തീവെയ്പ് നടത്തുന്നതിനായി തിരഞ്ഞെടുത്ത സമയമാണ് ആസൂത്രണമികവിന്റെ മറ്റൊരു മുഖം. ശബരിമലയില്‍ ഇടവപ്പാതി ആരംഭിക്കുന്നതിന് മുമ്പേ കൃത്യം നടത്തിയതിലൂടെ മഴയുടെ അസാന്നിദ്ധ്യത്തില്‍ വനത്തിലേക്ക് തീപടരാനുള്ള സാധ്യത പൂര്‍ണ്ണമായി ഒഴിവാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. മഴയുടെ സാന്നിദ്ധ്യത്തില്‍ തീപിടുത്തം ഒരളവോളം മറച്ചുവെയ്ക്കാനും പ്രകൃതിതന്നെ തെളിവുകള്‍ നശിപ്പിക്കും വിധം കൃത്യം നടത്താനും അവര്‍ക്ക് സാധിച്ചു. ‘ആദ്യത്തെ മഴയ്ക്കു മൂന്നുദിവസം മുമ്പ് ധൂമപടലങ്ങള്‍ കാണപ്പെട്ടു എന്ന് നീലകണ്ഠന്‍ പറയുമ്പോള്‍’ വെളിപ്പെടുന്നത് ഈ വസ്തുതകളാണ്. ‘ഇടവം 12-ാം തീയതി പൊടിയന്‍ ക്ഷേത്രം നശിച്ച അവസ്ഥയില്‍ കണ്ടപ്പോള്‍ മഴ ഒലിച്ചിരുന്നു’ എന്നമൊഴിയും ഇവിടെ പ്രസക്തമാണ്.
ശബരിമല തീവയ്പുകേസില്‍ പണവും ഒരുനിര്‍ണ്ണായക ശക്തിയായി വര്‍ത്തിക്കയുണ്ടായി. കടലില്‍ ഒഴുകി നടക്കുന്ന മഞ്ഞുമലയുടെ അഗ്രം പോലെ ഒരു നൂറുരൂപമാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ തെളിഞ്ഞ് വന്നത്. അക്കാലത്ത് അത് ഒരു വലിയ തുകയായിരുന്നു. എബ്രഹാം കള്ളി വയല്‍ ആണ് 100 രൂപ കുഞ്ഞുപാപ്പന് കൊടുത്തത്. അത് കടമായി കൊടുത്തു എന്നാണ് പറയപ്പെടുന്നത്. പക്ഷേ ഈ തുക മടക്കി കൊടുത്തതായി രേഖകളില്ല. മാത്രവുമല്ല കുഞ്ഞുപാപ്പനും തൊമ്മനും മറ്റും കാട്ടില്‍ നിന്ന് പിടിച്ച കരടിക്കുട്ടിയെ എബ്രഹാമിന് സമ്മാനിക്കുകയും ഒരു രാത്രി അദ്ദേഹത്തിന്റെ അതിഥികളായി അവരുടെ വീട്ടില്‍ താമസിക്കുകയും ചെയ്തു. ഇത് വെളിപ്പെടുത്തുന്നത് പണത്തിന്റെ സ്വാധീനവും അവിശുദ്ധമായ കൂട്ടുകെട്ടിന്റെ ചിത്രവുമാണ്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിലും വിപണനം ചെയ്യുന്നതിലുമുള്ള ഈ കൂട്ടുകെട്ട് കേശവമേനോന്‍ അന്വേഷിച്ചതായിക്കാണുന്നില്ല. അത് അദ്ദേഹത്തിന്റെ അന്വേഷണ പരിധിയില്‍പെട്ടിരുന്നില്ലതാനും.
ശബരിമലയെയും അതിനുചുറ്റുമുള്ള പൂങ്കാവനത്തേയും തങ്ങളുടെ സ്വകാര്യസ്വത്ത് പോലെ ഉപയോഗിക്കാനാണ് ക്രിസ്ത്യാനികള്‍ ശ്രമിച്ചിരുന്നത്. ഈ വസ്തുത തന്റെ റിപ്പോര്‍ട്ടില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഏതാനും ഉദാഹരണങ്ങള്‍കൂടി നോക്കാം. ‘ഒരു സംഘം ആളുകള്‍ ക്ഷേത്രപരിസരത്തില്‍ കഴിച്ചുകൂട്ടിയതായി തെളിവുണ്ട്. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന കൊത്തമല്ലി ഉള്‍പ്പെടെയുള്ള പലചരക്കുകള്‍ അവര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യാനികളായ വേട്ടക്കാര്‍ ക്ഷേത്രപരിസരങ്ങളെ വിശ്രമത്തിനും മാംസം ഉണക്കുന്നതിനുമായി ഉപയോഗപ്പെടുത്താറുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. സാധാരണയായി വിനോദത്തിനുവേണ്ടി മാത്രമല്ലാതെ ജീവിതമാര്‍ഗത്തിനുവേണ്ടി മൃഗയാമോഷണം നടത്തുന്നവരാണവര്‍! പൊന്നമ്പലമേടും ചിറ്റമ്പലമേടും ശബരിമലക്ഷേത്രത്തില്‍ നിന്നും യഥാക്രമം ആറും അഞ്ചും മൈലകലെയുള്ള ഒന്നാന്തരം മൃഗയാസങ്കേതങ്ങളാണ്… അവരുടെ സ്വന്തം മൊഴികളനുസരിച്ചുതന്നെ അവര്‍ ഈ സ്ഥലങ്ങളില്‍ വേട്ടയാടുകയും കാട്ടുപോത്തിനെ വെടിവയ്ക്കുകയും മാസം ഉണക്കുകയും ചെയ്തിട്ടുണ്ട്’.
തീവെയ്പിനായി തിരഞ്ഞെടുത്ത സമയത്തെ ചരിത്രപരവും സാമൂഹികവുമായ കാഴ്ചപ്പാടിലൂടെയും കേശവമേനോന്‍ വിശകലനം ചെയ്തിട്ടുണ്ട്. ഈ അപഗ്രഥനങ്ങളിലൂടെ തീവെയ്പിന്റെ ഉത്തരവാദിത്തം ഹിന്ദുക്കളുടെ മേല്‍ കെട്ടിവെയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാനും ക്രിസ്ത്യാനികളുടെ പങ്കിനെ യാതൊരുവിധ സന്ദേഹങ്ങള്‍ക്കും ഇടനല്‍കാത്തവിധം സമര്‍ത്ഥിക്കാനും അദ്ദേഹത്തിന് സാധിച്ചു. ‘ഹിന്ദുമണ്ഡല’ക്കാര്‍ ശബരിമലക്ഷേത്രം നശിപ്പിച്ചിട്ട് അതിന്റെ ഉത്തരവാദിത്തം ക്രിസ്താനികളുടെ മേല്‍ ചാര്‍ത്താനുള്ള ശ്രമം എന്ന വാദത്തെ വിശകലനം ചെയ്യുമ്പോഴാണ് ഈ വിശകലനപാടവം പ്രദര്‍ശിപ്പിച്ചത്. റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം മാത്രം നോക്കാം. ‘ഹിന്ദുക്കള്‍ ഇതു ചെയ്തിരിക്കാന്‍ ഇടയില്ലെന്നു തികച്ചും വ്യക്തമാകുന്നു. തന്നെയല്ല, ഹിന്ദുമണ്ഡലക്കാര്‍ക്ക് ഇതുചെയ്യണമായിരുന്നെങ്കില്‍ കവിയൂരെ മതപരിവര്‍ത്തനത്തിനു മുമ്പോ, കൊല്ലത്തെ ഹിന്ദുമണ്ഡലകണ്‍വെന്‍ഷനുമുമ്പേ തന്നെയോ ചെയ്യാമായിരുന്നു. അവസാനമായി ഹിന്ദുക്കളായിരുന്നു ഈ കൃത്യം നടത്തിയതെങ്കില്‍ തീര്‍ച്ചയായും അപ്രകാരം ചെയ്തവരെ സംബന്ധിച്ച വിവരങ്ങള്‍ ഇതിനകം പുറത്തുവരുമായിരുന്നു. എന്തെന്നാല്‍ മനഃശാസ്ത്രപരമായി ഹിന്ദുക്കളില്‍ ഒരാളെങ്കിലും ഭയചകിതനായി വിശദവിവരങ്ങള്‍ ആരോടെങ്കിലും പറഞ്ഞു പോകുമായിരുന്നു. കുറ്റം ചെയ്തതു ഹൈന്ദവരല്ലാത്തതിനാലാണ് ഇതുവരെ യാതൊരു വിവരവും പുറത്തുവരാതിരുന്നിട്ടുള്ളത്. ഒരു ഹൈന്ദവ ക്ഷേത്രമോ വിഗ്രഹമോ നശിപ്പിക്കുന്നതിനെപ്പറ്റി ഒരു ക്രിസ്ത്യാനിക്കോ, മുസ്ലിമിനോ യാതൊരു മനഃക്ലേശവും ഉണ്ടാകുന്നതല്ലെന്ന വസ്തുതയില്‍ നിന്ന് അതു വെളിവാകും. ഇതും ഒരു മനഃശാസ്ത്രപരമായ കാര്യമാണ്’. ഈ നിരീക്ഷണങ്ങളെ സാധൂകരിക്കും വിധമായിരുന്നു അന്നത്തെ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹവും ഇസ്ലാമിക സമൂഹവും തീവെയ്പിനോട് പ്രതികരിച്ചതെന്നതും വിസ്മരിക്കാന്‍ കഴിയില്ല.
ശബരിമല തീവയ്പിന് ക്രിസ്ത്യാനികളെ ഉത്സാഹിപ്പിച്ച ഏതാനും ചില ഘടകങ്ങള്‍ കൂടിയുണ്ട്. അവയും കേശവമേനോന്റെ സൂക്ഷ്മ നിരീക്ഷണത്തിനും വിശകലനത്തിനും വിധേയമായി. ഇതില്‍ ആദ്യത്തേത് 1125 തുലാമാസത്തില്‍ കവിയൂരില്‍ വച്ചു നടന്ന ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തന സംഭവമാണ്. ഇതിലൂടെ താഴ്ന്ന ജാതിയില്‍ പെട്ട ക്രിസ്ത്യാനികളില്‍ (അവശ ക്രൈസ്തവര്‍) ഒരു വലിയ വിഭാഗം ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഈ സംഭവത്തെ ശബരിമല തീവയ്പുമായി ബന്ധപ്പെടുത്തി കേശവമേനോന്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. ‘തല്‍പരകക്ഷികള്‍ വീണ്ടും ഇതില്‍ നിന്നു മുതലെടുക്കുകയും അതിനെ സംബന്ധിച്ച് പത്രങ്ങളില്‍ അനാവശ്യമായ പ്രചാരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനത്തില്‍ താല്‍പര്യമുള്ളവരാണെങ്കില്‍ – അക്കാര്യത്തില്‍ സംശയമില്ല – മതഭ്രാന്തരായ ക്രിസ്ത്യാനികളെ കവിയൂരെ ഈ മതപരിവര്‍ത്തനം പ്രകോപിച്ചിരിക്കുമെന്നുള്ളതില്‍ യാതൊരു സംശയത്തിനും വകയില്ല’.
ശബരിമല ക്ഷേത്രം ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനം തടയുന്നതിലും പരിവര്‍ത്തനക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിലും വഹിക്കുന്ന പങ്കിനെ താത്വികമായി അദ്ദേഹം തുടര്‍ന്ന് വിശദീകരിക്കുകയുണ്ടായി. ശബരിമലയെ കേരളത്തിലെ ഇതര ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് താത്വികമായ ഈ അടിസ്ഥാനമാണ്. ഇത് തകര്‍ക്കേണ്ടത് മതപരിവര്‍ത്തനകുതുകികളുടെ അടിയന്തരാവശ്യമായിരുന്നു. ഹിന്ദുമഹാസഭയുടെ രൂപീകരണവും കൊല്ലത്ത് 1125 മേടം 29 മുതല്‍ ഇടവം 4-ാം തീയതിവരെ നടന്ന സമ്മേളനങ്ങളും ശബരിമല തീവയ്പിന് രാസത്വരകമായിത്തീര്‍ന്നു എന്ന് കാണാം. ‘ശബരിമലയിലെ തീപിടുത്തവും കൊല്ലത്തെ ഹിന്ദു മഹാമണ്ഡലരൂപീകരണവും ഏതാണ്ട് ഒരേ സമയത്തുതന്നെ ആയിരുന്നു എന്നുള്ളത് സുപ്രധാനമായ ഒരു സംഗതിയായിരുന്നു. ഹിന്ദുസമുദായത്തിലെ രണ്ടു പ്രധാനവിഭാഗങ്ങളായ നായന്മാരും ഈഴവരും തമ്മിലും ഹിന്ദുക്കളിലെ മറ്റു വിഭാഗങ്ങളുമായും യോജിക്കുന്നതിനു തീരുമാനമെടുത്ത ഹിന്ദു മഹാമണ്ഡലകണ്‍വെന്‍ഷന്‍…. സംഭവം നടന്ന ഘട്ടത്തെപ്പറ്റി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനങ്ങള്‍ ഞാന്‍ അടിയില്‍ വിവരിക്കുന്നുണ്ട്. അന്വേഷണത്തില്‍ കിട്ടിയിട്ടുള്ള ഖണ്ഡിതമായ തെളിവുകളിന്മേലാണ് ഈ നിഗമനങ്ങള്‍ എത്തിയിട്ടുള്ളത്. ശബരിമല തീപിടുത്തം ഉണ്ടായത് ഇടവം 6-നും 11-നും ഇടയ്ക്കായിരിക്കണം. ഹിന്ദു മഹാമണ്ഡലസമ്മേളനം ഇടവം 4-ന് അവസാനിച്ചു. അതിനെത്തുടര്‍ന്നു തന്നെ ശബരിമല തീപിടിത്തവും ഉണ്ടായി. ഹിന്ദുമഹാമണ്ഡല നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ക്കിടയില്‍ ഒരുപക്ഷേ വളരെ വികാരാവേശത്തോടെ ക്രിസ്ത്യാനികളേയും ക്രിസ്തുമതത്തേയും പൊതുവായി വിമര്‍ശിക്കുകയും ആ പ്രസംഗങ്ങള്‍ ക്രിസ്ത്യാനികളുടെ രോഷത്തിനു ഇട നല്‍കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ വിശേഷിച്ചും റോമന്‍ കത്തോലിക്കക്കാര്‍ രോഷാകുലരാകാന്‍ കാരണം ഉണ്ടായി എന്നും അതിന്റെ ഫലമായി ഈ പുരാതന ക്ഷേത്രത്തെ എന്നെന്നേക്കുമായി നശിപ്പിക്കുന്നതിനും പുരാതനകാലം മുതല്‍ക്കേ അതു എന്തിനുവേണ്ടി നിലകൊണ്ടിരുന്നുവോ അവയെ ഇല്ലായ്മ ചെയ്യുന്നതിനും വിദ്യാവിഹീനരും നിരക്ഷരരുമായ റോമന്‍ കത്തോലിക്കാ ക്രിസ്ത്യാനികള്‍ക്ക് മതിയായ കാരണം ലഭിച്ചു എന്നും ഉള്ള നിഗമനത്തിലെത്തുന്നത് കേവലം യുക്ത്യാനുസൃതമായിരിക്കും. ശബരിമല ക്ഷേത്രം നശിപ്പിക്കുന്നതുകൊണ്ട് ഹിന്ദുമഹാ മണ്ഡലത്തേയും അതിന്റെ പ്രവര്‍ത്തനത്തേയും നശിപ്പിക്കാമെന്നു ക്രിസ്ത്യാനികള്‍ സാധാരണഗതിയില്‍ ചിന്തിക്കാന്‍ ഇടയില്ലെന്നുള്ള ഒരുവാദം ഉണ്ടായേക്കാം. ഒരു പ്രത്യേക സമുദായം മതാന്ധമാകുമ്പോള്‍ അവരുടെ മൃദുലചിന്തകളും യുക്തിയും നശിച്ചു പ്രതിക്രിയ ചെയ്യാനുള്ള അപ്പോഴത്തെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുമെന്നുള്ളത് മാത്രമാണ് ഈ വാദത്തിനു നല്‍കാവുന്ന മറുപടി. ഈ സ്ഥിതിഗതികളില്‍ ഹിന്ദുമഹാമണ്ഡലത്തിന്റെ രൂപീകരണവും അതിന്റെ സമ്മേളനത്തില്‍ ചെയ്ത അസഹിഷ്ണുതയുണ്ടാക്കുന്ന പ്രസംഗങ്ങളും ഈ നിര്‍ഭാഗ്യകരമായ സംഭവത്തിനു കാരണവും പ്രേരണയുമായിത്തീര്‍ന്നു എന്ന നിഗമനത്തില്‍ എത്തുന്നത് സ്വാഭാവികമായിരിക്കും.
ശാസ്ത്രീയമായ കുറ്റാന്വേഷണപാടവവും ബൗദ്ധികമായ സത്യസന്ധതയും Intellectual Honesty) ആദ്യവസാനം പ്രദര്‍ശിപ്പിക്കുന്ന കേശവമേനോന്റെ റിപ്പോര്‍ട്ടിനെ തമസ്‌കരിക്കാനാണ് തിരുക്കൊച്ചി സര്‍ക്കാരും കേരളസര്‍ക്കാരും ശ്രമിച്ചിരുന്നത്. ആ നില അതേ രീതിയില്‍ ഇപ്പോഴും തുടരുന്നു. കുറ്റവാളികളെ വിശുദ്ധരായി പ്രഖ്യാപിക്കാന്‍ ഏറ്റവും ഒടുവില്‍ ശ്രമിച്ചത് കേരള പോലീസില്‍ നിന്നും അസിസ്റ്റന്റ് കമ്മീഷണറായി വിരമിച്ച എന്‍.പരമശിവന്‍ നായരാണ് (മിന്നല്‍ പരമശിവന്‍ നായര്‍). ഐ.ജി ഓഫീസില്‍ അസിസ്റ്റന്റായും പിന്നീട് 1947 മുതല്‍ സബ് ഇന്‍സ്‌പെക്ടറായും ജോലി ചെയ്ത പരമശിവന്‍നായര്‍ അയ്യപ്പസേവാസംഘത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലും കൊല്ലംകോട് ശ്രീഭദ്രകാളി ദേവസ്വത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
അയ്യപ്പഭക്തരുടെ മനസ്സില്‍ ഇടംനേടിയിരുന്ന പരമശിവന്‍ നായരുടെ ശബരിമല തീവയ്പിനെക്കുറിച്ചുള്ള ‘മിന്നല്‍ക്കഥ’ കേശവമേനോന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രവുമല്ല കേശവമേനോനോടും അദ്ദേഹത്തിന്റെ അന്വേഷണത്തോടും തിരുക്കൊച്ചി പോലീസിന്റെ സമീപനവും ആ റിപ്പോര്‍ട്ടിനെ അവഗണിക്കുന്നതിനു പിന്നിലുള്ള പിന്നാമ്പുറക്കഥകളും വ്യക്തമാകും. ഇതോടൊപ്പം ശബരിമല തീവയ്പു വിഷയത്തില്‍ ഭരണാധികാരികള്‍ സ്വീകരിച്ച ഇരട്ടത്താപ്പ് നയം, ഭരണാധികാരികളും പോലീസും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ട്, നിയമവ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് ശബരിമല വിഷയത്തില്‍ പോലീസ് കാട്ടുന്ന അതിക്രമങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ മിന്നല്‍ അവതരിപ്പിച്ച ‘കോടാലി സ്വാമി’ക്കഥ അനാവരണം ചെയ്യുന്നുണ്ട്. ഇക്കാരണങ്ങളാല്‍ ഇതിലെ ചില വസ്തുതകളെ ചരിത്രരേഖയായി പരിഗണിക്കാം. അതുകൊണ്ട് തന്നെ കേശവമേനോന്റെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഇവയെ അപഗ്രഥിക്കേണ്ടതുണ്ട്.
ശബരിമല തീവയ്പ് നടന്നത് അറിഞ്ഞ ഉടന്‍ തന്നെ ഞാനും എ.എസ്.പിയും ശബരിമലയിലെത്തി. ക്ഷേത്രം മുഴുവനും എരിഞ്ഞുപോയിരുന്നു. ശ്രീകോവില്‍ നടയില്‍ കോടാലികൊണ്ടുള്ള ഇരുപത്തി ഒന്‍പത് വെട്ടുകള്‍ കാണപ്പെട്ടു. അയ്യപ്പന്റെ വിഗ്രഹവും ധാരാളം വെട്ടുകള്‍ ഏറ്റ് പൊട്ടിപ്പോയിരുന്നു. കേശവമേനോന്റെ റിപ്പോര്‍ട്ടനുസരിച്ച് കഴിയുന്നതും വേഗത്തില്‍ ക്ഷേത്രം സന്ദര്‍ശിച്ച കൊല്ലം ഡി.എസ്.പിയുടേയും പാര്‍ട്ടിയുടേയും ശ്രദ്ധയില്‍പ്പെട്ട സംഗതികള്‍ താഴെ പറയുന്നവയാണ്;
1. ശ്രീകോവില്‍ പൊളിച്ചു അകത്തു പ്രവേശിച്ചു എന്നു സൂചിപ്പിക്കത്തക്കവണ്ണം 15 വെട്ടുകളുടെ പാടുകള്‍ ശ്രീകോവിലിലേക്കു പ്രവേശിക്കുന്ന വാതിലില്‍ ഉണ്ടായിരുന്നു.
2. വിഗ്രഹം ഉടഞ്ഞു കാണപ്പെട്ടു. തലയും ഇടതുകൈപ്പത്തിയും വിരലുകളും ഛേദിക്കപ്പെട്ടിരുന്നു. വിഗ്രഹത്തിന്റെ മുഖത്തും നെറ്റിയിലും വെട്ടിന്റെ പാടുകള്‍ കാണാനുണ്ടായിരുന്നു.
മിന്നല്‍ പരമശിവന്‍ നായരുടെയും കേശവമേനോന്റെയും വിവരണങ്ങള്‍ ശ്രദ്ധിച്ചാല്‍, മേനോന്‍ വസ്തുനിഷ്ഠമായ വിവരണങ്ങളാണ് നല്‍കുന്നത്. ഏറെ അസംബന്ധങ്ങള്‍ നിറഞ്ഞതാണ് മിന്നല്‍ക്കഥകള്‍. ഈ അസംബന്ധത്തെ വിളംബരം ചെയ്യുന്നതാണ് ‘ശബരിമല ക്ഷേത്രവും കോടാലി സ്വാമിയു’ ടെയും തുടക്കം.
പരമശിവന്‍ നായരെ ശബരിമല തീവയ്പ് കേസ് അന്വേഷിക്കാനായി ആരും ചുമതലപ്പെടുത്തിയിരുന്നില്ല. ശബരിമല തീവയ്പുപോലെ അതീവ സങ്കീര്‍ണ്ണമായ ഒരു കേസ് അന്വേഷിക്കാന്‍ ആരുടെയും നിര്‍ദ്ദേശമില്ലാതെ ഒരു സബ് ഇന്‍സ്‌പെക്ടര്‍ ചാടിപ്പുറപ്പെടില്ല. അയാള്‍ കുറ്റാന്വേഷണത്തില്‍ എത്ര വിശാരദനാണെങ്കിലും – കൊല്ലം ഡി.എസ്.പി.ക്കായിരുന്നു അന്വേഷണ ചുമതല, കഴിയുന്നത്രവേഗത്തില്‍ ഡി.എസ്.പി. ശബരിമലയില്‍ എത്തി. തന്റെ ശ്രദ്ധയില്‍ പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി. ഇതാണ് അടിസ്ഥാനരേഖ. ഈ വസ്തുതകളെയാണ് കേശവമേനോനും ആശ്രയിച്ചത്. 20-6-1950ല്‍ ആണ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലും അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലും ശബരിമല സന്ദര്‍ശിച്ചത്. പരമശിവന്‍ നായരുടെ ഭാഷ്യമനുസരിച്ച് ഇതിനുശേഷമാണ് പോലീസ് കേസ്സെടുത്തതും സീനിയര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതും. ഇത്തരം ധാരാളം അസംബന്ധങ്ങള്‍ നിറഞ്ഞ ഒന്നാണ് കോടാലി സ്വാമിക്കഥ. ഈ കഥയിലെ കോടാലിയെക്കുറിച്ചു കൂടി നോക്കാം. മിന്നലിന്റെ കഥ അനുസരിച്ച് ശബരിമലയിലെ അതിക്രമങ്ങള്‍ക്ക് ശേഷം കോടാലി സ്വാമി തന്റെ മഴു ”കാട്ടിലെറിഞ്ഞിട്ട് കുമളി വഴി കോയമ്പത്തൂരെത്തി’. പരമശിവന്‍ നായര്‍ യഥാര്‍ത്ഥ കുറ്റാന്വേഷകനായിരുന്നു എങ്കില്‍ പ്രതിയെയും കൂട്ടി ആ കൊടാലി കണ്ടെത്താന്‍ ശ്രമിക്കുകയും അത് കണ്ടെടുക്കുകയും ചെയ്യുമായിരുന്നു. അതുണ്ടായില്ല. മാത്രവുമല്ല അതിനുള്ള ശ്രമങ്ങള്‍ പോലും നടന്നതായി രേഖപ്പെടുത്തിയിട്ടുമില്ല. പരമശിവന്‍ നായരുടെ ഉദ്ദേശശുദ്ധി തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.
ശബരിമല ശ്രീകോവില്‍ തകര്‍ക്കാനും വിഗ്രഹം ഉടയ്ക്കാനുമായി ഉപയോഗിച്ച ആയുധത്തെക്കുറിച്ച് കേശവമേനോന്‍ റിപ്പോര്‍ട്ടിലുള്ള ഭാഗം കൂടി നോക്കാം. ‘ശ്രീകോവിലിന്റെ പിച്ചള പതിച്ച വാതിലിലെ കയ്യേറ്റത്തിന്റെ പാടുകളും വിഗ്രഹത്തിന്റെ പുറത്തെ പാടുകളും കൂടി ഒന്നിച്ചുചേര്‍ത്തു നോക്കിയാല്‍, വിഗ്രഹം തകര്‍ക്കുന്നതിനായിട്ടാണ് ബലം പ്രയോഗിച്ച് അകത്തു കയറിയതെന്നും കതകില്‍ വെട്ടുന്നതിനും വിഗ്രഹം ഉടയ്ക്കുന്നതിനും ഉപയോഗിച്ച ആയുധം ഒന്നു തന്നെയാണെന്നും ഉള്ള തീരുമാനത്തില്‍ എത്തിച്ചേരാതിരിക്കാന്‍ നിര്‍വ്വാഹമില്ല. സംഭവസ്ഥലത്ത് ഒരു കോടാലി ഉണ്ടായിരുന്നു. കോടാലിയുടെ വായ്ത്തലയില്‍ പിച്ചളയുടെ അംശങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആ കോടാലി തന്നെയാണ് ശ്രീകോവിലിന്റെ കതകുപൊളിക്കാന്‍ ഉപയോഗിച്ചതെന്നുള്ളതു നിശ്ചയമാണ്’.
കേശവ മേനോനെക്കുറിച്ച് പരമശിവന്‍നായര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സസൂക്ഷ്മം പരിശോധിച്ചാല്‍ കേശവമേനോനെ അന്വേഷണചുമതല ഏല്പിച്ചതിലും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരും പോലീസുംചേര്‍ന്ന് ആസൂത്രണം ചെയ്ത പദ്ധതികള്‍ തകര്‍ത്തതിലുമുള്ള അമര്‍ഷമാണ് വെളിപ്പെടുത്തുന്നത്. ‘ദിവസങ്ങളും ആഴ്ചകളും കടന്നുപോയിട്ടും പ്രതികളെക്കുറിച്ചു യാതൊരു സൂചനയും ലഭിച്ചില്ല. ഗവണ്‍മെന്റ് തലത്തില്‍ ആലോചിച്ച് മദ്രാസ് പോലീസില്‍ ജോലി ചെയ്തിരുന്ന കേശവമേനോന്‍ എന്നൊരു ഡി.വൈ.എസ്.പിയെ പ്രത്യേക ചുമതലകളും അധികാരവും നല്‍കി ഈ കേസ് അന്വേഷിക്കുവാന്‍ ഗവണ്‍മെന്റ് അന്വേഷണത്തിന് വേണ്ട എല്ലാ സഹായങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ആഴ്ചകളും മാസങ്ങളും കടന്നുപോയിട്ടും കേശവമേനോന്റെ അന്വേഷണത്തിനും ഒരു പുരോഗതിയും ഉണ്ടാക്കാന്‍ സാധിച്ചില്ല.’ ഇതും യാഥാര്‍ത്ഥ്യവിരുദ്ധമായ പ്രസ്താവനയാണ്. നിയമസഭാരേഖകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. നാം അത് കണ്ടു കഴിഞ്ഞു.
കേശവമേനോന്റെ റിപ്പോര്‍ട്ടിനെ മറിക്കടക്കാനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാരായണപിള്ളയേയും സംഘത്തേയും ‘രഹസ്യമായി’ നിയമിച്ചത്. എന്നാല്‍ ഈ നിയമനം രഹസ്യമല്ലായിരുന്നു എന്നതിന് നിയമസഭാരേഖകള്‍ സാക്ഷ്യം വഹിക്കുന്നു. മിന്നല്‍ കഥകളില്‍ നിന്നും ശബരിമലയ്ക്ക് എതിരായ ഗൂഢാലോചനയില്‍ സര്‍ക്കാരിനും പോലിസ്സിനും തുല്യപങ്കാണുള്ളത്. യഥാര്‍ത്ഥ പ്രതികള്‍ക്ക് പകരം ഒരു ബിനാമി കുറ്റവാളിയെ കണ്ടെത്തുക എന്നതായിരുന്നോ പോലീസിന്റെ ലക്ഷ്യം എന്ന് സംശയിക്കാന്‍ ഇട നല്‍കുന്നതാണ് ‘മിന്നല്‍ക്കഥ’. ഇവ കൂടി പരിശോധിക്കാം.
‘എന്തു ത്യാഗം ചെയ്തും ശബരിമല അയ്യപ്പക്ഷേത്രം അഗ്നിക്കിരയാക്കിയവരെ വെളിച്ചത്തുകൊണ്ടുവന്നേ മതിയാവൂ എന്ന് ഐജി ചന്ദ്രശേഖരന്‍ നായര്‍ നാരായണപിള്ളയെ ഉദ്‌ബോധിപ്പിച്ചു. ഐ.ജി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന എസ്.ഐ. പരമശിവന്‍ നായരെയും നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരും അയ്യപ്പഭക്തന്മാരുമായ മൂന്നോ, നാലോ കോണ്‍സ്റ്റബിള്‍മാരേയും കൂട്ടി രഹസ്യമായി ഒരു സമാന്തര അന്വേഷണം നടത്തണമെന്നും അതിന് എ.ആര്‍.ക്യാമ്പില്‍ നിന്നും പിക്ക് അപ്പ് വാന്‍ എടുത്തുകൊള്ളണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇങ്ങനെ ഒരു സമാന്തര അന്വേഷണം നടത്തുന്നതു യാതൊരുകാരണവശാലും ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ അല്ലാതെ മറ്റാരും അറിയരുത്.
ഒടുവില്‍ ‘ശബരിമലക്ഷേത്രത്തിന്റെ വടക്കു കിഴക്കുഭാഗത്ത് അന്നു നിന്നിരുന്ന ഒരു കൂറ്റന്‍ അരശ് വൃക്ഷത്തിന്റെ പോട്ടില്‍ താമസിക്കുന്നുണ്ടായിരുന്ന കോടാലി സ്വാമിയെ അവര്‍ കണ്ടെത്തി. ‘വിവരങ്ങള്‍ ഐ.ജി. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ചേമ്പറില്‍ ചെന്ന് അറിയിച്ചു. മുഖ്യമന്ത്രി വളരെ സന്തുഷ്ടനായിരുന്നുവെന്ന് ഐ.ജി.യില്‍ നിന്നും മനസ്സിലായി’.
‘കോടാലി സ്വാമിയുമായി ഞങ്ങള്‍ നേരേ തിരുവനന്തപുരത്തേക്കാണ് പോയത്. രാത്രി എട്ടുമണിയോടെ ഞങ്ങള്‍ തിരുവനന്തപുരത്തെത്തുകയും ഐ.ജിയുടെ വീട്ടിലെത്തി പ്രതിയെ കാണിക്കുകയും നടന്ന വിവരങ്ങള്‍ വിശദമായി അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലെ ഒരു മുറിയില്‍ കോടാലി സ്വാമിയെ സൂക്ഷിച്ചു… അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ രാത്രി സമയത്ത് കോടാലി സ്വാമിയെ കൊണ്ടു പോയി കാണിച്ചു. പ്രതി ഞങ്ങളോടു പറഞ്ഞതുപോലെ തന്നെ വിശദമായി സകലതും അദ്ദേഹത്തെയും അറിയിച്ചു.
നിയമവ്യവസ്ഥക്ക് നിരക്കാത്തതും അംഗീകരിക്കാന്‍ കഴിയാത്തതുമായ ഒരു പ്രവൃത്തിയായിരുന്നു ഐജി ചന്ദ്രശേഖരന്‍ നായരുടേത്. മുഖ്യമന്ത്രിയും പോലീസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ബീഭത്സമായ മുഖമാണിത്. യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനായി ഒരു ബലിമൃഗത്തെ കണ്ടെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. മുകളില്‍ ഉദ്ധരിച്ച വരികളിലെ അടിവരയിട്ട ഭാഗങ്ങള്‍ ഇതാണ് വെളിപ്പെടുത്തുന്നത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് നടത്താന്‍ കഴിയുന്നതായിരുന്നില്ല ശബരിമല തീവയ്പ്. ‘സംഭവസ്ഥലത്തെ പരിശോധനയില്‍ ഒരാള്‍ ഒറ്റയ്ക്കല്ല കൃത്യം ചെയ്തതെന്നുള്ളതിനും ഒന്നിലധികം ആളുകള്‍ ക്ഷേത്ര വളപ്പില്‍ കഴിച്ചുകൂട്ടിയതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്’ എന്നാണ് കേശവമേനോന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.
ഒരു പ്രവാചകന്റെ ദൃഷ്ടിയോടെ തന്റെ റിപ്പോര്‍ട്ടില്‍ കേശവമേനോന്‍ കുറിച്ചിട്ട വരികള്‍ മിന്നല്‍ക്കഥകള്‍ക്ക് മങ്ങല്‍ ഏല്പിക്കുന്നതായിക്കാണാം. ‘വിഗ്രഹാരാധനയെ സംബന്ധിച്ചിടത്തോളം ഒരു ഹിന്ദുവിന്റെ വികാരങ്ങള്‍ എന്തായിരുന്നാലും ഏതെങ്കിലും ഹിന്ദു ഒരു വിഗ്രഹം ഉടയ്ക്കുകയോ ക്ഷേത്രം തീവയ്ക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. വിഗ്രഹാരാധനക്കാരനല്ലെങ്കില്‍ അയാള്‍ ക്ഷേത്രത്തില്‍ പോകാതിരിക്കുമെന്നല്ലാതെ വിഗ്രഹം ഉടയ്ക്കുകയോ ക്ഷേത്രത്തിനു തീവയ്ക്കുകയോ ചെയ്യുന്നതിനിടയില്ല. ക്ഷേത്രത്തിനു തീവയ്ക്കുകയും വിഗ്രഹം ഉടയ്ക്കുകയും ചെയ്ത രീതിയില്‍ നിന്നും തെളിയുന്നതുപോലെ ഈ കുറ്റം ഒരു ഭ്രാന്തന്റെ പ്രവൃത്തി അല്ലതന്നെ. ഈ പശ്ചാത്തലത്തില്‍ മിന്നല്‍ പരമശിവന്‍ നായരുടെ കഥയെ പൂര്‍ണ്ണമായും അവഗണിക്കുകയാണ് ഏറെ അഭികാമ്യം. കാലം കഴിയും തോറും വജ്രകാന്തിയോടെ കേശവമേനോന്റെ റിപ്പോര്‍ട്ട് പുതിയ പുതിയ കണ്ടെത്തലുകള്‍ക്ക് മറുപടി നല്‍കിക്കൊണ്ടേയിരിക്കും. കാരണം സ്വര്‍ണ്ണപാത്രത്താല്‍ മൂടപ്പെട്ട സത്യത്തിന്റ മുഖമാണത്. ഹേ! പൂഷാവേ നീ അത് തുറക്കൂ!
കെ. കേശവമേനോന്‍
1900-1969മദിരാശി പോലീസ് സര്‍വ്വീസിലെ അതിപ്രഗത്ഭനായ കുറ്റാന്വേഷണ വിദഗ്ദ്ധരില്‍ ഒരാളായിരുന്നു കൊല്ലായിക്കല്‍ കേശവമേനോന്‍ 1900-1969.(Kollaikal Kesava Menon)കുറ്റാന്വേഷണരംഗത്ത് അദ്ദേഹം പ്രദര്‍ശിപ്പിച്ച മികവിന്റെ അടിസ്ഥാനത്തില്‍ 1949-ല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് ആറാമന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നല്‍കുന്ന വിശിഷ്ട സേവനപുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഭാരതത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്.
പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ അദ്ദേഹം മദ്രാസില്‍ ഡി.വൈ.എസ്.പിയായിരിക്കവെയാണ് ഡെപ്യൂട്ടേഷനില്‍ ശബരിമല തീവയ്പുകേസ് അന്വേഷിക്കാന്‍ നിയുക്തനാവുന്നത്. 1950 സപ്തംബര്‍ 8 ന് ആയിരുന്നു ഈ നിയമനം. ഇതിന് കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരവും ഉണ്ടായിരുന്നു. കേസ് അന്വേഷണത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് അന്നത്തെ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം റോഡ് മാര്‍ഗ്ഗം സ്വയം ജീപ്പ് ഓടിച്ചാണ് അദ്ദേഹം കേരളത്തിലെത്തിയത്. അന്വേഷണചുമതല ഏറ്റെടുത്ത് രണ്ടു ദിവസങ്ങള്‍ക്ക് ഉള്ളില്‍ കേശവമേനോന്‍ അന്വേഷണം ആരംഭിച്ചതായി തീവയ്പ് കേസിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് ഗ്രഹിക്കാം.
1954-ല്‍ സര്‍വ്വീസ്സില്‍ നിന്ന് വിരമിച്ചതിനുശേഷം ഭാര്യയുടെ സ്ഥലമായ കോഴിക്കോട്ടായിരുന്നു അദ്ദേഹം ശിഷ്ടകാലം കഴിച്ചുകൂട്ടിയത്. ഇക്കാലത്ത് തന്റെ കുറ്റാന്വേഷണ അനുഭവങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുറ്റാന്വേഷകന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പരമ്പര എഴുതുകയുണ്ടായി. ഇതിന്റെ ഒന്നാംഭാഗം കോഴിക്കോട് പി.കെ. ബ്രദേഴ്‌സ് 1960ല്‍ പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. കോഴിക്കോട് മാങ്കാവ് വെങ്യാലില്‍ കുടുംബമായിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ജാനകിയമ്മ. ഇവര്‍ക്ക് ഒരു മകനും മകളുമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ കരസേനയില്‍ മേജറായിരുന്നു മകന്‍ ചന്ദ്രശേഖരന്‍. മകള്‍ രത്‌നംകുറുപ്പ്. അവിവാഹിതനായ മകനും വീട്ടമ്മയായിരുന്ന മകളും മദിരാശിയിലായിരുന്നു താമസം. അവര്‍ മരിച്ചിട്ട് വര്‍ഷങ്ങളായി. കേശവമേനോന്റെ ഇളയ സഹോദരന്‍ കെ. പരമേശ്വര മേനോന്‍ മദ്രാസ് പോലീസ് സര്‍വ്വീസില്‍ സിറ്റിപോലീസ് കമ്മീഷണറായിരുന്നു. തിരുകൊച്ചി പോലീസ് സര്‍വ്വീസില്‍ ചേരാന്‍ അദ്ദേഹത്തിന്റെ മേല്‍കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എങ്കിലും തീവയ്പുകേസ് അന്വേഷണം പൂര്‍ത്തിയാക്കി അടുത്ത ദിവസം അദ്ദേഹം മദിരാശിയിലേക്ക് മടങ്ങി.
(അവസാനിച്ചു)
To read part 2 visit https://kesariweekly.com/31561