ചില മുഹൂര്‍ത്തങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു സാധാരണ കന്നഡ സിനിമയാണ് കാന്താര. അതിശക്തമായ ഹീറോയിസം, സാധരണ വില്ലന്‍, നായകനുവേണ്ടി ജീവിക്കുന്ന നായിക – അങ്ങനെ സാന്‍ഡല്‍വുഡിന്റെ സര്‍വ്വ ക്ലീഷേകളും നിറഞ്ഞ സാധാരണ പടമാണിത്. പക്ഷെ കാന്താരയിലെ ഇത്തരം ക്ലീഷേകള്‍ അവഗണിക്കപ്പെടാന്‍മാത്രം ശക്തമാണ് ബാക്കിയുള്ള മുഹൂര്‍ത്തങ്ങള്‍. ആ മുഹൂര്‍ത്തങ്ങളുടെ ബലത്തില്‍ കാന്താര ഒരു പാന്‍ ഇന്ത്യന്‍ വിജയമാകുകയും ചെയ്യുന്നു. കര്‍ണ്ണാടകയുടെയും കേരളത്തിന്റെയും ചിലയിടങ്ങളില്‍ മാത്രം കണ്ടുവരുന്ന ആരാധനാ സമ്പ്രദായത്തിനെ പിന്‍പറ്റി എടുക്കപ്പെട്ട ചിത്രം മുഴുവന്‍ ഇന്ത്യന്‍ ആരാധകരേയും പിടിച്ചിരുത്തുന്നു; അതൊരു അത്ഭുതക്കാഴ്ചയാണ് എന്ന് പറയാതെ തരമില്ല. ഒരൊറ്റ വാചകത്തില്‍ എന്താണ് ചിത്രം പറഞ്ഞുപോകുന്നത് എന്ന് പറയേണ്ടിവന്നാല്‍ ആരാണ് ഭൂമിയുടെ അവകാശി എന്ന അതിസങ്കീര്‍ണ്ണവും ആദിമവുമായ ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് കാന്താര എന്ന് നിസ്സംശയം പറയാം. ഒരല്‍പ്പം കൂടി കടന്നുചെന്നാല്‍ പലവുരു പറഞ്ഞാവര്‍ത്തിച്ച് സത്യമാക്കപ്പെട്ട ചില കള്ളങ്ങള്‍ നിശ്ശബ്ദ്മായി തകര്‍ത്തെറിയുന്ന ഒന്നാന്തരമൊരു കൃത്യം കൂടി ഈ ചലച്ചിത്രം നിര്‍വ്വഹിക്കുന്നുണ്ട്. പ്രപഞ്ച ശക്തികളെയും മനുഷ്യനെയും തമ്മില്‍ അകറ്റി നിര്‍ത്തുന്ന നേര്‍ത്ത ഒരു പാളി പൊളിച്ച് മനുഷ്യന്‍ സ്വയം ഒരു ദേവതയായി മാറുന്ന മനോഹര മുഹൂര്‍ത്തം അതിന്റെ ഭംഗി ഒട്ടും കളയാതെ ഋഷഭ് ഷെട്ടി നടനായും സംവിധായകനായും എഴുത്തുകാരനായും നിന്ന് നമ്മുടെ മുന്നിലേക്ക് എത്തിച്ചുതരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ അഭേദ്യ ബന്ധമാണ് ആദ്യാവസാനം കാന്താരയെ ഒരു സാധാരണ ചിത്രത്തില്‍ നിന്നും അനതിസാധാരണമായ ഒന്ന് എന്ന നിലയിലേക്ക് ഉയര്‍ത്തുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മുറിയാത്ത കണ്ണിയായ പഞ്ചുരുളി, ആ പ്രകൃതിയുടെ സംഹാരമൂര്‍ത്തിയായ ഗുളികന്‍, അതുതന്നെയാണ് ഗുരുവയിലൂടെയും ശിവയിലൂടെയും ഋഷഭ് ഷെട്ടി പറഞ്ഞുവക്കുന്നതും. ഗുരുവ സൗമ്യനാണ്, നിസ്സഹായനാണ്, വേട്ടയാടപ്പെടുന്നവനാണ്, എന്നാല്‍ ശിവ അതിശക്തനാണ്, വേട്ടക്കാരനാണ്; നിസ്സഹായരായ തന്റെ ജനതയെ മുതലെടുക്കുന്നവര്‍ക്ക് മേല്‍ സംഹാരമൂര്‍ത്തിയായി പാഞ്ഞടുക്കുന്ന ഉഗ്രരൂപിയായ സാക്ഷാല്‍ ഗുളികനുമാണ്.
സന്തോഷം തേടി അലയുന്ന ഒരു രാജാവിന്റെ കഥയിലാണ് കാന്താര തുടങ്ങുന്നത്. നീണ്ട അലച്ചിലിലും തീര്‍ഥയാത്രകളിലും ലഭിക്കാത്ത സന്തോഷം തനിക്കു കിട്ടുന്നത് കാടിനു നടുവിലുള്ള ഒരു പാറക്കല്ലിനു മുന്‍പിലാണ് എന്ന് തിരിച്ചറിയുന്ന രാജാവ് ആ കല്ല് ഗ്രാമവാസികളുടെ ദേവതയാണ് എന്ന് മനസ്സിലാക്കുന്നു. ആ ദേവതയെ സ്വന്തമാക്കാന്‍ എന്തുവേണം എന്ന ചോദ്യത്തിനു ദേവത പഞ്ചുരുളിയായി അരുളപ്പാട് നടത്തുന്നു; തന്റെ അലര്‍ച്ച കേള്‍ക്കാവുന്ന അത്ര ദൂരത്തെ ഭൂമി ആ മനുഷ്യര്‍ക്ക് വിട്ടുകൊടുക്കുക, എന്നെങ്കിലും ആ വാക്ക് തെറ്റിച്ചാല്‍ ഉഗ്രരൂപിയായ ഗുളികന്റെ രൂപത്തില്‍ താനെത്തും എന്നും കൂടി അറിയിക്കുന്നു. അവിടെ കാര്യങ്ങള്‍ സമതുലിതമാണ്. വനവാസികളുടെ ദൈവത്തെ തന്റെകൂടി ആരാധനാ മൂര്‍ത്തിയാക്കുന്ന രാജാവ്; വരാഹ രൂപിയായ പഞ്ചുരുളിയെ ആരാധിച്ച് പ്രകൃതിയോടു യോജിച്ച് പ്രകൃതിയില്‍ ഇണങ്ങി ജീവിക്കുന്ന ജനത. അവിടെ നിന്നും വര്‍ത്തമാനകാലത്തേക്ക് കഥയെത്തുമ്പൊള്‍ ഇതൊക്കെ മാറിമറിയുകയാണ്. മരം വെട്ടിക്കടത്തിയും തങ്ങളുടെ ആരാധനാമൂര്‍ത്തിയുടെ രൂപമായ വരാഹങ്ങളെ വെടിവെച്ച് കൊന്ന് വിറ്റും ഉപജീവനം കഴിക്കുന്ന നിലയിലാണ് പാരമ്പര്യമായി ഭൂതക്കോലം കെട്ടിവരുന്ന പരമ്പരയിലെ അവസാന കണ്ണിയായ ശിവ. തങ്ങളുടെ സ്വത്വവും ശക്തിയും മറന്നുതുടങ്ങുന്ന ആധുനിക മനുഷ്യന്റെ പരിച്‌ഛേദമാണ് ശിവ എന്നു പറയാം.
ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയാര് എന്നൊരു ചോദ്യം ഉയര്‍ന്നു വരുന്നതിവിടെയാണ്. തന്റെ ആരാധനാമൂര്‍ത്തിക്കായി ഭൂമി വിട്ടൂകൊടുത്ത രാജാവിന്റെ പിന്‍ തലമുറക്കാര്‍, ആ ഭൂമിയില്‍ പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തി അതിന്മേല്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്ന വര്‍ത്തമാനകാല ഭരണകൂടം, ഈ മാറ്റങ്ങളുടെ നടുവില്‍ തങ്ങള്‍ തലമുറകളായി ജീവിച്ചുവന്ന ഭൂമിയില്‍ മറ്റാരൊക്കെയൊ അവകാശവാദം ഉന്നയിക്കുന്നതുകണ്ട് പകച്ച് നില്‍ക്കുന്ന ഗ്രാമീണര്‍. ഇവരൊക്കെ അധീശത്വം ഉറപ്പിക്കാന്‍ നോക്കുന്ന ഭൂമി യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കാര്‍ക്കെങ്കിലും സ്വന്തമാണോ? അല്ല എന്നു തന്നെയാണ് കാന്താര പറഞ്ഞു വക്കുന്നതും. ഭരണകൂടങ്ങള്‍ മാറിവരുമ്പോളും ആ ഭൂമികയുടെ സ്വത്വം അങ്ങനെതന്നെ നിലനില്‍ക്കുകയാണ്. നിയമങ്ങളും നിയമപാലകരും മാത്രമാണ് മാറുന്നത്. ആ നാടിനെ കാത്തുരക്ഷിച്ച പഞ്ചുരുളിയും അനീതി തടയാന്‍ ഉഗ്രരൂപത്തിലെത്തുന്ന ഗുളികനും കാലങ്ങള്‍ക്ക് ശേഷവും അങ്ങനെ തന്നെ നിലനില്‍ക്കുന്നു. സ്വന്തം സ്വത്വം മറന്നുതുടങ്ങുന്ന ശിവയെ ഇടക്കൊക്കെ അതെന്താണ് എന്താണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന ഗുളികന്‍ ശിവ തന്റെ സ്വത്വം മനസ്സിലാക്കുന്നതുവരെ ഒരു ദുഃസ്വപ്‌നമാണ്. എന്നാല്‍ ആ സ്വത്വം സ്വാംശീകരിക്കുന്നതോടെ ശിവ സ്വയം ആ ശക്തി ആര്‍ജ്ജിക്കുന്നു. ബാല്യം തൊട്ട് തന്നെ നിരന്തരം വേട്ടയാടുന്ന ഗുളികനില്‍ നിന്നും ഒളിച്ചോടിയിരുന്ന ശിവ പതിയെ സ്വയം ഗുളികനാകുന്നു.
കാന്താരയിലെ ഏറ്റവും ത്രസിപ്പിക്കുന്ന മുഹൂര്‍ത്തം പിറക്കുന്നത് ഇവിടെയാണ്. അടികൊണ്ട് താഴെ വീണുപോകുന്ന ശിവ ഉണര്‍ന്നെണീക്കുന്നത് ഗുളികനായാണ്. ഇവിടെ ഗുളികന്റെ വരവ് ഋഷഭ് ഷെട്ടി അനതിസാധാരണമായ രീതിയിലാണ് അവതരിപ്പിക്കുന്നത്; ഏതാണ്ട് ഒരു ഇരുപത് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഗംഭീര പ്രകടനം തിയറ്ററുകളെ മുഴുവന്‍ ത്രസിപ്പിക്കുന്നു. വാക്കുതെറ്റിച്ചവര്‍ക്കുള്ള ശിക്ഷ കഴിഞ്ഞ് തന്റെ ജനങ്ങളെ പുതിയ നിയമസംവിധാനത്തിന്റെ കൈകളില്‍ പിടിച്ചേല്‍പ്പിച്ച് കാട്ടിനുള്ളിലേക്ക് ഗുളികന്‍ മറയുന്നു. ഇവിടെ ഒരു വൃത്തം പൂര്‍ണ്ണമാകുന്നു. രാജാവ് പഞ്ചുരിളിക്കു കൊടുത്ത വാക്ക്; അത് തെറ്റിച്ച പുതിയ തലമുറക്ക് അര്‍ഹിക്കുന്ന ശിക്ഷ കൊടുത്ത് തന്റെ ജനങ്ങളെ പുതിയ രക്ഷാധികാരികളെ ഏല്‍പ്പിച്ച് വീണ്ടും മറഞ്ഞു പോകുന്ന ഗുളികന്‍. ഇനിയും അനീതി കണ്ടാല്‍ താന്‍ ഇനിയും വരും എന്ന് ഗുളികനായും കൃഷ്ണനായും ഒക്കെ സൂചിപ്പിക്കുന്ന ഒരു സംസ്‌കൃതി.
ചുരുക്കത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണ് കാന്താര എന്ന് നിസ്സംശയം പറയാം. എന്നാല്‍ ഇടതുപക്ഷ നിരൂപകര്‍ നിഷ്‌ക്കരുണം ചിത്രത്തെ ‘റിഗ്രസീവ്’ എന്ന് മുദ്രകുത്താന്‍ കാണിക്കുന്ന തിടുക്കം മാത്രം മതി ചിത്രത്തിനു ഒരു പൊളിറ്റിക്കല്‍ ആംഗിള്‍ കൂടിയുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാന്‍. അവര്‍ണ്ണന്റെ ദൈവത്തെ സ്വന്തമാക്കുന്ന രാജാവിന്റെ കഥ പറഞ്ഞുപോകുന്ന ഒരു ചിത്രം. ആ ഭൂതക്കോലത്തെയും പഞ്ചുരുളിയേയും ഗുളികനേയും നോര്‍ത്ത് ഇന്ത്യന്‍ സിനിമാ പ്രേക്ഷകരും സ്വന്തമാക്കുന്നു. ഇത്രകാലവും ഇടതുചരിത്രകാരന്മാര്‍ പറഞ്ഞുപരത്താന്‍ ശ്രമിച്ച വ്യത്യസ്ത സംസ്‌കാരങ്ങളുടെ കഥയും ബ്രാഹ്‌മണ്യാധിപത്യത്തിന്റെ കഥയുമൊക്കെ നിര്‍വീര്യമാകുന്നത് ഇവിടെയല്ലെ? പഞ്ചുരുളിയും ഗുളികനും തന്റെകൂടി ദൈവമാണ് എന്നല്ലാതെ ഇത് ഹിന്ദുമതത്തിനു വിരുദ്ധമാണ് എന്ന് ഏതെങ്കിലും ഹിന്ദു പറഞ്ഞൊ? സാക്ഷാല്‍ പാര്‍വ്വതീ ദേവി വളര്‍ത്തിയ പന്നിക്കുട്ടിയാണ് പഞ്ചുരുളി എന്നാണ് കഥ; ഗുളികന്റെ കഥയാവട്ടെ മഹാവിഷ്ണുവിനൊപ്പവും. വിഷ്ണുവിനെയും ശിവനെയും തൊഴുത് ഭൂതക്കോലത്തിനു മുന്നില്‍ ചെന്നു കൂപ്പുകയ്യുമായി നില്‍ക്കാന്‍ ഒരു ഹിന്ദുവിനും യാതൊരു പ്രശ്‌നവും ഇല്ലാ എന്നതൊരു സത്യമായി നില്‍ക്കെയാണ് തെയ്യം ഹിന്ദുമതത്തിന്റെ ഭാഗമല്ല എന്നൊക്കെ ഇടതുപക്ഷ നിരൂപകര്‍ മുറവിളി കൂട്ടുന്നത്.
കര്‍ണ്ണാടകയുടെയും കേരളത്തിന്റെയും ചില പ്രദേശങ്ങളില്‍ മാത്രം കണ്ടൂവരുന്ന ഒരു ആരാധനാ സമ്പ്രദായത്തെ വിഷയമാക്കി എടുത്ത ഈ ഒരു ചിത്രം ഒരു പാന്‍ ഇന്ത്യ വിജയമാകുന്നതു ചിലരുടെയെങ്കിലും അജണ്ടകളെബാധിക്കുന്നുണ്ട്. എലീറ്റ് ക്ലാസ് കമ്മി ലിബറലുകള്‍ക്ക് ആസ്വദിക്കാന്‍ പാകത്തിനു ഉരുട്ടി വെക്കുന്നവ മാത്രമാണ് കല എന്നുള്ള ഇവരുടെയൊക്കെ വിശ്വാസത്തെ കാശ്മീര്‍ ഫയല്‍സും ആര്‍ആര്‍ആര്‍ ഉം പൊന്നിയന്‍ സെല്വനും കാന്താരയും ഒക്കെ പൊളിച്ചടുക്കുന്ന കാഴ്ച അതിസുന്ദരമാണ്. ഇന്ത്യയുടെ ആത്മാവിനെ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് തങ്ങള്‍ക്ക് വേണ്ടത് എന്ന് ഇന്ത്യ അങ്ങോളം ഇങ്ങോളം പറയുമ്പോളും വോക്കും റിഗ്രസീവ്‌നെസ്സും ഹിന്ദുത്വയും ഈ സിനിമകളില്‍ ചികയാന്‍ നോക്കുകയാണ് കമ്മിസം. ആത്യന്തികമായി ഇന്ത്യയുടെ പള്‍സ് അറിയാന്‍ അവര്‍ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല എന്നതൊരു സത്യമാണ്; ഇവിടയും സംഭവിക്കുന്നത് അതൊക്കെ തന്നെ. ഒരു രീതിയില്‍ നോക്കിയാല്‍ ഇതൊരു തുടക്കമാണ്, കമ്മി ഇക്കൊസിസ്റ്റത്തില്‍ കിടന്ന് ഞെളിപിരി പൂണ്ട ഇന്ത്യന്‍ സിനിമയെ രാജമൗലിയും ഷെട്ടിമാരും ഒക്കെ രക്ഷിച്ചെടുക്കുകയാണ്.
കാന്താര സര്‍വ്വരെയും ചേര്‍ത്തുപിടിക്കുന്ന ചിത്രമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിനെപ്പറ്റിയുള്ള ഓര്‍മ്മപ്പെടുത്തലാണ്. ചിത്രത്തെ ദൈവീകമായ ഒന്നായി കാണാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് കൂടി തങ്ങളുടേതായ രീതിയില്‍ അതിനെ നോക്കിക്കാണാനുള്ള മാര്‍ഗങ്ങള്‍ ഒഴിച്ചിട്ടാണ് സിനിമ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മികച്ച സംഘട്ടന രംഗങ്ങളും പിടിച്ചിരിത്തുന്ന സംഗീതവും അതിസുന്ദരമായ ദൃശ്യങ്ങളും ഒക്കെ ചേര്‍ന്ന് നല്ലൊരു തിയേറ്റര്‍ അനുഭവം കൂടിയാണ് കാന്താര സമ്മാനിക്കുന്നത്.