രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് കേരളത്തിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുമായി നടത്തിയ യോഗത്തിലും സംവാദ പരിപാടിയിലും പങ്കെടുക്കാന്‍ സാധിച്ചത് അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു.
സപ്തംബര്‍ 16 വെള്ളിയാഴ്ച തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠം ഹാളില്‍ നടന്ന പരിപാടിയില്‍ ഗവണ്‍മെന്റ്, എയ്ഡഡ്, പ്രൈവറ്റ് മേഖലകളില്‍ നിന്നുള്ള നൂറില്‍പരം പ്രധാനാധ്യാപകര്‍ പങ്കെടുത്തു.
സംഘപ്രവര്‍ത്തനം ശതാബ്ദിയോടടുക്കുകയും, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അമൃതമഹോത്സവമായി ആഘോഷിക്കുകയും ചെയ്യുന്ന അവസരത്തിലാണ് വിദ്യാഭ്യാസ മേഖലയിലെ പ്രധാന പദവികളിലുള്ള അധ്യാപകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
തൃശ്ശൂര്‍ ബ്രഹ്‌മസ്വം മഠത്തിലേക്ക് രാവിലെ 10 മണിയോടെ സര്‍സംഘചാലക് എത്തുമ്പോള്‍ സദസില്‍ പ്രതിനിധികള്‍ നിറഞ്ഞിരുന്നു. പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വര്‍ജി എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ‘ആചാര്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥവും മഹത്വവും സൂചിപ്പിച്ചുകൊണ്ട് സര്‍സംഘചാലക് സംസാരിച്ചു തുടങ്ങി അധ്യാപനത്തിന്റെ പ്രാധാന്യം, ഭാരതീയ ഗുരുസങ്കല്പം, സംഘം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ശൈലി, തുടങ്ങിയ കാര്യങ്ങള്‍ ലളിതമായും സമഗ്രമായും അവതരിപ്പിച്ചു. ഭാരതത്തിന്റെ മഹത്വവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥി സമൂഹത്തെയും, പുതുതലമുറയെയും, മാതൃകാപരമായി വളര്‍ത്തിയെടുക്കുക എന്നത് അധ്യാപക സമൂഹത്തിനു മാത്രം സാധിക്കുന്ന കാര്യമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇത്തരത്തിലുള്ള മനുഷ്യനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സംഘ ശാഖകളും അതിന്റേതായ കാര്യപദ്ധതികളുമായി ഒപ്പമുണ്ട്. വിദ്യാഭ്യാസ രംഗത്തെ എല്ലാ ഭാവാത്മകമായ പ്രവര്‍ത്തനങ്ങളിലും സംഘത്തിന്റെ സഹായം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതം ലോകത്തിനു മുഴുവന്‍ മാതൃകയായി മാറുന്നതില്‍ അധ്യാപക സമൂഹത്തിന് വലിയ പങ്കു വഹിക്കാനുണ്ട്. രാഷ്ട്രം നിലനില്‍ക്കുന്നത് സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ആധാരശിലകളിലാണ് എന്ന് ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സദസില്‍ നിന്നുയര്‍ന്ന വിവിധങ്ങളായ സംശയങ്ങള്‍ക്ക് സര്‍സംഘചാലക് വിശദമായി തന്നെ മറുപടികള്‍ നല്‍കി. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള വ്യത്യസ്തമായ സിലബസുകളെ ഏകീകരിച്ച് ഒരു ദേശീയ പാഠ്യക്രമം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഭാരതത്തിന്റെ നാനാത്വത്തെക്കുറിച്ചും, വൈവിധ്യങ്ങളെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ട് കാലദേശോചിതമായ സമീപനമാണ് വേണ്ടതെന്നും, മാതൃഭാഷയുടെ പ്രാധാന്യം കൂടി ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നും മറുപടി നല്‍കി. വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ അധ്യാപകര്‍ക്ക് കുട്ടികളുടെ മേലുള്ള സ്വാതന്ത്ര്യം കുറഞ്ഞു വരുന്നതായും, കുട്ടികള്‍ ലഹരി ഉപയോഗം പോലുള്ള ച്യുതികളിലേക്ക് തിരിയുന്നതായും സദസില്‍ നിന്ന് അഭിപ്രായമുയര്‍ന്നു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് സര്‍സംഘചാലക് ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് വ്യക്തമാക്കി. ജീവിതമെന്നത് ദൈവത്തിന്റെ വരദാനമാണ്, വീടാണ് ആദ്യ വിദ്യാലയം, കുട്ടികളോട് കൂടുതല്‍ അടുത്തുകൊണ്ട് അവരുടെ സ്വഭാവത്തിലും ശീലങ്ങളിലും മാറ്റം വരുത്താന്‍ സാധിക്കും. എല്‍.പി, യു.പി ക്ലാസുകളില്‍ പഞ്ചതന്ത്രം കഥകള്‍, ഉപനിഷത് കഥകള്‍ തുടങ്ങി ധാര്‍മ്മിക മൂല്യങ്ങള്‍ പകരുന്ന കഥകള്‍ ഉള്‍പ്പെടുത്തണം.
നയങ്ങളല്ല, പെരുമാറ്റവും അന്തരീക്ഷ നിര്‍മ്മിതിയുമാണ് കുട്ടികളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്. സംഘ ശാഖ വാല്യു എഡ്യുക്കേഷന്റെ ട്രെയിനിംഗ് സെന്റര്‍ ആണ്. രണ്ടിലും അടിസ്ഥാന തത്വം വ്യക്തി നിര്‍മ്മാണമാണ് (‘മാന്‍ മേക്കിംഗ്’) അദ്ദേഹം പറഞ്ഞു.
വനവാസി സഹോദരങ്ങളുടെയും ഗോത്ര വിഭാഗങ്ങളുടെയും സാമൂഹ്യ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും, പല പദ്ധതികളും കെടുകാര്യസ്ഥതമൂലം പാതി വഴിയിലാണെന്നും സംഘം ഇതിനായി എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും ഒരു പ്രധാനാധ്യാപകന്‍ ചോദ്യമുന്നയിച്ചു.
പരിവാര്‍ സംഘടനയായ വനവാസി കല്യാണ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മോഹന്‍ജി പരാമര്‍ശിച്ചു. ഉന്നയിക്കപ്പെട്ട വിഷയം ഗൗരവമുള്ളതാണെന്നും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരുടെ ക്ഷേമവും വികാസവും നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയിലെ കുടയത്തൂരില്‍ സരസ്വതി വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളിനോട് അനുബന്ധമായി ഗോത്ര വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസ, ഭക്ഷണ സൗകര്യങ്ങളോടും കൂടി ‘ശബരി ബാലികാസദനം’ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന കാര്യം ലേഖകന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി.
വനവാസി, ഗിരിവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി 8000ല്‍ പരം ഏകല്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതും, ഇതിനായി സംഘത്തിന്റെ നിരവധി മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും സര്‍സംഘചാലക് നിരീക്ഷിച്ചു. വിദ്യാഭ്യാസ മേഖലയും, അതുമായി ബന്ധപ്പെട്ട പൊതുവായ കാഴ്ചപ്പാടുകളും ഭാരതത്തിന്റെ തനിമയില്‍ ഊന്നി നിന്നുകൊണ്ടുള്ള പരിവര്‍ത്തനങ്ങളുമല്ലാതെ, രാഷ്ട്രീയമോ, വിവാദങ്ങളോ ഒന്നും ചര്‍ച്ചകളില്‍ കടന്നുവന്നില്ല എന്നത് ശ്രദ്ധേയമായി.
ഭാരതത്തെ വിശ്വഗുരുവായി പുനഃപ്രതിഷ്ഠിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ ഏറ്റവും മുതിര്‍ന്ന അധികാരിയെ നേരില്‍ കാണാനും, ആശയ വിനിമയം നടത്താനും സാധിച്ചത് മഹത്തായ ഒരവസരമായി തന്നെ എല്ലാവര്‍ക്കും അനുഭവപ്പെട്ടു. സദസിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് പതിവില്‍ നിന്നും വ്യത്യസ്തമായി ഒരു ഫോട്ടോ സെഷനും സര്‍സംഘചാലക് തയ്യാറായി. യോഗാനന്തരം പ്രതിനിധികള്‍ക്കൊപ്പം ഇരുന്ന് കേരളീയ ശൈലിയിലുള്ള ഭക്ഷണം കഴിക്കുന്ന വി.വി.ഐ.പിയെ ചിലര്‍ അത്ഭുതത്തോടെ നോക്കുന്നതും കാണാനിടയായി. ഇതര സംഘടനകളില്‍ നേതാക്കന്മാരും അണികളും തമ്മിലുള്ള വി.ഐ.പി. ഗ്യാപ് ഇവിടെ കാണാനില്ലാത്തതായിരിക്കാം അവരുടെ അത്ഭുതത്തിനു കാരണം.
ലളിതവും, ഉന്നതവുമായ വ്യക്തിത്വം, എല്ലാവരോടും സ്‌നേഹമസൃണമായ പെരുമാറ്റം, സമഗ്രമായ നിരീക്ഷണ പാടവം തുടങ്ങി നിരവധി പ്രത്യേകതകള്‍ അദ്ദേഹത്തില്‍ കാണാന്‍ സാധിച്ചു.
തൃശ്ശൂര്‍കാരുടെ ആതിഥ്യമര്യാദകള്‍ക്ക് നന്ദി പറഞ്ഞ് ശങ്കര മഠത്തിന്റെ കവാടം കടക്കുമ്പോള്‍ ഉച്ചയ്ക്കുശേഷമുള്ള സംഘപ്രചാരകരുടെ യോഗത്തില്‍ പങ്കെടുക്കാനുള്ളവര്‍ ഉത്സാഹപൂര്‍വ്വം കടന്നുവരുന്നതു കാണാമായിരുന്നു.