ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. ഒരു സംഭവത്തിന്റെ നിയമപരമായ അടിത്തറയോ ഭരണഘടനാ അനുച്ഛേദങ്ങളോ നോക്കാതെ ഗുണ്ടായിസവും തിണ്ണമിടുക്കും കൊണ്ട് എന്തും നേടാന്‍ കഴിയും, ആരെയും കീഴ്‌പ്പെടുത്താനാകും എന്നുകരുതുന്ന സാധാരണ തെരുവുഗുണ്ടയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തരംതാണോ എന്നു സംശയം. അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ അത്തരത്തിലുള്ളതാണ്. അദ്ദേഹത്തിന്റെ ശരീരഭാഷ, പത്രസമ്മേളനത്തിലെ പ്രതിപാദനരീതി എന്നിവയും ഒരു മുഖ്യമന്ത്രിയുടെ നിലവാരത്തിനും പാരമ്പര്യത്തിനും അന്തസ്സിനും കുലീനതയ്ക്കും ചേര്‍ന്നതാണോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്.
അടുത്തിടെ മുഖ്യമന്ത്രിയും ഗവര്‍ണ്ണറുമായി ഇടഞ്ഞത് രണ്ടു കാര്യങ്ങളിലാണ്. ഒന്നാമത്തേത്, കേരളത്തിലെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനമായിരുന്നു. സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരായി പെട്ടിയെടുപ്പുകാരും ഏറാന്‍മൂളികളും യോഗ്യതയില്ലാത്തവരും വരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കേരള സര്‍വ്വകലാശാല ആദ്യം ആരംഭിച്ചത് ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി എന്ന പേരിലായിരുന്നു. അന്ന് സര്‍വ്വകലാശാല ആരംഭിച്ചപ്പോള്‍ ആരാണ് വൈസ് ചാന്‍സലര്‍ എന്ന് ആരാഞ്ഞവരോട് ഞങ്ങള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് സര്‍ സി.പി രാമസ്വാമി അയ്യര്‍ പറഞ്ഞത്. പ്രതിമാസം 8000 രൂപ ശമ്പളത്തിന് വൈസ് ചാന്‍സലറാകാന്‍ അഭ്യര്‍ത്ഥിച്ച് ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കത്ത് ഐന്‍സ്റ്റീന് പോയി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ധനമന്ത്രി (കടലാസ് ഇല്ലാതെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച) ജോണ്‍ മത്തായി അടക്കം എത്ര പ്രതിഭകള്‍ പണ്ട് ഇവിടെ വൈസ് ചാന്‍സലര്‍മാരായി! ഹര്‍ഷ് ഗുപ്തയും അനന്തമൂര്‍ത്തിയും ഒക്കെ വൈസ് ചാന്‍സലര്‍മാരായത് കേരളത്തിന് സ്വകാര്യ അഹങ്കാരങ്ങളായിരുന്നു. അവരുടെ സ്ഥാനത്താണ് സെര്‍ച്ച് കമ്മിറ്റി അട്ടിമറിച്ചും യോഗ്യതയില്‍ വെള്ളം ചേര്‍ത്തും ഒക്കെ പലരും വൈസ് ചാന്‍സലര്‍മാരായി വരുന്നത്. ഗവര്‍ണ്ണര്‍ മുന്‍പ് ഇക്കാര്യം പറഞ്ഞപ്പോള്‍, ഗവര്‍ണ്ണര്‍ക്ക് അഹങ്കാരമാണെന്ന് പറഞ്ഞു. പിന്നെ ഗവര്‍ണ്ണറെ ആര്‍.എസ്.എസ് എന്ന് ചാപ്പ കുത്തി. ഗവര്‍ണ്ണറുടെ പാരമ്പര്യത്തിന്റെയോ പരിചയത്തിന്റെയോ വിജ്ഞാനത്തിന്റെയോ നൂറിലൊന്ന് പോലുമില്ലാത്ത അല്‍പ്പബുദ്ധികളായ മന്ത്രിമാര്‍ യുഡിഎഫ്, എല്‍ഡിഎഫ് രാഷ്ട്രീയം പോലെ ഗവര്‍ണ്ണര്‍ക്കെതിരെ തിരിഞ്ഞു. ഭരണഘടനാപദവിയും ഒരു മുതിര്‍ന്ന രാഷ്ട്രതന്ത്രജ്ഞനെന്നുള്ള അദ്ദേഹത്തിന്റെ സാമൂഹിക പദവിയും മാന്യതയും കണക്കിലെടുക്കാതെ തെരുവുഭാഷയില്‍ ഗവര്‍ണ്ണര്‍ക്കെതിരെ രംഗത്തെത്തി.
പക്ഷേ, ഗവര്‍ണ്ണറുടെ നിലപാട് ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. കേരളത്തിന്റെ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. എം. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ കക്ഷിചേര്‍ന്ന് ഉന്നയിച്ച വാദമുഖങ്ങളെല്ലാം കോടതി തള്ളി. സംസ്ഥാന നിയമവും കേന്ദ്രനിയമവും വിരുദ്ധമായാല്‍ കേന്ദ്രനിയമമാണ് നിലനില്‍ക്കുകയെന്ന് അസന്നിഗ്ദ്ധമായി സുപ്രീംകോടതി വ്യക്തമാക്കി. വിധിന്യായത്തിന്റെ ചൂടാറും മുന്‍പ് വിധി അംഗീകരിക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് കത്തയച്ചു. സുപ്രീംകോടതി വിധിയെ കുറിച്ച് ഗവര്‍ണ്ണര്‍ സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചിരുന്നില്ല. സ്വമേധയാ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്ത് ആരിഫ് മുഹമ്മദ്ഖാന്‍ ചക്രായുധമാക്കി മാറ്റി. എല്ലാ വൈസ് ചാന്‍സലര്‍മാരോടും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജിവെയ്ക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ ചട്ടലംഘനം ഈ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലും ഉള്ള സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ രാജി ആവശ്യപ്പെട്ടതില്‍ എവിടെയാണ് തെറ്റ്? ഭരണഘടനാ പദവിയില്‍ ഈ രാഷ്ട്രത്തിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ഗവര്‍ണ്ണര്‍ പിണറായി വിജയന് അനുകൂലമായ രാഷ്ട്രീയ നിലപാട് എടുക്കുമെന്നും അദ്ദേഹം പറയുന്നത് അനുസരിച്ച് സിഐടിയു തൊഴിലാളികള്‍ തുള്ളുംപോലെ തുള്ളിക്കളിക്കുമെന്നും കരുതാനാവില്ല.
ഗവര്‍ണ്ണറുടെ കത്ത് ഒരു ഊരാക്കുടുക്കായിരുന്നു. സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്നുപറഞ്ഞ സാഹചര്യത്തില്‍ ചട്ടലംഘനത്തിലൂടെ നടത്തിയ നിയമനം എങ്ങനെ തുടരാനാവും? ഇക്കാര്യത്തില്‍ ആദ്യമേ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചില്ലെന്ന പിഴവ് രാജി ആവശ്യപ്പെട്ടുള്ള കത്ത് നല്‍കിയതിന് പിന്നാലെ ഗവര്‍ണ്ണര്‍ പരിഹരിച്ചു. നിയമനാധികാരി കൂടിയായ ചാന്‍സലര്‍ ആവശ്യപ്പെട്ടാല്‍, നിര്‍ദ്ദേശിച്ചാല്‍ രാജി വെയ്ക്കാതെ എന്ത് വഴിയാണുള്ളത്. ഇപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. അതിന്റെ മറുപടി കിട്ടിയാല്‍ എല്ലാ വൈസ് ചാന്‍സലര്‍മാരെയും ഗവര്‍ണ്ണര്‍ക്ക് പിരിച്ചുവിടാം. ഇത് അംഗീകരിക്കുക എന്നല്ലാതെ വൈസ് ചാന്‍സലര്‍മാരുടെ മുന്നില്‍ ഒരു വഴിയുമില്ല. മാത്രമല്ല, മുന്‍ വൈസ് ചാന്‍സലര്‍ എന്ന പദവി എവിടെയും ഉപയോഗിക്കാനാവില്ല. ചട്ടം ലംഘിച്ചുള്ള നിയമനം എന്ന നിലയില്‍ ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ അടയ്ക്കാതിരിക്കാനാവില്ല. സുപ്രീം കോടതിയുടെ ഉത്തരവ് ആയതുകൊണ്ട് ഇതിനെതിരെ ഇനി കോടതിയില്‍ പോകാനുള്ള സാധ്യതയും അടയ്ക്കുന്നതാണ് വിധി അംഗീകരിക്കുന്നു എന്ന സംസ്ഥാന സര്‍ക്കാരിന്റെ കത്ത്.
പ്രശ്‌നം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രി മുതല്‍ മന്ത്രിമാര്‍ വരെ ഗവര്‍ണ്ണര്‍ക്കെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തി. കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ നടന്ന ഒരു ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഗവര്‍ണ്ണര്‍ക്കെതിരെ ആഞ്ഞടിച്ചു. ‘ഉത്തര്‍പ്രദേശിലെ ബനാറസ് സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്ക് 50-100 സുരക്ഷാ ഭടന്മാരുണ്ട്. അവിടത്തെ പല സര്‍വ്വകലാശാലകളിലും അങ്ങനെയാണ്. സമരത്തിന്റെ ഭാഗമായി അഞ്ചു കുട്ടികളെ വെടിവെച്ചു കൊന്നു. ഇങ്ങനെയുള്ള സര്‍വ്വകലാശാലകള്‍ നടക്കുന്ന സ്ഥാലത്തു നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇവിടത്തെ സര്‍വ്വകലാശാലകളെപ്പറ്റി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്’. മുന്‍ എസ്.എഫ്.ഐ നേതാവും രാജ്യസഭാംഗവുമായ കെ.എന്‍.ബാലഗോപാല്‍ തരംതാഴ്ന്നതിന്റെ ആഴം ഗവര്‍ണ്ണറുടെ കത്ത് കിട്ടിയപ്പോഴാണ് മനസ്സിലായത്. നേരത്തെ തന്നെ മന്ത്രിമാര്‍ വേണ്ടാത്ത വര്‍ത്തമാനം പറഞ്ഞാല്‍ നടപടി എടുക്കുമെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതാണ്. മന്ത്രി എം.ബി.രാജേഷ് ഗവര്‍ണ്ണര്‍ക്കെതിരെ ഇട്ട പോസ്റ്റ് പിന്‍വലിച്ച് മുങ്ങി. മന്ത്രി ആര്‍. ബിന്ദു പല ലക്ഷ്മണരേഖകളും കടന്നിട്ടുണ്ട് എന്ന് ഗവര്‍ണ്ണര്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ രണ്ട് സംസ്ഥാനങ്ങളെ തമ്മില്‍ താരതമ്യം ചെയ്ത് യു.പിയെ ഇകഴ്ത്തുന്ന രീതിയില്‍ ബാലഗോപാല്‍ നടത്തിയ പ്രസ്താവന രാജ്യദ്രോഹമാണെന്ന് ഗവര്‍ണ്ണര്‍ കണ്ടെത്തി. മാത്രമല്ല, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ഒരു മന്ത്രി ദേശദ്രോഹവും ഭരണഘടനാ ലംഘനവും നടത്തിയാല്‍, ആ പദവിയില്‍ തുടരാനാവില്ല. ആര്‍.ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗത്തില്‍ ഇത് കണ്ടതാണ്.
പഞ്ചാബ് മോഡല്‍ പ്രസംഗം നടത്തിയ ബാലകൃഷ്ണപിള്ളയുടെ അതേ കൊട്ടാരക്കരയില്‍ നിന്നാണ് ബാലഗോപാലും എത്തിയത് എന്നത് ഒരുപക്ഷേ, ആകസ്മികമോ വിധിവൈപരീത്യമോ ആയിരിക്കാം. ബാലഗോപാലിന്റെ പ്രസ്താവന രാജ്യദ്രോഹപരമാണെന്ന് കണ്ടെത്തിയത് സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവര്‍ണ്ണറാണ്. ഭരണഘടനയുടെ 163 (1) (2) (3) അനുച്ഛേദം അനുസരിച്ച് ഗവര്‍ണ്ണറുടെ പ്രീതി അല്ലെങ്കില്‍ സന്തുഷ്ടി എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണ്ണര്‍ നിയമിക്കുന്ന മന്ത്രിമാര്‍ക്ക് ഗവര്‍ണ്ണറുടെ പ്രീതി അഥവാ സന്തുഷ്ടി നിലനില്‍ക്കുന്നിടത്തോളം കാലം തുടരാമെന്നാണ് അനുച്ഛേദം 164 പറയുന്നത്. ഗവര്‍ണ്ണറുടെ സന്തുഷ്ടിയുടെ മാനദണ്ഡം എന്താണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടില്ല. സന്തുഷ്ടി പിന്‍വലിക്കാനോ മന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനോ ഉള്ള അധികാരം ഗവര്‍ണ്ണറുടെ വിവേചനാധികാരമാണ്. രാജ്യസുരക്ഷയ്ക്ക് ബാധകമാകുന്ന തരത്തില്‍ രാജ്യദ്രോഹ പ്രസ്താവന നടത്തിയതിന്റെ പേരിലാണ് ബാലഗോപാലിന്റെ പ്രീതി പിന്‍വലിക്കാന്‍ ഗവര്‍ണ്ണര്‍ തീരുമാനിച്ചത്. രാജീവ് ഗാന്ധിയുടെ ഏറ്റവും നല്ല കാലത്ത് ഷഹബാനു കേസിന്റെ പേരില്‍ മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് അദ്ദേഹത്തെ വിറപ്പിച്ച ആരിഫ് മുഹമ്മദ്ഖാനെ ഒച്ചവെച്ചും തെറി വിളിച്ചും വരുതിയിലാക്കാമെന്ന് കരുതിയ പിണറായി മണ്ടന്മാരുടെ രാജാവാണ്. ഭരണഘടനാനുസൃതമായ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗവര്‍ണ്ണര്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് മന്ത്രിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട് എന്നാണ് മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ക്ക് മറുപടി കൊടുത്തത്. ഇവിടെയാണ് പിണറായിക്ക് വീണ്ടും പിഴച്ചത്. മുഖ്യമന്ത്രിക്ക് വിശ്വാസമുണ്ടോ എന്ന ചോദ്യം ഗവര്‍ണ്ണര്‍ ഉന്നയിച്ചിട്ടില്ല. ഗവര്‍ണ്ണര്‍ തന്റെ പ്രീതി അഥവാ സന്തുഷ്ടി നഷ്ടമായി അതുകൊണ്ട് ഉചിതമായ നടപടി സ്വീകരിക്കണം എന്നാണ് മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചത്. ബാലഗോപാലിനോട് വിശദീകരണം തേടി താന്‍ മനസാ വാചാ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന വിശദീകരണവുമായി സമസ്താപരാധം പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം തീരുമായിരുന്നു.
ഇത് ഒരു പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. ഭാരതത്തില്‍ സമാന സാഹചര്യം നേരത്തെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ കത്തില്‍ ഗവര്‍ണ്ണര്‍ക്ക് തുടര്‍ നടപടികള്‍ എടുക്കാം, അല്ലെങ്കില്‍ ഉപേക്ഷിക്കാം. അതല്ലെങ്കില്‍ ഈ സാഹചര്യം വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും റിപ്പോര്‍ട്ട് അയക്കാം. പ്രശ്‌നം ഒരു പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് ആയി സുപ്രീം കോടതിക്ക് വിടാം. ഗവര്‍ണ്ണറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി ബാലഗോപാലിനെ പുറത്താക്കില്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, പ്രതിപക്ഷം ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചാല്‍ ഹൈക്കോടതിയില്‍ ഒരു ക്വോ-വാറണ്ടോ ഹര്‍ജി സമര്‍പ്പിച്ചാല്‍ ബാലഗോപാലിന് ബാലകൃഷ്ണപിള്ളയുടെ ഗതിയാകും എന്ന കാര്യത്തില്‍ വിവരമുള്ളവര്‍ക്ക് ആര്‍ക്കും സംശയമില്ല. പക്ഷേ, കേരളത്തിലെ പ്രതിപക്ഷം അഗാധ നിദ്രയിലാണ്. പ്രതിപക്ഷ നേതാവ് എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും നടത്തുന്ന പത്രസമ്മേളനങ്ങള്‍ ഒഴികെ സംസ്ഥാന സര്‍ക്കാരിന് കീഴടങ്ങി, പിണറായിയുടെ വിനീതവിധേയദാസനായിട്ടാണ് വി.ഡി.സതീശന്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. മറ്റു കലാപരിപാടികളൊക്കെ ഉണ്ടായിരുന്നെങ്കിലും നിയമസഭയിലെങ്കിലും ബഹളം വെയ്ക്കാനും പ്രധാന പ്രശ്‌നങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനും ചെന്നിത്തല കുറച്ചുകൂടി ആവേശം കാട്ടിയിരുന്നു. ചെന്നിത്തലയില്‍ നിന്ന് പിടിച്ചുവാങ്ങിയ പ്രതിപക്ഷ നേതാവ് സ്ഥാനം എത്രമാത്രം ക്രിയാത്മകമായി ഉപയോഗിച്ചു എന്ന് വി.ഡി.സതീശന്‍ ആലോചിക്കേണ്ട സമയമായിരിക്കുന്നു. പിണറായിക്ക് ഏറാന്‍ മൂളാന്‍ കേരളത്തിന് ഒരു പ്രതിപക്ഷ നേതാവ് വേണോ?
കേരളത്തിലെ ജനങ്ങള്‍ ഇന്ന് പ്രതിപക്ഷ നേതാവിന്റെ റോളും ഗവര്‍ണ്ണറിലാണ് കാണുന്നത്. ഗവര്‍ണ്ണര്‍ ചോദിച്ച ചോദ്യങ്ങള്‍, അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരുടെ ഹൃദയവേദനയുടെ പ്രതീകങ്ങളാണ്. രണ്ടുവര്‍ഷം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ജോലി ചെയ്താല്‍ സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്ന സംവിധാനം മറ്റൊരു സംസ്ഥാനത്തുമില്ലാത്തത് കേരളത്തില്‍ നടപ്പാക്കിയതിനെയാണ് ഗവര്‍ണ്ണര്‍ ചോദ്യം ചെയ്തത്. പഴയ മന്ത്രിയായ പി.കെ.ശ്രീമതി സ്വന്തം മകന്റെ ഭാര്യയെ പോലും പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ച് അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ പെന്‍ഷന്‍ വാങ്ങിയത് ഓര്‍ക്കുക. ഇവര്‍ കേരളത്തിലെ പൊതു സമൂഹത്തിന് എന്ത് സേവനമാണ് നല്‍കിയിട്ടുള്ളത്? സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍, അദ്ധ്യാപക നിയമനങ്ങള്‍ സ്വന്തക്കാരെ തിരുകിക്കയറ്റി , രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ അഭയകേന്ദ്രമാക്കി മാറ്റിയതിനെ ഗവര്‍ണ്ണര്‍ ചോദ്യം ചെയ്തു. മെറിറ്റ് അട്ടിമറിച്ചുള്ള നിയമനങ്ങളെ ഗവര്‍ണ്ണര്‍ ചോദ്യം ചെയ്തു. ഇതിനൊക്കെ ഗവര്‍ണ്ണറെ കുറ്റം പറയാന്‍ പറ്റുമോ? ഗവര്‍ണ്ണറും സവര്‍ക്കറും പുറത്ത്, ഗവര്‍ണ്ണര്‍ ആര്‍.എസ്.എസ്സുകാരന്‍ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പിണറായിയും കൂട്ടരും ഗവര്‍ണ്ണറെ അവമതിക്കുമ്പോള്‍ ഗവര്‍ണ്ണറും ആര്‍എസ്എസ്സും കേരളത്തിലെ നിഷ്പക്ഷമതികളായ സാധാരണക്കാരുടെ ഹൃദയവികാരമാവുകയാണ്. പിണറായിയെ കാലം രേഖപ്പെടുത്താന്‍ പോകുന്നത്, കേരളം കണ്ട പരാജയപ്പെട്ട മുഖ്യമന്ത്രി എന്ന നിലയിലായിരിക്കും.