നാടകം അരങ്ങു തകര്‍ത്താടുമ്പോഴാണ് കര്‍ട്ടണ്‍ വീണത്. രസക്കയറ് പൊട്ടിയതോടെ ജനം കൂകിവിളിക്കാന്‍ തുടങ്ങി. ഭാരതമഹാരാജ്യത്തിന്റെ സാംസ്‌കാരികരംഗത്താണ് ഈ വലിയ നാടകം അരങ്ങു തകര്‍ത്താടിയത്. ഒന്നിനൊന്ന് മെച്ചമായ 49 സാംസ്‌കാരിക നായകന്മാരാണ് അഭിനേതാക്കള്‍. പശ്ചാത്തലത്തില്‍ ‘മതേതര’ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും പക്കമേളം വേറെയും. പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി എന്ന പേരില്‍ ജയിലില്‍ പോകാന്‍ വിധിക്കപ്പെട്ട സാഹിത്യനായകന്മാരുടെ ജനാധിപത്യസംരക്ഷണ വീര്യത്തിന്റെ കഥയാണ് നാടകത്തിന്റേത്. അവര്‍ ജയില്‍വാസത്തിന് തയ്യാര്‍ എന്നു പ്രഖ്യാപിക്കുന്ന കഥയുടെ മൂര്‍ദ്ധന്യത്തില്‍ ബീഹാര്‍ പോലീസ് കര്‍ട്ടണ്‍ താഴ്ത്തി നാടകം നിര്‍ത്തിക്കൊള്ളാന്‍ പറഞ്ഞു.
കഥ ഇങ്ങനെ: മോദിസര്‍ക്കാരിനെ കുറ്റം പറയാന്‍ അവസരം കാത്തിരിക്കുന്ന സാംസ്‌കാരിക നായകര്‍ക്ക്, മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണപോലെ, ഒരവസരം കൈവന്നു. ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്ക് കൊടുക്കാന്‍ ആരോ തയ്യാറാക്കിയ ഒരു കത്തില്‍ അവര്‍ മത്സരിച്ച് തുല്യംചാര്‍ത്തി. അതു പത്രങ്ങളില്‍ ചിത്രസഹിതം വാര്‍ത്തയായപ്പോള്‍ അവര്‍ കോള്‍മയിരണിഞ്ഞു. പിന്നെ കേള്‍ക്കുന്നത് ബീഹാറിലെ മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഈ സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ കേസ്സെടുക്കുന്നു, അവരെ ജയിലിലടയ്ക്കാന്‍ പോകുന്നു എന്നൊക്കെയാണ്. കാളപെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കാന്‍ രാഹുലും യെച്ചൂരിയും പത്രക്കാരും മത്സരിച്ചു. അവരുടെ വക മോദി സര്‍ക്കാരിന് നേരെ അധിക്ഷേപ വര്‍ഷം. പരാതി നല്‍കിയ സുധീര്‍കുമാര്‍ ഓഝ ഒരു സ്ഥിരം പരാതിക്കാരനാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പേരില്‍ വരെ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വസ്തുത അവര്‍ കണ്ടില്ല. കോടതി കേസ്സെടുക്കാനോ അറസ്റ്റു ചെയ്യാനോ അല്ല പ്രഥമ വിവര റിപ്പോര്‍ട്ടു നല്‍കാനാണ് ബീഹാര്‍ പോലീസ്സിനോടാവശ്യപ്പെട്ടത് എന്നതും മൂടിവെച്ചു. പകരം ബീഹാര്‍ പോലീസ് അറസ്റ്റു ചെയ്യാന്‍ വരുന്നേ എന്ന് ബഹളം വെച്ചു. അപ്പോഴാണ് നേരത്തെ പറഞ്ഞപോലെ എല്ലാം ബീഹാര്‍ പോലീസ് തകര്‍ത്തുകളഞ്ഞത്. കേസ്സെടുക്കാന്‍ തെളിവില്ലെന്നും ശല്യക്കാരനായ വ്യവഹാരക്കാരന്‍ ഓഝയ്ക്ക് പിഴ വിധിക്കണമെന്നും അവര്‍ കോടതിയെ അറിയിച്ചു. ജയിലില്‍ പോകാന്‍ തയ്യാറായി കുപ്പായവും തുന്നിച്ചിരുന്ന അടൂര്‍ ഗോപാലകൃഷ്ണനും സംഘവും ഇനി എന്തുചെയ്യും? അവര്‍ പാടി നടന്ന കള്ളക്കഥ കേട്ട് അന്തംവിട്ട ജനത്തിനു മുമ്പില്‍ തലയില്‍ മുണ്ടിട്ടുവേണ്ടേ ഇവര്‍ക്കിനി നടക്കാന്‍.