മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയ വാർത്ത 2022 ആഗസ്റ്റ് മൂന്നിലെ പത്രങ്ങളിൽ കണ്ടു. ഇതിൽ 1921ലെ മാപ്പിള ലഹളക്ക് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയാൻ 75ലക്ഷം രൂപയും ലഹളയുടെ ഭാഗമായി നടന്ന പൂക്കോട്ടൂർ കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിക്കാൻ ഒരു കോടി രൂപയും നീക്കിവെച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തികച്ചും മത വർഗീയപരമായ നിലപാടാണ് മുസ്ലിംലീഗ് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ളതെന്ന് പറയാതെ വയ്യ.
“മുസൽമാന്മാർ ഹിന്ദുക്കൾക്കെതിരെ ജിഹാദ് ആരംഭിച്ചിരിക്കുന്നു” എന്നാണ് മാപ്പിള ലഹളയെ കുറിച്ച് ഗാന്ധിജി 1924ൽ “യംഗ്ഇന്ത്യ”യിൽ എഴുതിയത്.
ഡോ.ബി.ആർ.അംബേദ്കർ 1921ലെ മാപ്പിള ലഹളയെ കുറിച്ച് പറയുന്നതിങ്ങനെയാണ്.
“കൂട്ടക്കൊലപാതകങ്ങൾ, ബലം പ്രയോഗിച്ചുള്ള മത പരിവർത്തനങ്ങൾ, ക്ഷേത്ര ധ്വംസനങ്ങൾ, ഗർഭിണികളെ വെട്ടിക്കീറുക തുടങ്ങി സ്ത്രീകളുടെ നേർക്കുള്ള ഹീനമായ ക്രൂരകൃത്യങ്ങൾ, കൊള്ളയും തീവയ്പ്പും നശീകരണവും… ചുരുക്കത്തിൽ ഇങ്ങനെ നിഷ്ഠൂരവും അനിയന്ത്രിതവുമായ കിരാതവാഴ്ചയുടെ ഭാഗമായി നടക്കാവുന്നതെല്ലാം മാപ്പിളമാർ ഹിന്ദുക്കൾക്ക് നേരെ നിർബാധം നടത്തി. ഒരു ഹിന്ദു – മുസ്ലിം പോരാട്ടമായിരുന്നില്ല അത്; ഏകപക്ഷീയമായ കൂട്ടക്കൊലയായിരുന്നു.”
(“പാകിസ്ഥാൻ അഥവാ ഇന്ത്യാ വിഭജനം” എന്ന പുസ്തകത്തിൽ).
മഹാത്മാഗാന്ധി, ഡോ.ബി.ആർ.അംബേദ്കർ എന്നിവർക്കു പുറമേ, ആനി ബസൻ്റ്, കെ.പി.കേശവമേനോൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായിരുന്ന കെ.മാധവൻനായർ, കെ.കേളപ്പൻ, സി.ഗോപാലൻ നായർ, പ്രശസ്ത എഴുത്തുകാരായ ഉറൂബ്, എസ്.കെ.പൊറ്റക്കാട്, കുമാരനാശാൻ തുടങ്ങിയവരെല്ലാം 1921ലെ മാപ്പിള ലഹള, മുസ്ലിം തീവ്രവാദികൾ നടത്തിയ ഹൈന്ദവ കൂട്ടക്കൊലയും മതം മാറ്റവുമായിരുന്നു എന്ന് നിസ്സംശയം പറഞ്ഞിട്ടുണ്ട്. അക്കാലത്തെ ചരിത്രകാരന്മാരും സർക്കാർ രേഖകളിലും ഇക്കാര്യം അടിവരയിട്ടു പറഞ്ഞിട്ടുള്ളതുമാണ്.
ഇന്ദിരാഗാന്ധി സർക്കാറിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഉമാശങ്കർ ദീക്ഷിത് 1973 ആഗസ്റ്റ് 23നും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മൊഹസിൻ 1973 ജൂലൈ 26നും, മാപ്പിളലഹള സ്വാതന്ത്ര്യസമരമായിരുന്നില്ലെന്ന് പാർലമെൻറിൽ അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്.
മാപ്പിള ലഹള നടന്നയുടൻ ബംഗാളിൽ നിന്ന് മലബാറിൽവന്ന് പഠനം നടത്തിയ ഇടതുപക്ഷ ചരിത്രകാരനായ സൗമേന്ദ്രനാഥ ടാഗൂർ എഴുതിയ ചെറുപുസ്തകത്തിൻ്റെ തലക്കെട്ട് തന്നെ “1921ലെ മലബാറിലെ കാർഷിക ലഹള” എന്നാണ്.
കേരള ചരിത്രത്തിൽ ഏറ്റവുമധികം ഗവേഷണ പഠനങ്ങൾ നടന്നിട്ടുള്ളത് 1921ലെ കലാപമടക്കമുള്ള മലബാറിലെ മാപ്പിള കലാപങ്ങളെക്കുറിച്ചാണ് എന്നാണ് ചരിത്ര പണ്ഡിതനായ ഡോ.എം.ഗംഗാധരൻ “മാപ്പിള പഠനങ്ങൾ” എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്.
ഇക്കാര്യങ്ങളെല്ലാം വിശദമായി പഠിച്ചതിൻ്റെ അടിസ്ഥാനത്തിൽ ദി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ), വാരിയംകുന്നനും ആലി മുസ്‌ലിയാരും ചെമ്പ്രശ്ശേരി തങ്ങളും പൂക്കോട്ടൂരിൽ കലാപത്തിൽ കൊല്ലപ്പെട്ടവരുമടക്കമുള്ളവർ സ്വാതന്ത്ര്യസമരസേനാനികളല്ലെന്ന് കണ്ടെത്തിയിട്ടുള്ളതുമാണ്.
1921ലെ മാപ്പിള ലഹളയെക്കുറിച്ച് അതിൻ്റെ നൂറാം വാർഷികമായിരുന്ന കഴിഞ്ഞവർഷത്തിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്തിട്ടുള്ളതാണ്. 1921ൽ ജീവിച്ചിരുന്ന രാഷ്ട്രീയ നേതാക്കളും ചരിത്ര പണ്ഡിതന്മാരും എഴുത്തുകാരും പറഞ്ഞതിലും, അന്നത്തെ സർക്കാർ രേഖകളിൽ പറഞ്ഞതിലും 1921ൽ നടന്ന മാപ്പിള ലഹള വംശീയ കൂട്ടക്കൊലയായിരുന്നു എന്ന് നിസ്സംശയം സ്ഥിരീകരിച്ചിട്ടും, അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട്, ഒരു വിഭാഗത്തെ കൂട്ടക്കൊല ചെയ്യുകയും മത പരിവർത്തനം നടത്തുകയും ചെയ്തവർക്ക് സ്മാരകം പണിയുന്നത് ഒരു ജനാധിപത്യ, മതേതര ഭരണകൂടത്തിന് ഭൂഷണമാണോ?
അന്ന് കൊല്ലപ്പെട്ടവരുടെ ആശ്രിതരും, അത് വംശീയഹത്യയാണെന്ന് ഇന്നും ഉറച്ചു വിശ്വസിക്കുന്നവരും നൽകുന്ന നികുതിപ്പണമാണ് സർക്കാർ ഇതിന് ഉപയോഗിക്കുന്നത്. യാതൊരു നീതീകരണവുമില്ലാത്തതാണു് ജില്ലാ പഞ്ചായത്തിൻ്റെ ഈ നടപടി. ഈ കലാപകാരികൾക്ക് ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് സ്മാരകം പണിയരുത് എന്നുമാത്രമല്ല, സ്വകാര്യ സംരംഭമായി തുടങ്ങുകയാണെങ്കിൽപ്പോലും അനുവാദം നൽകരുതെന്നും ജില്ലാപഞ്ചായത്തിനോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെടുന്നു.