മധ്യശിലായുഗ സംസ്‌കാരം തെന്നിന്ത്യയിലും കിഴക്കനാഫ്രിക്കയിലും സമാനമായി രൂപപ്പെട്ടത് അവയുടെ പരസ്പരബന്ധം മൂലമാണെന്ന് ഭാഷകള്‍, വിശ്വാസാചാരങ്ങള്‍, പുരാവസ്തു പഠനം, സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധങ്ങള്‍, ക്ഷേത്രനിര്‍മ്മാണ രീതികള്‍, തൊഴില്‍ പരമായ സമാനരീതികള്‍, ലെമൂറിയയുടെ തിരോധാനം എന്നിവയുടെയെല്ലാം സമഗ്രമായ വിശകലനത്തിലൂടെ Dravidians and Africans എന്ന ഗ്രന്ഥത്തില്‍ സ്ഥാപിക്കുന്നുണ്ട്. ആഫ്രിക്കക്കാര്‍ ഇന്ത്യയിലേയ്ക്കുവന്നതാണെന്ന സിദ്ധാന്തക്കാരിലൊരുകൂട്ടര്‍, അവര്‍ അറേബ്യ വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് കുറുകേ തെക്ക് -കിഴക്കന്‍ ഏഷ്യയിലും പിന്നെ ആസ്‌ത്രേലിയയിലും കടല്‍ത്തീരമാര്‍ഗങ്ങളിലൂടെയാണ് എത്തിച്ചേര്‍ന്നതെന്നും മറ്റൊരു കൂട്ടര്‍, ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളിലെ ഖൈബര്‍-ബോളന്‍ ചുരങ്ങളിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കടന്നിട്ട് അവിടെ നിന്ന് രാജസ്ഥാന്‍ കേന്ദ്രീകരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നുവെന്നും കരുതുന്നു. 3,85,000 വര്‍ഷം മുമ്പ് അത്തിറംപക്കത്ത്, ആധുനിക മനുഷ്യരുടെ ആവിര്‍ഭാവത്തിന് മുമ്പ്, ചെറുശിലായുഗോപകരണങ്ങളില്‍ നിന്ന് മധ്യശിലായുഗോപകരണങ്ങളിലേയ്ക്ക് വികസിച്ച ജനസമൂഹങ്ങളുണ്ടായിരുന്നെന്ന് ഈ ഗ്രന്ഥത്തില്‍ത്തന്നെ പറയുന്നുമുണ്ട്. (പു.50, 51) ഉപദ്വീപ് ഒഴിവാക്കി ഉപഹിമാലയന്‍ വഴികളിലൂടെയും കുറേപ്പേര്‍ കടല്‍ത്തീരവഴികളിലൂടെയും കടന്നുവന്നുവെന്നും ഇതില്‍ എഴുതിയിട്ടുണ്ട്. ഭീംബഡ്കയിലാണ് ആദ്യത്തെ ഇന്ത്യാക്കാരുടെ താവളമെന്ന് പറയുന്ന ഇദ്ദേഹം (പു.15) കാലഗണനയില്‍, അവിടം ഒഴിവാക്കിയാണ് അവര്‍ സഞ്ചരിച്ചിരുന്നതെന്നും പറയുന്നു. ഇത്തരം വൈരുദ്ധ്യങ്ങളുടെ ജാഥയാണ് ഈ കൃതിയില്‍. ആദ്യത്തെ കാഴ്ചപ്പാട് സാധൂകരിക്കുന്ന പല കണ്ടെത്തലുകളും തമിഴ്‌നാട്ടിലെ 17ആദിച്ചനല്ലൂര്‍, മാമല്ലാപുരം (1000-3000 BC) എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കേ ഇന്ത്യയിലെ ഗോത്രജന വിഭാഗങ്ങള്‍ക്കെല്ലാം ഭൂഖണ്ഡാന്തര ജനസമൂഹങ്ങളുമായിട്ടുള്ള വ്യത്യസ്തങ്ങളായ ജനിതക ബന്ധങ്ങള്‍ വ്യക്തമാക്കുന്ന ചില പഠനങ്ങളുണ്ട്.18 ബര്‍മയില്‍ നിന്ന് സുമാത്ര വഴി ആസ്‌ത്രേലിയയിലേയ്ക്കുള്ള കരമാര്‍ഗ യാത്രയായിരുന്നു അതിപ്രാചീന മനുഷ്യര്‍ സ്വീകരിച്ചിരുന്നതെന്ന് ചിലര്‍ കരുതുന്നു. ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ രൂപം കൊള്ളുന്നതിന് മുമ്പ് വന്‍കരയിലും അതിന്റെ തുടര്‍ച്ചയായിരുന്ന പര്‍വത ശ്രേണികളിലും സ്വതന്ത്രരായി സഞ്ചരിച്ചിരുന്ന നെഗ്രിറ്റോകള്‍, ഗിരിനിര സമുദ്രാന്തര്‍ഭാഗത്തേയ്ക്ക് താണപ്പോള്‍ പുതുതായി രൂപംകൊണ്ട ദ്വീപുകളില്‍ കുടുങ്ങിപ്പോയതായിരിക്കണം എന്ന സംശയം19 ജ്വാലാപുരം ഖനനങ്ങളുടെ വെളിച്ചത്തില്‍ പ്രബലമാകുന്നു.
ആധുനിക മനുഷ്യവംശങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു ഒന്ന് ആസ്ത്രലോയ്ഡ് രണ്ട് മംഗളോയ്ഡ് മൂന്ന് നെഗ്രോയ്ഡ് നാല് കക്കേഷ്യന്‍ അല്ലെങ്കില്‍ വെള്ള- ഈ വംശങ്ങള്‍ രണ്ട് വിഭാഗങ്ങളായിട്ടാണ് രൂപപ്പെട്ടതെന്ന് റാല്‍ഫ് ടേര്‍ണര്‍20 അഭിപ്രായപ്പെടുന്നു. ഇത് ഹിമയുഗത്തിന്റെ മധ്യത്തിലായിരിക്കണം. ഒന്നാമത്തെ വിഭാഗം തെക്ക്-പടിഞ്ഞാറന്‍ ഏഷ്യയിലും കിഴക്കന്‍ ആഫ്രിക്കയിലും രണ്ടാമത്തേത് മധ്യേഷ്യയിലും രൂപംകൊണ്ടു. നീണ്ട തലയോടോടുകൂടിയ ഒന്നാം വിഭാഗക്കാര്‍ പടിഞ്ഞാറോട്ടും വടക്കുപടിഞ്ഞാറോട്ടും തെക്കോട്ടും നീങ്ങി. ഉരുണ്ട തലയുള്ള മധ്യപൂര്‍വേഷ്യയിലെ മറ്റേ കൂട്ടര്‍ യൂറേഷ്യന്‍ മലനിരകളില്‍ വടക്ക് നിന്ന് പശ്ചിമേഷ്യയിലേയ്ക്കും യൂറോപ്പിലേയ്ക്കും അവിടെനിന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലേയ്ക്കും ഈസ്റ്റിന്‍ഡീസ്, വടക്കുകിഴക്കേ ഏഷ്യ, പശ്ചിമാര്‍ധഗോളം എന്നിവിടങ്ങളിലേയ്ക്കും വ്യാപിച്ചു. പശ്ചിമാര്‍ധഗോളത്തില്‍ ഹിമയുഗത്തിന്റെ അന്ത്യത്തില്‍ (last glaciation period) മാത്രമാണ് അവര്‍ എത്തിച്ചേര്‍ന്നത്.21 മെസപ്പൊട്ടോമിയയും ഈജിപ്റ്റുമായിരുന്നൂ മനുഷ്യര്‍ക്ക് സ്ഥിരതാമസമുറപ്പിക്കാന്‍ പറ്റിയ പ്രദേശങ്ങളെന്നും22 എച്ച്.ജി. വെല്‍സ് എഴുതുന്നുണ്ട്. ചെങ്കടല്‍ താഴ്‌വരകളും പൂര്‍വമെഡിറ്ററേനിയന്‍ താഴ്‌വാരങ്ങളും അക്കാലത്ത് വെള്ളത്തിനടിയിലായിരുന്നു. അറേബ്യന്‍തീരങ്ങള്‍, പ്രത്യേകിച്ച് അറേബ്യയുടെ തെക്കു പടിഞ്ഞാറന്‍ കോണ്‍വളരെയധികം ഫലഭൂയിഷ്ഠമായിരുന്നു. അതേസമയം, ഈ പ്രദേശത്തിന് പുറത്ത്, അത്ര തന്നെ വളക്കൂറില്ലാത്തതും കാലാവസ്ഥയനുസരിച്ച് മാത്രം കൃഷി ചെയ്യാന്‍ കഴിയുന്നതുമായ സ്ഥലത്ത,് യൂറോപ്യന്‍ വനങ്ങളിലും അറേബ്യന്‍ മരുഭൂമിയിലും മധ്യേഷ്യയിലെ മേച്ചില്‍പ്പുറങ്ങളിലുമെല്ലാം, ശുഷ്‌കമെങ്കിലും സക്രിയമായ ഒരു ജനവിഭാഗം, ഭിന്നമായ ഒരുവര്‍ഗം, പ്രാകൃതമായ നാടോടി ജനത വികസിച്ചുവരുന്നുണ്ടായിരുന്നു. അവര്‍ പലതരം ഘട്ടങ്ങളിലൂടെ വളര്‍ന്നുവന്നവരും വേട്ടക്കാരുമായിരുന്നു.
ദുഷ്ടലാക്ക്
ഇന്ത്യക്ക് നേരേയാണല്ലോ ടോണി ജോസഫിന്റെ കുന്തമുന. MtDNA യുടെ സാങ്കേതികതയെപ്പറ്റി വിശദമായ ഒരു വിശകലനത്തിന് ശേഷം അദ്ദേഹം എഴുതുന്നത്, ആഫ്രിക്കക്കാരെത്തിയത് 50000 ന് ശേഷമോ, 80000 വര്‍ഷം മുമ്പോ ആകാനിടയില്ലെന്നാണ്. (പു.28) മ്യൂട്ടേഷന്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ജനിതകക്കണക്ക് പ്രകാരമാണത്രെ ഈ നിഗമനം. ഈ കണക്കുകൂട്ടലില്‍ തന്നെ പലരും പല നിഗമനങ്ങളിലെത്തുന്നുണ്ടെന്ന കാര്യമിരിക്കട്ടെ. തുടര്‍ന്ന്, കാലാവസ്ഥയ്ക്ക് ജനസമൂഹങ്ങളുടെ ദേശാന്തരണവുമായി ബന്ധമുണ്ടെന്ന് ഇദ്ദേഹം സമ്മതിക്കുന്നു. ഇന്ത്യയുടെ കാലാവസ്ഥാപരിണാമം ഒരു പ്രത്യേക രീതിയിലാണ് ഉണ്ടായതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. വരള്‍ച്ച, മഴ, വീണ്ടും വരള്‍ച്ച, പിന്നെയും മഴ ഇങ്ങനെ മാറി മാറി പല ആവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ഇന്നത്തെ കാലാവസ്ഥയിലെത്തിച്ചേര്‍ന്നത്. ഇന്ത്യയുടെ മിക്കപ്രദേശങ്ങളുടെയും കഥയാണിത്.23 ഉദാഹരണത്തിന്, ഹാരപ്പാ സംസ്‌കാരത്തിന്റെ കാലത്ത് രജപുത്താന ഒരു കടലായിരുന്നു എന്നാണ് ഡോ.സങ്കാലിയ അഭിപ്രായപ്പെടുന്നത്. കടല്‍ പിന്‍വാങ്ങിയതിനുശേഷമാണ് രജപുത്താന ഒരു വരണ്ട മരുഭൂമിയായി മാറിയത്. 24 ഇന്ത്യയെന്ന ഉപഭൂഖണ്ഡം പശ്ചിമഘട്ട മലനിരകള്‍ വരെ കടലില്‍നിന്നുയര്‍ന്നുവന്നതായി കരുതണമെന്ന് പലരും വ്യക്തമാക്കുന്നുണ്ട്. ലോകത്തിന്റെ പൊതുസാഹചര്യങ്ങളില്‍ നിന്ന് ഭിന്നമാണ് ഇന്ത്യയിലെ പ്രാചീന വികാസങ്ങളെന്ന് കരുതാന്‍ കാരണമൊന്നുമില്ലെന്ന് ഡി.ഡി.കൊസാംബി പ്രസ്താവിക്കുന്നതും ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.25
ഋഗ്വേദകാലത്തിന് മുമ്പ് ദ്രാവിഡരുമായി വളരെയധികം ചേര്‍ച്ചകളുള്ള ഇളമൈറ്റുകള്‍ ഇന്ത്യയിലുണ്ടായിരുന്നു.26 ഹാരപ്പന്‍ ജനത ആര്യേതരര്‍ ആയിരുന്നു എന്നാണ് തെളിവുകള്‍. ശരീരഘടനാപരമായി ദ്രാവിഡരുമായി സാദൃശ്യമുള്ള പ്രോട്ടോ ആസ്റ്റ്രലോയ്ഡുകള്‍ ആസ്‌ത്രേലിയയിലും ഇന്ത്യാസമുദ്രത്തിലെ ദ്വീപുകളിലും താമസിക്കുന്നു. മംഗലോയിഡുകളില്‍പെട്ട ഒരു അസ്ഥിക്കൂടു27 മാത്രമേ ലഭിച്ചിട്ടുള്ളൂ. ഹാരപ്പന്‍ സംസ്‌കാരമാണ് ഇന്ത്യന്‍ സംസ്‌കൃതിയുടെ അടിത്തറയെന്ന് പറയുന്ന ടോണി ജോസഫ് (പു.197) സാഗ്രോസില്‍ നിന്നുകടന്നുവന്ന കാലി വളര്‍ത്തുകാരും (അവരാണോ കാര്‍ഷിക വൃത്തിയുടെ മുഴുവന്‍ പാക്കേജ് കൊണ്ടുവന്നതെന്ന് സംശയമുണ്ടത്രെ) ആദ്യത്തെ ഇന്ത്യക്കാരും ചേര്‍ന്നാണ് ഹാരപ്പാന്‍ സംസ്‌കാരം സൃഷ്ടിച്ചതെന്നും (പു.181) പറയുന്നു. പടിഞ്ഞാറന്‍ യൂറോപ്പില്‍ അനത്തോളിയന്‍ കൃഷിക്കാരുടെയും അവിടെ താമസിച്ചിരുന്ന വേട്ടക്കാരുടെയും മിശ്രിതമാണ് നവീന ശിലായുഗ സംസ്‌കാരം നിര്‍മ്മിച്ചതെന്ന് പറയുന്നതിന്റെ തുടര്‍ച്ചയായിട്ടാണ് മേല്‍പ്പറഞ്ഞ നിരീക്ഷണം നടത്തുന്നത്. ഹാരപ്പന്‍ സംസ്‌കാരവും ഋഗ്വേദിക സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വ്യത്യാസങ്ങളെയും പറ്റിയും ഖഗര്‍-ഹക്ര നദീതട സംസ്‌കൃതിയുമായി ബന്ധപ്പെട്ടും നടന്നിട്ടുള്ള വ്യാപകമായ പഠനങ്ങളില്‍ ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ അപ്രസക്തങ്ങളായതിനാല്‍ പരാമര്‍ശമര്‍ഹിക്കുന്നില്ല. സംസ്‌കൃത ഭാഷ ഒരിക്കലും ആരുടെയും സാമാന്യവ്യവഹാരത്തിലില്ലായിരുന്നെങ്കിലും അതിനെ ബ്രാഹ്‌മണരുടെ ഭാഷണ ഭാഷയായി സങ്കല്‍പ്പിച്ചുകൊണ്ട് ചര്‍ച്ച ചെയ്യുന്ന ഈ കൃതി ദ്രാവിഡ സംസ്‌കാരത്തെക്കുറിച്ച് കേവലമായ ചില പരാമര്‍ശങ്ങള്‍ മാത്രം നടത്തി അവഗണിക്കുന്നത് താന്‍ കെട്ടിപ്പൊക്കുന്ന വ്യാജസിദ്ധാന്തം തകരുമെന്ന് ഭയന്നാണ്. ദ്രാവിഡരെപ്പറ്റി വിശദമായി പഠനം നടത്തിയിട്ടുളള ക്ലൈഡ് അഹമ്മദ് വിന്റേഴ്‌സിന്റെ അഭിപ്രായത്തില്‍28 ദ്രാവിഡരായിരുന്നു ഹാരപ്പന്‍ സംസ്‌കാരത്തിന്റെ സ്ഥാപകര്‍. പുരാശാസ്ത്ര വിജ്ഞാനീയപരവും ഭാഷാശാസ്ത്രപരവുമായ തെളിവുകള്‍ അതാണ് സൂചിപ്പിക്കുന്നത്. സിന്ധുനദീതടത്തില്‍ നിന്നാരംഭിച്ച് വടക്കുകിഴക്കേ അഫ്ഗാനിസ്ഥാനിലൂടെ തുര്‍ക്കിസ്ഥാന്‍ വരെ വ്യാപിച്ചിരുന്ന ആ സംസ്‌കാരം ക്രി.മു 2600 മുതല്‍ 1700 വരെ നിലനിന്നു. ഈജിപ്ഷ്യന്‍ രാജവംശത്തെക്കാള്‍ ഇരട്ടി വലിപ്പമേ ഹാരപ്പന്‍ സംസ്‌കാരത്തിനുണ്ടായിരുന്നുള്ളു. മെസപ്പൊട്ടോമിയ, ഇറാന്‍ എന്നിവയ്ക്കപ്പുറം ഹാരപ്പന്‍ നാഗരികതയ്ക്ക് മധ്യേഷ്യയുമായും ശക്തമായ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. അതായത,് സുമേറിയന്‍, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളും സൈന്ധവ സംസ്‌കാരവും ദ്രാവിഡീയമാണെന്നര്‍ഥം. ഈ ദ്രാവിഡരാകട്ടെ, ആസ്റ്റ്രിക് വംശത്തിന്റെ ഒരു ശാഖയുമാണ്. ഡോ. ബി.ആര്‍. അംബേദ്കര്‍ ദ്രാവിഡരും നാഗന്മാരും ഒന്നാണെന്നും അവര്‍ മെഡിറ്ററേനിയന്മാരാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.29
ഈ ഗ്രന്ഥരചനയുടെ യഥാര്‍ഥ ലക്ഷ്യം, ‘ഇന്ത്യയില്‍ നിന്ന് പുറത്തേയ്ക്ക് എന്ന സിദ്ധാന്തം പരിഗണനയ്ക്ക് പുറത്താകുന്നു’വെന്ന ഉപശീര്‍ഷകത്തിന് കീഴില്‍, (പു 163-164) -‘ആദ്യത്തെ ഇന്ത്യക്കാരന്റെ ജനിതകമായ കൈയൊപ്പ് ആഫ്രിക്കന്‍ വരുത്തരുടെ പിന്‍ഗാമികളിലാണ്’ എന്നും ‘അവരാണ് ഹാരപ്പന്‍ സംസ്‌കാരം സൃഷ്ടിച്ചത് ‘ എന്നുമെഴുതുമ്പോള്‍ തുറന്നുകാട്ടപ്പെടുന്നുണ്ട്. ആധുനിക ജനിതക ശാസ്ത്രം സുമറും ഹാരപ്പന്‍ സംസ്‌കാരവുമായി ഉള്ള ബന്ധത്തെപ്പറ്റി വിശദമായി സ്ഥാപിച്ചിട്ടുള്ള കാര്യങ്ങളൊന്നും ഈ വിദ്വാന് വിഷയമേ അല്ല. ആര്യന്മാരെന്നും ദ്രാവിഡരെന്നുമുള്ള കാലഹരണപ്പെട്ട വംശീയ സങ്കല്‍പ്പമുപയോഗിച്ച് തെന്നിന്ത്യയെയും ഉത്തരേന്ത്യയെയും വിഭിന്ന പശ്ചാത്തലങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രവ്യവസ്ഥയില്‍ വിള്ളലുണ്ടാക്കാനുള്ള ദുരുദ്ദേശ്യമാണ് ഇതിന്റെ കാതല്‍. പടിഞ്ഞാറനേഷ്യയെയും സ്റ്റെപ്പിയെയും ബന്ധിപ്പിച്ചുകൊണ്ട് ചെങ്കടലിനും കരിങ്കടലിനുമിടയില്‍ കിടക്കുന്ന കാക്കസസില്‍ നിന്ന് ബി.സി 3700 ല്‍ കുടിയേറിയ യാമ്‌നായരുമായിഹാരപ്പന്‍ സംസ്‌കാരത്തെ ബന്ധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. (പു.169-170) ഒരു ഇന്ത്യാവിരുദ്ധ അജണ്ടയുടെ ഭാഗമാണിത്.
ഋഗ്വേദത്തില്‍, അനാര്യന്മാരായ അധിപന്മാര്‍ ബലമായി നിര്‍മ്മിക്കപ്പെട്ട നഗരങ്ങളില്‍, മതിലുകള്‍ കൊണ്ട് ചുറ്റപ്പെട്ട കോട്ടകള്‍ക്കുള്ളില്‍ രാജകീയമായി പാര്‍ക്കുന്നതിനെപ്പറ്റി 30 സൂചിപ്പിച്ചിട്ടുള്ളതില്‍ നിന്നും ഋഗ്വേദകാല (ബി.സി.1700) ത്തിന് മുമ്പുതന്നെ വികാസം പ്രാപിച്ച ഒരു ജനസമൂഹം ഇന്ത്യയില്‍ പാര്‍പ്പുറച്ചിരുന്നതായി മനസ്സിലാക്കാം. ആര്യസംസ്‌കാരത്തിന്റെ ഉദ്ഭവം അനാര്യരില്‍ ഒരു വിഭാഗമാളുകള്‍ ഇന്തോ-ആര്യന്‍ ഭാഷ സംസാരിക്കാനും അഗ്നിപൂജയും യജ്ഞവും മറ്റും നടത്താനും തുടര്‍ന്ന് സ്വയം ആര്യരെന്ന് വിളിക്കാനും തുടങ്ങിയതോടെയാണ്.31 അതുവരെ ആര്യന്മാരും ദസ്യുക്കളും (അനാര്യന്മാര്‍) തമ്മില്‍ ഒരു വ്യത്യാസവുമില്ലായിരുന്നെന്നും ഋഗ്വേദപരാമര്‍ശം ഉദ്ധരിച്ച് അതൊരു വംശനാമമല്ലായിരുന്നുവെന്നും ഡോ.അംബേദ്കര്‍ വ്യക്തമാക്കുന്നുണ്ട്.32
(തുടരും)
17. Some porttery parallals : Report; T.S. Subrahmanian , The Hindu. P.22, May 25. 2007.-
18. The Origins and Genetic Affinities : Wiely Interscience Jouranal Abstract.1999 Wiley.
19. ആന്റമാന്‍-നിക്കോബാറിന്റെ ചരിത്രം പു. 96 വിജയന്‍ മടപ്പളളി കേ.ഭാ.ഇ. 2003.
20. The Great Cultural Traditions Vol.I (The Anxient Cities) P. 46,47Ralph Turner. 1941 Mc.Graw-Hill Books.-
21. An outline History P-251 H.G. Wells.
22. Ibid. P-159-161
23. പ്രാചീന ഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും :ചരിത്രപരമായ രൂപരേ ഖ പു. 112 കൊസാംബി വി വ.എം.ലീ ലാവതി ഐ.സി.എച്ച്.ആര്‍.-ഡി.സി. ബു ക്ക്‌സ്.
24. Malabar Manual P.20.
25. പ്രാചീനഭാരതത്തിന്റെസംസ്‌കാരവും നാഗരികതയും:ചരിത്രപരമായ രൂപരേഖ, പു. 53 ഡി.ഡി.കൊസാംബി.
26. Looking for the Aryans: R.S. Sharma; P.69. Orient Long man-1996.-
27. Ibid. P.71.
28. Are Dravidians of African Origin. second ISAS,1980 Asian Reserach Service, 1981.P-789-807.
29. ഡോ. അംബേദ്കറുടെ തിരഞ്ഞെടുത്ത കൃതികള്‍: ശൂദ്രര്‍ ആരായിരുന്നു, അസ്പൃശ്യര്‍ ആരായിരുന്നു.പു. 243 കേ. ഭാ. ഇന്‍സ്റ്റി. 1994.
30. An outline History of the Indian people : H.R. Ghosel; P-11, Pub.Div. 1962.-
31. ആര്യദ്രാവിഡ വിവാദവും മതനിരപേക്ഷതയും പു. 53 റൊമീലാഥാപര്‍. വിവ. പി.ഗോവിന്ദപ്പിള്ള. ചിന്ത പബ് 1997.
32. ഡോ.അംബേദ്കറുടെ തിരഞ്ഞെടുത്ത കൃതികള്‍ ശൂദ്രര്‍ ആരായിരുന്നു പു. 55 കേരള ഭാഷാ ഇന്‍. 1994.