ദല്‍ഹിയിലെ ആറാമത് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ പ്രധാനമന്ത്രി 5 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വീടും അവസരങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. 5 ജിയിലേക്കുള്ള ഇന്ത്യയുടെ ചുവടുവയ്പിനാധാരവും അതുതന്നെ. 140 കോടിയില്‍ പരം ജനങ്ങളുള്ള നമ്മുടെ രാഷ്ട്രത്തിന്റെ വികസനത്തിനും മുന്നേറ്റത്തിനും സാങ്കേതിക മുന്നേറ്റങ്ങളെ വേഗത്തില്‍ സമസ്ത മേഖലകളിലും ഗ്രാമ നഗര വ്യത്യാസമില്ലാതെ എത്തിക്കുക എന്നതാണ് പ്രധാനമാര്‍ഗ്ഗം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ മേഖലയില്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ച രാഷ്ട്രമാണ് ഇന്ത്യ. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടില്‍ 2021-22 ല്‍ നമ്മുടെ രാഷ്ട്രം വികസിത രാഷ്ട്രങ്ങളെപ്പോലും കടത്തി വെട്ടി ഒന്നാം സ്ഥാനത്താണുള്ളത്. ഗ്രാമമെന്നോ നഗരമെന്നോ ഉള്ള വ്യത്യാസമില്ലാതെ നമ്മുടെ സാമ്പത്തിക ഇടപാടുകള്‍ അതിവേഗം ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറി. നിരക്ഷരത എന്നത് അപ്രസക്തമാക്കി ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത കൈവരിക്കാന്‍ കഴിഞ്ഞു എന്നതാണ് വാസ്തവം. ഏതു തരം ഇടപാടുകളും ഓണ്‍ലൈനായി നല്‍കാനും സ്വീകരിക്കാനും തട്ടുകടകള്‍ മുതല്‍ മാളുകള്‍ വരെ സജ്ജമായി എന്നതാണ് അത്ഭുതകരം. ലോകത്തിലെ വന്‍ സിറ്റികള്‍ പോലും പൂര്‍ണ്ണതോതില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താതിരിക്കുമ്പോഴാണ് ഗ്രാമങ്ങളില്‍ പോലും നമ്മുടെ ക്രയവിക്രയങ്ങള്‍ ഓണ്‍ലൈനായി മാറിയത്.
പലപ്പോഴും എല്ലാ സാങ്കേതിക മുന്നേറ്റങ്ങളിലും നാം മെല്ലെ കടന്നുകയറുന്നതായിരുന്നു പതിവെങ്കില്‍ ഇപ്പോള്‍ അത് ഏറ്റവും വേഗത്തില്‍ സ്വീകരിക്കാന്‍ ആബാലവൃദ്ധം ജനങ്ങളും തയ്യാറായി എന്നതാണ് യാഥാര്‍ത്ഥ്യം. സുതാര്യതയും തുല്യതയും സേവന വിതരണ പദ്ധതിയിലെ അഴിമതി രഹിതവും വേഗതയേറിയ നടപടികളുമാണ് ഇതിന് ഇത്രയേറെ സ്വീകാര്യത കൊണ്ടു വന്നത്.
ഇന്റര്‍നെറ്റില്ലാത്ത ഒരു ദിവസം ഇന്ന് ഇന്ത്യക്ക് ചിന്തിക്കാന്‍ കഴിയില്ല. ഒറ്റ വിരല്‍ തുമ്പില്‍ എല്ലാ സേവനങ്ങളും ഇടപാടുകളും നടക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ഇ-സര്‍ക്കാര്‍, ഇ-ബാങ്കുകള്‍, ഇ-ഓഫീസുകള്‍ ഇ-സിനിമ തുടങ്ങിയ സംവിധാനങ്ങള്‍ ഇന്നും പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ കഴിയാത്തത് ഇന്റര്‍നെറ്റ് വേഗത കൂട്ടാന്‍ ആവാത്തതു കൊണ്ടായിരുന്നു. 5 ജി സംവിധാനം ഏറെക്കുറെ ഇതിനൊരു പരിഹാരമാവും.
2014 ല്‍ ഒരു ജിബി ഡേറ്റയ്ക്ക് 300 രൂപയായിരുന്നെങ്കില്‍ ഇന്ന് 10 രൂപയാണ്. മാസം 14 ജി ബി ഉപയോഗിക്കുന്നയാള്‍ക്ക് 4200 രൂപയില്‍ നിന്ന് 125 രൂപയാക്കി കുറയ്ക്കാന്‍ കഴിയും എന്നതാണ് 5 ജിയുടെ നേട്ടങ്ങളിലൊന്നായി കാണുന്നത്. 4 ജിയുടെ പത്ത് മടങ്ങ് വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. അതിവേഗ ഇന്റര്‍നെറ്റ് നമ്മുടെ നാട്ടിലെ ഉല്‍പാദന – സേവന വിതരണ വിനിമയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നത് ഉറപ്പാണ്. 5 ജിയുടെ ഏറ്റവും വലിയ പ്രത്യേകത അത് നാലാം വ്യാവസായിക വിപ്ലവത്തിന് കളമൊരുക്കുന്ന മറ്റു സാങ്കേതിക വിദ്യകളായ മെറ്റാ വേഴ്‌സും ഐ.ഒ.ടി സാങ്കേതികതയും നിര്‍മ്മിത ബുദ്ധിയും ബ്ലോക് ചെയിന്‍ ടെക്‌നോളജിയും ഉണ്ടാക്കുന്ന മാറ്റങ്ങളുടെ ആക്കം കൂട്ടുമെന്നതാണ്. നമ്മുടെ ജനസംഖ്യാ വളര്‍ച്ചയെയും സാങ്കേതിക മുന്നേറ്റങ്ങളെയും ഒരുമിപ്പിച്ചാല്‍ സാമ്പത്തിക വളര്‍ച്ചയും വികസനവുമെന്ന ലക്ഷ്യം എളുപ്പമാക്കാന്‍ 5 ജിയിലൂടെ സാധിക്കും. 2040 എത്തുമ്പോഴേക്കും ഇന്നുള്ള 3 ട്രില്ല്യണില്‍ നിന്ന് 40,000 ട്രില്യന്‍ സാമ്പത്തിക വളര്‍ച്ച നേടിയാല്‍ മാത്രമേ രാഷ്ട്രം വന്‍സാമ്പത്തിക ശക്തിയായി മാറൂ. അതേ പോലെ വികസനം എന്നത് ഇന്നത്തെ പ്രതിശീര്‍ഷ വരുമാനമായ പന്ത്രണ്ടായിരം രൂപയില്‍ നിന്ന് 1,20,000 രൂപയായി മാറണം. അതിവേഗ ഡിജിറ്റല്‍ സാങ്കേതിക വിദ്യയും അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയുള്ള വ്യാവസായിക, സംരംഭകത്വ വികസനവും ചേര്‍ന്നാല്‍ മാത്രമേ ഇത് സാക്ഷാത്കരിക്കാന്‍ കഴിയൂ. 5 ജിയും അനുബന്ധ സേവനങ്ങളും ശാസ്ത്രീയമായി ദീര്‍ഘവീക്ഷണത്തോടെ ഉപയോഗിച്ചാല്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെയും നൈപുണീ വികസനത്തിന്റെയും ഗുണമേന്മ ഉറപ്പാക്കാന്‍ കഴിയും. 2025-30 ആവുമ്പോഴേക്ക് യുവത്വത്തിന്റെ നാടായി മാറുന്ന ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തും മല്‍സര ബുദ്ധികളായ ജനതയും ഉണ്ടാകേണ്ടതുണ്ട്. അതിന് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയ്ക്ക് 5 ജിയുടെ വേഗതയും അനുബന്ധ സങ്കേതിക വിദ്യകളും ഉപയോഗിക്കാന്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ നമ്മുടെ യൂണിവേഴ്‌സിറ്റികളും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും ഇപ്പോഴും പരമ്പരാഗത ഡിഗ്രി, ഡിപ്‌ളോമ വിതരണ കേന്ദ്രമെന്നതില്‍ നിന്ന് മാറിയിട്ടില്ല. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യകളെ നമ്മുടെ വിദ്യാഭ്യാസത്തിലേക്ക് സന്നിവേശിപ്പിച്ച് മുന്നേറാന്‍ അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കിയേ തീരൂ.
അതുപോലെ തന്നെ ആരോഗ്യ രംഗത്ത് വമ്പിച്ച മുന്നേറ്റമുണ്ടാക്കാന്‍ 5ജിക്ക് കഴിയും. ഗ്രാമപ്രദേശങ്ങളിലുള്ള പ്രാഥമിക – താലൂക്ക് ആശുപത്രികളെ നഗരങ്ങളിലെ വലിയ ആശുപത്രികളുമായും മെഡിക്കല്‍ കോളേജുകളുമായും ബന്ധിപ്പിക്കാനും വികസിപ്പിക്കാനും അധിക സാമ്പത്തിക നിക്ഷേപങ്ങളില്ലാതെ സാധിക്കും. പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ നിരീക്ഷണവും മേല്‍നോട്ടവും പ്രശ്‌നപരിഹാര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ആരോഗ്യ രംഗത്ത് പ്രത്യേകിച്ച് ഗ്രാമീണ ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റമാണ് സാധ്യമാക്കുക.
അതേ പോലെ തന്നെയാണ് സൂക്ഷ്മ ചെറുകിട വ്യവസായ വികസനവും സംരംഭകത്വവികസനവുമെന്നത്. രാഷ്ട്ര പുരോഗതിക്കുള്ള ഏക മരുന്നാണിത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കാനുള്ള പോംവഴിയാണിത്. വന്‍കിട വ്യവസായങ്ങളും കോര്‍പ്പറേറ്റുകളും നിലനില്‍പ്പിനായി ആശ്രയിക്കുന്ന സാങ്കേതിക വിദ്യകളെ അതേ രൂപത്തില്‍ ഇവര്‍ക്കും ലഭിച്ചാല്‍ ലോക വിപണി ഇന്ത്യന്‍ ഗ്രാമീണ സംരംഭകത്വത്തിലേക്ക് വരും. ഇത് ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മുടെ പുരോഗതിയെ മുന്നോട്ട് നയിക്കും.
നേട്ടങ്ങളെ പൂര്‍ണ്ണമായി അംഗീകരിക്കുമ്പോഴും അത് നമ്മുടെ നാട്ടിലെ തൊഴിലിനെയും പരമ്പരാഗത മാര്‍ഗ്ഗങ്ങളെയും എങ്ങിനെ ബാധിക്കുമെന്നും ഇതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നാം എന്തു തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട് എന്നും ഇനിയും നമ്മുടെ രാഷ്ട്രീയ ഭരണ നേതൃത്വം പൂര്‍ണ്ണ തോതില്‍ മനസ്സിലാക്കിയിട്ടില്ല എന്നത് നിരാശാജനകമാണ്. വിദ്യാഭ്യാസത്തിലും നൈപുണി പരിശീലനത്തിലും പരമ്പരാഗത രീതി പിന്തുടരുകയും സാങ്കേതിക മാറ്റങ്ങള്‍ ത്വരിത ഗതിയില്‍ നടപ്പിലാവുകയും ചെയ്യുമ്പോള്‍ അത് രൂക്ഷമായ തൊഴിലില്ലായ്മയിലേക്കും സാമൂഹ്യ വിപത്തുകളിലേക്കും എത്താനിടയുണ്ട്.
ലോക സാമ്പത്തിക ഫോറത്തിന്റെ മുമ്പാകെ കഴിഞ്ഞ സെമിനാറില്‍ ഗൂ ഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ നടത്തിയ ശ്രദ്ധേയമായ പ്രഭാഷണത്തില്‍ അദ്ദേഹത്തിന്റെ ഒരു സങ്കടം രാഷ്ട്രങ്ങള്‍ എന്തുകൊണ്ട് ഞങ്ങളെ, ഞങ്ങളുടെ സാങ്കേതിക മുന്നേറ്റങ്ങള്‍ സാങ്കേതികമികവോടെ തദ്ദേശീയ സര്‍ക്കാര്‍ മാര്‍ഗങ്ങളുപയോഗിച്ചു മോണിറ്റര്‍ ചെയ്യുന്നില്ല എന്നതായിരുന്നു. സമ്മേളനത്തിലെ തലക്കെട്ട് തന്നെ ‘Survival of the 21st century’ (21-ാം നൂറ്റാണ്ടിന്റെ അതിജീവനം) എന്നായിരുന്നു. ലോകത്ത് വരാന്‍പോകുന്ന മാറ്റങ്ങളെതിരിച്ചറിഞ്ഞ് പൊതുവായി ആ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും മാറ്റങ്ങളോടൊപ്പം ഒരു സമൂഹത്തെ സജ്ജമാക്കാനുമുള്ള പ്രയാണത്തില്‍ ഭൂരിഭാഗം രാഷ്ട്രങ്ങളും എവിടെയെത്തി നില്‍ക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യകള്‍ നിലവിലുള്ള എല്ലാ മേഖലകളും വിപ്ലവാത്മകമായ രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. അമ്പതു വര്‍ഷത്തിലേറെയായി ലോക സമ്പത്തിന്റെ ഭൂരിഭാഗം കയ്യടക്കിയ ഏകദേശം 6 ട്രില്ല്യണിന്റെ എണ്ണ വിപണിയെ കേവലം അഞ്ച് വര്‍ഷം കൊണ്ട് മുട്ടുകുത്തിച്ചു ടെക് കമ്പനികള്‍ 9 ട്രില്ല്യണില്‍ എത്തിനില്‍ക്കുന്നു. വളരെ ലളിതമായി നോക്കിയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കാള്‍ മുകളിലെത്താന്‍ ഗൂഗിള്‍ എടുത്ത സമയം കേവലം നാല് വര്‍ഷത്തില്‍ താഴെയാണ്.
നാലാം വ്യാവസായിക വിപ്ലവം -പ്രതീക്ഷയും അസ്വസ്ഥതകളും
മറ്റു വ്യാവസായിക വിപ്ലവങ്ങളെ പോലെ കേവലം ഒരു മാറ്റമല്ല നാലാം വ്യാവസായിക വിപ്ലവത്തിലൂടെ ഉണ്ടാവാന്‍ പോകുന്നത്. സോളാര്‍ സിറ്റിയുടെ തലവനായ അലെന്‍മസ്‌കിന്റെ അഭിപ്രായത്തില്‍ പുതിയ കാലഘട്ടത്തെ രണ്ടു രീതിയില്‍ നോക്കി കാണാം എന്നാണ് പറയുന്നത്. ഒന്നുകില്‍ പ്രതീക്ഷാ നിര്‍ഭരം അല്ലെങ്കില്‍ തകര്‍ച്ചയുടെ (Era of disruption) കാലം. ഒന്നാം വ്യാവസായിക വിപ്ലവത്തിലെ സ്റ്റീല്‍ പവറില്‍ നിന്ന് ഇലക്ട്രിക്കല്‍ എനര്‍ജി വികാസം പോലെയോ രണ്ടാം വ്യാവസായിക വിപ്ലവത്തിലെ ഇലക്ട്രിക്കല്‍ എനര്‍ജിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എനര്‍ജിയിലേക്ക് മുന്നേറിയതുപോലെയോ മൂന്നാം വ്യാവസായിക വിപ്ലവത്തിലെ ഇലക്ട്രോണിക് എനര്‍ജിയില്‍ നിന്ന് വിവരസാങ്കേതികവിദ്യയിലേക്കുള്ള പ്രയാണങ്ങള്‍പോലെയോ ഉള്ള ഒരു മുന്നേറ്റത്തില്‍നിന്നു വ്യത്യസ്തമായി ഒരുകൂട്ടം സാങ്കേതികവിദ്യകളുടെ വിസ്‌ഫോടനമാണ് അടുത്ത കാലഘട്ടം. നിര്‍മിതബുദ്ധി, റോബോട്ടിക്‌സ്, ത്രീഡി പ്രിന്റിംഗ്, ബയോ ടെക്‌നോളജി തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഒരുപക്ഷേ നിലവിലെ നമ്മുടെ ഉത്പാദന വിതരണ ശൃംഖലകളെ എത്രയേറെ താളം തെറ്റിക്കും, അല്ലെങ്കില്‍ തകിടം മറിക്കും എന്ന് ഇനിയും നാം വിശദമായി മനസ്സിലാക്കിയിട്ടില്ല.
നമ്മുടെ കലാലയങ്ങള്‍ അല്ലെങ്കില്‍ വിദ്യാഭ്യാസം ഇപ്പോഴും ഊന്നല്‍ നല്‍കുന്നത് ഉല്‍പാദന വിതരണ മേഖലകളിലെ ജോലി സാധ്യതകള്‍ കേന്ദ്രീകരിച്ചാണ്. ഈയടുത്തുവരെ ഡിസൈന്‍, പ്രൊഡക്ഷന്‍, ഡിസ്ട്രിബൂഷന്‍ എന്നീ മൂന്നു മേഖലകളിലും നമുക്ക് സാധ്യമാവുമായിരുന്ന തൊഴില്‍ അവസരങ്ങള്‍ ഇനി ഡിസൈനിലേക്കു മാത്രം ചുരുങ്ങി ഉല്പാദനവും വിതരണവും റോബോട്ടുകള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണെന്നു ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. നിര്‍മിതബുദ്ധി ഓരോ രാഷ്ട്രത്തെയും ഒരു ഡിജിറ്റല്‍ കോളനി ആക്കുന്ന കാലം അതിവിദൂരമല്ല. മനുഷ്യന്റെ തലച്ചോറിനെക്കാള്‍ അതിവേഗ സാങ്കേതിക വിദ്യകള്‍ വരുമ്പോള്‍ നാം നിലവിലെ വിദ്യാഭ്യാസ രീതി തുടര്‍ന്നാല്‍ എങ്ങുമെത്താതെ പോകും. നാലാം വ്യവസായികവിപ്ലവത്തിലേക്കു കടക്കാന്‍ അഞ്ചാം വിദ്യാഭ്യാസവിപ്ലവമെന്ന ആശയം എവിടെയും ചര്‍ച്ചയ്ക്കു പോലും ഉരുത്തിരിഞ്ഞിട്ടില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. മനുഷ്യ ചിന്തയേക്കാള്‍ സാങ്കേതിക ചിന്തകള്‍ മുന്നേറുകയും മനുഷ്യന്റെ നിയന്ത്രണങ്ങള്‍ ഒന്നും പ്രസക്തമാവാതിരിക്കുകയും ചെയ്യുന്ന ഒരു ഘട്ടം, ഭീകരമായ അവസ്ഥയാവും അത് സൃഷ്ടിക്കുക.
അതുകൊണ്ടുതന്നെ നമ്മുടെ നൈപുണീ വികസനത്തില്‍ ഉടന്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. തലച്ചോറിന്റെ ചിന്തയുടെ ഫ്രീക്വന്‍സി ശരാശരി 200 ഹേര്‍ട്‌സ് ആണെങ്കില്‍ റോബോറ്റിന്റെതു 200 ജിഗാ ഹേര്‍ട്‌സ് ആണ്. മനുഷ്യന്റെ പ്രവര്‍ത്തന വേഗത തലച്ചോറിന്റേതു 200 മീറ്റര്‍ പെര്‍ സെക്കന്‍ഡ് ആണെങ്കില്‍ 3million per second ആണ് ഒരു റോബോട്ടിനുള്ളത്. പ്രവര്‍ത്തന ഊര്‍ജ്ജം 20 വാട്‌സ് ആണെങ്കില്‍ 400 വാട്‌സ് ആണ് റോബോട്ടിന്. 2000 വര്‍ഷത്തെ ഗവേഷണ ബുദ്ധിയാണ് ഒരു നിര്‍മിത ബുദ്ധി അധിഷ്ഠിതമായ റോബോട്ടിന്. എങ്കില്‍ നിലവില്‍ നമ്മുടെ നൈപുണ്യ വികസന പദ്ധതികള്‍, പഠനങ്ങള്‍ എത്രമാത്രം മാറ്റേണ്ടതുണ്ടെന്ന് ആലോചിക്കേണ്ടതുണ്ട്.
അടുത്തുവരെ ഡിസൈന്‍ പ്രൊഡക്ഷന്‍ ഡിസ്ട്രിബ്യൂഷന്‍ എന്നീ മൂന്ന് മേഖലകളിലും മനുഷ്യന്റെ ഉപജീവനമാര്‍ഗ്ഗമായി ബന്ധപ്പെട്ടിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ നിര്‍മിത ബുദ്ധിയുടെ വരവോടെ നമ്മുടെ ആവശ്യം ഡിസൈനില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞു. അതായത്, വണ്ടി ഓടിക്കാന്‍ വണ്ടി ഓടിക്കാന്‍ പഠിച്ചാല്‍ മതി എഞ്ചിന്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കേണ്ട എന്ന് സാരം.
ഡാറ്റാ സമ്പാദനവും വിതരണവുമെന്ന ഏകമാനക പ്രക്രിയയില്‍ ലോകം മാറുമ്പോള്‍, നഗരങ്ങളുടെ ശോഷണവും ഇതിന്റെ അനന്തര ഫലങ്ങളായി സമീപ ഭാവിയില്‍ മാറിക്കൂടായ്കയില്ല. വന്‍ നഗരങ്ങളൊക്കെ പടുത്തുയര്‍ത്തുന്ന IT അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തങ്ങള്‍ ഗ്രാമങ്ങളിലേക്ക് പറിച്ചു നടുമ്പോള്‍, നഗരങ്ങളുടെ അവസ്ഥ എങ്ങിനെയായി മാറും? മാളുകളും കഫേകളും സൈബര്‍ പാര്‍ക്കുകളും ആളൊഴിയുമ്പോള്‍ നമ്മുടെ പട്ടണങ്ങള്‍ വികാസത്തെക്കാള്‍ ശോഷണമെന്ന അവസ്ഥ നേരിട്ടേക്കാം. അത്തരം വികസന മാര്‍ഗ്ഗങ്ങളെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നഗരവികസന ആസൂതണത്തേക്കാള്‍ ഗ്രാമവികസന പദ്ധതികള്‍ പ്രത്യേകിച്ച് സാങ്കേതിക മുന്നേറ്റങ്ങളിലൂടെ എങ്ങിനെ ആവിഷ്‌കരിക്കാം എന്നും അതോടൊപ്പം പാരിസ്ഥിതിക സന്തുലനം എങ്ങിനെ നിലനിര്‍ത്താമെന്നും ചിന്തിക്കേണ്ടതുണ്ട്.
ഊര്‍ജ്ജിതമാക്കേണ്ട സംരംഭകത്വ വികസന പരിപാടികള്‍
അതിജീവനത്തിന്റെ മുങ്ങിത്താഴ്ച്ചക്കിടയിലും ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും നാം നോക്കിയാല്‍ ഇത്തരം മാറ്റങ്ങള്‍ക്കിടയിലും ഒട്ടനവധി അവസരങ്ങള്‍ നമ്മുടെ മുന്നിലുണ്ടെന്ന് കാണാം. സംരംഭകത്വത്തിന്റെ വിശാലമായ ഒരു ലോകം തന്നെയാണത്. നാം ഇപ്പോഴും അസ്വസ്ഥരാകുന്നത് സാങ്കേതിക മുന്നേറ്റം മൂലം സംഭവിക്കാവുന്ന തൊഴിലില്ലായ്മയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുമാണ്. എന്നാല്‍ പരിഹാരം എന്തെന്നത് ഒരിടത്തും ചര്‍ച്ചയാവുന്നില്ല. എന്നാല്‍ ഇത്തരം അവസ്ഥയിലും നമ്മുടെ മുന്നില്‍ അനന്തമായ സംരംഭകത്വ സാധ്യതകള്‍ ഉണ്ടെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 140 കോടി ജനങ്ങളുള്ള ഒരു നാട്ടില്‍ ശരാശരി ഒരു വ്യക്തി ഏറ്റവും കുറഞ്ഞത് 30/ 40 സാധനങ്ങള്‍ എങ്കിലും ദിവസേന ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ 140 കോടി ഃ 30 എത്ര എന്ന ഒരു ചെറിയ ചോദ്യം മതി നമ്മുടെ സംരംഭകത്വത്തിന്റെ അനന്തമായ സാധ്യതകള്‍ അറിയാന്‍. ഇത്രയും ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന വ്യവസായികള്‍ ഇന്നും വിരലിലെണ്ണാവുന്നവരാണ്. നാം കുത്തകകള്‍ അഥവാ ബഹുരാഷ്ട്ര ഭീമന്മാര്‍ എന്നു വിളിക്കുന്നവരുടെ വ്യത്യസ്ത ബ്രാന്‍ഡുകള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും മാളുകളിലും പെട്ടിക്കടകളിലും നിറയുന്നു. അവര്‍ വീണ്ടും വീണ്ടും കുത്തകകളായി മാറുന്നു. പകരം നമ്മുടെ യുവത്വം സ്വന്തം ഗ്രാമത്തില്‍ മാത്രം തനതു നൈപുണിയിലൂടെ സാധാരണക്കാരനാവശ്യമായ ഇത്തരം ദൈനംദിന ഉല്‍പന്നങ്ങള്‍ നമ്മുടെ ഗ്രാമീണ വിഭവങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് വിതരണം ചെയ്താല്‍ തൊഴിലില്ലായ്മ ദൂരികരിക്കാനും സാമ്പത്തിക സമത്വം സാധ്യമാക്കാനും കഴിയും. സാങ്കേതിക വിദ്യകള്‍ സംരംഭകത്വവുമായി കൂട്ടിയോജിപ്പിക്കാന്‍ കഴിയണം. അത് അനന്തമായ സാധ്യതകളായിരിക്കും നമുക്ക് നല്‍കുക. വിദ്യാഭ്യാസത്തില്‍ സംരംഭകത്വം സംരംഭകത്വ നൈപുണികള്‍, സംരംഭകത്വ സാധ്യതകള്‍ തുടങ്ങിയവ സ്‌കൂള്‍ തലത്തിലേ തുടങ്ങണം. പഠനം കഴിയുമ്പോള്‍ തന്നെ അവസരങ്ങളുടെ വിശാലമായ ലോകമായിരിക്കണം കുട്ടികളുടെ മുന്നില്‍ ഉണ്ടാവേണ്ടത്.
നിര്‍ഭാഗ്യവശാല്‍ ഇത്തരം അപകട സാധ്യതകളെയോ അവ മറികടക്കുവാനുള്ള ക്രിയാത്മക ചിന്തകളെ യോ അത്തരം അവസ്ഥകള്‍ സാങ്കേതികമായുണ്ടാകുമ്പോള്‍ സാങ്കേതികത കൊണ്ടുതന്നെ അതിനെ നേരിടുന്നതെങ്ങിനെയെന്നു ചിന്തിപ്പിക്കാനോ നമ്മളെ പ്രേരിപ്പിക്കുന്നില്ല അല്ലെങ്കില്‍ അനുവദിക്കുന്നില്ല എന്നത് സങ്കടകരമാണെന്ന് പറയാം. അസംബന്ധങ്ങളുടെ പ്രത്യയശാസ്ത്രമുള്ളവരുടെയും തീവ്രവാദ മനോഭാവമുള്ളവരുടെയും ദേശവിരുദ്ധത പ്രചരിപ്പിക്കുന്നവരുടെയും കേന്ദ്രങ്ങളായി മാറുന്നു നമ്മുടെ കലാലയങ്ങള്‍. പഴയതില്‍ നിന്നും കിട്ടുന്ന അറിവാണ് വലുതെന്നും അതാണ് നമ്മുടെ ശ്രേഷ്ഠ പാരമ്പര്യമെന്നുമുള്ള ചിന്തകള്‍ പാടെ ത്യജിക്കുന്ന പരിതാപകരമായ അവസ്ഥാവിശേഷം നമുക്ക് കാണാം. പകരം ഓരോവിദ്യകളും പരിഷ്‌കരിച്ചു പുതിയ വിദ്യകളായി ഗതിമാറ്റം സംഭവിച്ച് പുതിയ തലത്തില്‍ അവതരിപ്പിക്കപ്പെടണം. അവയെ വിമര്‍ശനാത്മകമായും സൃഷ്ടിപരമായും സമീപിച്ച് അത്തരം മാറ്റങ്ങളിലൂടെ മുന്നേറാനും കരുത്തോടെ അതിജീവിക്കാനുമുള്ള നൂതന രീതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട് എന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും നാം മറന്നുകൂടാ. അല്ലെങ്കില്‍ നമ്മുടെ മനുഷ്യവിഭവം ഉപയോഗശൂന്യമായി മാറും.
പ്രദേശിക രാഷ്ട്രീയനേതൃത്വവും വിദ്യാഭ്യാസ വിചക്ഷണരും ഊന്നല്‍ നല്‍കേണ്ടത് ഇവിടെയാണ്. ഒരു രാഷ്ട്രത്തിന്റെ ജനങ്ങളെ മാറുന്ന കാലത്തിനനുസരിച്ചു ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സാങ്കേതികമായും ശാസ്ത്രീയമായും അവരെ ഏതു വെല്ലുവിളികളെയും അതിജീവിക്കാന്‍ പ്രേരിപ്പിക്കുമ്പോഴേ ക്ഷേമ രാഷ്ട്രമെന്ന സങ്കല്പം പ്രവര്‍ത്തികമാവൂ. അതിനുവേണ്ടിയുള്ള കൂട്ടായ പരിശ്രമമാണ് രാഷ്ട്രത്തിന് ഇന്ന് ആവശ്യം.
( കരിക്കുലം കമ്മിറ്റി മുന്‍ സംസ്ഥാന അംഗവും കോഴിക്കോട് റഹ്‌മാനിയ വി. എച്ച്.എസ്.എസ് പ്രിന്‍സിപ്പാളുമാണ് ലേഖകന്‍)