ആത്മാവിന്റെ സ്വരൂപം ചൈതന്യമാണ് എന്ന് പഠിപ്പിച്ച വിശ്വമഹാദര്‍ശനമാണ് ശൈവ തന്ത്രം. ലോകത്തിന്റെ ആധ്യാത്മിക ചിന്തയുടെ പ്രഭവ കേന്ദ്രമെന്നോ കേദാരമെന്നോ വിശേഷിപ്പിക്കാവുന്ന കാശ്മീരദേശത്ത് ശൈവ തന്ത്രങ്ങള്‍ വളരെ തെളിമയോടെ പ്രകാശിച്ചിരുന്നു. ഭാരതം മുഴുവന്‍ വ്യാപിച്ചു നിന്ന ശിവാദ്വൈത ദര്‍ശന പദ്ധതിയുടെ തിളക്കമാര്‍ന്ന സാന്നിധ്യം കാശ്മീരദേശത്ത് കണ്ടതിനാല്‍ പിന്നീട് ശിവാദ്വൈത പദ്ധതിയെ സൂചിപ്പിക്കാന്‍ കാശ്മീരശൈവ പദ്ധതി എന്ന് പോലും പറഞ്ഞു തുടങ്ങി.
ഭാരതത്തിന്റെ ആധ്യാത്മിക നഭസ്സില്‍ ഏറ്റവും തിളക്കമുള്ള സൂര്യനായി ഇന്നും കാശ്മീര ശൈവ പദ്ധതി വിളങ്ങി നില്‍ക്കുന്നു. ശിവാദ്വൈത പദ്ധതി എന്ന നിലയില്‍ കാശ്മീരശൈവദര്‍ശനം തത്വചിന്താപരമായും അതേസമയം ക്രിയാ പരമായും വളര്‍ന്നു വികസിച്ചിട്ടുണ്ട്. സാര്‍വ്വഭാരതീയമായി തന്നെ ഈ പദ്ധതിയുടെ പ്രയോഗം നിലവിലുണ്ട്. വടക്കേയറ്റത്തെ കാശ്മീരിനെയും തെക്കേയറ്റത്തെ കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രയോഗ പദ്ധതിയെ കാണുമ്പോഴാണ് എത്ര മനോഹരമായാണ് ഇത് ഭാരതം എന്ന ആധ്യാത്മിക രാഷ്ട്രത്തിന്റെ ഊടും പാവും നെയ്യുന്നത് എന്ന് ബോധ്യമാകുന്നത്.
ശുദ്ധബോധമായ ശിവന്‍ ശക്തിയാകുന്ന തന്റെ പ്രകടനത്തിലൂടെ ക്ഷിതിവരെയുള്ള തത്വങ്ങളായി മാറുന്ന രഹസ്യമാണ് കാശ്മീരശൈവത്തിന്റെ പദ്ധതിയിലുള്ളത്. ശിവ-ശക്തിമയമായ പ്രപഞ്ചത്തിന്റെ ആരംഭവും വികാസവും അതിന്റെ ഘടനയും 36 തത്വങ്ങളിലൂടെ ചിന്തിക്കുകയാണ് കാശ്മീര ശൈവം ചെയ്യുന്നത്. ശരിയായ അര്‍ത്ഥത്തില്‍ ‘തത്വ’ചിന്ത.
ശിവന്‍ എന്നും ശൈവം എന്നും കേള്‍ക്കുമ്പോള്‍ ഒരു മത സംവിധാനമായാണ് ആ പേര് നമുക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ കേവലം മതാത്മകവും വിശ്വാസനിഷ്ഠവുമായ ഒരു പാതയിലൂടെ നമ്മെ നയിക്കുകയല്ല കാശ്മീര ശൈവത്തിന്റെ രീതി. മറിച്ച് സാംഖ്യം തുടങ്ങിയ ജ്ഞാനതന്ത്രങ്ങളുടേതുപോലെ കൃത്യമായ ഒരു തത്വചിന്താ പദ്ധതിയിലൂടെ നമ്മെ വളര്‍ത്തി എടുക്കുകയാണ് ഇവിടെ. എന്നാല്‍ സാംഖ്യ ദര്‍ശനത്തില്‍ കാണുന്നതു പോലെ ബൗദ്ധികപരമായി മാത്രമല്ല കാശ്മീര ശൈവ പദ്ധതി ഇത് നിര്‍വഹിക്കുന്നത്. തത്വചിന്തയെ ക്രിയാപരമായി കണ്ടുകൊണ്ടുള്ള സാധനാ രീതികളെ കൂടെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ശിവം എന്ന ശുദ്ധബോധം ഞാന്‍ തന്നെയാണ് എന്ന അനുഭൂതി ഉള്ളില്‍ നിറയ്ക്കാനുള്ള ശാസ്ത്രപദ്ധതിയാണ് ശൈവം നമ്മുടെ മുന്നില്‍ തുറന്നു വയ്ക്കുന്നത്. ഭാരതത്തില്‍ നടപ്പില്‍ വരുത്താന്‍ പറ്റാത്ത തത്വചിന്തയില്ല എന്ന് പറയാറുണ്ട്. തത്വചിന്തയെ ക്രിയാപരമാക്കുമ്പോള്‍ അത് സ്വാഭാവികമായും അനുഷ്ഠാനങ്ങളും, ആചാരങ്ങളും എന്ന രൂപഘടന സ്വീകരിക്കും. ഈ സ്വഭാവം ഇവിടെ നിലനില്‍ക്കുന്ന എല്ലാ തത്വചിന്തകള്‍ക്കും ഉണ്ട്. ആയതിനാല്‍ അവയെ മതം എന്ന് കരുതിപ്പോരുന്നു. ആ അര്‍ത്ഥത്തില്‍ കാശ്മീര ശൈവ ചിന്തയെ ഒരു ശൈവമതമായി കണക്കാക്കാം എന്ന് മാത്രം. ഈ അര്‍ത്ഥത്തില്‍ പറയുമ്പോള്‍ കേവലതത്വചിന്തയില്‍ നിന്നുപരിയായ പ്രായോഗികത കാശ്മീര ശൈവത്തില്‍ കാണുന്നു അതിനാല്‍ അവയെ തന്ത്രം എന്ന് വിളിക്കുന്നു. ഒരു പക്ഷെ ഇന്ന് ഭൂമുഖത്തുണ്ടായി വന്നിട്ടുള്ള എല്ലാ തന്ത്രപദ്ധതിയുടെയും ഹൃദയം കാശ്മീര ശൈവ ദര്‍ശനമാണ് എന്ന് അതിനോട് അടുത്തിടപഴകുന്ന ആര്‍ക്കും മനസ്സിലാവും. തന്ത്രങ്ങളുടെ ആരംഭത്തെ കുറിച്ച് ശൈവചിന്തയ്ക്കു ദിവ്യമായ ഒരു ഉദ്ഭവ കഥയും തുടര്‍ന്ന് ഋഷിമാരിലേക്കും മനുഷ്യരിലേക്കും അത് ഒഴുകിയത് എങ്ങനെയെന്നും പറയുന്ന രീതിയാണ് ഉള്ളത്. ഒരുപക്ഷെ ശൈവ ചിന്തകരില്‍ വളരെ പ്രസിദ്ധനായ അഭിനവഗുപ്താചാര്യന്റെ ഗുരുപരമ്പര പോലും തിരഞ്ഞു പോകുമ്പോള്‍ ഒടുവില്‍ ശിവനില്‍ എത്തിച്ചേരുന്ന ഒരു രീതി ശൈവത്തില്‍ കാണുന്നു. ഇത് വൈദേശികമായ യുക്തിചിന്തയ്ക്കു ദഹിക്കാത്തതും എന്നാല്‍ ഭാരതത്തില്‍ അറിവ് ഈശ്വരനില്‍ നിന്നാണ് പ്രവഹിക്കുന്നത് എന്ന അടിസ്ഥാനധാരണയുള്ള ഏതൊരാള്‍ക്കും പൂര്‍ണമായും സ്വീകാര്യവുമായ ഒരു ഉദ്ഭവ ചരിത്രമാണ്.
തന്ത്രങ്ങളുടെ ഉദ്ഭവം
പ്രപഞ്ചാരംഭത്തില്‍ ശിവന്‍ ചിദ്ശക്തി, ആനന്ദശക്തി, ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാ ശക്തി എന്നീ തലകളും അവയില്‍ ഈശാനന്‍, തത്പുരുഷന്‍, അഘോര, വാമദേവ, സദ്യോജാതന്‍ എന്നീ മുഖങ്ങളും ആയി അവതരിച്ചു. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്നീ അഞ്ചു കൃത്യങ്ങളെയാണ് ഈ തലകളും മുഖങ്ങളും പ്രതിനിധീകരിക്കുന്നത്.
ശിവന്റെ ഈ ഭാവം സ്വച്ഛന്ദഭൈരവന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ചമാകുന്ന സത്യത്തെ ശോഭനമാക്കാന്‍ ഭൈരവന്റെ ഓരോ മുഖത്തു നിന്നും ഓരോ തന്ത്രങ്ങള്‍ ഉത്ഭവിച്ചു. പിന്നീട് രണ്ടു രണ്ടു മുഖങ്ങളില്‍ നിന്ന് ഒരോ തന്ത്രങ്ങള്‍ വീതം പുറത്തു വന്നു. പിന്നീട് മൂന്ന് മുഖങ്ങള്‍ ചേര്‍ന്ന് ഓരോ തന്ത്രങ്ങള്‍, തുടര്‍ന്ന് നാല് മുഖങ്ങള്‍, ഒടുവില്‍ അഞ്ചു മുഖവും ചേര്‍ന്ന് പുറത്തു വന്ന എല്ലാ തന്ത്രങ്ങളും ചേര്‍ന്നാണ് ശൈവത്തിലെ മുഴുവന്‍ തന്ത്രങ്ങളും ഉണ്ടാകുന്നത്. തന്ത്രങ്ങള്‍ പൊതുവില്‍ മൂന്ന് സ്വഭാവങ്ങളോട് കൂടിയതാണ്. ദ്വൈത ചിന്തയുള്ള ഭേദ തന്ത്രങ്ങളായ ശിവ തന്ത്രങ്ങള്‍, ദ്വൈതാദ്വൈത സ്വഭാവമുള്ള ഭേദാഭേദ രുദ്ര തന്ത്രങ്ങള്‍, അദ്വൈത ഭാവനയുള്ള അഭേദ ഭൈരവ തന്ത്രങ്ങള്‍.
സ്വച്ഛന്ദനാഥനില്‍ നിന്ന് ഒഴുകിയ തന്ത്രധാര കലിയുഗത്തില്‍ ശ്രീകണ്ഠനാഥനിലൂടെ ദുര്‍വ്വാസാവ് മഹര്‍ഷിയിലേക്കു പ്രവഹിച്ചു. ജാതി, മത, വര്‍ഗ്ഗ, ലിംഗ, ഭേദമില്ലാതെ ഭൈരവ തന്ത്രം എല്ലാവരിലേക്കും പകര്‍ന്നു കൊടുക്കുക എന്നതായിരുന്നു ദുര്‍വ്വാസാവിനു ലഭിച്ച നിര്‍ദ്ദേശം. ക്രോധഭട്ടാരകന്‍ എന്ന പേരില്‍ പ്രസിദ്ധനായ വളരെ ഉയര്‍ന്ന യൗഗിക നിലയില്‍ ഉള്ള മഹാസിദ്ധനാണ് ദുര്‍വ്വാസാവ്. എന്നാല്‍ തനിക്കു ലഭിച്ച മഹാജ്ഞാനം പകര്‍ന്നു കൊടുക്കാന്‍ യോഗ്യതയുള്ള ആരെയും ഊര്‍ധ്വരേതാവസ്ഥയിലുള്ള ഋഷിക്ക് കണ്ടെത്താനായില്ല. ഉടനെ അദ്ദേഹം യോഗ സിദ്ധി കൊണ്ട് ഒരു മാനസ പുത്രനെ സൃഷ്ടിച്ചു.
ത്രയംബകനാഥന്‍ എന്ന ഈ മകന് അഭേദ ഭൈരവ തന്ത്രങ്ങള്‍ പഠിപ്പിച്ചു കൊടുത്ത അദ്ദേഹം ആമര്‍ദ്ദകനാഥന്‍, ശ്രീനാഥന്‍ എന്നീ രണ്ടു മക്കളെ കൂടെ സൃഷ്ടിച്ച് ഭേദാഭേദ തന്ത്രങ്ങളായ രുദ്ര തന്ത്രങ്ങളും ഭേദ തന്ത്രങ്ങളായ ശിവതന്ത്രങ്ങളും ഉപദേശിച്ചു. തുടര്‍ന്ന് അര്‍ദ്ധത്രയംബക എന്ന ഒരു മകളെ സൃഷ്ടിച്ച് അവളെ ഭൈരവതന്ത്രങ്ങളില്‍ ദീക്ഷിതയാക്കി. അര്‍ദ്ധത്രയംബകാ സമ്പ്രദായം എന്ന പേരില്‍ പ്രസിദ്ധമായ ഈ മാര്‍ഗത്തില്‍ സ്ത്രീകള്‍ സ്ത്രീകളെ മാത്രം ഉപദേശിച്ചു വന്നിരുന്ന ഒരു രീതിയാണ് തുടര്‍ന്നത്. ഇന്ന് ആ സമ്പ്രദായം നിലനില്‍ക്കുന്നില്ല എങ്കിലും ഗുപ്തയോഗിനികള്‍ ഈ സമ്പ്രദായത്തെ രഹസ്യമായി നിലനിര്‍ത്തുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
ത്രയംബകനാഥന്‍ തന്ത്രവിദ്യ ഉപദേശിക്കാനായി ദുര്‍വ്വാസാവ് മഹര്‍ഷി ചെയ്തതുപോലെ ത്രയംബകാദിത്യന്‍ എന്ന മാനസപുത്രനു ജന്മം നല്‍കി. ഈ പ്രകാരത്തില്‍ പതിനഞ്ചു സിദ്ധന്മാര്‍ ജനിച്ചു. പതിനഞ്ചാമന്‍ യോഗശക്തി കുറഞ്ഞു പോയതിനാല്‍ മാനസപുത്രനെ ഉല്പാദിപ്പിയ്ക്കാന്‍ പരാജയപ്പെട്ടു പോയതിനാല്‍ അനുയോജ്യയായ ഒരു വധുവിനെ കണ്ടെത്തി സംഗമാദിത്യന്‍ എന്ന പുത്രന് ജന്മം നല്‍കി. സംഗമാദിത്യന്‍ വര്‍ഷാദിത്യനും, വര്‍ഷാദിത്യന്‍ അരുണാദിത്യനും, അരുണാദിത്യന്‍ ആനന്ദനും, ആനന്ദന്‍ സോമാനന്ദനും ജന്മം നല്‍കി. സോമാനന്ദനു ശേഷം പൈതൃകമായി തുടര്‍ന്ന വിദ്യ പൂര്‍ണമായും ഗുരു-ശിഷ്യ പരമ്പരയിലേക്കു മാറി. സോമാനന്ദന്റെ ശിഷ്യനായ ഉത്പലനും പിന്നീട് വന്ന ലക്ഷ്മണഗുപ്തനും, കാശ്മീര ശൈവ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന ശിരസ്സായ അഭിനവഗുപ്തനും എല്ലാം ഈ ഗുരുപരമ്പരയിലെ തെളിമയാര്‍ന്ന കണ്ണികളാണ്. എത്ര മഹത്തരമായ വിധത്തിലാണ് ഗുരുപരമ്പരയിലെ ഈ കണ്ണികളെ ഇഴ ചേര്‍ത്തിരിക്കുന്നത് എന്ന് കാണുമ്പോള്‍ തന്ത്ര മാര്‍ഗ്ഗത്തിന്റെ മഹത്വം അറിയാനാകും. ഇങ്ങനെ അനാദിയായി ഒഴുകിയ ശൈവ തന്ത്ര പദ്ധതി ശിവത്വത്തെ അനുഭൂതിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിനായി പലവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. വേദത്തെ കുറിച്ച് പറയുമ്പോള്‍ അത് അപൗരുഷേയമാണ് എന്ന് നാം പറയാറുണ്ട്. അപൗരുഷേയം എന്നാല്‍ മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ടതല്ല എന്നതാണ്. ശ്രുതി അതുകൊണ്ട് അപൗരുഷേയമാണ്. തന്ത്രശാസ്ത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ അപൗരുഷേയം എന്നതിന് ആഗമം എന്നാണ് പറയാറുള്ളത്. ശിവന്‍ നേരിട്ട് വെളിപ്പെടുത്തിയ തന്ത്രങ്ങളെയാണ് ആഗമം എന്ന് പറയാറുള്ളത്. മാലിനിവിജയോത്തരതന്ത്രം, ശിവസൂത്രം, വിജ്ഞാന ഭൈരവ തന്ത്രം തുടങ്ങിയവയൊക്കെ ആഗമ സ്വഭാവത്തിലുള്ളതാണ്. വസുഗുപ്തന്‍ എന്ന ശൈവ യോഗിക്ക് മഹേന്ദ്ര പര്‍വതത്തിന്റെ താഴ്‌വരയിലെ ശങ്കരോപാലം എന്ന പാറയുടെ മേല്‍ തെളിഞ്ഞു കിട്ടിയതാണ് ശിവസൂത്രം. ഇതു സൂചിപ്പിക്കുന്നത് ആഗമങ്ങളുടെ പൊതുസ്വഭാവത്തെയാണ്. വ്യക്തിയല്ല അവിടെ അത് നിര്‍മ്മിക്കുന്നത്, പരമാത്മാവ് നേരിട്ടാണ്. ശിവസൂത്രത്തിന്റെ സാരത്തെ വസുഗുപ്തന്‍ പിന്നീട് സ്പന്ദകാരിക എന്ന പേരില്‍ അവതരിപ്പിച്ചു. ആഗമോക്തമായ ശിവസൂത്രത്തിന്റെ ആന്തരികാര്‍ത്ഥം വെളിവാക്കാനായി ഉണ്ടാക്കിയ സ്പന്ദകാരിക പിന്നീട് കാശ്മീരശൈവദര്‍ശനത്തില്‍ മറ്റൊരു ശാഖയായി വികസിച്ചു. സ്പന്ദമാണ് സ്പന്ദദര്‍ശനത്തിന്റെ വിഷയം. ശിവന്റെ സ്പന്ദനം ശക്തിയാണ്. ശിവ സ്പന്ദനം ആയിരിക്കുന്ന ശക്തിയാണ് ജഗത്തിന് കാരണമായിരിക്കുന്ന സ്പന്ദശക്തി എന്ന് സ്പന്ദ സിദ്ധാന്തം പറയുന്നു. താന്‍ ശിവനാണ് എന്ന തിരിച്ചറിവ് ഊട്ടി ഉറപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയിട്ടുള്ള ദര്‍ശന പദ്ധതിയെ പ്രത്യഭിജ്ഞാദര്‍ശനം എന്നു വിളിക്കുന്നു. ശൈവ ഗുരു പരമ്പരയിലെ സോമാനന്ദ വിരചിതമായ ശിവദൃഷ്ടിയാണ് പ്രത്യഭിജ്ഞാദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം.
സ്പന്ദസിദ്ധാന്തം സ്പന്ദശക്തിയെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഈ സ്പന്ദശക്തി തന്നെയാണ് ശക്തി, പ്രപഞ്ചത്തിന് കാരണമാകുന്നത്. ക്രമമായി പ്രപഞ്ചത്തെ ചമയ്ക്കുന്നത് ശക്തിയാണ് എന്ന് സ്പന്ദ സിദ്ധാന്തത്തിനോട് ചേര്‍ന്നുപോകും വിധം ക്രമസമ്പ്രദായം പറയുന്നു. അത്യുദാത്തമായ കാശ്മീര ശൈവദര്‍ശനത്തിലെ പ്രായോഗിക വശമാണ് ക്രമം. ശക്തി കേന്ദ്രീകൃത പദ്ധതി കൂടിയാണത്. ജ്ഞാനനേത്രന്‍ എന്ന തന്ത്രയോഗിക്ക് മംഗലാ ദേവിയുടെ അനുഗ്രഹത്താല്‍ ലഭിച്ച വിദ്യയാണ് ക്രമം. ജ്ഞാനനേത്രനില്‍ നിന്ന് മദനിക, കേയൂരവതി, കല്യാണിക എന്നീ മൂന്ന് ശിഷ്യകളിലൂടെ ക്രമ സമ്പ്രദായം പ്രചരിച്ചു. ശൈവദര്‍ശന പദ്ധതിയെ കേന്ദ്രീകരിച്ച് ഒരു ക്ഷേത്ര പദ്ധതി ഉണ്ടാക്കുമ്പോള്‍ അതിന് ആധാരമായി ഇരിക്കുന്നത് ക്രമ സിദ്ധാന്തമാണ്. ക്രമം കാളിയെ കാലസങ്കര്‍ഷിണി എന്ന ഭാവത്തില്‍ ആരാധിക്കുന്നു. ശിവശക്തികള്‍ ചേര്‍ന്ന് ഇരിക്കുന്ന പരാ സംവിത്തിന്റെ ഉള്ളിലെ ശൂന്യതയായാണ് കാലസങ്കര്‍ഷിണിയെ ക്രമസമ്പ്രദായം വിഭാവനം ചെയ്യുന്നത്. കാലത്തെ നിര്‍മ്മിക്കുന്നവളും കാലത്തെ ഗ്രസിക്കുന്നവളും കാലസങ്കര്‍ഷണിയാണ്. ഈ കാലസങ്കര്‍ഷണിയുടെ പന്ത്രണ്ട് ഭാവങ്ങളെ ദ്വാദശ കാളി എന്ന് വിളിക്കുന്നു. സമസ്ത പ്രപഞ്ചത്തിന്റെയും ആധാരമായി ഇരിക്കുന്ന പന്ത്രണ്ട് കാളിമാര്‍ ആണ് ഇവര്‍. സൃഷ്ടികാളി രക്തകാളി സ്ഥിതിനാശകാളി, യമ, കാളി എന്നീ നാല് കാളിമാര്‍ സൃഷ്ടിയുടെ തലത്തില്‍ നിലനില്‍ക്കുന്നു. സംഹാരകാളി മൃത്യുകാളി, ഭദ്രകാളി, മാര്‍ത്താണ്ഡകാളി എന്നിവര്‍ സ്ഥിതിയുടെ തലത്തില്‍ നിലനില്‍ക്കുന്നു. പരമാര്‍ക്കകാളി, കാലാഗ്‌നിരുദ്രകാളി, മഹാകാലകാളി, മഹാഭൈരവ ഘോര ചണ്ഡകാളി എന്നിവര്‍ സംഹാരത്തിന്റെ തലത്തില്‍ നിലനില്‍ക്കുന്നു. ഈ പന്ത്രണ്ട് കാളിമാരുടെയും സംയോജിത രൂപമായി നമുക്ക് കാലസങ്കര്‍ഷണിയെ കാണാന്‍ സാധിക്കുന്നു. അത്ഭുതകരമായ കാര്യം കാശ്മീരിലെ ഈ ക്രമ പദ്ധതിയുടെ ആവിഷ്‌ക്കാരത്തെ ക്ഷേത്ര രൂപത്തില്‍ നമുക്ക് തെക്കേയറ്റത്തെ കേരളത്തില്‍ കാണാന്‍ സാധിക്കുന്നു എന്നുള്ളതാണ്. കേരളത്തിലെ പതിമൂന്ന് ശാക്തേയ കാവുകളായ കാസര്‍ക്കോട് നിലേശ്വരത്തെ മന്ദംപുറത്തു കാവ്, കണ്ണൂരിലെ മാടായിക്കാവ്, കളരിവാതുക്കല്‍ കാവ്, മാമാനിക്കുന്നു കാവ്, തിരുവഞ്ചേരിക്കാവ്, കളിയാംവള്ളിക്കാവ്, കോഴിക്കോട് പിഷാരിക്കാവ്, തിരുവളയനാട്ടുകാവ്, പാലക്കാട് കൊടിക്കുന്നത്തുകാവ്, മലപ്പുറം അങ്ങാടിപ്പുറത്തുളള തിരുമാന്ധാംകുന്നത്തുകാവ്, പത്തനംതിട്ട പനയന്നാര്‍ കാവ്, തിരുവല്ല മുത്തൂറ്റ് കാവ് എന്നിവയാണ് ഈ കാവുകള്‍. ക്രമ സമ്പ്രദായത്തിലെ പൂജനം (ക്ഷേത്ര സങ്കേതങ്ങള്‍ ഉണ്ടാക്കി അവിടെ പൂജാ ക്രിയകള്‍ നടത്തുക), കഥനം (ക്രമ സംബന്ധിയായ വിഷയങ്ങള്‍)ചര്‍ച്ച ചെയ്യുക പഠിക്കുക, സംക്രമണം (ഉയര്‍ന്ന അവസ്ഥയില്‍ നേരിട്ട് പരാശക്തിയില്‍ നിന്ന് അറിവ് സ്വീകരിക്കുക) എന്നീ ആചരണ പദ്ധതികളില്‍ പൂജനം കേരളത്തില്‍ നടക്കുന്നു. പക്ഷെ എന്താണ് ചെയ്യുന്നത് എന്ന് പൂജകര്‍ക്ക് അറിയാനുള്ള കഥനം ഇല്ല. അറിയാതെ ഉപാസിക്കയാല്‍ സംക്രമണവുമില്ല എന്നതാണ് വലിയ ദൗര്‍ഭാഗ്യം. ഈ കാവുകളില്‍ നില നില്‍ക്കുന്ന ക്രമസമ്പ്രദായത്തിന്റെ ചരിത്രമോ പൊരുളോ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സാധകലോകത്തിനു ഇത് എത്രയും പ്രധാനപ്പെട്ട കാര്യമാണോ അത്രതന്നെ പ്രധാനപ്പെട്ടതാണ് ഭാരതത്തിന്റെ സാംസ്‌കാരികവും ആധ്യാത്മികവുമായ അസ്തിത്വം തിരയുന്നവര്‍ക്ക് ക്രമകാളിയുടെ കേരളത്തിലെ പ്രസക്തി. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തഥാഗത നോയറ്റിക്ക് ആന്റ് താന്ത്രിക് റിസര്‍ച്ച് അക്കാദമി കേരളത്തിലെ പതിമൂന്ന് ശാക്തേയ കാവുകളിലെ ക്രമസമ്പ്രദായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്വേഷണത്തില്‍ ഏര്‍പ്പെടുന്നതും ഭൈരവസ്വരൂപ അഭിനവഗുപ്തന്‍ അദ്ദേഹത്തിന്റെ വിഖ്യാതമായ തന്ത്രാലോകത്തില്‍ എഴുതിയിരിക്കുന്ന ക്രമകാളി സ്‌തോത്രത്തിന്റെ പുനരവതരണത്തിന് തയ്യാറാവുകയും ചെയ്യുന്നത്.
ലോകം തന്ത്രാമൃതം തേടിയാണ് ഭാരതത്തിലേയ്ക്കു വന്നത്. ഈ മഹാവിദ്യ അനസ്യുതം ഒഴുകി പരന്ന ഒരു നാട്ടില്‍ അത് പഠിക്കാന്‍ ആളില്ലെങ്കില്‍ അതൊരു ദുര്യോഗമാണ്. ഇന്നത് പഠിക്കാന്‍ നമുക്ക് വിദേശ പണ്ഡിതന്മാരെയും കാശ്മീര ശൈവം ഐച്ഛിക വിഷയവും പ്രധാന വിഷയവുമായി പഠിപ്പിക്കുന്ന വിദേശ യൂണിവേഴ്‌സിറ്റികളെയും ആശ്രയിക്കേണ്ടി വരുന്നു എങ്കില്‍, അതിനര്‍ത്ഥം നാം നമ്മുടെ ആത്മാവ് നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന് തന്നെയാണ്. കശ്മീരിലെ ശാരദാപീഠം ഒരു നോവായി അവശേഷിക്കുന്ന പോലെ കാശ്മീരശൈവം എന്ന സ്റ്റീഫന്‍ ഹോക്കിന്‍സിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ ‘The Theory of everything’ ഒരു നോവായി മനസ്സില്‍ അവശേഷിക്കുന്നു. ഈ മഹാവിദ്യയെ പഠിക്കേണ്ടതുണ്ട്, പ്രചരിപ്പിക്കേണ്ടതുണ്ട്. അത് വ്യക്തിപരമായ സാധനയുടെ തലത്തില്‍ മാത്രമല്ല ഭാരതം ഒരു ആദ്ധ്യാത്മിക അസ്തിത്വമാണ് എന്നതിന്റെ പ്രഖ്യാപനം കൂടിയാണ്.
ദേശീയോദ്ഗ്രഥനത്തിന് ആത്മീയ പാത
ക്രമകാളി സ്‌തോത്രം ദക്ഷിണേന്ത്യന്‍ സംഗീത ശാഖയായ കര്‍ണാടക സംഗീതത്തിന്റെ രാഗങ്ങള്‍ ഉപയോഗിച്ച് ചിട്ടപ്പെടുത്തി അത് അവതരിപ്പിക്കുക എന്നതായിരുന്നു പദ്ധതി. അതിലൂടെ കാശ്മീര പദ്ധതിയുടെ ദക്ഷിണേന്ത്യന്‍ ആവിഷ്‌കാരമൊരുക്കിക്കൊണ്ട് ദേശീയോദ്ഗ്രഥന ഉദ്യമത്തില്‍ പങ്കാളിയാവുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2022 ഒക്‌ടോബര്‍ 3ന് ജമ്മുവിലെ ആനന്ദ് നഗര്‍ സഞ്ജീവനി ശാരദാ കേന്ദ്രത്തില്‍ കര്‍ണാടക സംഗീത വിദുഷി ശ്രീല ശ്രീ ഭാഗ്യലക്ഷ്മി ഗുരുവായൂര്‍ ക്രമകാളി സ്‌തോത്ര ആലാപനവും, കൂച്ചിപ്പൂഡി നര്‍ത്തകി വിദുഷി ശ്രീല ശ്രീ രചന നാരായണന്‍കുട്ടി കാലസംങ്കര്‍ഷിണിയുടെ കാളിപ്രവേശ കൂച്ചിപ്പൂഡി നാട്യവും അവതരിപ്പിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ ആധ്യാത്മിക ഉദ്ഗ്രഥനത്തിലൂടെ ദേശീയ ഉദ്ഗ്രഥനം എന്ന വിഷയത്തിലും ശിവം മാസിക മുഖ്യപത്രാധിപര്‍ ഡോ. ആര്‍.രാമാനന്ദ് ക്രമകാളി സമ്പ്രദായത്തിന്റെ കേരളത്തിലെ പ്രസക്തി എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.
2022 ഒക്‌ടോബര്‍ 4 ന് ശ്രീനഗറിലെ ഈശ്വര സ്വരൂപ സ്വാമി ലക്ഷ്മണ്‍ ജൂ മഹാരാജിന്റെ ഈശ്വര്‍ ആശ്രമം ട്രസ്റ്റിലും പ്രസ്തുത പരിപാടി അവതരിപ്പിക്കപ്പെട്ടു. അഭിനവഗുപ്ത വിരചിതമായ ക്രമകാളി സ്‌തോത്രത്തിനെ സംയോജിപ്പിച്ച് ക്രമനയ പ്രദീപിക എന്ന ഗ്രന്ഥം രചിച്ചത് ശ്രീലക്ഷ്മണ്‍ ജൂ ആണ്. അദ്ദേഹത്തിന്റെ ശിഷ്യനായ ജോര്‍ജ് ബല്ലേസര്‍ ആശ്രമത്തില്‍ നടത്തിയ പരിപാടിക്ക് അധ്യക്ഷത വഹിച്ചു സംസാരിച്ചു. അശുതോഷ് ഭാട്ട്‌നഗര്‍ ജമ്മു കാശ്മീര്‍ അദ്ധ്യയന കേന്ദ്രം, അവതാര്‍ ജി, മഹാരാജ കൃഷ്ണന്‍ ജി, ആനന്ദ് തിവാരി ജി, നിധി ജി, ശ്രീ ഭവാനി സിംഗ് ജി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
(ശിവം ശൈവ ശാക്ത തന്ത്ര മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആണ് ലേഖകന്‍)