കര്‍മ്മശേഷി ഒടുങ്ങുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഭൗതിക മരണം. കര്‍മ്മമൊടുങ്ങുമ്പോള്‍ ശരിയായ മരണവും. രണ്ടു ക്ഷയവും സംഭവിക്കാത്തപ്പോള്‍ ഉണ്ടാകുന്നത് മരണമല്ല വിയോഗമാണ്. അതുകൊണ്ടുതന്നെ ലാല്‍ കൃഷ്ണയെപ്പോലുള്ളവര്‍ മരണ ശേഷവും ദേഹം ഇല്ലാതെ നമുക്കൊപ്പം ഉണ്ടെന്നു തന്നെ തോന്നും. രണ്ടുമാസം മുമ്പ് എളമക്കര ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തില്‍ തമ്മില്‍ കണ്ടു സംസാരിച്ചു- ശ്രീകൃഷ്ണ കേന്ദ്രം, ബാലഗോകുലം, സംഘ ശാഖ, ജന്മഭൂമി, ജനം, കാലിക രാഷ്ട്രീയം… പിന്നെക്കാണാം എന്ന് പറഞ്ഞു പിരിഞ്ഞു, പിന്നെ കാണുന്നത് അമൃത ആശുപത്രിയിലാണ്. ലാലിന് നല്‍കിയ അന്ത്യപ്രണാമ വേളയിലും അടുത്ത് എവിടെയോ ലാല്‍ ഉണ്ടെന്ന തോന്നലായിരുന്നു. ആശുപത്രിയിലെ രോഗക്കിടക്കയില്‍ നിന്ന് തിരികെ വരാന്‍ ലാലിനെ അറിയാവുന്നവര്‍ എല്ലാം പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന ഫലിക്കാഞ്ഞതല്ല, കര്‍മമൊടുങ്ങിയതുമല്ല. ഒരുപക്ഷേ, ലാല്‍കൃഷ്ണ പുതിയൊരു പ്രതീകവും പാഠവും ആവുകയായിരുന്നു, അങ്ങനെ അമരനാവുകയായിരുന്നു എന്ന് തോന്നിപ്പോകുന്നു. സൈനികന്റെ ചിട്ടയും അച്ചടക്കവും ചേര്‍ന്നപ്പോള്‍ ലാല്‍ കൃഷ്ണ ബാലസ്വയംസേവകനായിരിക്കെ നേടിയ നിഷ്ഠയും നിശ്ചയവും പല മടങ്ങായി. ശാഖയായിരുന്നു ലാലിന് എല്ലാം.
സമൂഹത്തില്‍ നടപ്പാക്കേണ്ടത് ആദ്യം വീട്ടില്‍ എന്ന ചൊല്ല് ലാല്‍കൃഷ്ണയുടെ കുടുംബത്തില്‍ യാഥാര്‍ത്ഥ്യമായിരുന്നു. സംഘ കുടുംബമായിരുന്നു എല്ലാ അര്‍ത്ഥത്തിലും. എല്ലാവരും സംഘ പ്രവര്‍ത്തനത്തിലായതോ അനുഭാവികളായതോ മാത്രമല്ല, എല്ലാ അര്‍ത്ഥത്തിലും ഭാരതീയ ജീവിത സങ്കല്‍പ്പം അനുഷ്ഠിച്ചു പോന്നു അവര്‍. അച്ഛന്‍ പി.എം. രാമകൃഷ്ണന്‍ വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാതല പ്രവര്‍ത്തനത്തിലുണ്ട്. അമ്മ പത്മകുമാരി സംഘ സപര്യയില്‍ കുടുംബം നയിക്കുന്നതില്‍ പ്രധാന കണ്ണി. അനുജന്‍ ആര്‍. രാജേഷ് സംഘത്തിന്റെ എറണാകുളം വിഭാഗ് ബൗദ്ധിക് പ്രമുഖാണ്. ഗീതാ കൃഷ്ണന്‍ സഹോദരി. ഏകമകന്‍ വൈഷ്ണവ് തൊടുപുഴ സരസ്വതി സെന്‍ട്രല്‍ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മൈലക്കോട് എല്‍.പി സ്‌കൂളില്‍ ലാല്‍ പഠിത്തം തുടങ്ങി. തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ 1989 ല്‍ കരസേനയില്‍ ചേര്‍ന്നു. 22 വര്‍ഷത്തെ സേവനശേഷം വിരമിച്ചു. ജോലിയിലിരിക്കെ ബിസിനസ് മാനേജ്‌മെന്റില്‍ എംബിഎ എടുത്തു. വിരമിച്ച് ദല്‍ഹിയില്‍ താമസമാക്കിയതുമുതല്‍ 2013 ല്‍ നാട്ടിലേക്ക് തിരിച്ചുപോരുംവരെ ഏല്‍പ്പിച്ച വിവിധ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു. മൂന്നുവര്‍ഷം ദല്‍ഹി ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയില്‍ പ്രവര്‍ത്തിച്ചു. ദല്‍ഹി പ്രാന്തത്തിലെ വസന്തനഗര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്നു. ബാലഗോകുലം ദല്‍ഹിയില്‍ നടത്തിയ കൃഷ്ണദര്‍ശനം പരിപാടിയുടെ പൂര്‍ണ ചുമതല നോക്കി.
ലാല്‍കൃഷ്ണയുടെ ഭാര്യ അമ്പിളിയും സൈനിക സേവനത്തിലായിരുന്നു, മേജര്‍ തലത്തില്‍, ആരോഗ്യ മേഖലയില്‍. കുടുംബസമേതം തൊടുപുഴയില്‍ താമസമാക്കി, മറ്റൊരു ജോലിയില്‍ പ്രവേശിക്കും മുന്‍പ്, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ മുഖ്യ ചുമതലയില്‍ വരണമെന്ന ആവശ്യം, സംഘം ഏല്‍പ്പിക്കുന്ന എന്തിനും തയ്യാറെന്ന മറുപടിയോടെ സമ്മതിച്ചു. 2014 ഫെബ്രുവരിയില്‍ ആലുവ കേശവസ്മൃതിയിലെ ബാലസംസ്‌കാരകേന്ദ്രം കാര്യാലയത്തില്‍ ചുമതലയേറ്റു. കൊടകരയില്‍ ഓഫീസ് തുറന്നു പ്രവര്‍ത്തനത്തില്‍ സജീവമായി.
അങ്ങനെയിരിക്കെ കുമ്മനം രാജശേഖരന്റെ കൂടെ സംഘ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിച്ചു. വിവിധ ഭാഷകളിലെ പ്രാവീണ്യവും ഓഫീസ് നിര്‍വഹണത്തിലെ ചിട്ടയും ഫലപ്രദമായി വിനിയോഗിച്ചു. ആര്‍എസ്എസ് ഇടുക്കി വിഭാഗിന്റെ പ്രചാര്‍ പ്രമുഖ് ചുമതലയോടൊപ്പം തൃപ്പൂണിത്തുറ കേന്ദ്രമാക്കിയുള്ള ഗവേഷണ കേന്ദ്രീകൃത ഓഫീസിലും, ഇടക്കാലത്ത് ജനം ടിവിയുടെ ചുമതലകളിലും ലാല്‍ കൃഷ്ണ സക്രിയനായി.
കഴിഞ്ഞ മണ്ഡല കാലത്തെ ശബരിമല പ്രക്ഷോഭസമയത്ത് ലാല്‍കൃഷ്ണജിയിലെ യഥാര്‍ത്ഥ പോരാളിയെ കാണാനായി. സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിബന്ധങ്ങള്‍ മറികടന്ന്, പോലീസിന്റെ കണ്ണുവെട്ടിച്ച്, കാട്ടുവഴികളിലൂടെ സന്നിധാനത്ത് എത്തി ലാല്‍. ജയിലിലായവര്‍ക്ക്, പത്തനംതിട്ട കോടതി വൈകിട്ട് മൂന്നരയ്ക്കനുവദിച്ച ജാമ്യ ഉത്തരവ് അഞ്ചുമണിക്ക്മുമ്പ് തിരുവനന്തപുരത്തെത്തിക്കാന്‍ ലാല്‍ കാണിച്ച നിശ്ചയദാര്‍ഢ്യം സ്വയംസേവകര്‍ക്ക് മാതൃകയാണ്.
ഏതു വിഷയത്തിലും ആധികാരിക വിവരങ്ങള്‍ ലാല്‍കൃഷ്ണയുടെ പക്കലുണ്ടായിരുന്നു. കഠിനമായ ശാരീരിക വ്യായാമങ്ങള്‍ പതിവായിരുന്നു. ഒരു ദിവസവും വായന മുടക്കിയിരുന്നില്ല. ജോലിയിലിരിക്കെ നേടിയ ബിരുദാനന്തര ബിരുദവും വിരമിച്ച ശേഷം തിരക്കേറിയ സംഘടനാപ്രവര്‍ത്തങ്ങള്‍ക്കിടയിലും നേടിയ ഗവേഷണ ബിരുദവും ഉദാഹരണങ്ങളാണ്.
പ്രളയകാലത്ത് കുട്ടനാട്ടിലും, ചെങ്ങന്നൂരുമെല്ലാം തുടക്കം മുതല്‍ പുനരധിവാസം വരെ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയും പ്രേരണയായും അദ്ദേഹം ഒപ്പം പ്രവര്‍ത്തിച്ചു. കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരിത മേഖലയിലും ആദ്യാവസാനം സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. സ്വന്തം ആരോഗ്യത്തെയും കുടുംബത്തെയും മറന്ന് സമാജസേവനം നടത്തി. 2019 ഒക്ടോബര്‍ 10 രാവിലെ നാലു മണിക്ക് മേജര്‍ ഡോ.ലാല്‍കൃഷ്ണ എന്ന സ്വയംസേവകന്‍ വിഷ്ണുപദം പൂകി.
സദാ സര്‍വഥാ സംഘകാര്യക്രമത്തില്‍ ജീവിതാവസാനംവരെ പങ്കാളിയായ കര്‍മകാരിയായിരുന്ന അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കും കുടുംബത്തിന്റെ ദുഃഖ നിവൃത്തിക്കും നമുക്ക് പ്രാര്‍ത്ഥിക്കാം.
(പ്രാന്തകാര്യാലയപ്രമുഖാണ് ലേഖകന്‍)