റഷ്യ-ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് സമന്വയത്തിന്റെയും സമാധാനത്തിന്റെയും ആശയസംവാദത്തിന്റെയും മാര്‍ഗ്ഗമാണ് ഏറ്റവും ഉചിതമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ക്ക് ലോകരാജ്യങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. ലോകരാജ്യങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞ് റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പേരില്‍ പോര്‍വിളികള്‍ തുടര്‍ന്നപ്പോള്‍ സ്വതന്ത്രമായ നിലപാടുമായി മധ്യസ്ഥന്റെ സ്ഥാനത്തേക്ക് ഉയര്‍ന്നത് ഇന്ത്യയും പ്രധാനമന്ത്രി മോദിയുമായിരുന്നു. മാസങ്ങളായി നീണ്ട സംഘര്‍ഷത്തിനിടെ നിരവധി തവണ റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിനുമായി മോദി ഫോണ്‍ സംഭാഷണങ്ങള്‍ നടത്തി. സപ്തംബറില്‍ നടത്തിയ ചര്‍ച്ചയില്‍ മോദി റഷ്യന്‍ പ്രസിഡന്റിനോട് അസന്നിഗ്ധമായി പറഞ്ഞ വാക്കുകള്‍ ‘ഈ കാലഘട്ടം തീര്‍ച്ചയായും യുദ്ധത്തിന്റേതല്ല’ എന്നായിരുന്നു. ഇന്തോനേഷ്യയിലെ ബാലിയില്‍ മൂന്നുദിവസം നീണ്ടുനിന്ന ജി-20 ഉച്ചകോടിയുടെ പ്രമേയം തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ലോകരാജ്യങ്ങളിലെ നയതന്ത്ര വിദഗ്ധര്‍ സമന്വയപാതയില്‍ അവതരിപ്പിക്കാനായി കടമെടുത്ത വാക്കുകളും ഇതു തന്നെ. പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ അതേപോലെ പകര്‍ത്തി ലോകത്തെ പ്രധാന ഇരുപതു രാജ്യങ്ങളുടെ സുപ്രധാന കൂട്ടായ്മ പ്രമേയം പാസ്സാക്കുമ്പോള്‍ ജി-20 ഉച്ചകോടിയുടെ അധ്യക്ഷ പദം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുത്തുകഴിഞ്ഞിരുന്നു. 2023ല്‍ പതിനെട്ടാമത് ജി-20 ഉച്ചകോടിക്ക് ഇന്ത്യ വേദിയൊരുക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയും ഇന്ത്യയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതും സമന്വയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആശയങ്ങള്‍ തന്നെയാണ്.
വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പത്തിനായി പ്രവര്‍ത്തിക്കുമെന്നായിരുന്നു ദല്‍ഹിയില്‍ നിന്നും ബാലിയിലേക്ക് യാത്ര തിരിക്കും മുമ്പ് മാധ്യമങ്ങള്‍ക്കായി പ്രധാനമന്ത്രി നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കിയത്. വിവിധ രാഷ്ട്രത്തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചകളിലും ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നോട്ട് വെച്ചത് ഈ ആശയങ്ങള്‍ തന്നെ. ഏതെങ്കിലും ഒരു പക്ഷത്ത് നിലയുറപ്പിക്കുന്നതിന് പകരം ഏവരേയും ഒരേപോലെ പരിഗണിച്ച് മുന്നോട്ട് പോവുകയെന്ന നിര്‍ണ്ണായക ചുമതല ജി-20 അധ്യക്ഷ പദവിയില്‍ മോദിക്ക് നിര്‍വഹിക്കാനാവുമെന്ന് തെളിയിക്കുന്നതായിരുന്നു ബാലിയിലെ ഇന്ത്യന്‍ ഇടപെടലുകള്‍.
മാസങ്ങളായി തുടരുന്ന റഷ്യ-ഉക്രൈന്‍ യുദ്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍ മുന്നോട്ട് വെച്ചു. ലോകസമാധാനത്തിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ചുമതല രാഷ്ട്രത്തലവന്മാര്‍ക്കുണ്ടെന്നും മോദി പറഞ്ഞു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഏറെ പ്രതിസന്ധികളിലൂടെ ലോകം കടന്നുപോയി. അത്തരത്തിലൊരു അവസ്ഥയിലേക്ക് വീണ്ടും പോകാതിരിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഉക്രൈനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണം. ലോകപ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഐക്യരാഷ്ട്ര സഭ പോലുള്ള സംഘടനകള്‍ വിജയിച്ചില്ല എന്നത് അംഗീകരിക്കേണ്ട വസ്തുതയാണ്. ലോകം ജി-20 രാജ്യങ്ങളിലേക്ക് ഉറ്റുനോക്കുന്നത് ഈ സാഹചര്യത്തിലാണ്. കോവിഡ് പ്രതിസന്ധി ഓരോ രാജ്യങ്ങളിലെയും പാവപ്പെട്ടവരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇതിന് യോജിച്ച പരിഹാരം കാണേണ്ടതുണ്ട്, മോദിയുടെ വാക്കുകള്‍ക്ക് ഉച്ചകോടിയില്‍ വലിയ സ്വീകാര്യത ലഭിച്ചു.
ലോകത്തെ ജിഡിപിയുടെ എണ്‍പതു ശതമാനവും വാണിജ്യത്തിന്റെ എഴുപതു ശതമാനവും കൈകാര്യം ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20ന്റെ അധ്യക്ഷ പദവി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമാണ്. ഇന്ത്യ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള വേദി കൂടിയായി 2023ലെ ജി-20 ഉച്ചകോടിയെ മാറ്റുമെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞിരിക്കുന്നത്. ഡിസംബര്‍ 1 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ജി-20 ഉച്ചകോടിയുടെ വിവിധ പരിപാടികള്‍ക്കും യോഗങ്ങള്‍ക്കും തുടക്കമാവുകയാണ്. അടുത്തവര്‍ഷം നവംബര്‍ വരെ ഇന്ത്യയുടെ അധ്യക്ഷ പദവിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ യോഗങ്ങളെ ഇന്ത്യയെ അടുത്തറിയാനും ഇന്ത്യന്‍ ആശയങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുമുള്ള അവസരമാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനമായ വാരണാസിയെ മുഖ്യകേന്ദ്രമാക്കി ജി-20 ഉച്ചകോടിയെ മാറ്റിത്തീര്‍ക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. യുപി നഗരങ്ങളായ ആഗ്ര, ലഖ്‌നൗ, നോയിഡ എന്നിവയും വിവിധ യോഗങ്ങള്‍ക്ക് വേദിയാകുന്നുണ്ട്. ഇരുനൂറോളം പരിപാടികളാണ് രാജ്യമെങ്ങും നടക്കാന്‍ പോകുന്നത്. ദല്‍ഹിക്ക് പുറമേ ചെന്നൈ, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളും വേദികളാവും.
ജി-20 അധ്യക്ഷ പദവിയെന്നത് ആഗോള-രാഷ്ട്രീയ തലത്തിലെ നേതൃത്വ മികവ് പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി തന്നെ ഉപയോഗിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയുടെ ശോഭനമായ ഭാവിയും സാങ്കേതികവിദ്യ അടിസ്ഥാമാനക്കിയുള്ള മുന്നോട്ടുള്ള കുതിപ്പും സാമ്പത്തിക മേഖലയിലെ മികവും എല്ലാം ലോകത്തിന് കാഴ്ചവെയ്ക്കാന്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരം. ആഗോളതലത്തിലെ ഏറ്റവും സുപ്രധാന രാഷ്ട്രതന്ത്രജ്ഞന്‍ എന്ന തലത്തിലേക്ക് ഉയരുന്ന പ്രധാനമന്ത്രി മോദിയുടെ ജി-20 അധ്യക്ഷ പദവി ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരുകയാണ്. റഷ്യ-ഉക്രൈന്‍ യുദ്ധം, ഊര്‍ജ്ജ-ഭക്ഷ്യ സുരക്ഷിതത്വം, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധികള്‍, തൊഴിലില്ലായ്മ തുടങ്ങിയ ആഗോള പ്രശ്നങ്ങള്‍ക്ക് മോദിയുടെ അധ്യക്ഷതയില്‍ ജി-20 രാജ്യങ്ങള്‍ക്ക് പുതിയ ദിശാബോധം ലഭിക്കുമെന്നാണ് പ്രത്യാശ.
ഒരു ഭൂമി, ഒരേ കുടുംബം, ഒരേ ഭാവി എന്ന സങ്കല്‍പ്പത്തില്‍ ജി-20 കൂട്ടായ്മയെ നയിക്കുമെന്നാണ് അധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട് മോദി നടത്തിയ ആദ്യ പ്രസ്താവന എന്നതും ശ്രദ്ധേയമായി. മുഴുവന്‍ ലോകത്തെയും ഉള്‍ക്കൊള്ളുന്നതും നിശ്ചയദാര്‍ഢ്യവും കാര്യക്ഷമതയും പ്രദാനം ചെയ്യുന്നതുമാവും ഇന്ത്യയുടെ അധ്യക്ഷ പദവി. ജി-20 അധ്യക്ഷ പദവി ഓരോ ഇന്ത്യക്കാരുടേയും അഭിമാനം ഉയര്‍ത്തുന്നതാണ്. ആഗോള മാറ്റത്തിന്റെ ചാലകശക്തിയായി ജി-20നെ ഉയര്‍ത്തുമെന്നും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോയില്‍ നിന്ന് അധ്യക്ഷപദം ഏറ്റെടുത്തുകൊണ്ട് നടത്തിയ പ്രസ്താവനയില്‍ മോദി വ്യക്തമാക്കിയിരുന്നു. ഈ ലക്ഷ്യത്തോടെ തന്നെയാവും വരും വര്‍ഷത്തെ ജി-20 ഉച്ചകോടിക്കായി ഇന്ത്യന്‍ നഗരങ്ങള്‍ തയ്യാറെടുക്കുന്നത്.