ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന് എതിരെ തെരുവുഗുണ്ടകളുടെ നിലവാരത്തില്‍ പ്രസ്താവനയും വെല്ലുവിളിയും ഉയര്‍ത്തി മുഖ്യമന്ത്രിയും ഇടതുമുന്നണി നേതാക്കളും രാജ്ഭവന്‍ ധര്‍ണ്ണയും ഇടതുമുന്നണി സംസ്‌കാരത്തിലുള്ള പതിവു കലാപരിപാടികളുമായി അരങ്ങ് കൊഴുപ്പിക്കുമ്പോഴാണ് ഒന്നിനു പുറകെ ഒന്നായി രണ്ടു വൈസ് ചാന്‍സലര്‍മാരെ ഹൈക്കോടതി അയോഗ്യരാക്കിയത്. കഴിഞ്ഞില്ല, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭാ എം.പിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന്റെ കണ്ണൂര്‍ സര്‍വ്വകലാശാലയിലേക്കുള്ള അസോസിയേറ്റ് പ്രൊഫസര്‍ നിയമനവും ഹൈക്കോടതി റദ്ദാക്കി. ആത്മാഭിമാനം എന്ന വാക്ക് കേട്ടിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവും കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനും രാജിവെച്ച് ഒഴിയണം. ഇവരുടെ നികൃഷ്ടവും നിന്ദ്യവുമായ ഇടപെടലുകളും പ്രവര്‍ത്തനവുമാണ് ഉന്നത നീതിപീഠം ഒന്നിനു പിന്നാലെ ഒന്നായി തുറന്നുകാട്ടിയത്. സുപ്രീംകോടതിയുടെ വിധി വന്നപ്പോള്‍ വൈസ് ചാന്‍സലര്‍മാര്‍ രാജിവെയ്ക്കണമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞതാണ്. സ്‌നേഹബുദ്ധ്യാ കുഫോസ് വി.സി അടക്കമുള്ളവര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കിയ കത്തിനെതിരെ കോടതിയില്‍ പോയെങ്കിലും അത് പരിഗണിക്കും മുന്‍പുതന്നെ നിയമാനുസൃതമുള്ള കാരണം കാണിക്കല്‍ നോട്ടീസ് രാജ്ഭവന്‍ വൈസ്ചാന്‍സലര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇതിനെ നിയമപരമായി നേരിടുന്നതിനു പകരം സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവര്‍ണ്ണര്‍ക്കെതിരെ തെരുവില്‍ പ്രക്ഷോഭവും ഗുണ്ടായിസവും കാണിക്കാനാണ് സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും മുന്നിട്ടിറങ്ങിയത്. വിദ്യാഭ്യാസമന്ത്രിയായ വി.ശിവന്‍കുട്ടി മന്ത്രിയല്ല, മുഖ്യമന്ത്രിയായാലും അദ്ദേഹത്തിന്റെ പതിവുശൈലി ഉപേക്ഷിക്കില്ലെന്ന് വീണ്ടും തെളിയിച്ചു. സര്‍ സി.പിയെ വെട്ടിയ നാടാണെന്നും സി.പിയെ വെട്ടിയത് മൂക്കിനാണെങ്കില്‍ ഇവിടെ ചിലരുടെ കഴുത്ത് തന്നെ പോകുമെന്നുമായിരുന്നു ഗവര്‍ണ്ണര്‍ക്കുള്ള ശിവന്‍കുട്ടിയുടെ ഭീഷണി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി എത്ര ലാഘവബുദ്ധിയോടെയാണ് ഒരു ഗവര്‍ണ്ണറുടെ തല വെട്ടുമെന്ന് പറഞ്ഞതെന്ന് ആലോചിക്കണം. ഇത് നിയമലംഘനമല്ലേ? ഭരണഘടനാചട്ടലംഘനമല്ലേ? മുഖ്യമന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയില്‍ എന്ത് നടപടിയെടുത്തു? ശിവന്‍കുട്ടിയുടെ ഈ പ്രസ്താവന വായിച്ചപ്പോള്‍ സി.പി.എമ്മിലെ പുസ്തകം വായിച്ചിരുന്ന മാന്യതയുടെയും സംസ്‌കാരത്തിന്റെയും പ്രതീകമായിരുന്ന, പി.ഗോവിന്ദപിള്ളയെ ഓര്‍ത്തുപോയി.
ഫിഷറീസ് സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറായ ഡോ. കെ. റെജി ജോണിനെ നിയമിച്ചത് ചീഫ്ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് റദ്ദാക്കിയത്. യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചാണ് റെജി ജോണിനെ നിയമിച്ചതെന്ന് ഹൈക്കോടതി കണ്ടെത്തി. വൈസ്ചാന്‍സലര്‍മാരുടെ നിയമനപ്പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയനാണ് ഹര്‍ജി നല്‍കിയിരുന്നത്. വൈസ്ചാന്‍സലറായി നിയമിക്കപ്പെടുന്ന ആളിന് ഒരു സര്‍വ്വകലാശാലയില്‍ പ്രൊഫസറായി പത്തുവര്‍ഷം പരിചയം വേണമെന്നാണ് യു.ജി.സി ചട്ടം. റെജി ജോണിന് ഈ പരിചയം ഇല്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചു. തമിഴ്‌നാട് ഫിഷറീസ് സര്‍വ്വകലാശാലയില്‍ നിന്ന് കേരള ഫിഷറീസ് സര്‍വ്വകലാശാലയിലേക്ക് എത്തിയ ഡോ. റെജി ജോണിന് ഏഴുവര്‍ഷത്തെ പരിചയമേ ഉണ്ടായിരുന്നുള്ളൂ. പിഎച്ച്ഡിയുടെ മൂന്നുവര്‍ഷത്തെ കാലാവധി കൂടി അദ്ധ്യാപന പരിചയമായി കണക്കാക്കിയാണ് റെജി ജോണ്‍ വൈസ് ചാന്‍സലര്‍ പദവിക്ക് അപേക്ഷ നല്‍കിയത്. പിഎച്ച്ഡി കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നാണ് യുജിസിയുടെ നിലപാട്. മാത്രമല്ല, റെജി ജോണിനെ നിര്‍ദ്ദേശിച്ച സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി നിബന്ധന അനുസരിച്ചുള്ള വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവര്‍ ഉണ്ടായിരുന്നു. മൂന്നുപേരുടെ പാനല്‍ നല്‍കുന്നതിനു പകരം ഇടതു സഹയാത്രികനായ റെജി ജോണിന്റെ പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ളതായതിനാല്‍ യുജിസി മാനദണ്ഡങ്ങള്‍ കുഫോസ് നിയമനത്തിന് ബാധകമല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഈ വാദം ഹൈക്കോടതി തള്ളി. യുജിസി മാനദണ്ഡവും ചട്ടവും അനുസരിച്ച് വീണ്ടും വൈസ് ചാന്‍സലറെ നിയമിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
കുഫോസിനേക്കാള്‍ വലിയ തിരിച്ചടിയാണ് കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന്റെ കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തില്‍ ഉണ്ടായ ചട്ടലംഘനവും പക്ഷപാതവും ഇന്റര്‍വ്യൂ ബോര്‍ഡും വൈസ് ചാന്‍സലറും നടത്തിയ നിന്ദ്യമായ സ്വജനപക്ഷപാതവും വ്യക്തമായി തുറന്നുകാട്ടുന്നതായിരുന്നു ഹൈക്കോടതിയുടെ വിധി. പ്രിയ വര്‍ഗ്ഗീസിന്റെ ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്‍എസ് എസ് കോഡിനേറ്ററായി പ്രവര്‍ത്തിച്ച പരിചയം അദ്ധ്യാപനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും അതിനെ അക്കാദമിക് യോഗ്യതയായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഒന്നാംറാങ്കുകാരിയായ പ്രിയ വര്‍ഗ്ഗീസിന് യോഗ്യതയില്ലെന്ന് ആരോപിച്ച് രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി കോളേജ് മലയാളവിഭാഗം മേധാവി ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
യുജിസിയുടെ മാനദണ്ഡമനുസരിച്ച് റിസര്‍ച്ച് സ്‌കോര്‍ നേടിയ ആറുപേരുടെ പട്ടികയാണ് അഭിമുഖത്തിന് തയ്യാറാക്കിയിരുന്നത്. രണ്ടാംറാങ്ക് നേടിയ ജോസഫ് സ്‌കറിയക്ക് യുജിസി മാനദണ്ഡമനുസരിച്ച് റിസര്‍ച്ച് സ്‌കോര്‍ 651 ആയിരുന്നു. തൊട്ടടുത്തെത്തിയ സി.ഗണേഷിന് 645 ഉം, റെജികുമാറിന് 368.7 ഉം, മുഹമ്മദ് റാഫിക്ക് 346 ഉം, പി പി പ്രകാശന് 206 ഉം, ഒന്നാംറാങ്ക് നേടിയ പ്രിയ വര്‍ഗ്ഗീസിന് 156 ഉം ആയിരുന്നു യഥാക്രമം റിസര്‍ച്ച് സ്‌കോര്‍. ഇന്റര്‍വ്യൂ വന്നപ്പോള്‍ പ്രിയ വര്‍ഗ്ഗീസിന് 32 മാര്‍ക്കോടെ ഒന്നാംറാങ്ക് നല്‍കി. 30 മാര്‍ക്ക് നേടിയ ജോസഫ് സ്‌കറിയ രണ്ടാംസ്ഥാനത്തെത്തി. സി. ഗണേഷിന് 28 ഉം, പ്രകാശന് 26 ഉം, മുഹമ്മദ് റാഫിക്ക് 22 ഉം റെജികുമാറിന് 21 ഉം മാര്‍ക്കാണ് ലഭിച്ചത്. 156 മാര്‍ക്ക് മാത്രം റിസര്‍ച്ച് സ്‌കോറുള്ള ആള്‍ 651 മാര്‍ക്ക് റിസര്‍ച്ച് സ്‌കോര്‍ കിട്ടിയ ആളിനെ ഇന്റര്‍വ്യൂവില്‍ മറികടന്ന മറിമായം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധിയില്‍ പൊളിച്ചടുക്കി. മുന്‍ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. എസ്.രാധാകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം വിധി പറഞ്ഞത്. ‘അദ്ധ്യാപകന്‍ വിളക്കാണ്, അനുഭവപരിചയമുള്ള ആളാകണം.’ റിസര്‍ച്ച് സ്‌കോര്‍ കുറഞ്ഞ പ്രിയയെ നിയമിച്ച സെലക്ഷന്‍ കമ്മിറ്റിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രിയക്ക് മതിയായ അദ്ധ്യാപന പരിചയമില്ല. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ആവശ്യമായ കാലം പ്രവര്‍ത്തിച്ചിട്ടില്ല. പിഎച്ച്ഡി ഗവേഷണം നടത്തിയപ്പോള്‍ അദ്ധ്യാപനം ഒഴിവാക്കി ഡെപ്യൂട്ടേഷനിലാണ് പോയത്. ഇത് അദ്ധ്യാപന പരിചയമാവില്ല. സ്റ്റുഡന്റ് സര്‍വ്വീസസ് ഡയറക്ടര്‍ കാലയളവും അദ്ധ്യാപന പരിചയമല്ല. സ്‌ക്രൂട്ടണി കമ്മിറ്റി ഇവയെല്ലാം അക്കാദമിക യോഗ്യതയായി എങ്ങനെയാണ് പരിഗണിച്ചതെന്ന് കോടതി ചോദിച്ചു. യുജിസിയുടെ മാനദണ്ഡങ്ങള്‍ മറികടക്കാനാവില്ല. മാത്രമല്ല, ഇവയൊന്നും അദ്ധ്യാപന യോഗ്യതയായി പ്രിയ വര്‍ഗ്ഗീസ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു. പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം പരാതിയെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മരവിപ്പിച്ചിരുന്നു. കെ.കെ.രാഗേഷിന്റെ ഭാര്യയെ ഇങ്ങനെ ചട്ടം ലംഘിച്ച് നിയമിച്ചതിന്റെ പ്രതിഫലമായാണ് കണ്ണൂര്‍ സര്‍വ്വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു.
ക്ലാസ്സിലെത്തുന്നത് പഠിപ്പില്‍ ഏറ്റവും മികച്ച കുട്ടികളാണ്. അവരുടെ മുന്നിലേക്ക് ഏറ്റവും മികച്ച അദ്ധ്യാപകരാണ് എത്തേണ്ടത്. പ്രിയ വര്‍ഗ്ഗീസിനെ ന്യായീകരിച്ച് സര്‍വ്വകലാശാല രജിസ്ട്രാര്‍ സത്യവാങ്മൂലം നല്‍കിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഒന്നും രണ്ടും റാങ്കുകാര്‍ തമ്മിലുള്ള ഹര്‍ജിയില്‍ എന്തുകൊണ്ട് പ്രിയ വര്‍ഗ്ഗീസിന് വേണ്ടി രജിസ്ട്രാര്‍ സത്യവാങ്മൂലത്തില്‍ വാദിച്ചു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ച മുന്‍പാണ് സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. ഉന്നത വിദ്യാഭ്യാസരംഗത്തും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും സിപിഎം നിരവധി പേരെയാണ് തിരുകിക്കയറ്റിയത്. ഇതിന്റെ പട്ടിക പുറത്തുവന്നിട്ടുണ്ട്. മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി (കാലടി സംസ്‌കൃത സര്‍വ്വകലാശാല അസി.പ്രൊഫസര്‍), മുന്‍ എം.പി. പി.കെ. ബിജുവിന്റെ ഭാര്യ വിജി വിജയന്‍ (കേരളസര്‍വ്വകലാശാല അസി. പ്രൊഫസര്‍), ഡി.വൈ.എഫ്. ഐ നേതാവ് എ.എ റഹീന്റെ സഹോദരി ഷീജ (സ്‌കോള്‍ കേരള), പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാര്‍ (കെ.എസ്.ഐ.ഇ എംഡി), പി. കെ. ശശിയുടെ മകന്‍ രാഖില്‍ (കിന്‍ഫ്ര), കോടിയേരിയുടെ ഭാര്യാസഹോദരന്‍ എസ്.ആര്‍. വിനയകുമാര്‍ (യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്), മന്ത്രി പി.രാജീവിന്റെ ഭാര്യ വാണി കേസരി (കുസാറ്റ്), സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ ഭാര്യ പി.എം. സഹല (കണ്ണൂര്‍ സര്‍വ്വകലാശാല, നിയമനം കോടതി തടഞ്ഞു) തുടങ്ങി നിരവധി നിയമനങ്ങളാണ് അരങ്ങേറിയത്. സര്‍വ്വകലാശാല അദ്ധ്യാപക നിയമനത്തിനും ഇതേപോലെ തന്നെ പാര്‍ട്ടിക്കാരെയും അനുഭാവികളെയും പിന്‍വാതിലില്‍ കൂടി തിരുകിക്കയറ്റുകയായിരുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലും ഇതേ സാഹചര്യമാണ് അരങ്ങേറിയിട്ടുള്ളത്. ഏറാന്‍മൂളികളും പെട്ടിയെടുപ്പുകാരും മാത്രമല്ല, സ്‌കോര്‍ ബോര്‍ഡില്‍ തന്നെ ഒന്നാംറാങ്കുകാരനേക്കാള്‍ നാലിലൊന്ന് മാര്‍ക്ക് പോലും നേടാത്ത ആറാം റാങ്കുകാരിയെ അഭിമുഖത്തിലൂടെ ഒന്നാംറാങ്ക് ആക്കുന്ന മായാജാലം. ആ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായിട്ടാണ് എല്ലാ ചട്ടവും ലംഘിച്ച് കണ്ണൂര്‍ വൈസ്ചാന്‍സലര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പോയി ഗവര്‍ണ്ണറുടെ കാലുപിടിച്ച് പുനര്‍നിയമനം നല്‍കിയത്. ഉളുപ്പ് എന്നവാക്ക് രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് സിപിഎമ്മിന് തീരെയില്ല. എങ്കിലും ആത്മാഭിമാനം എന്നൊന്നുണ്ടെങ്കില്‍ ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി രാജിവെയ്ക്കണമായിരുന്നു.
ഇന്ന് കേരളം കാണുന്നത് ഗവര്‍ണ്ണര്‍ക്കെതിരായ പടയൊരുക്കവും തെരുവിലെ പോരാട്ടവുമാണ്. പക്ഷേ, കേരളത്തില്‍ ചിന്തിക്കുന്ന, വിവേകമുള്ളവരെല്ലാം ഗവര്‍ണ്ണര്‍ പറഞ്ഞത് ശരിയാണെന്ന ബോദ്ധ്യത്തിലേക്കാണ് എത്തുന്നത്. ഇനിയൊരിക്കല്‍ക്കൂടി ഭരണം കിട്ടില്ലെന്ന പ്രതീക്ഷയിലാണോ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും മുഴുവന്‍ പിന്‍വാതിലില്‍ക്കൂടി തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്? കഷ്ടപ്പെട്ട് പഠിച്ചുവന്ന പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ കുഞ്ഞുങ്ങളുടെ നിയമനത്തിന്, അവര്‍ക്ക് നീതി കിട്ടാന്‍ ആരെ സമീപിക്കണം? സംസ്ഥാനത്തെ സാധാരണക്കാര്‍ ഉയര്‍ത്തുന്ന ഈ ചോദ്യം ഗവര്‍ണ്ണറും ചോദിക്കുമ്പോള്‍ അത് കേരളത്തിലെ സാധാരണക്കാരുടെ ഹൃദയവികാരമായി മാറുന്നു. ശിവന്‍കുട്ടി സി.പിയെ വെട്ടുംപോലെ വെട്ടും എന്നുപറയുമ്പോള്‍ താന്‍ ഞൊട്ടും എന്ന് തിരുവനന്തപുരം ഭാഷയില്‍ സാധാരണക്കാര്‍ മറുപടി പറയുന്നത് അതുകൊണ്ടുതന്നെയാണ് എന്നകാര്യം പിണറായിയെങ്കിലും തിരിച്ചറിയണം. തല്‍ക്കാലം ഗവര്‍ണ്ണര്‍ക്കെതിരെയുള്ള പോരാട്ടം മതിയാക്കി ഇനിയുള്ള കാലമെങ്കിലും സുതാര്യമായ നിയമനം നടത്തിയാല്‍ ശേഷിക്കുന്ന ഭരണകാലമെങ്കിലും പൂര്‍ത്തിയാക്കി അന്തസ്സോടെ പടിയിറങ്ങാം. ഗവര്‍ണ്ണര്‍ പറയുന്ന ഓരോ കാര്യവും സത്യമാണെന്ന് കോടതി കണ്ടെത്തുമ്പോള്‍ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് പൊതുജനങ്ങള്‍ക്കും മനസ്സിലാവുകയാണ്. ഇത് മനസ്സിലാകാത്തത് പിണറായിക്കും ഒപ്പം തുള്ളുന്ന ഏറാന്‍മൂളികള്‍ക്കും മാത്രമാണ്.
ഇതിനിടെ തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ അക്ഷരാഭ്യാസമില്ലാത്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണ്ണര്‍ക്കെതിരെ ഉയര്‍ത്തിയ ബാനര്‍ കൂടി സാംസ്‌കാരിക കേരളം കാണേണ്ടതാണ്. ഒരു വിദ്യാര്‍ത്ഥി സംഘടന എങ്ങനെ തരംതാഴാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.