കേരള ഹൈക്കോടതിയുടെ നിര്‍ണ്ണായകമായ ഒരു ഉത്തരവ് വന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി വിളക്കിനോടനുബന്ധിച്ച് നടത്തുന്ന കോടതി വിളക്കിന് എതിരെയാണ് ജില്ലയിലെ കോടതികളുടെ ഭരണചുമതലയുളള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി വിളക്കില്‍ ജഡ്ജിമാര്‍ പങ്കെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ കോടതി വിളക്കിന്റെ നടത്തിപ്പില്‍ പങ്കാളികളാകരുത്. കോടതി വിളക്ക് എന്ന് വിളിക്കുന്നതു തന്നെ സ്വീകാര്യമല്ല. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്നും തൃശ്ശൂര്‍ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഇതര മതസ്ഥരായവര്‍ക്ക് നിര്‍ബ്ബന്ധമായി കോടതി വിളക്ക് എന്ന ആഘോഷത്തില്‍ പങ്കെടുക്കേണ്ടി വരുമെന്നും മതനിരപേക്ഷ സ്ഥാപനം എന്ന നിലയില്‍ ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കോടതികള്‍ ഏര്‍പ്പെടുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.
പ്രഥമദൃഷ്ട്യാ നോക്കുമ്പോള്‍ ഈ ഉത്തരവ് പൂര്‍ണ്ണമായും മതനിരപേക്ഷമാണെന്നും പൂര്‍ണ്ണമായും നീതിയുക്തമാണെന്നും തോന്നും. പക്ഷേ, അങ്ങനെയല്ല. 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിന്റെ ദിവസം സ്വയംഭൂവായി എവിടെനിന്നെങ്കിലും പൊട്ടി വീണതല്ല ഭാരതം. അതിന് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്, സംസ്‌കാരമുണ്ട്. മതാതീതമായ ഒരു സാംസ്‌കാരികധാരയുടെ ഇഴപിരിക്കാനാവാത്ത സുവര്‍ണ്ണനൂലില്‍ ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയും നെടുകെയും കുറുകെയും ഭാരതത്തെ ബന്ധിച്ചിരിക്കുന്നു. ഹിന്ദുത്വം എന്ന പദത്തിന് സുപ്രീം കോടതി നല്‍കിയ നിര്‍വ്വചനം ബഹുമാനപ്പെട്ട ഹൈക്കോടതി വേണ്ടരീതിയില്‍ കണ്ടിട്ടും പഠിച്ചിട്ടുമില്ല എന്നുതോന്നുന്നു. ഹിന്ദുത്വം ഒരു ജീവിതരീതിയാണ്, സംസ്‌കാരമാണ്, സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ ജീവിക്കുന്ന ഇസ്ലാമും ക്രിസ്ത്യനുമല്ലാത്ത ജനങ്ങളുടെ ജീവിതത്തിന്റെ ആകേത്തുകയാണ്. ഇതിന് ഒരു മതത്തിന്റെ സൂചിക കൊടുക്കുന്നത് ശരിയാണോ? സ്വാതന്ത്ര്യത്തിനും ദശാബ്ദങ്ങള്‍ക്കു മുന്‍പ് ചാവക്കാട് മുന്‍സിഫ് കോടതി ഗുരുവായൂരില്‍ കോടതി വിളക്ക് നടത്തിയിരുന്നു. 100 വര്‍ഷം മുന്‍പ് ചാവക്കാട് മുന്‍സിഫ് ആയിരുന്ന ‘കേയി’ ആണ് കോടതി വിളക്ക് തുടങ്ങിയത്. പിന്നീട് വന്ന അഭിഭാഷകരും ജീവനക്കാരും അത് പിന്‍ന്തുടര്‍ന്നു. കോടതി എന്നുപറഞ്ഞാല്‍ അത് ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ മാത്രമാണോ? അവിടെ കോടതി ജീവനക്കാരും അഭിഭാഷകരും എല്ലാം കോടതിയുടെ ഭാഗമല്ലേ? ആരും പറയാതെ ഇതിന് ഒരു വര്‍ഗ്ഗീയനിറം കൊടുത്ത് പെട്ടെന്ന് മതേതരം ആക്കാനുള്ള ഹൈക്കോടതിയുടെ ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല.
ഈ തരത്തില്‍ പോലീസും കോടതിയും മറ്റു സര്‍ക്കാര്‍ വകുപ്പുകളും ഒക്കെ ഉള്‍പ്പെട്ട നിരവധി ആചാരങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. ഇവിടെ കോടതി വിളക്ക് മാത്രമല്ല, ഏകാദശി വിളക്കില്‍ പോലീസും ബാങ്കും, തപാലും, വ്യാപാരികളും സര്‍ക്കാര്‍ ഓഫീസുകളും ഒക്കെ പങ്കെടുക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളൊക്കെ ഗുരുവായൂരില്‍ സ്ഥാപിക്കപ്പെടാനും വളരാനും വലുതാകാനും ഒക്കെ കാരണം ഗുരുവായൂരപ്പനാണ്. അവിടെ പോയി ‘ആ വിളക്ക് കാണുന്നിടത്താണോ മൂപ്പര് ഇരിക്കുന്നത്?’ എന്നുചോദിച്ച മുഖ്യമന്ത്രിയുള്ള സംസ്ഥാനത്ത് ഹൈക്കോടതിക്ക് പെട്ടെന്ന് മതേതരബോധം ഉദിച്ചതില്‍ അത്ഭുതമില്ല. രാഷ്ട്രീയത്തിനതീതമായി മികവിന്റെ അടിസ്ഥാനത്തില്‍ എത്ര ജഡ്ജിമാര്‍ ഹൈക്കോടതിയിലായാലും സുപ്രീം കോടതിയിലായാലും വന്നിട്ടുണ്ട് എന്ന ചോദ്യം മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ജഡ്ജിമാരുടെ കൊളീജിയത്തിനു പകരം നിയമനത്തിനായി പ്രത്യേക ജുഡിഷ്യല്‍ കമ്മീഷന്‍ വേണമെന്ന വാദത്തിനും ശക്തിപകരുന്നത് ഈ അഭിപ്രായമാണ്.
തൃശ്ശൂര്‍ ജില്ലയില്‍ തന്നെ, ജില്ലാ കളക്ടര്‍, അല്ലെങ്കില്‍ കളക്ടര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഡെപ്യൂട്ടി കളക്ടര്‍ കൂടല്‍മാണിക്യം ക്ഷേത്രഭരണ സമിതിയില്‍ അംഗമാണ്. ഇത് മതേതരത്വത്തിന് എതിരല്ലേ? ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ട്രഷറിയില്‍ എല്ലാവര്‍ഷവും ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിന്റെ ഭാഗമായുള്ള കതിര്‍ക്കുല എഴുന്നള്ളിക്കും. പോലീസ് അകമ്പടിയോടെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെയാണ് ഇത് നടത്തുന്നത്. കാര്‍ത്തികപ്പള്ളി കൊട്ടാരത്തിന്റെ ഖജനാവായിരുന്ന ഈ ട്രഷറിയില്‍ രാജഭരണകാലത്ത് തുടങ്ങിയതാണ് ഈ കതിര്‍ക്കുല എഴുന്നള്ളിക്കല്‍. ഇത് മതേതരത്വത്തിന്റെ പേരില്‍ മാറ്റാനാകുമോ?
തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിനും പൈങ്കുനി ഉത്സവത്തിനും ഭഗവാനെ ആറാട്ടിന് എഴുന്നള്ളിക്കുന്നത് ശംഖുമുഖത്തെ ആറാട്ട് കടവിലേക്കാണ്. ആറാട്ടിന് അകമ്പടിയായി സായുധ പോലീസ്, അശ്വാരൂഢസേന, പോലീസ് ബാന്റ്‌സെറ്റ് എന്നിവയുണ്ടാകും. ലോകത്ത് ഒരു വിമാനത്താവളവും ഒരു മതപരമായ ആഘോഷത്തിനുവേണ്ടി അഞ്ചുമണിക്കൂര്‍ അടച്ചിടാറില്ല. എന്നാല്‍, തിരുവനന്തപുരം വിമാനത്താവളം ഈ രണ്ട് ഉത്സവങ്ങളുടെയും ആറാട്ടിനുവേണ്ടി അഞ്ചുമണിക്കൂറാണ് അടച്ചിടുന്നത്. ഒരാഴ്ച മുന്‍പ് അന്താരാഷ്ട്ര വ്യോമഗതാഗത സമിതിക്ക് ഇതിന്റെ സൂചന അടങ്ങിയ വിജ്ഞാപനം പോകും. ‘നോട്ടം’ എന്ന ഈ വിജ്ഞാപനം അഞ്ചുമണിക്കൂര്‍ സമയത്തേക്ക് വ്യോമപാതയും റണ്‍വേയും അടയ്ക്കുന്നതും ആ സമയത്ത് വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന അറിയിപ്പാണിത്. ഇത് ഹൈക്കോടതി ഉത്തരവിനനുസരിച്ച് മതേതരമാണോ? വീണ്ടും നവരാത്രിയോടനുബന്ധിച്ച് പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് സരസ്വതീ വിഗ്രഹവും വേളമലയില്‍ നിന്ന് സുബ്രഹ്‌മണ്യനും ശുചീന്ദ്രത്തുനിന്ന് മൂന്നൂറ്റിനങ്കയും തിരുവനന്തപുരത്തേക്ക് എഴുന്നള്ളും. പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് ഉടവാള്‍ ഏറ്റുവാങ്ങുന്നത് സംസ്ഥാനത്തെ ഒരു മന്ത്രിയായിരിക്കും. കൈമാറുന്നതാകട്ടെ, മിക്കപ്പോഴും തമിഴ്‌നാട്ടിലെ ദേവസ്വം മന്ത്രിയോ മുതിര്‍ന്ന ഉദ്യോഗസ്ഥനോ. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ അതിര്‍ത്തി വരെ തമിഴ്‌നാട് പോലീസും അവരുടെ ബാന്റ് സംഘവും അകമ്പടി സേവിക്കും. കേരളത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് സംസ്ഥാന പോലീസിന്റെ അകമ്പടിയോടെയാണ് മൂന്നുദിവസത്തെ ഘോഷയാത്ര തലസ്ഥാനത്തെത്തുക. തിരിച്ചുപോകുമ്പോഴും ഈ പ്രക്രിയ അതേപടി തുടരും.
കോടതികള്‍ സ്വേച്ഛാപരമായ വിധിക്കു പകരം ഈ നാടിന്റെ പാരമ്പര്യവും സംസ്‌കാരവും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഈ തരത്തിലുള്ള ഒരു ഉത്തരവ് ഉണ്ടാകില്ലായിരുന്നു. കോട്ടയം ജില്ലയിലുള്ള ജഡ്ജിയമ്മാവന്‍ ക്ഷേത്രമുണ്ട്. ഊരാക്കുടുക്കുള്ള കേസുകളില്‍ പെടുന്ന പലരും ഈ ക്ഷേത്രത്തില്‍ വന്ന് തൊഴുത് പ്രാര്‍ത്ഥിക്കും. മതേതരസ്വഭാവത്തിന് നിരക്കുന്നതല്ല ജഡ്ജിയമ്മാവന്‍ ക്ഷേത്രമെന്ന് പറയാന്‍ കഴിയുമോ? കര്‍ണ്ണാടകത്തിലെ ദസറ ആഘോഷത്തിനും സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. ഔദ്യോഗികമായി തന്നെ അവര്‍ക്ക് അതില്‍ ചുമതലകള്‍ വഹിക്കാനുമുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌നാഥ് ആശ്രമത്തിന്റെ മഠാധിപതിയാണ്. നേപ്പാളില്‍ രാജഭരണം നിലവിലുള്ളപ്പോള്‍ അവിടെ രാജാവിനെ കിരീടധാരണം ചെയ്യിക്കുന്ന ചടങ്ങില്‍ പോലും ഗോരഖ്‌നാഥ് മഠാധിപതിക്ക് മുഖ്യപങ്കുണ്ട്. മതേതരത്വ സ്വഭാവത്തിന് നിരക്കുന്നതല്ല എന്നുപറഞ്ഞ് മുഖ്യമന്ത്രിയെ മാറ്റാനാകുമോ? മദ്രാസ് ഹൈക്കോടതിയുടെ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള സമനീതി ചോളന്റെ പ്രതിമ മതേതരത്വത്തിന് എതിരല്ലേ? ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിമാര്‍ കോടതിയില്‍ നടക്കുമ്പോള്‍ ഡഫേദാര്‍മാര്‍ അകമ്പടി സേവിക്കുമ്പോള്‍ കൊണ്ടുനടക്കുന്ന ധര്‍മ്മദണ്ഡില്‍ ആലേഖനം ചെയ്തിരിക്കുന്ന അശോകസ്തംഭം ഹിന്ദുത്വത്തിന്റെ ഭാഗമല്ലേ? അതും വര്‍ഗ്ഗീയമല്ലേ?
ക്ഷേത്രകാര്യങ്ങളില്‍ കോടതി ഇടപെടുന്നത് മാത്രമല്ല, ദശാബ്ദങ്ങളായി കേരളാ ഹൈക്കോടതിയില്‍ നിലവിലുള്ള ശബരിമല ബെഞ്ചും ശബരിമലയില്‍ മേല്‍ശാന്തി മുതല്‍ കമ്മീഷണര്‍ വരെ എല്ലാം നിയമിക്കുന്നതും മരാമത്ത് പണികള്‍ നടത്തുന്നതും ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്. ഇത് മതേതരമാണോ? ഹിന്ദു ആരാധനാലയങ്ങള്‍ ഭക്തന്മാര്‍ക്ക് വിട്ടുകൊടുക്കുകയും അവര്‍ അത് ഭരിക്കുകയും ചെയ്യുന്നതല്ലേ ശരിക്കും മതേതരത്വം. ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് മതേതരത്വം എന്ന ചിന്തയെ കുറിച്ച് കുറച്ചുകൂടി വ്യക്തത വരേണ്ടതുണ്ട്. മതേതരത്വം എന്നാല്‍ മതനിരാസമല്ല. എല്ലാ മതങ്ങളെയും തുല്യതയോടെ കാണുക എന്നതാണ്. ഇത് ഭാരതത്തില്‍ ഭരണഘടനയും ജനാധിപത്യസര്‍ക്കാരും നിലവില്‍ വരുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു കോടതിയുടെയും ഇടപെടലില്ലാതെ ആസേതുഹിമാചലം നമ്മള്‍ അനുവര്‍ത്തിച്ചു വന്നതാണ്. അതാണ് ഹിന്ദുവിന്റെ പാരമ്പര്യം, അതാണ് ഹിന്ദുത്വം. 1947 ആഗസ്റ്റ് 14 ന് അര്‍ദ്ധരാത്രിക്ക് ഭാരതം വിഭജിക്കപ്പെടുമ്പോള്‍ സ്ഥാപിക്കപ്പെട്ട പാകിസ്ഥാന്‍ മതേതരരാജ്യമായില്ല. പിന്നീട് അതിന്റെ ഒരുഭാഗം ബംഗ്ലാദേശ് എന്നപേരില്‍ മാറിയപ്പോഴും അവിടത്തെ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് എന്തുപറ്റിയെന്ന് ഭാരതത്തിലെ ഏതെങ്കിലും നീതിപീഠം പരിശോധിച്ചിട്ടുണ്ടോ, പരിഗണിച്ചിട്ടുണ്ടോ? ഈ തരത്തിലുള്ള യഥാര്‍ത്ഥ സത്യങ്ങള്‍ക്കു മുന്നില്‍ കോടതികള്‍ മുഖം തിരിക്കരുത്.
ഇന്തോനേഷ്യയില്‍ ഔദ്യോഗികമതം ഇസ്ലാമാണ്. പക്ഷേ, അവര്‍ അവരുടെ സംസ്‌കാരവും പാരമ്പര്യവും അതേപടി കാത്തുസൂക്ഷിക്കുന്നു. അവിടത്തെ വിമാനസര്‍വ്വീസിന്റെ പേര് എയര്‍ ഗരുഡയാണ്. വിമാനത്താവളം മുതല്‍ പൊതുസ്ഥലങ്ങളിലെല്ലാം തന്നെ ഗണപതിയും ഹനുമാനും ഒക്കെയുണ്ട്. വിശ്വാസം മാറിയെങ്കിലും സംസ്‌കാരം മാറിയില്ല. അവിടെ ഇസ്ലാമിക രാഷ്ട്രമായിട്ടുപോലും ഹിന്ദു എന്ന സാംസ്‌കാരികധാര പരിരക്ഷിക്കപ്പെടുന്നു. തായ്‌ലന്റില്‍ രാജാക്കന്മാര്‍ അറിയപ്പെടുന്നത് രാമന്റെ പേരിലാണ്. രാമന്റെ നേരിട്ടുള്ള വംശപരമ്പരയാണെന്നാണ് ഔദ്യോഗികമായി ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ഈ നാട്ടിലെ രാജാക്കന്മാര്‍ കരുതുന്നത്. സ്ഥാനാരോഹണം ചെയ്യുമ്പോള്‍ പോലും വിളിക്കപ്പെടുന്ന പേരും രാമന്‍ രണ്ടാമന്‍, രാമന്‍ മൂന്നാമന്‍ എന്നിങ്ങനെയാണ്. അവിടെയൊന്നും ഹിന്ദു വര്‍ഗ്ഗീയമല്ല.
ഭാരതത്തില്‍ ഓരോ സൈനിക റജിമെന്റിന്റെയും വീരപുരുഷരായി കാണുന്നത് മഹാകാളിയെയും ശ്രീരാമനെയും ഹനുമാനെയും ഛത്രപതി ശിവജിയെയും ഒക്കെയാണ്. ബോലോ ബജ്‌രംഗ ബാലി കീ ജയ്, ജയ് ഭവാനി, രാജാ രാമചന്ദ്ര കീ ജയ്, മാ കാളീ കി ജയ്, ജാട്ട് ബല്‍വാന്‍ ജയ് ഭഗവാന്‍, ഛത്രപതി ശിവജി മഹാരാജ് കീ ജയ്, ജയ് ഭവാനി തുടങ്ങിയവയൊക്കെയാണ് ഓരോ സൈനിക റജിമെന്റിന്റെയും പോര്‍വിളി മുദ്രാവാക്യങ്ങള്‍. ഈ ഓരോ റജിമെന്റിലും നാനാജാതി മതസ്ഥര്‍ ഉള്‍പ്പെടുന്നതാണ്. അവര്‍ക്കൊന്നും ഈ ജയ് കാളിയോ, ജയ് ഭവാനിയോ വര്‍ഗ്ഗീയമായി തോന്നിയിട്ടില്ല. അതിനെ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ് അവര്‍ കണ്ടത്. നമ്മുടെ സംസ്‌കാരത്തിന്റെ കടയ്ക്കല്‍ മതേതരത്വത്തിന്റെ പേരില്‍ കത്തിവെയ്ക്കാനാണ് ഹൈക്കോടതി ശ്രമിച്ചതെന്ന് പറയാതിരിക്കാനാവില്ല. ‘സാ വിദ്യാ വിമുക്തയേ’, ‘പ്രജ്ഞാനം ബ്രഹ്‌മ’, ‘നിര്‍മ്മായ കര്‍മ്മണാ ശ്രീ’, ‘കര്‍മ്മണീ വ്യജ്യതേ പ്രജ്ഞാ’, ഇവയൊക്കെ വിവിധ സര്‍വ്വകലാശാലകളുടെ ആപ്തവാക്യങ്ങളാണ്. ദൂരദര്‍ശന്റെ ആപ്തവാക്യം ‘സത്യം ശിവം സുന്ദരം’ എന്നതാണ്. ഇവയെല്ലാം ഹിന്ദുവിന്റെ ഗ്രന്ഥങ്ങളില്‍ നിന്നുള്ളതല്ലേ? ഹിന്ദു ദൈവങ്ങളുടേതല്ലേ? ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ആപ്തവാക്യം ‘സത്യമേവ ജയതേ’ ആണ്. സുപ്രീംകോടതിയുടേത് ‘യതോ ധര്‍മ്മ സ്തതോ ജയഃ’. ഇതും ഹിന്ദുവിന്റേതാണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വന്ന ഉടന്‍ എല്ലാം ഭരണഘടനാനുസൃതമാകണം എന്നുപറഞ്ഞ് അനുകൂലമായി പ്രതികരിച്ച കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹൈക്കോടതിയുടെ ആപ്തവാക്യം പോലും അറിയില്ല എന്നത് സത്യമാണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയോട് ഈ വിധി തിരുത്തണമെന്ന് ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ അപേക്ഷിക്കുകയാണ്. സത്യമേവ ജയതേ.