രാവിലെ നടക്കാന്‍ പോയി വരുമ്പോള്‍ കേശുവേട്ടന്‍ ഗേറ്റില്‍ ചമ്മലടിക്കുന്ന വലിയ പാത്തി ചൂലുമായി നില്‍പ്പുണ്ട്. മുറ്റത്ത് മാത്രമല്ല ഗേറ്റിനുമുന്നിലുള്ള ഇടവഴിയും കേശുവേട്ടന്‍ ഒരു മടിയും കൂടാതെ അടിച്ചു വാരും. വലിയ പത്രത്തിന്റെ ന്യൂസ് എഡിറ്ററായിരുന്നു എന്ന യാതൊരു ഭാവവുമില്ല.
ഞാന്‍ ദൂരത്ത് നിന്ന് തന്നെ കൈ കാട്ടി. മുഖത്ത് ഒരു ചിരിയുണ്ട്. ഇന്ന് പത്രം വായിച്ചു കാണും. ഹിന്ദു പത്രത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ഏതെങ്കിലും ചെറിയ വാര്‍ത്ത പെരുപ്പിച്ചതു വായിച്ചു കാണും എന്ന് വെറുതെ മനസ്സില്‍ കരുതി. ശരിയായിരുന്നു അത്. കേശുവേട്ടന്റെ സമീപത്ത് എത്തിയപ്പോള്‍ തന്നെ കേശുവേട്ടന്‍ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് പറഞ്ഞു.
അതിനുള്ള ഉത്തരം ഞാന്‍ നേരത്തെ കണ്ട് വെച്ചിരുന്നു. ‘കേശുവേട്ടാ വെറും പോയിന്റ് രണ്ടു ശതമാനം (0.2 %) കുറഞ്ഞതിനാണവര്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞു എന്ന് വെണ്ടക്കയില്‍ എഴുതിയിരിക്കുന്നത്’ എന്ന് പറഞ്ഞപ്പോള്‍ കേശുവേട്ടന്‍ ചിരിച്ചു.
‘മസാല ബോണ്ടിനെ കുറിച്ചുള്ള അന്വേഷണം മുറുകുകയാണല്ലോ. അതിനെക്കുറിച്ച് വല്ലതും അതിലുണ്ടോ?’
‘ഇല്ല..കണ്ടില്ല’
‘എങ്ങനെ കാണും ദേശാഭിമാനിയുടെ ഇംഗ്ലീഷ് വേര്‍ഷനല്ലേ? ആ.. അഹിന്ദു’
ചിരി ഒതുക്കി കേശുവേട്ടന്‍ ചോദിച്ചു: ‘അതിപ്പോ മസാല ബോണ്ടിന് എന്താ പറ്റിയേ?’
‘പറ്റാനിരിക്കുന്നെ ഉള്ളൂ.. ആര്‍.ബി.ഐ.യിലെ ഏതു കോത്താഴത്ത്കാരനാണാവോ അതിനു സമ്മതി കൊടുത്തത് ? വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ച് സംസ്ഥാനത്തിന് കടം വാങ്ങിക്കാനുള്ള വകുപ്പൊന്നും ഇല്ലത്രേ. ഇനി കടം കേറി മുടിഞ്ഞു നില്‍ക്കുന്ന നമ്മുടെ സംസ്ഥാനം ബോണ്ടിറക്കിയതോ 9.72 ശതമാനം പലിശ തരാമെന്നു പറഞ്ഞ്. എങ്ങനെ കൊടുക്കും? അതൊന്നും പ്രശ്‌നമല്ല പെട്രോളിയം നികുതിയിലെ മോട്ടോര്‍ വാഹന സെസ്സില്‍ നിന്ന് എടുത്ത് കൊടുക്കാലോ. പെട്രോളിന് വില കുറയാത്തതിന്റെ ഗുട്ടന്‍സ് മനസ്സിലായോ? അപ്പൊ ഇത്രയും പലിശ കൊടുക്കുന്നത് ആരാ? നമ്മള്‍ തന്നെ. ബാങ്കുകള്‍ നമുക്ക് ആറ് – ആറര ശതമാനത്തിലേറെ തരില്ല. അപ്പോഴാണ് നാം അറിയാതെ നമ്മളെ പിഴിഞ്ഞ് ഈ കൊടും പലിശയൊക്കെ സര്‍ക്കാര്‍ കൊടുക്കുന്നത്. ഇനി ബോണ്ടില്‍ നിക്ഷേപിച്ചവരില്‍ പ്രമുഖന്‍ ആരാ? കാനഡയിലെ CDPQ കമ്പനിയാണ്. അവരാണ് വലിയ ഉത്സാഹം കാണിച്ച് പങ്കെടുത്തതത്രെ.’
‘ഏതാ ഈ CDPQ?’ കേശുവേട്ടനെന്നല്ല ഏതൊരാള്‍ക്കും അറിയാന്‍ പ്രയാസം.
“The Caisse de dépôt et placement du Québec (CDPQ) (ഫ്രഞ്ച് ഉച്ചാരണം: ദ് കേസ് ദ ദിപ്പോ എറ്റ് പ്ലാസ്മോ ദു കുബെക്) വലിയ നിക്ഷേപകര്‍ – ഫണ്ട് മാനേജിങ്ങ് കമ്പനിയാണ്.’
‘അത് ശരി..പണമിടപാട് കമ്പനി അല്ലെ?’
‘ങ്ങാ …സീഡിപിക്യൂ .. കേട്ടാല്‍ പീഡിപ്പിക്യൂ എന്ന് തോന്നും അല്ലെ?..’
‘ഹ..ഹ..’
‘ഒരു തമാശ ഓര്‍മ്മ വരികയാണ്. ഞങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ ഒരു തുണ്ടം കടലാസ്സില്‍ IONAKTPDQ എന്നെഴുതി പെണ്‍കുട്ടികള്‍ക്ക് വായിക്കാന്‍ നല്‍കും. അവര്‍ അയോണ എന്നൊക്കെ വായിക്കുമ്പോള്‍ സ്‌പെല്ലിങ് ഉറക്കെ വായിക്കാന്‍ പറയും. അപ്പോള്‍ അവര്‍ ‘അയ്യോ എന്നെ കെട്ടി പിടിക്കൂ’ എന്ന് വായിക്കും. അപ്പോള്‍ അവരെ കെട്ടിപ്പിടിക്കാന്‍ നോക്കും.. അവര്‍ കുതറി ഓടും.’
കേശുവേട്ടന്‍ ‘ഹ ..ഹ..ഹ.’ എന്ന് ഉറക്കെ ചിരിച്ചിട്ട് പറഞ്ഞു ‘ഇത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ പീഡിപ്പിക്കലില്ലല്ലോ.’
‘അതുണ്ടാവും’ എന്ന് ഞാന്‍.
‘എങ്ങനെ? കേശുവേട്ടന്‍ കൗതുകംപൂണ്ടു.
‘ഈ സീഡിപിക്യൂ SNC ലാവ്‌ലിന്‍ എന്ന കമ്പനിയുടെ ഓഹരി ഉടമയാണ് എന്നറിയുമ്പോള്‍….ഈ.ഡി. പീഡിപ്പിക്കുകയാണെന്ന് പറയുമ്പോള്‍’..
‘ങാ ..അപ്പൊ ഈ വഴി… ആ വഴി.. ഏവഴി ? അല്ലെ?’
‘ഞാനൊന്നും പറഞ്ഞില്ലേ.. പൈസ പോണ വഴി ഒഴികെ..’
ബെസ്റ്റ് കണ്ണാ ബെസ്റ്റ് ..എന്ന് കേശുവേട്ടന്‍ പറയുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് അറിയാം. എങ്കിലും ആ മുഖത്ത് ഒരു വലിയ ചോദ്യചിന്ഹം മുഴച്ചു നിന്നു.
‘അതൊക്കെ ശരിയാ..എങ്കിലും സാമ്പത്തിക മാന്ദ്യം ഇല്ല എന്ന് പറയാന്‍ പറ്റില്ല. അതില്‍ നിന്ന് നാം മുക്തരല്ല.. അരിക്ക് അഞ്ചു രൂപ കൂടി.’
‘ലോകം മുഴവനും മാന്ദ്യമുണ്ട്. ഇന്ത്യയുടെ സ്ഥിതി എത്രയോ മെച്ചം. ചില അയല്‍ക്കാരുടെ കാര്യം പറയണ്ട.’
‘ശ്രീലങ്കയുടെ?’
‘മാത്രമല്ല.. പാകിസ്ഥാന്റെ.. ബംഗ്ലാദേശിന്റെ, നേപ്പാളിന്റെ, ഭൂട്ടാന്റെ..ഒക്കെ അവസ്ഥ കഠിനമാണ്.’
‘ഭൂട്ടാനില്‍ വിദേശികള്‍ക്കുള്ള വീസ ഫീ ഒരു ദിവസത്തേക്ക് 200 ഡോളറാക്കി ഉയര്‍ത്തി. അതായത് 16500 രൂപ.’
‘പാകിസ്ഥാന്‍ വെള്ളപ്പൊക്കം കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ്. ഇപ്പോള്‍ കൊതുക് ശല്യവും മലമ്പനിയും വന്ന്.. ഇന്ത്യയോട് മരുന്നിനായി യാചിക്കുകയാണ്.’
‘അതെ. പെട്രോളിന് അവിടെ 240 രൂപ വരെയായി എന്ന് കേട്ടു.’
‘സര്‍ക്കാരിന് ഒന്നിനും പണമില്ല.. ചൈനയിലേക്ക് കഴുതകളെയും നായ്ക്കളെയും കയറ്റി അയച്ച് പണമുണ്ടാക്കാന്‍ പോകുകയാണത്രെ.’
കേശുവേട്ടന്‍ ചിരിച്ചു ‘അത് നന്നായി.. അവിടെ ധാരാളം കഴുതകള്‍ ഉണ്ടല്ലോ’.
‘ഇല്ല .. നായ്ക്കള്‍ ധാരാളം ഉണ്ട് .. പക്ഷെ കഴുതകള്‍ കുറവാണ്. അതിനാല്‍ അവര്‍ അവരെക്കാള്‍ ദരിദ്രരായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് പദ്ധതി.’
‘ശരിയാണ്.. അവിടെയാണ് കോവര്‍ കഴുതകള്‍ കൂടുതലും. അല്ലാതെ താലിബാന് ഇത്ര ഈസി വിജയം സാധ്യമല്ലല്ലോ.. അല്ല ചൈന ഇതുകൊണ്ടൊക്കെ എന്താണ് ചെയ്യുന്നത്? നായ്ക്കളെ അവര്‍ തിന്നും.. കഴുതകളെയും?’
‘നായ്ക്കളെയും പാമ്പിനെയും തിന്നുന്നവര്‍ക്ക് എന്ത് തിന്നുകൂടാ?.. പക്ഷെ കഴുതകളെ അവര്‍ മരുന്നിനായാണ് ഉപയോഗിക്കുന്നത്. ചൈനീസ് പാരമ്പര്യ മരുന്ന് ലോകപ്രസിദ്ധമാണ്. അതിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റ് 3,84,000 കോടി രൂപയാണ്. ആയുര്‍വേദത്തിന്റെ മാര്‍ക്കറ്റ് വെറും 64,000 കോടിയാണ്. ആയുര്‍വേദ മരുന്നുകള്‍ ഭൂരിപക്ഷവും സസ്യജാലങ്ങളെയും വൃക്ഷലതാദികളെയും അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നതെങ്കില്‍ ചൈനീസ് മരുന്നുകള്‍ അവയ്ക്ക് പുറമെ മണ്ണും ലോഹവും അനവധി മൃഗങ്ങളെയും ആശ്രയിക്കുന്നു. നമ്മള്‍ ഇനിയും വൈകിക്കൂടാ. പാര്‍ശ്വഫലങ്ങള്‍ തുലോം കുറവായ ആയുര്‍വേദത്തിന് വന്‍ പ്രാധാന്യം നല്‍കി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. രണ്ടും ആയിരത്താണ്ടുകള്‍ പഴക്കമുള്ളതാണെങ്കിലും ആയുര്‍വേദത്തിനു വളരാന്‍ വളരെ അധികം സ്‌കോപ്പ് ഉണ്ട്.’
ചൈനീസ് മരുന്നിനെ അന്നാട്ടുകാര്‍ പ്രോത്സാഹിപ്പിക്കുംപോലെ ഇന്ത്യക്കാര്‍ ആയുര്‍വ്വേദത്തിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് ദുഃഖകരമാണ്. TCM – Traditional Chinese Medicine)നു അമേരിക്കയിലും മറ്റും പ്രശസ്തി കൂടി വരികയാണ്. അവരുടെ ഗവണ്മെന്റ് നല്ല പ്രൊപ്പോഗാണ്ടയാണ് കൊടുക്കുന്നത്. എന്നാല്‍ ഗ്ലോബല്‍ യോഗ വ്യവസായത്തിന്റെ മൂല്യമാകട്ടെ 7 ലക്ഷം കോടി രൂപയാണ്. 2025 ഓടെ അത് 20 ലക്ഷം കോടിയാവുമത്രെ. അതില്‍ ഇന്ത്യയുടെ പങ്ക് തുച്ഛം. ഇല്ല എന്ന് തന്നെ പറയാം. ഇവിടെ ഇപ്പോഴും യോഗയെ കളിയാക്കി നടക്കുന്ന മൂര്‍ഖരുടെ എണ്ണം കൂടുതലാണല്ലോ.’
‘അല്ല ഈയിടെ മോദി ഗവണ്മെന്റ് ആയുഷ് മന്ത്രാലയം ഉണ്ടാക്കിയത് ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനല്ലേ?’
‘അതില്‍ ആയുര്‍വേദത്തിന് പുറമെ യോഗ, യൂനാനി, സിദ്ധ, ഹോമിയോ (AYUSH= Ayurved,Yog,Unani,
Siddha,Homeo) എല്ലാം പെടുമല്ലോ.
‘അതൊരു അറിവാണ്.’
‘സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കഴുതയെയും നായയെയും കയറ്റി അയക്കുന്നതിനു പകരം ഔഷധ ചെടികള്‍ കയറ്റി അയക്കാന്‍ സാധിക്കേണ്ടതുണ്ട്. കേരളത്തിലെ ആയുര്‍വേദ കമ്പനികള്‍ക്ക് എന്തുകൊണ്ട് ശ്രീലങ്കയില്‍ നിന്നും മറ്റും ഉല്‍പ്പന്നങ്ങള്‍ വാങ്ങിച്ചുകൂടാ. മരുന്നുകളുടെ വില അങ്ങനെ കുറയാനും അവരുടെ സമ്പദ് നില മെച്ചപ്പെടുത്താനും അതുകൊണ്ടു സാധിക്കില്ലേ?’
അത്രയും പറഞ്ഞപ്പോള്‍ കേശുവേട്ടന് ഒരു സംശയം..
‘അല്ല ഈ ചൈനക്കാര്‍ എന്തിനു പാകിസ്ഥാനില്‍ നിന്ന് അഫ്ഘാന്‍ കഴുതകളെ വാങ്ങണം?. അവര്‍ക്ക് നേരിട്ട് അഫ്ഘാനിസ്ഥാനില്‍ നിന്ന് വാങ്ങിക്കൂടെ ?’
‘ശ്.. ഇത് ചൈനക്കാര് കേള്‍ക്കണ്ട.. അഫ്ഗാനില്‍ നിന്ന് പാകിസ്ഥാനില്‍ എത്തുന്ന കഴുതകള്‍ വേറെ ചിലതു കൂടി എത്തിക്കും. അത് ഇന്ത്യയില്‍, എന്തിന് കേരളത്തില്‍ വരെ എത്തും! കഴുതക്കച്ചവടത്തിലെ ഇത്തരം സാധ്യതകളെ കുറിച്ച് കേശുവേട്ടനെന്തറിയാം? കഴുതക്കച്ചവടം കൊണ്ട് താലിബാന്റെ മാത്രമല്ല, പാകിസ്ഥാന്റെയും കേരളത്തിലെപ്പോലും ചിലരുടെ സാമ്പത്തിക മാന്ദ്യത്തിന് ഒരു ശമനം ഉണ്ടാവും.’
‘ഹ..ഹ.. അങ്ങനെയും ഉണ്ട് അല്ലേ ?’
‘പിന്നെ… കഴുതപ്പാല്‍ നല്ല മരുന്നാണ്.. ഒരു ലിറ്ററിന് എന്താ വില എന്നറിയോ കേശുവേട്ടന്? 3000 രൂപ. തമിഴ് നാട്ടില്‍ കിട്ടും. ഒരു കമ്പനി വില്‍ക്കുന്നുണ്ട്.’
‘എന്നാ കേരളത്തിന് അങ്ങനെ വല്ലതും ചെയ്തു കാശുണ്ടാക്കി കൂടെ?’
‘അതിനെങ്ങനാ..? ഇവിടെ പാര്‍ട്ടി പ്രവര്‍ത്തനവും ആഭിചാരവും കഴിഞ്ഞ് സമയമില്ലല്ലോ?’
‘ഹ ഹ ഹ’ എന്ന് കേശുവേട്ടന്‍ ചിരിച്ചപ്പോള്‍ എന്നാല്‍ വരട്ടെ എന്ന് പറഞ്ഞ് ഞാന്‍ പോന്നു.