി നല്‍കണം.
തൃശ്ശൂരില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഇങ്ങനെയൊരു പദ്ധതി ഞങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഇവിടെ എല്ലാ മേഖലകളിലും സോളാര്‍ ലൈറ്റുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. പല സ്ഥാപനങ്ങളിലും ഞങ്ങള്‍ ഇടപ്പെട്ട് എനര്‍ജി കുറച്ചു മാത്രം ഉപയോഗിക്കുന്ന ഫാനുകള്‍ സാധ്യമാക്കിയിട്ടുണ്ട്. ഇങ്ങനെ ഓരോ ആവശ്യങ്ങളിലും ഊര്‍ജ്ജോപഭോഗം എങ്ങനെ കുറയ്ക്കാമെന്നതിനെകുറിച്ച് നാം ആദ്യമേ ചിന്തിക്കണം. ഇതൊക്കെ അസാധ്യമാണെന്ന് കാണുന്നത് തന്നെ ഭാവി തലമുറയോടു ചെ യ്യുന്ന അനീതിയാണ്. ഗവണ്മെന്റിന്റെ ശ്രദ്ധ ഇതിലേയ്ക്ക് വരേണ്ടതാണ്. സില്‍വര്‍ലൈനിന് ചിലവാകുന്ന കാശിന്റെ പകുതിപോലും വേണ്ട സോളാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്.
♠കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാളുകള്‍ പ്രകൃതിക്ക് ദോഷം തന്നെയല്ലെ.
മാളുകള്‍ ഇപ്പോഴത്തെ സാമൂഹ്യവ്യവസ്ഥയുടെ പ്രതിഫലനമാണ്. നമ്മുടെ സമൂഹം ഒരു ഉപഭോഗസമൂഹമായി മാറിക്കഴിഞ്ഞു. എല്ലാവര്‍ക്കും ഇത്തരം ജീവിതരീതികളോടാണ് താല്പര്യം. ആഗ്രഹങ്ങള്‍ കൂടിയപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ഉപഭോഗം ചെയ്യാന്‍ തുടങ്ങി. കൂടുതല്‍ സൗകര്യം വേണമെന്ന അവസ്ഥയിലേക്കാണ് ഇത് നയിച്ചത്. ഇതിന്റെ ഫലമാണ് മാളുകള്‍. ആളുകളുടെ കയ്യില്‍ ധാരാളം പണം ഉണ്ടെന്നുള്ളതിന്റെ തെളിവു കൂടിയാണ് ഈ മാളുകള്‍. അടുത്ത വീട്ടിലെ വസ്തുവകകള്‍ കാണുമ്പോള്‍ അതിനേക്കാള്‍ നല്ലത് എനിക്കു വേണം എന്ന ചിന്ത സാധനങ്ങളുടെ ആവശ്യകതയെ വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെയാണ് മാളുകള്‍ വരുന്നത്. മാളുകളുടെ വര്‍ദ്ധനവ് പരിസ്ഥിതിയുടെ സുസ്ഥിരതയെ തന്നെ തെറ്റിക്കുകയാണ്.
♠ഭൂവിനിയോഗത്തില്‍ പുലര്‍ത്തേണ്ട ധാര്‍മ്മികത എന്തൊക്കെയാണ്.
ഭൂമിയുടെ കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭൂവിനിയോഗം എങ്ങനെയായിരിക്കണം എന്നുള്ളത്. ഞാന്‍ ബയോഡൈവേഴ്‌സിറ്റി ചെയര്‍മാനായിരിക്കുമ്പോള്‍ ഒരു ഭൂനയം കേരളത്തില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമായില്ല. ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്നത് ഭൂവിനിയോഗത്തിലെ അടിസ്ഥാന ചോദ്യമാണ്. കര്‍ഷകന് കൂടുതല്‍ ഭൂമി ആവശ്യമാണ്. കര്‍ഷകരല്ലാത്തവര്‍ ഭൂമി കൈവശം വെക്കുകയും അത് മറിച്ചു വില്‍ക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോഴാണ് പ്രശ്‌നം. ‘’ഭൂമി നമുക്ക് ജീവിക്കാന്‍ മാത്രമാകണം. അതിനെ ഒരു വ്യവസായ വസ്തുവായി കണ്ടു കഴിഞ്ഞാല്‍ പ്രശ്‌നമാകും’ എന്ന ചിന്തയാണ് വേണ്ടത്. പണം ഉണ്ടാക്കാന്‍ വേണ്ടിയുള്ള മനുഷ്യന്റെ പുതിയ തന്ത്രമാണ് സ്വന്തം ഭൂമിയെതന്നെ വില്‍ക്കുക എന്നത്. തിരിച്ചൊരു കാര്യം ചോദിക്കാം എത്ര പണം ഉണ്ടാക്കിയാല്‍ മതിയാകും…….? മറുപടിയില്ലാത്ത ചോദ്യമാണ്. മനുഷ്യന്റെ അടിസ്ഥാനപരമായ ചിന്ത എന്തെന്നാല്‍ എത്ര ഭൂമി കൈവശം വെയ്ക്കാന്‍ സാധിക്കും എന്നുള്ളതാണ്. ഭാര്യയുടെയും മക്കളുടെയും വിദൂരബന്ധുക്കളുടെ പേരില്‍ പോലും സ്ഥലങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ 11 ലക്ഷത്തോളം വീടുകളും ഫ്‌ളാറ്റുകളുമൊക്കെ പൂട്ടിക്കിടക്കുന്നുണ്ട്. അഞ്ചു ലക്ഷത്തിലേറെ ആളുകള്‍ക്ക് വീടില്ലെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇതിനെ നമുക്ക് സോഷ്യലിസമെന്ന് വിളിയ്ക്കാന്‍ സാധിക്കുമോ? പൂട്ടികിടക്കുന്ന ഈ വീടുകളൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍ക്കാരിന്റെ തന്നെ ഉത്തരവാദിത്തത്തില്‍ വീടില്ലാത്തവര്‍ക്ക് വാടകയ്ക്ക് കൊടുക്കണം എന്നതാണ് എന്റെ അഭിപ്രായം. ആ വാടക ഉടമയ്ക്ക് കൊടുക്കുക. വളരെയധികം പണം ചിലവാക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് ശരിയല്ല.
♠ഭൂമിയ്ക്ക് ഭൂമിയുടേതായ അവകാശങ്ങള്‍ ഉണ്ടല്ലോ. ഈ അവകാശങ്ങളെ എങ്ങനെ സംരക്ഷിക്കാനാകും.
ഭൂമി നമ്മുടെ അമ്മയാണ്. ഭൂമിയില്ലെങ്കില്‍ നമുക്ക് ജീവിക്കാന്‍ സാധ്യമല്ലല്ലോ. മനുഷ്യനില്ലെങ്കിലും ഈ ഭൂമിയ്ക്കും പ്രകൃതിക്കും ഒന്നും സംഭവിക്കില്ല. എന്നാല്‍ ഈ പ്രകൃതിയില്ലെങ്കില്‍ നമുക്ക് എത്രനാള്‍ ജീവിക്കാന്‍ സാധിക്കും. മിനിട്ടുകള്‍ക്കപ്പുറം സാധിക്കുമോ? നമ്മളില്ലെങ്കില്‍ പ്രകൃതിക്ക് യാതൊരു പ്രശ്‌നവുമില്ല. കാട് വളരെ സുന്ദരമായി തന്നെ വളരും.
♠കേരളത്തില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന്റെ പ്രാധാന്യം എത്രത്തോളമാണ്.
ആറന്മുള സമരം നടക്കുമ്പോള്‍ ഞാന്‍ അവിടെ പോവുകയുണ്ടായി. എയര്‍പോര്‍ട്ട് വന്നാലെന്താണ് കുഴപ്പമെന്ന് അവിടെയുള്ള പ്രായമായ ഒരു സ്ത്രീയോട് ചോദിച്ചു. ഞങ്ങടെ കുടിവെള്ളം മുട്ടിക്കരുത് എന്നായിരുന്നു അവരുടെ മറുപടി. ഈ തണ്ണീര്‍ത്തടവും നെല്‍പ്പാടവുമുള്ളതുകൊണ്ടാണ് ഞങ്ങളുടെ വീടുകള്‍ വെള്ളത്തില്‍ മുങ്ങിപോകാതിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പമ്പാനദി കരകവിഞ്ഞൊഴുകുമ്പോള്‍ ആ വെള്ളം ഈ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടവും കുടിച്ചു തീര്‍ക്കുന്നു. അതാണ് തണ്ണീര്‍ത്തടങ്ങളുടെ മൂല്യം. കിണറുകളും കുളങ്ങളും വറ്റാതിരിക്കുന്നത് ഈ തണ്ണീര്‍ത്തടങ്ങളുള്ളതുകൊണ്ടാണ്. ഒരു തണ്ണീര്‍ത്തടത്തിന്റെ ഗുണം അത് സ്ഥിതി ചെയ്യുന്നിടത്ത് മാത്രമല്ല, വിദൂരങ്ങളില്‍ വരെ ലഭ്യമാകുന്നു. ഒരു കുളം കാഴ്ചയില്‍ ചെറുതാണെങ്കിലും അതിന്റെ ഗുണം മൈലുകള്‍ക്കപ്പുറം വരെ ലഭിക്കുന്നു. ഇതെല്ലാം മനസ്സിലാക്കിയിട്ടാണ് ആഗോളതലത്തില്‍ ഓരോ ആവാസ വ്യവസ്ഥയ്ക്കും ഒരു മൂല്യം (ecosystem value) നല്‍കിയത്. ecosystem service എന്നും ഇതിനെ പറയാം. തണ്ണീര്‍ത്തടങ്ങളുടെ കാര്യത്തില്‍ ഒരു ഹെക്ടറിന് 98 ലക്ഷം രൂപയാണ് പാരിസ്ഥിതിക മൂല്യം. എല്ലാവര്‍ഷവും ഇങ്ങനെതന്നെയാണ്. എന്നാലിപ്പോള്‍ ഇത് തുടര്‍ച്ചയായി നഷ്ടമാകുന്നു. വരള്‍ച്ചയാണ് ഇതിന്റെ ഫലം.
♠വയല്‍ നികത്തല്‍ ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക വിരുദ്ധ ഇടപെടലിലൂടെ വരുംതലമുറയോടുള്ള നീതി നിഷേധമല്ലേ വര്‍ത്തമാനകാല മനുഷ്യന്‍ നടത്തുന്നത്? കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച കെ- റെയില്‍ പദ്ധതിയെക്കുറിച്ച് എന്താണ് അഭിപ്രായം.
പ്രകൃതിയെ സൂക്ഷിച്ച് കൈകാര്യം ചെയ്ത് അടുത്ത തലമുറയ്ക്ക് കൈമാറുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. നമ്മളെല്ലാവരും പ്രകൃതിയുടെ സൂക്ഷിപ്പുകാര്‍ മാത്രമാണ്. അത് സൂക്ഷിച്ച്, കുറച്ചുകൂടി കൂട്ടിവേണം തിരിച്ചു കൊടുക്കാന്‍. ഇവയൊക്കെ നശിപ്പിച്ച് കിട്ടുന്ന പണംകൊണ്ട് വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ഓരോരുത്തരും സ്വന്തം മക്കള്‍ക്ക് നല്‍കുന്നു. അവര്‍ അതില്‍ വിയര്‍ത്തൊലിച്ചിരിക്കുകയും ചെയ്യുന്നു. കെ- റെയില്‍ ഏറ്റവും വലിയ പ്രകൃതി ദുരന്തം സൃഷ്ടിക്കുന്ന പദ്ധതിയായിരുന്നു. 293 കിലോമീറ്റര്‍ ബണ്ട് കെട്ടുമ്പോള്‍ തന്നെ വെള്ളം പടിഞ്ഞാറോട്ട് ഒഴുകാതാകും. പടിഞ്ഞാറുനിന്നുള്ള വെള്ളവും അവിടെ കെട്ടിക്കിടക്കും. ഒഴുക്കില്ലാതാകും. അത് അവിടെയുള്ള തണ്ണീര്‍ത്തടങ്ങളെ കാര്യമായി ബാധിക്കും. 292.417 ലക്ഷം കോടിയുടെ ഇക്കോസിസ്റ്റം സര്‍വ്വീസ് ഓരോ വര്‍ഷവും നമുക്ക് നഷ്ടമാകും. ഇത് 2 കോടി 33 ലക്ഷം ടണ്‍ കരിങ്കല്ലാണ് വേണ്ടിവരുന്നത്. മണ്ണ് 5 കോടി 64 ലക്ഷം. ഇതൊക്കെ എവിടുന്നു കൊണ്ടുവരും. പശ്ചിമഘട്ടത്തില്‍ തന്നെ പോകേണ്ടി വരും. പശ്ചിമഘട്ടത്തില്‍ കരിങ്കല്ല് ഇല്ലാത്തത് കൊണ്ടാണ് വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകാത്തത്. ഈ പദ്ധതികൊണ്ടുണ്ടാകുന്ന കാര്‍ബണ്‍ വിസര്‍ജനം നാല്പത്തിയഞ്ച് ലക്ഷത്തി അമ്പതിനായിരം ആണ്. കെ-റെയില്‍ നടപ്പിലായിരുന്നെങ്കില്‍ വലിയ പാരിസ്ഥിതിക നാശത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു.
♠പരിസ്ഥിതി പൊതുസ്വത്താണല്ലോ. അത് വില്പനച്ചരക്കാക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്.
ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. നാമിപ്പോള്‍ അനുഭവിക്കുന്ന ഈ ചൂടും വെള്ളപ്പൊക്കവുമൊക്കെ അതിന്റെ ഫലങ്ങള്‍ തന്നെയാണ്. പരിസ്ഥിതി ഏതെങ്കിലും ഒരു വ്യക്തിയുടേതല്ല. കുളങ്ങളും നദികളും കുന്നുകളും കരിങ്കല്ലുമൊക്കെ പൊതുമുതലാണ്. ഒരു വ്യക്തിക്കും അതിന്മേല്‍ കൈകടത്താന്‍ അധികാരം ഇല്ല. കരിങ്കല്ലിന്റെ കാര്യം തന്നെ എടുക്കാം. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് കരിങ്കല്ല് എടുക്കാന്‍ പാടില്ലാത്തതാണ്. സ്വകാര്യ കമ്പനികള്‍ കരിങ്കല്ല് വന്‍തോതില്‍ ഖനനം ചെയ്‌തെടുക്കുകയാണ്. കരിങ്കല്ല് പൊട്ടിക്കാന്‍ അനുവാദം കൊടുത്താല്‍ കിട്ടുന്ന കാശിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ. നിബന്ധനകളും നിയമങ്ങളുമൊക്കെ സ്വകാര്യകമ്പനികള്‍ക്ക് ബാധകമാകാറില്ല.
♠ജനങ്ങള്‍ക്ക് അവര്‍ ജീവിക്കുന്ന ആവാസ വ്യവസ്ഥയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും അവയുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് അവബോധം പകര്‍ന്നു നല്‍കുകയുമല്ലേ യഥാര്‍ത്ഥ പരിസ്ഥിതി നവോത്ഥാനം.
തീര്‍ച്ചയായും അത് തന്നെയാണ്. സാധാരണ ജനങ്ങള്‍ക്ക് തങ്ങളുടെ പരിസ്ഥിതിയെ ഏതേതൊക്കെ നിയമങ്ങള്‍കൊണ്ട് സംരക്ഷിക്കാമെന്നതിനെകുറിച്ച് അറിയില്ല. ഇത് ചെയ്യേണ്ടത് അതാത് ജനപ്രതിനിധികളാണ്. പുറത്തുനിന്നു വരുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനേകുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ നല്ലത് അതാതിടത്തെ എം.എല്‍.എമാര്‍ ഇതിന് മുന്‍കൈയ്യെടുക്കുന്നതാണ്. ഇതൊരു സ്ഥിരപദ്ധതിയായി എം.എല്‍.എ ഏറ്റെടുക്കണം. ഒരു പ്രദേശത്തെ ആവാസ വ്യവസ്ഥയുടെ കാര്യത്തില്‍ എന്തു നടപടിയാണ് വേണ്ടതെന്നുള്ളത് നാട്ടുകാര്‍ വേണം തീരുമാനിക്കുവാന്‍. അതാണ് പരിസ്ഥിതി നവോത്ഥാനം. നാട്ടുകാര്‍ക്ക് കൃത്യമായി പറയാം. വീടിനു ചുറ്റും വെള്ളക്കെട്ട് ആണെങ്കില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ വീട് മുങ്ങിപ്പോകാതിരിക്കാനുള്ള സംവിധാനം വേണമെന്ന്. ഇതൊക്കെ ഗ്രാമസഭകളിലും പഞ്ചായത്തിലുമൊക്കെ ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ടതാണ്. പ്രദേശവാസികള്‍ക്ക് ഓരോ ആവാസ വ്യവസ്ഥയുടേയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നല്ല പങ്ക് വഹിക്കാനാവും.
♠പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം ഇപ്പോള്‍ കുട്ടനാട്ടിലെ ജനങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഇതിനെ എങ്ങനെ കാണുന്നു.
കുട്ടനാട്ടില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു പോകുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അവിടെ ജീവിക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്. സമ്പത്ത് ഉള്ളവര്‍ കൂടുതലും ഒഴിഞ്ഞു പോകുന്നു. പാവപ്പെട്ടവര്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും. ജനിച്ചു വളര്‍ന്ന സ്ഥലം ഉപേക്ഷിക്കുന്നത് അത്ര എളുപ്പവുമല്ല. എന്നിട്ടും അവര്‍ അവിടം ഉപേക്ഷിക്കുമ്പോള്‍, എന്തുമാത്രം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ആയിരിക്കും അവര്‍ അഭിമുഖീകരിക്കുന്നത്. അങ്ങേയറ്റം മലിനീകരണമുള്ള ഒരു സ്ഥലമാണ് കുട്ടനാട്. നദികള്‍ വഹിച്ചുകൊണ്ടുവരുന്ന മാലിന്യങ്ങള്‍ കുട്ടനാട്ടിലാണ് ഒടുവില്‍ അടിഞ്ഞു കൂടുന്നത്. ഇത് അവിടുത്തെ മത്സ്യങ്ങളെ ബാധിക്കുന്നു. അത് കഴിക്കുമ്പോള്‍ മനുഷ്യന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നു. പശ്ചിമഘട്ടത്തിലെ നദികളിലേക്ക് ധാരാളം മാലിന്യങ്ങള്‍ വന്നു ചേരുന്നുണ്ട്. ഇത് എല്ലായിടത്തും വ്യാപിക്കുന്നുമുണ്ട്. അതുകൊണ്ടാണ് പറയുന്നത് പശ്ചിമഘട്ടത്തിലെ കൃഷി ജൈവമായിരിക്കണമെന്ന്. ജൈവ കൃഷി ആയി കഴിഞ്ഞാല്‍ മാലിന്യങ്ങള്‍ കുറഞ്ഞു തുടങ്ങും. മാലിന്യങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതും കുറയും. പുഴയുടെ ഓരങ്ങളിലും മാലിന്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇതൊരു സമഗ്രമായ പദ്ധതിയാണ്. കുട്ടനാടിനെ സംരക്ഷിക്കണമെങ്കില്‍ ആ പ്രക്രിയ പശ്ചിമഘട്ടം മുതല്‍ തുടങ്ങണം. നദികളുടെ ഉത്ഭവം മുതല്‍ ഇവിടെ എത്തുന്നത് വരെ നിരീക്ഷിക്കണം. കീടനാശിനികളും രാസവസ്തുക്കളും നദികളില്‍ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. കേരളത്തിലെ കൃഷിയെ സംബന്ധിച്ച് ഒരു ഓര്‍ഗാനിക് പോളിസി തയ്യാറാക്കിയിട്ടുണ്ട്. അത് നടപ്പിലാക്കാമെന്ന് മന്ത്രി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കൃഷിവകുപ്പിലൂടെ തന്നെ രാസവളങ്ങള്‍ നല്‍കുന്നുമുണ്ട്. ഫണ്ടെല്ലാം ഇതിനാണ് ഉപയോഗിക്കുന്നത്. എത്രമാത്രം രാസവളങ്ങള്‍ കുറയ്ക്കുന്നുവോ അത്രയും നമുക്ക് നമ്മുടെ മണ്ണിനെ വീണ്ടെടുക്കാന്‍ സാധിക്കും.
സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം ഊര്‍ജ്ജ ഉപഭോഗം വളരെ കൂടുതലാണ്. ഇത് ലഘൂകരിക്കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് പൊതുബോധവല്‍ക്കരണം നല്‍കണമെന്ന് ഡോ.എം.എസ്. സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്താണ് അങ്ങയുടെ അഭിപ്രായം.
ഇതിന് ഇന്നും പ്രസക്തിയുണ്ട്. സ്ഥിരം പദ്ധതിയാക്കേണ്ട ഒന്നാണിത്. ഗവണ്‍മെന്റിന്റെ എന്നത്തേക്കുമുള്ള പദ്ധതികളില്‍ ഇതുള്‍പ്പെടുത്തേണ്ടതാണ്. പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് നാം തിരിയേണ്ടതാണ്. പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഏറ്റവും താല്പര്യമെടുക്കണം. ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെല്ലാം ധാരാളം വൈദ്യുതി പാഴാക്കുന്നുണ്ട്. ആരും ശ്രദ്ധിക്കാറില്ല. പണം സര്‍ക്കാര്‍ അടച്ചോളും എന്ന വിചാരമാണ് ഇതിന്റെ കാരണം.
♠ഭൂമിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും വിഭവചൂഷണം തടയാനും ഒരു Minimalist Life പിന്തുടരേണ്ടതല്ലേ.
തീര്‍ച്ചയായും, വിഭവങ്ങളെ കുറച്ചുമാത്രം ഉപയോഗിക്കുന്ന ഒരു ജീവിതരീതി ആവശ്യം തന്നെയാണ്. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും വളരെ കൂടിയിരിക്കുന്നു. ഇത് കുറയ്ക്കാന്‍ തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. ഗവണ്‍മെന്റ് കേരളത്തെ ഉപഭോഗസംസ്ഥാനമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ക്കറ്റുകള്‍ കൂടുന്നുമുണ്ട്. മാര്‍ക്കറ്റ് കൂടിയാലല്ലേ ഉല്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കാന്‍ സാധിക്കുകയുള്ളു. ഉല്പന്നങ്ങള്‍ വിറ്റുപോകണമെങ്കില്‍ നമ്മുടെ ജീവിതരീതി മാറണമല്ലോ. നമ്മളൊരു ഉപഭോഗ ജീവിയായി മാറിയാല്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാം കുറച്ചുമാത്രം ഉപയോഗിക്കുന്ന ഒരു ജീവിതരീതി പിന്തുടരാന്‍ ധൈര്യം ഉണ്ടാകേണ്ടതാണ്.
♠ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ വിസര്‍ജനം നടത്തുന്ന രാഷ്ട്രങ്ങളില്‍ നിന്നും ഒരു കാര്‍ബണ്‍ നികുതി ഈടാക്കുന്നത് ധാര്‍മ്മികമാണോ.
ഐക്യരാഷ്ട്രസഭയുടെ ചര്‍ച്ചകളില്‍ ഇത് പലവട്ടം വന്നിട്ടുള്ളതാണ്. വികസിത രാഷ്ട്രങ്ങള്‍ കാര്‍ബണ്‍ വിസര്‍ജനം കുറയ്ക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. തീര്‍ച്ചയായും നികുതി ഈടാക്കേണ്ടതാണ്. പല വികസിത രാഷ്ട്രങ്ങളും അവരുടെ ജീവിത രീതികള്‍ മാറ്റാന്‍ തയ്യാറല്ല. നമുക്ക് ഓരോരുത്തര്‍ക്കും എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് നാം ഓരോരുത്തരും ആലോചിക്കേണ്ടത്. രാസവളകൃഷിയില്‍ നിന്നും ജൈവവള കൃഷിയിലേക്ക് മാറേണ്ടതുണ്ട് എന്നു പറയുന്നതിന്റെ ഒറ്റ കാരണമിതാണ്. ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കണം എന്നു പറഞ്ഞാല്‍ മാത്രം പോരാ വികസനത്തിന്റെ എല്ലാ മേഖലകളിലും അത് നടപ്പിലാക്കണം. എന്നാല്‍ നാമിന്ന് വികസിതരാജ്യങ്ങളിലെ ജീവിതരീതി പിന്തുടരാനാണ് ശ്രമിക്കുന്നത്. അത് തെറ്റാണ്. അമേരിക്കയിലെ വികസന രീതികള്‍ നമ്മുടെയിവിടെ നടപ്പിലാക്കാന്‍ സാധ്യമല്ല. കേരളത്തിലൊട്ടും സാധ്യമല്ല. കേരളത്തിന്റെ ഭൂമിശാസ്ത്രഘടന അതിനൊട്ടും അനുയോജ്യമല്ല. ഇവിടെ നമുക്ക് ഏറ്റവും സാധ്യമാകുന്നത് കൃഷിയാണ്. വലിയ വലിയ ഫാക്ടറികള്‍ നിര്‍മ്മിച്ച് വ്യവസായങ്ങള്‍ തുടങ്ങുന്നത് ഒട്ടും അനുയോജ്യമല്ല. അത് പ്രകൃതിക്ക് വിരുദ്ധമായി മാറുകയാണ് ചെയ്യുന്നത്. കാരണം നമുക്ക് സ്ഥലം കുറവാണ്. ആ സ്ഥലത്ത് വെള്ളത്തിന്റെ പ്രശ്‌നവുമുണ്ടാകും. വികസനങ്ങള്‍ വേണ്ട എന്നല്ല അഭിപ്രായം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ല. വായു മലിനീകരിക്കാനും പാടില്ല.
♠കേരളം ഇനിയും പ്രളയത്തെ ഭയക്കേണ്ടി വരുമോ.
തീര്‍ച്ചയായും. കാലാവസ്ഥാ വ്യതിയാനം നടന്നുകൊണ്ടിരിക്കുന്നിടത്തോളം കാലം ഈ പ്രശ്‌നങ്ങളൊക്കെ നിലനില്ക്കും. അതിനെ നേരിടാനുള്ള പദ്ധതികളാണ് നാം തയ്യാറാക്കേണ്ടത്. ഇത് സംബന്ധിച്ച് ഞങ്ങളവതരിപ്പിച്ച പദ്ധതികളിലൊന്നിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പാറ എവിടെ നിന്നൊക്കെ പൊട്ടിക്കാന്‍ പാടില്ലെന്ന് അടയാളപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും എല്ലാവിധ ഖനനവും നടത്തുകയാണ്. പ്രളയമല്ല പ്രശ്‌നം. പണമാണ് പ്രശ്‌നം. അതുകൊണ്ടാണല്ലോ ഇത്രയുമധികം ക്വാറികള്‍ ഇവിടെ ഉള്ളത്. പ്രളയം വന്നാല്‍ സഹായനിധി ജനങ്ങള്‍ തന്നെ ഉണ്ടാക്കി കൊടുക്കും. അതാണ് വൈരുദ്ധ്യം.
♠പരിസ്ഥിതി സംരക്ഷണത്തിന് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാമോ.
വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥി തി സൗഹൃദം ആയിരിക്കണം. വീടുണ്ടാക്കുന്നതിന് നിയമം വേണം. നിലവിലുള്ള നിയമങ്ങളെല്ലാം കര്‍ശനമായി നടപ്പിലാക്കുകയും വേണം.