- യന്ത്രപ്പറക്കലിനൊടുവില്‍ ദല്‍ഹിയുടെ മണ്ണില്‍ കാലുകുത്തി. മുകളിലിരുന്നു തന്നെ കണ്ടിരുന്നു മെയ്മാസത്തിലെ കത്തുന്ന ചൂടല്ല, മൂടിക്കെട്ടിയ മഴക്കാറുകളായിരുന്നു ദല്‍ഹിക്ക് മുകളില്‍. മനസ്സൊന്നു കുതിച്ചു, വേനല്‍ക്കാലത്ത് ദല്‍ഹിയില്‍ പെയ്യുന്ന മഴയ്‌ക്കൊരു ആസുരതയുണ്ട്. ഇരുണ്ടുമൂടി ശക്തമായ കാറ്റടിച്ച് പൊടിമണ്ണ് പറപ്പിച്ച് വലിയ മഴത്തുള്ളികള്‍ അവിടെയുമിവിടെയുമായി. ചെറുതായിരുന്നപ്പോള്‍ അത്തരം കാറ്റുമഴകളില്‍ നനഞ്ഞൊലിച്ച് ആര്‍പ്പുവിളിച്ച് ഓടിനടക്കാറുണ്ടായിരുന്നു. മുതിര്‍ന്നവരാരെങ്കിലും വടിയുമായെത്തുംവരെ അത് തുടരും, പൊടിമഴ നനഞ്ഞതിന്റെ പേരില്‍ ആരെങ്കിലും പനിച്ചുകിടന്നതായി ഓര്‍ക്കുന്നേയില്ല. അന്നുമിന്നും മഴ നനഞ്ഞാല്‍ പനി വരുമെന്ന വിശ്വാസവുമില്ല.
കോളേജില്‍ പഠിക്കുമ്പോള്‍ മന:പൂര്‍വ്വം കുടയെടുക്കാതെ പോകാറുണ്ട്. പോകുമ്പോള്‍ ആരുടെയെങ്കിലും കുടമറയില്‍ ഒതുങ്ങിക്കൂടും. തിരികെ ബസ്സിറങ്ങിയാല്‍ നേരെ ആര്‍ത്തലച്ചുപെയ്യുന്ന മഴയിലേക്കിറങ്ങും. കടത്തിണ്ണകളില്‍ കുത്തിയിരുന്ന് നേരം കളയുന്നവരുടെ ‘ഈ പെങ്കൊച്ചിനെന്താ പ്രാന്തുണ്ടോ’ എന്ന നോട്ടം കണ്ടില്ലെന്ന് നടിച്ച് അങ്ങ് നടക്കും. നനഞ്ഞുകുതിര്‍ന്ന് ആരുമില്ലാത്തിടത്തെത്തുമ്പോള്‍ കാലുകള്‍ കൊണ്ട് ചളിവെള്ളം തട്ടിത്തെറിപ്പിച്ച് പ്രധാന റോഡ് ഒഴിവാക്കി ഒഴിഞ്ഞുകിടക്കുന്ന ഇടവഴികളിലൂടെ കുളിര്‍ന്ന് വിറച്ച് വീടെത്തും. അപ്പോഴാണ് എന്തു മഴയാണിതെന്ന് ആവശ്യമില്ലാത്തവിധം ഒച്ചയുയര്‍ത്തി പാവം മഴയെ കുറ്റപ്പെടുത്തുന്നതും തള്ളിപ്പറയുന്നതും. കുടയെടുക്കാന്‍ മറന്നതിന് സ്വയംശപിച്ച് തോര്‍ത്തെവിടെ എന്ന് വെപ്രാളപ്പെട്ട് മറ്റുള്ളവരെ കബളിപ്പിച്ച കൗമാരക്കാലമായിരുന്നു അത്. ഒരു കാഴ്ച്ചയോ ഗന്ധമോ ചിലപ്പോള്‍ വാക്കോ നിമിഷം കൊണ്ട് ത്രികാലങ്ങളിലെത്തിക്കുന്ന മാന്ത്രികത അനുഭവിക്കാനുള്ള ഭാഗ്യം മനുഷ്യന് മാത്രമായിരിക്കും. മഴ കണ്ടാല്‍ ഏതെങ്കിലും മൃഗമോ പക്ഷിയോ പണ്ട് നനഞ്ഞ മഴയോര്‍ക്കുമോ..എതെങ്കിലും മാമ്പഴക്കാലം ഒരു അണ്ണാറക്കണ്ണനെ മുമ്പുകടിച്ചുതുപ്പിയ മാമ്പഴങ്ങളുടെ രുചിയോര്‍മ്മിപ്പിക്കുമോ..ഉറുമ്പുകളുടെ വീടിന്റെ കാര്യം പോലെ അതുമറിയില്ല.
ഊഹം ശരിയായിരുന്നു. ചെക്ക് ഔട്ട് കഴിഞ്ഞെത്തിയപ്പോള്‍ പുറത്ത് നല്ല മഴക്കാറ്. ആഞ്ഞടിക്കുന്ന കാറ്റ് പൊടിമഴ പെയ്യിക്കുന്നു. കണ്ണുപോലും തുറക്കാനാകാത്തവിധം പൊടിപടലങ്ങള്‍. അഞ്ച് മണികഴിഞ്ഞിരിക്കുന്നു. രാത്രി എട്ട് മണിക്കാണ് ഹിമാചലിലേക്കുള്ള ബസ്സ് പുറപ്പെടുന്നത് ഏഴരയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. കിലോമീറ്ററുകള്‍ക്ക് അപ്പുറം ദേവഭൂമിയില്‍ കാത്തിരിക്കുന്നുണ്ട് സുഹൃത്ത് ബിനുവും സുബിയും. പുറപ്പെട്ടപ്പോള്‍ മുതല്‍ വിളിച്ചുകൊണ്ടിരിക്കുകയാണ് രണ്ടുപേരും. ബിനുവിനെ വിളിച്ച് ദല്‍ഹിയിലെത്തിയെന്നറിയിച്ചു. മജ്‌നു കാ ടിലയില്‍ നിന്നാണ് ബസ്സ്. ടാക്‌സിക്കാശ് ചോദിക്കൂ കൂടുതലാണെങ്കില്‍ ഊബര്‍ ബുക്കു ചെയ്യുന്നതാകും നല്ലത്. ബിനു പറഞ്ഞു. എന്താ ചെയ്യേണ്ടത് ടാക്‌സി വേണോ ഊബര്‍ വേണോ എന്നുചോദിച്ചപ്പോള്‍ ടാക്‌സി ചാര്‍ജ് അറിഞ്ഞിട്ട് തീരുമാനിക്കാമെന്ന് അദ്ദേഹം. അത്യാവശ്യം ആശയവിനിമയത്തിനുള്ള ഹിന്ദി മാത്രമേ കയ്യിലുള്ളു. ടാക്‌സി കൗണ്ടറിലെത്തി അതെടുത്ത് പ്രയോഗിച്ചപ്പോള്‍ തുക അല്‍പ്പം കൂടുതലാണെന്ന് തോന്നി. ഒരുവര്‍ഷം ദല്‍ഹിയില്‍ പണിയെടുത്തതിന്റെ അല്‍പ്പജ്ഞാനം ധാരാളം മതിയായിരുന്നു അങ്ങനെ തോന്നാന്‍. എന്നാല്‍പിന്നെ ഊബറെങ്കില്‍ ഊബര്‍. വണ്ടിയിലിരുന്ന് എത്തിയെത്തി നോക്കി ആര്‍ത്തിയോടെ ദല്‍ഹി കണ്ടുകൊണ്ടിരുന്നു. ആറേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീമഴ പെയ്യുന്ന മനസ്സുമായി അനാഥയെപ്പോലെ ഒരു വര്‍ഷം അലഞ്ഞുതിരിഞ്ഞ നഗരമാണിത്.
വണ്ടി പുറപ്പെട്ടെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി ഡ്രൈവര്‍ക്ക് പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലെന്ന്. ഇറക്കി വിടേണ്ട സ്ഥലത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ഗൂഗിള്‍മാപ്പും നോക്കി പുള്ളി അങ്ങനെ പോകുന്നു. ബാല്യകാല സഖി അമ്പാടിയും മോനും ദില്‍ഷാദ്ഗാര്‍ഡനിലെ ഫ്‌ളാറ്റില്‍ തയ്യാറായി നില്‍ക്കുകയാണ് ബസ് സ്റ്റാന്‍ഡിലെത്താന്‍. വണ്ടി പുറപ്പെട്ടപ്പോള്‍ തന്നെ വിളിച്ചറിയിച്ചതുകൊണ്ട് അവര്‍ പറഞ്ഞ സ്ഥലത്തെത്തിയിട്ടും ഡ്രൈവര്‍ക്ക് ഒരെത്തുംതുമ്പുമില്ല. അറിയുന്ന ഹിന്ദിയില്‍ അയാളെ ശകാരിച്ചു. ഗൂഗിള്‍ മാപ്പാണെങ്കില്‍ നേരേ നേരേ എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നു. എന്തായാലും വണ്ടി നിര്‍ത്തിച്ച് മനുഷ്യരോട് വല്ലതും വഴി ചോദിക്കൂ എന്ന് ഡ്രൈവറോട് ഒച്ചയെടുത്തപ്പോള്‍ ഊബര്‍വാല പതുക്കെ പുറത്തിറങ്ങി. അപ്പോഴേക്കും അമ്പാടിയുടെ വിളിയെത്തി. മജ്‌നു കാ ടില ഗുരുദ്വാരക്ക് സമീപത്ത് നിന്നാണ് ഹിമാചല്‍ ബസ് പുറപ്പെടുന്നത് അവിടെ കാത്തുനില്‍ക്കുന്നുണ്ടെന്ന്. ആ വഴിയാണ് നമ്മുടെ ഗൂഗിള്‍ മാപ്പുമായി ഊബര്‍ കടന്നുവന്നത്. പറഞ്ഞിട്ടെന്ത് കാര്യം. വണ്‍വേയാണ്. ഇനി തിരിഞ്ഞ് പോക്കൊന്നും നടക്കില്ല. ഒരു ചായ പോലും കുടിച്ചിട്ടില്ല, വണ്ടി എട്ട് മണിക്കെടുക്കും. മണിയിപ്പോള്‍ ആറര കഴിഞ്ഞു. ഒടുവില്‍ ബോധോദയം ഉണ്ടായ ഊബറുകാരന്‍ വണ്‍വേ വിട്ട് ഏതൊക്കെയോ ഊടുവഴികളിലൂടെ വണ്ടി തിരിച്ചുവിട്ടു. അവസാനം അമ്പാടി പറഞ്ഞ ഗുരുദ്വാരയ്ക്ക് മുന്നിലെത്തി. വണ്ടിക്കാശ് ചോദിച്ചപ്പോള്‍ ഊബറുകാരന്‍ പറഞ്ഞ തുക കേട്ട് ഞെട്ടി, എയര്‍പോര്‍ട്ടിലെ ടാക്‌സിക്കാര്‍ പറഞ്ഞതിന്റെ ഇരട്ടി. എന്തുചെയ്യാന്‍ ആ തുകയ്ക്ക് സമ്മതിച്ച് വണ്ടിയില്‍ കയറിയിരുന്നെങ്കില്‍ ഊബറും ഗൂഗിള്‍ മാപ്പുമില്ലാത്ത ഹിന്ദിക്കാരന്‍ ഒരു മണിക്കൂര്‍ കൊണ്ട് കൃത്യം സ്ഥലത്തെത്തിക്കുമായിരുന്നു.
എന്തായാലും ഊബറുകാരനെ പറഞ്ഞുവിട്ടപ്പോള്‍ ബിനുവിന്റെ ഫോണ്‍. ചേച്ചീ എവിടെയത്തി ബസ്സുകാര്‍ വിളിച്ചിരുന്നു അവര്‍ കൃത്യം എട്ട് മണിക്ക് പുറപ്പെടുമെന്ന് ബിനു. അപ്പോഴാണ് സമയം നോക്കിയത് മണി ഏഴ് കഴിഞ്ഞിരിക്കുന്നു. സാരമില്ല. ബസ് സ്റ്റാന്‍ഡ് ആയല്ലോ എന്നാശ്വസിച്ചു. ബിനു വീണ്ടും ചോദിക്കുന്നു ആ പള്ളിക്ക് ഓപ്പോസിറ്റ് അല്ലേ നില്‍ക്കുന്നത്. ‘ഏത് പള്ളി’ കണ്ണ് തള്ളിപ്പോയി. ഇവിടെ പള്ളിയില്ല ബിനു ഗുരുദ്വാരയാണ് എന്ന് പറഞ്ഞപ്പോള്‍ ബിനുവിന്റെ കണ്ണും തള്ളി. ചോദിച്ചും പറഞ്ഞും വന്നപ്പോള്‍ നമ്മുടെ ഹിമാചലിലേക്കുള്ള ബേഡി ട്രാവല്‍സ് പുറപ്പെടുന്നത് അവിടെ നിന്നല്ല. ഇത് സര്‍ക്കാര്‍ ബസ് പുറപ്പെടുന്ന സ്ഥലമാണ്. ഹിമാചല്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളാണ് കിടക്കുന്നത്. സ്ഥലവും ഭാഷയും നന്നായി അറിയുന്നതുകൊണ്ട് അമ്പാടിയുടെ കയ്യില്‍ ഫോണ്‍ കൊടുത്തു. ബിനുവിനോട് സംസാരിച്ചപ്പോള്‍ അമ്പാടിക്ക് സ്ഥലം മനസ്സിലായി. ഓകേ ഓകെ ഞാന്‍ എത്തിക്കാം പേടിക്കേണ്ടെന്ന് അമ്പാടി പറഞ്ഞപ്പോള്‍ സമാധാനമായി. ഞാനും മോനും വന്ന ഓട്ടോ വെയ്റ്റ് ചെയ്യുന്നുണ്ട് അതില്‍പോകാമെന്നായി അമ്പാടി. ഓട്ടോക്കാരനോട് സംസാരിച്ചപ്പോള്‍ പുള്ളി പറയുന്നു ‘ഓ അതിവിടെ അടുത്താണ് പത്ത് മിനിട്ട് പോലും വേണ്ട’. എങ്കില്‍ ശരി പോകാം, ലഗേജൊക്കെ എടുത്തുവച്ച് ഞങ്ങള്‍ നാലുപേര്‍ ഒരുവിധം അഡജ്സ്റ്റ് ചെയ്തിരുന്നപ്പോള്‍ ഓട്ടോ പുറപ്പെട്ടു.
സ്്ഥലം മാറിയ ടെന്‍ഷനില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട ആത്മമിത്രത്തോട് കുശലം ചോദിക്കാനുള്ള സമയം പോലും കിട്ടിയിരുന്നില്ല. വണ്ടിയിലിരുന്ന് വിശേഷം ചോദിക്കലായി പിന്നെ. അപ്പോള്‍ അടുത്ത കുരിശ്, ഓട്ടോക്കാരന്‍ വണ്ടിയെടുത്തത് സിഗ്നല്‍ ലംഘിച്ചു, വിസിലൂതി ട്രാഫിക്ക് പൊലീസ് വണ്ടി വളഞ്ഞു. സമയം നോക്കിയപ്പോള്‍ ഏഴര കഴിഞ്ഞിരിക്കുന്നു. പൊലീസുകാരുടെ കയ്യില്‍ നിന്ന് ഊരിപ്പോയില്ലെങ്കില്‍ എട്ടിന്റെ പണിയാകും കിട്ടുന്നത്.ബേഡി ട്രാവല്‍സ് അതിന്റെ പാട്ടിന് പോയതു തന്നെ. ഒടുവില്‍ എട്ടുമണിക്ക് ബസു പോകും ഹിമാചലിന് പോകാനുള്ളതാണ് പ്ലീസ് എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് കാണിച്ചപ്പോള്‍ പൊലീസ് അയഞ്ഞു. തത്കാലം നൂറുരൂപ പിഴയടച്ച് പൊയ്‌ക്കൊള്ളാന്‍ അനുമതി കിട്ടി. എന്നോര്‍മ്മിപ്പിച്ച് ഓട്ടോ ഡ്രൈവര്‍ പിഴയടയ്ക്കാതെ പൊലീസിനോട് വാദിച്ചുനില്‍ക്കുകയാണ്. കാശെടുത്തുകൊടുത്ത് ഒരുവിധം വണ്ടി സ്റ്റാര്‍ട്ടാക്കിപ്പിച്ചു. എന്നിട്ടും വായടയ്ക്കാന്‍ കൂട്ടാക്കാതെ സ്വയം ന്യായീകരിക്കുന്ന അയാളോട് അപ്പോള്‍ തോന്നിയ അരിശം…
ഓട്ടോ അങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു, പക്ഷേ പറഞ്ഞ പത്ത് മിനിട്ടൊക്കെ കഴിഞ്ഞിട്ടും എവിടെയും എത്തുന്നില്ല. അപ്പോഴാണ് ശ്രദ്ധിച്ചത് പോകേണ്ട റൂട്ടിന് നേരെ വിപരീതമാണ് ഓട്ടോ പോകുന്നത്. വണ്‍വേ തിരിഞ്ഞു കയറാനാണെന്നാണ് ആദ്യം കരുതിയത്. അതിനിടെ പൊലീസും പിഴയുമൊക്കെ വന്നപ്പോള്‍ അത് ശ്രദ്ധിച്ചുമില്ല. ‘രുകോ രുകോ ആപ് കഹാം ജാ രഹേ’ എന്ന് അമ്പാടി ചോദിച്ചപ്പോള്‍ നമ്മുടെ ഓട്ടോവാലക്ക് ഒരു സംശയവുമില്ല..’ദില്‍ഷാദ് ഗാര്‍ഡന്‍’. ദൈവമേ വൃദ്ധന്‍ ധരിച്ചുവച്ചിരിക്കുന്നത് എല്ലാവരും കൂടി അമ്പാടിയുടെ ദില്‍ഷാദ് ഗാര്‍ഡനിലെ ഫ്‌ളാറ്റിലേക്കാണ് യാത്രയെന്നാണ്. പൊതുവേ ശാന്തശീലയായ അമ്പാടി പോലും കോപം കൊണ്ടുവിറച്ചു. പറഞ്ഞതൊന്നുമല്ല അയാള്‍ കേട്ടിരിക്കുന്നത്. സമയം നോക്കിയപ്പോള്‍ എട്ട് മണിക്ക് വെറും പത്ത് മിനിട്ട് മാത്രം. ഇനി വന്നിടത്തേക്ക് തിരികെ പോകണം. ബേഡി ട്രാവല്‍സ് കിട്ടുമെന്ന് ഒരുറപ്പുമില്ല. ഏഴരയ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ബസ്സുകാരുടെ കോള്‍ എത്തുന്നതിനാല്‍ ബിനു ടെന്‍ഷന്‍ സഹിക്കാതൈ വിളിച്ചുകൊണ്ടേയിരിക്കുന്നൂ. എന്തുചെയ്യണമെന്നറിയാതെ എല്ലാവരും അന്ധാളിച്ചുപോയ നിമിഷങ്ങള്‍. ഒടുവില്‍ വൃദ്ധനെ കാര്യം പറഞ്ഞ് പഠിപ്പിച്ച് പുറപ്പെട്ടു. ഇതിനിടെ പത്തു തവണ ഓരോരുത്തരും അയാളോട് ചോദിച്ചുകൊണ്ടിരുന്നു ‘ഭയ്യ, ശരിക്കും നിങ്ങള്‍ക്ക് ആ സ്ഥലം അറിയുമോ..’ .ആ ജീ ആജീ എന്ന് വൃദ്ധന്‍. വാച്ച് നോക്കിയപ്പോള്‍ പക്ഷേ ഉറപ്പിച്ചു. ഇന്നിനി ഹിമാചല്‍ യാത്ര നടക്കില്ല. സെമി സ്ലീപ്പറില്‍ ബുക്ക് ചെയ്ത തുക നഷ്ടം.
(തുടരും)