കേരളത്തിനിപ്പോള്‍ പച്ച പ്രാന്താണ്. അല്ലെങ്കിലും കേരള രാഷ്ട്രീയം അങ്ങനെയാണ്; ദേശീയ രാഷ്ട്രീയത്തിനു നേരെ കുട്ടിസ്രാങ്കിനെ പോലെയേ നില്‍ക്കൂ. 1977-ല്‍ ”ഉത്തരേന്ത്യന്‍ നിരക്ഷര” ഭാരതം ഇന്ദിരയുടെ ഫാസിസ്റ്റു ഭരണത്തെ അറബിക്കടലില്‍ എറിഞ്ഞപ്പോള്‍ സാക്ഷര കേരളം ആ കക്ഷിയെ വാരിപ്പുണര്‍ന്നു. പാകിസ്ഥാന്‍ സൃഷ്ടിക്കു കാരണമായ ലീഗിന് രാജ്യത്ത് മറ്റൊരിടത്തും വേരു പിടിക്കുന്നില്ല. ഇവിടെ ആഫ്രിക്കന്‍ പായല്‍ പോലെ പടര്‍ന്നു നില്‍ക്കുന്നു. ഇന്ന് രാജ്യം കാവി രാഷ്ട്രീയത്തെ സ്വീകരിച്ചിരിക്കുന്നു. കേരള രാഷ്ട്രീയത്തിന് കാവി അലര്‍ജിയാണ്. ആ അലര്‍ജി മൂത്ത് പച്ച പ്രാന്ത് എന്ന മനോരോഗമായിരിക്കുന്നു.
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന്റെ നിറം സഖാക്കള്‍ പച്ചയാക്കിയത് അതിന്റെ ഒടുവിലത്തെ ലക്ഷണം. ചുകപ്പല്ലാത്ത എന്തു കണ്ടാലും സഖാക്കള്‍ക്ക് കലിവരും. 2014-ല്‍ മലപ്പുറത്തെ ചില സ്‌കൂള്‍ അധികൃതര്‍ ബ്ലാക്ക് ബോര്‍ഡ് പച്ചയാക്കി. സഖാക്കള്‍ ഇതിനെ പല്ലും നഖവുമെടുത്ത് എതിര്‍ത്തു. ലീഗിനു വേണ്ടി എം.വി.രാഘവന്‍ തയ്യാറാക്കിയ ബദല്‍ രേഖ തള്ളുകയും രാഘവനെ പ്രതിരോധിച്ചതിന്റെ പേരില്‍ അഞ്ച് രക്തസാക്ഷികളെ ഉണ്ടാക്കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. അവര്‍ക്കു വരെ പച്ചപ്രാന്ത് പിടിപെട്ടിരിക്കുന്നു. ലീഗിനെ ഇടതുമുന്നണിയിലെടുക്കാന്‍ പച്ച പരവതാനി വിരിച്ചു കാത്തിരിപ്പാണവര്‍. ഈ മനോരോഗത്തിന്റെ മറ്റൊരു ലക്ഷണമാണ് കെ.ടി.ജലീലിന്റെ ആത്മകഥ. ഒരു വാരികയില്‍ വന്ന ആത്മകഥയുടെ പേര് ‘പച്ച കലര്‍ന്ന ചുകപ്പ്’. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കു മാത്രമല്ല കോണ്‍ഗ്രസ്സിനുമുണ്ട് ഈ മനോരോഗം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ രാഹുല്‍ മത്സരിച്ച വയനാട് മണ്ഡലം പച്ചക്കടലാക്കി, അവിടെ ഒരൊറ്റ കോണ്‍ഗ്രസ് കൊടി ഉണ്ടായില്ല. കോണ്‍ഗ്രസ്സുകാര്‍ പച്ചയില്‍ അഭിരമിച്ചു. ഇതാ ഒറ്റയാന്‍ ‘കബാലി’യെ പോലെ കേരളം മൊത്തം ഇറങ്ങിയ ശശി തരൂര്‍ പാണക്കാട്ടുചെന്നത് പച്ച ജുബ്ബയിട്ട്. മറ്റ് അവസരത്തില്‍ കാണാത്ത ഈ വേഷം യാദൃച്ഛികമല്ല; പച്ച പ്രാന്തിന്റെ ലക്ഷണമാണ്. ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള ഏതന്വേഷണവും നീളുന്നത് കേരളത്തിലേക്കാണ്. അവിടെ പച്ചപ്രാന്ത് നട്ടപ്രാന്തായി മാറിയാല്‍ എന്തു സംഭവിക്കുമെന്ന് അരിയാഹാരം കഴിക്കുന്നവരെ ഉപദേശിക്കണ്ടതില്ലല്ലോ.