കേരളം അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ തികച്ചും ആശങ്കാജനകമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം അപ്പാടെ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ കടം നാലര ലക്ഷം കോടിയാണ്. റവന്യു വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനും തിരിച്ചടവിനെക്കുറിച്ച് ചിന്തിക്കാതെ വാങ്ങിക്കൂട്ടിയ കടത്തിന്റെ പലിശക്ക് വേണ്ടിയും മാറ്റി വെക്കേണ്ട ഗതികേടിലാണ് സംസ്ഥാനം അകപ്പെട്ടിരിക്കുന്നത്. കടത്തിന്റെ പലിശ കൊടുത്തു വീട്ടാനായി വീണ്ടും കടംവാങ്ങുന്ന നാടായി കേരളം മാറിക്കഴിഞ്ഞു. വര്‍ഷം തോറും പലിശ കൊടുക്കാന്‍ മാത്രമായി 3000 കോടിയാണ് സര്‍ക്കാര്‍ മാറ്റി വെക്കുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ഒക്ടോബര്‍ 28 ന് 2000 കോടിയാണ് സര്‍ക്കാര്‍ കടമെടുത്തത്. ഒക്ടോബര്‍ 21 ന് എടുത്ത 1500 കോടിക്കു പുറമെയാണിത്. ഒരാഴ്ചക്കുള്ളില്‍ മാത്രം കടമെടുത്തത് 3500 കോടി! അതിന്റെ അടിസ്ഥാനത്തില്‍ ആളോഹരി കടബാദ്ധ്യതയും ഉയര്‍ന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ആളോഹരി കടബാദ്ധ്യത 42499 രൂപയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനത്തോടെ ആളോഹരി കടബാധ്യത 66561 രൂപയായി ഉയര്‍ന്നു. പിന്നിട്ട കാലയളവില്‍ അത് സര്‍വകാല റിക്കാര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ചുരുക്കത്തില്‍ മലയാളികള്‍ അവരറിയാതെ പണയപ്പെടുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ഇടതുപക്ഷം പുറത്തിറക്കിയ ധവളപത്രം വിളിച്ചു പറഞ്ഞ ചില വസ്തുതകളുണ്ട്. ഒട്ടും വൈകാതെ സം സ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യം ഉണ്ടാവുമെന്നതായിരുന്നു അത്. എന്നു മാത്രമല്ല 2021 ആവുമ്പോഴേക്കും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് പൂര്‍ണ പരാജയമാണെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഇന്ന് അവരെയും പിന്നിലാക്കി കേരളത്തെ മറ്റൊരു സോമാലിയയാക്കിമാറ്റുകയാണ്. കൊട്ടിഘോഷിച്ച കേരള മോഡലിന്റെ ബാക്കിപത്രമാണിത്. നാഷണല്‍ ഇക്കണോമിക് റിവ്യൂ പ്രകാരം ബംഗാള്‍ കഴിഞ്ഞാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് കേരളം. രണ്ടിടത്തും ഇടതുപക്ഷ മുദ്ര പതിഞ്ഞു കിടക്കുന്നതു സ്വാഭാവികം. ഉപാധികള്‍ കൂടാതെ വാങ്ങിയ കടം പ്രത്യുത്പ്പാദനപരമല്ലാത്ത മേഖലകളില്‍ വിനിയോഗിക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്തത് തകര്‍ച്ചക്ക് ആക്കം കൂട്ടി. “most other states are revenue surplus since they utilizes the loans for development and capital investment. Kerala however uses the loans for daily expenditure and to bridge the revenue deficit . The revenue deficit during 2021 was 38190 core ” (Economic review).
ഒരു വര്‍ഷം മുമ്പ് വന്ന ഈ റിപ്പോര്‍ട്ടും ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിച്ചില്ല. കടത്തിന്റെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന കേരളത്തെ കരകയറ്റാനായി പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന്. അനാവശ്യ തസ്തികകള്‍ വെട്ടിക്കുറക്കുക. രണ്ട്. ചെലവ് കര്‍ശനമായി വെട്ടിച്ചുരുക്കുക. മൂന്ന്. ധൂര്‍ത്ത് അവസാനിപ്പിക്കുക. ഈ നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുക്കാന്‍ തയ്യാറായിരുന്നെങ്കില്‍ വലിയൊരളവോളം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായേനെ. ഒന്നും സംഭവിച്ചില്ല. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നവരെ തഴഞ്ഞ് പാര്‍ട്ടിക്കാരെ പിന്‍വാതില്‍ വഴി നിയമനം നടത്തുന്നത് ഇന്ന് വാര്‍ത്തയല്ല. ഭരണത്തലവനായ ഗവര്‍ണര്‍ തന്നെ അത് തുറന്നു പറഞ്ഞു. അനര്‍ഹരായ സ്വന്തക്കാരെ തിരുകിക്കയറ്റാനായി തസ്തികകള്‍ സൃഷ്ടിക്കുന്നത് രാഷ്ടീയ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. വകുപ്പുകള്‍ക്ക് താങ്ങാനാവുന്നതിനുമപ്പുറമാണ് ജീവനക്കാരുടെ എണ്ണം. ആറു കോടിയില്‍പ്പരം ജനസംഖ്യയുള്ള കര്‍ണ്ണാടകത്തില്‍ ഏഴ് ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. എന്നാല്‍ മൂന്നര കോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള കേരളത്തില്‍ 5 ലക്ഷത്തില്‍പ്പരം ജീവനക്കാരുണ്ട്. പെന്‍ഷന്‍ പറ്റിയവരാകട്ടെ 4 ലക്ഷത്തില്‍ താഴെയും. ഇവരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി റവന്യൂ വരുമാനത്തിന്റെ 68% മാറ്റിവെക്കേണ്ടതായും വരുന്നു. ഈ സാഹചര്യത്തില്‍ വികസന പ്രവര്‍ത്തനത്തിന് പണമെവിടെ? മറുഭാഗത്ത് നഗ്‌നമായ ധൂര്‍ത്ത് അനുസ്യൂതം തുടരുന്നു. വി.എസ്.അച്ച്യുതാനന്ദനെ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിലാണ് മുഖ്യമന്ത്രിയായ ഉടനെ പിണറായി ഒപ്പുവച്ചത്. ഓഫീസ് വാഹനം, വേതനം എന്നിവക്കായി ആകെ ചെലവ് 12 കോടി. വി.എസ്. ഏതെങ്കിലും നിര്‍ദ്ദേശം മുന്നോട്ടുവച്ചതായി നമുക്കറിവില്ല. ഉണ്ടെങ്കില്‍ത്തന്നെ പിണറായി കണ്ടതായി ഭാവിച്ചുമില്ല. ഉപദ്രവമൊഴിവാക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു കമ്മീഷന്‍. എല്ലാം ശരിയാക്കാന്‍ വീണ്ടും അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ഘോഷയാത്രയായെന്ന് പാര്‍ട്ടിക്കാര്‍ പോലും പരസ്യമായി പറഞ്ഞു തുടങ്ങി. നാട്ടുകാരുടെ ചെലവില്‍ കുടുംബ സമേതം നടത്തിയ പത്ത് ദിവസം നീണ്ട വിദേശ ഉല്ലാസയാത്രാ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് അനന്തമായ വികസന സാദ്ധ്യതകളുണ്ട്. 44 നദികളൊഴുകുന്ന സമ്പൂര്‍ണ സാക്ഷരതയുള്ള ദൈവത്തിന്റെ സ്വന്തം നാട് ഇന്നെത്തി നില്‍ക്കുന്നതെവിടെയാണ്? ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരായ, തൊഴില്‍ രഹിതരുള്ള – ഏറ്റവും കൂടുതല്‍ മദ്യപരുള്ള ആത്മഹത്യയും വിവാഹമോചനവും നടക്കുന്ന നാട്. ഒരു സമൂഹത്തിന്റെ അസ്ഥിവാരമപ്പാടെ തകര്‍ന്നു കിടക്കുന്ന അവസ്ഥ. അപ്പോഴും ഭരണാധികാരികള്‍ കേരള മോഡലിന്റെ സ്വപ്‌ന സാമ്രാജ്യത്തില്‍ മയങ്ങിക്കിടക്കുകയാണ്. ഉച്ച കഴിഞ്ഞിട്ടും നേരം പുലരാത്തവര്‍. സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പും ധനവ്യവസ്ഥയുടെ തകര്‍ച്ചയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ പരാജയവും ഭാവി കേരളത്തിന്റെ നില പരുങ്ങലിലാക്കിയിട്ടു കാലമേറെയായി. ഇടതുപക്ഷ സഹയാത്രികരായ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പറയുന്നതു കാണുക. ‘കാര്‍ഷിക രംഗത്തെ വളര്‍ച്ച കീഴ്‌പ്പോട്ടായി. വ്യാവസായിക രംഗം മുരടിച്ചു. സംസ്ഥാനത്തിന്റെ വരുമാനം സേവന രംഗങ്ങളിലൊതുങ്ങി. സ്റ്റേറ്റിന്റെ വരുമാനക്കമ്മി തുടര്‍ച്ചയായി വര്‍ദ്ധിക്കുകയും അത് വികസനത്തിനു വേണ്ടി കരുതേണ്ട തുക കൊണ്ടും വായ്പ കൊണ്ടും നികത്തുന്നതും പതിവായി. വികസന നിക്ഷേപങ്ങള്‍ നാമമാത്രമായി.
പൊതുജനാരോഗ്യ – വിദ്യാഭ്യാസ രംഗങ്ങളിലെ ആസ്തികളുടെ ജീര്‍ണ്ണതയും ഗുണമേന്മാ നാശവുമായിരുന്നു അതിന്റെ പരിണത ഫലം (കേരള പഠനം: കേരളം. എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു? പേജ് 14). ബജറ്റ് നീക്കിയിരുപ്പ് ഇതിന്റെ സൂചകമാണ്. വിദ്യാഭ്യാസം (11.6%) കൃഷി (5.2%) ഗ്രാമ വികസനം (4.5 %). റോഡ് – പാലം (3.6 %) പോലീസ് (2.6%) അപവാദമെന്നത് ആരോഗ്യമേഖല മാത്രമാണ്. അതു പോലും ദേശീയ ശരാശരിക്കു താഴെയാണ്. എണ്‍പതുകളോടെ തന്നെ കേരള മോഡല്‍ തകര്‍ച്ചയിലായിരുന്നുവെന്ന് മേല്‍പ്പറഞ്ഞ പുസ്തകത്തില്‍ തുറന്നു പറയുന്നുണ്ട്. അര നൂറ്റാണ്ട് തികയാറായിട്ടും കാലഹരണപ്പെട്ട ആശയത്തോട് ഇടതുപക്ഷം രാജിയായിട്ടില്ല. ഒരു ജനതയുടെ ഭാവി ഇതളടയുന്നതിവിടെയാണ്. വരട്ടു തത്വവാദത്തിന് നല്‍കേണ്ടിവരുന്ന വില. സാമ്പത്തിക മേഖലയുടെ അടിത്തറയാവേണ്ട കേരളത്തിന്റെ കാര്‍ഷിക വ്യാവസായിക മേഖലകള്‍ തകര്‍ന്നു കിടക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍ രോഗഗ്രസ്ഥമായ സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. വാഴ്ത്തിപ്പാടുന്ന നേട്ടങ്ങള്‍ ഒന്നും തന്നെ അന്വേഷിച്ചു ചെല്ലുമ്പോള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നു കാണാം. ഉദാഹരണത്തിന് കേരളത്തിന്റെ പ്രധാന നേട്ടമായി എണ്ണുന്ന വികസനത്തിന്റെ അസ്ഥിവാരമായി കാണുന്ന സമ്പൂര്‍ണ സാക്ഷരതയെടുക്കാം. ഒന്നാം ക്ലാസ്സില്‍ സ്‌കൂളിലെത്തുന്ന കുട്ടികളില്‍ 20% പത്തിലെത്തുന്നതിനു മുമ്പെ കൊഴിഞ്ഞു പോവുന്നു. ശേഷിക്കുന്നതില്‍ പകുതി പത്തിലെ പരീക്ഷയില്‍ അരിച്ചു മാറ്റപ്പെടുന്നു. പത്തില്‍ ജയിക്കുന്നവരില്‍ പകുതി പോലും +2 കടക്കുന്നില്ല. ഉപരി വിദ്യാഭ്യാസത്തിലേക്കു കടക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ദയനീയമാവുന്നു. വിദ്യാഭ്യാസവിദഗ്ധര്‍ കൊഴിച്ചില്‍ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പ്രതിഭാസത്തിന് ഇന്നും പരിഹാരമില്ല. സാക്ഷരതയില്‍ ഒന്നാം സ്ഥാനമെന്നു പറയുമ്പോഴും അത് വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും പ്രതിഫലിക്കുന്നില്ലെന്ന പതിവ് പരാതിയുടെ അടിസ്ഥാന കാരണമിതാണ്. കേന്ദ്രവും കേരളവും ഒരു പാര്‍ട്ടി ഭരിക്കുന്ന കാലത്ത് കിട്ടുന്നതിനേക്കാള്‍ മുന്തിയ പരിഗണനയാണ് മോദി സര്‍ക്കാര്‍ നല്‍കുന്നത്. പദ്ധതികളുമായി വരു ന്നവര്‍ പണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ പ്രതികരണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അടിസ്ഥാനസൗകര്യമേഖലയില്‍ കേരളം മുന്നോട്ടു പോയതും അതുകൊണ്ടു തന്നെ. പക്ഷെ വ്യവസായമേഖലയില്‍ അതു പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. വ്യവസായ സൗഹൃദ സംസ്ഥാനമെന്നത് പ്രചരണത്തിലൊതുങ്ങി. പിന്നിട്ട കാലയളവിനുള്ളില്‍ പത്തുപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ പോന്ന ഒരു വ്യവസായവും ഇക്കൂട്ടര്‍ക്ക് തുടങ്ങാനായതുമില്ല. പിടിച്ചു നില്‍ക്കാനാവാതെ നിലവിലുള്ള സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടി. കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി. തകര്‍ന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വരുത്തിവെക്കുന്ന സാമ്പത്തിക ബാദ്ധ്യതകള്‍ താങ്ങാവുന്നതിന്നുമപ്പുറത്തായി. അതേസമയം കോടികള്‍ മുടക്കി ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്ന കിറ്റക്‌സിനെപ്പോലെയുള്ള സംരംഭകര്‍ ആത്മരക്ഷാര്‍ത്ഥം അന്യ സംസ്ഥാനങ്ങളില്‍ അഭയം തേടുകയാണ്. പ്രശ്‌നം ശരിയായ വികസന കാഴ്ചപ്പാടും സമീപനവും ഇല്ലെന്നതാണ്.
പിണറായി സര്‍ക്കാരിനില്ലാതെ പോയതും അതു തന്നെ. കാര്‍ഷികമേഖലയുടെ അവസ്ഥയും വ്യത്യസ്തമല്ല. 1956 നവംബര്‍ 1 നു സംസ്ഥാനം നിലവില്‍ വരുമ്പോള്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ 60% ഇവിടെ ഉത്പ്പാദിപ്പിച്ചിരുന്നുവെന്നത് അവിശ്വസനീയമായി തോന്നാം. രേഖകള്‍ കാണിക്കുന്നത് അതാണ്. എന്നാല്‍ ഇന്ന് ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന ലക്ഷണമൊത്ത ഉപഭോക്തൃ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. കാര്‍ഷികോത്പ്പാദനം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 20% ത്തില്‍ താഴെ വരുന്നത് സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ വാദം. സര്‍ക്കാര്‍ അവകാശപ്പെടുന്നതു പോലും 10 ശതമാനത്തില്‍ താഴെയാണ്. തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ ജലരേഖയായി മാറിയപ്പോള്‍ നെല്‍വയലിന്റെ വിസ്തൃതിയും നെല്ലുത്പ്പാദനവും കുറഞ്ഞു. കാര്‍ഷിക മേഖലയില്‍ വന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്കുനേരെ മുന്നണികള്‍ കണ്ണടച്ചു. കാര്‍ഷികമേഖലയെ അടിമുടി യന്ത്രവല്‍ക്കരിച്ച് മറ്റു സംസ്ഥാനങ്ങള്‍ മുന്നോട്ടു പോവുമ്പോള്‍ ഇവിടെ ട്രാക്ടറിനും മെതി യന്ത്രങ്ങളും പാടത്തിറക്കാനനുവദിക്കാതെ ഉപരോധം തീര്‍ക്കുകയായിരുന്നു. ഒരു കാലത്ത് കേരളത്തിനുണ്ടായിരുന്ന നാളികേരത്തിന്റെയും റബ്ബറിന്റെയും കുത്തക നഷ്ടമായി. കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത നോക്കുക. കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ 50000 ടണ്‍ കൊപ്ര സംഭരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി. സംഭരണം പരാജയപ്പെട്ടപ്പോള്‍ ആദ്യം 6 മാസവും പിന്നീട് 53 ദിവസവും നീട്ടി നല്‍കി. ഒടുവില്‍ കേരളം സംഭരിച്ചത് 240 ടണ്‍. അതേ സമയം തമിഴ്‌നാട് സംഭരിച്ചതാവട്ടെ 40865 ടണ്‍! തമിഴ്‌നാട് പരാമാവധി കൊപ്ര താങ്ങുവിലക്ക് സംഭരിച്ച് 80 കോടി നേടിയപ്പോള്‍ കേരളത്തിന് കിട്ടിയത് 35 ലക്ഷം മാത്രം. കേരം തിങ്ങും കേരള നാടിന്റെ ഗതികേട്. കാര്‍ഷിക മേഖലയോടുള്ള എല്‍.ഡി. എഫ് സര്‍ക്കാരിന്റെ പ്രതിബദ്ധത വിളംബരം ചെയ്യാന്‍ ഇതിനേക്കാള്‍ നല്ല ഉദാഹരണം വേറെ വേണ്ടല്ലൊ?
നാളികേരത്തിന്റെ പേരിലറിയപ്പെടുന്ന സംസ്ഥാനത്തെ പിന്നിലാക്കി തമിഴ്‌നാടും കര്‍ണ്ണാടകവും ഈ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. കേരളത്തിന്റെ മാത്രം കുത്തകയായ പരമ്പരാഗത വ്യവസായങ്ങള്‍ കയറും കശുവണ്ടിയും ഐ.സി.യുവിലായി. ചുരുക്കത്തില്‍ കാര്‍ഷിക മേഖലയുടെ മരണമണി മുഴങ്ങിയിട്ട് കാലമേറെയായി. ഭരണാധികാരികള്‍ അപ്പോഴും സുഖസുഷുപ്തിയിലാണ്. ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ പണമായിരുന്നു ഒരു കാലത്ത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. വിദേശത്തു നിന്ന് ഒഴുകിയെത്തിയ കോടികള്‍ പ്രത്യുത്പ്പാദനപരമായ മേഖലകളില്‍ വിനിയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. സമ്പാദ്യമായി അവശേഷിച്ചത് കോണ്‍ക്രീറ്റ് കാടുകള്‍ മാത്രം. ഏതാണ്ട് 30 ലക്ഷത്തോളം പേര്‍ വിദേശത്ത് പോയതായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പിലായ സ്വദേശിവത്ക്കരണവും നിതാഖത് നിയമങ്ങളും പുറകെ വന്ന കോവിഡ് മഹാമാരിയും ഉയര്‍ത്തിയ ഭീഷണി തിരിച്ചടിയായി. ഒരു കാലത്ത് മണലാരണ്യങ്ങളില്‍ വിയര്‍പ്പൊഴുക്കി സമ്പദ് ഘടനയെ സമ്പന്നമാക്കിയ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. പിന്നെ പ്രതീക്ഷക്കു വക നല്‍കുന്ന രണ്ടു മേഖലകള്‍ ഐ.ടിയും വി നോദ സഞ്ചാരവുമാണ്. കേരളത്തിന്റെ പ്രകൃതിയും കാലാവസ്ഥയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. കാഴ്ചപ്പാടും നടപടികളുമില്ല. രണ്ടാമത്തേത് ഐ.ടി മേഖലയാണ്. ആധുനിക സമൂഹത്തില്‍ അനന്ത സാധ്യതകളുള്ള മേഖല. കംപ്യൂട്ടര്‍ വിരുദ്ധരായ കമ്മ്യൂണിസ്റ്റുകാര്‍ ഈ മേഖലയെ ഗൗരവത്തോടെ സമീപിച്ചില്ലെന്നത് ചരിത്രത്തിന്റെ ഭാഗം. 1970കളില്‍ ബാംഗ്ലൂരിലും ഹൈദരാബാദിലും ചെന്നെയിലും ഐ.ടി മേഖല സജീവമായപ്പോള്‍ കേരളം ഏറെ പിന്നിലായിരുന്നു. വൈകി ഓടിയ കേരളത്തില്‍ ഒരു ഐ.ടിനയം രൂപം കൊള്ളുന്നതു തന്നെ 1998 ലാണ്. മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോള്‍! പാഴായിപ്പോയ അവസരങ്ങളെക്കുറിച്ചു പറയുമ്പോള്‍ മുന്നണികള്‍ പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണ്. വ്യക്തമായ ദിശാബോധവും വികസന കാഴ്ചപ്പാടുമുള്ള ഭരണകൂടത്തിന്നു മാത്രമെ ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കേരളത്തെ കരകയറ്റാനാവൂ.
(ബി.ജെ.പി ദേശീയ സമിതി
അംഗമാണ് ലേഖകന്‍)