കലാകൗമുദിയില്‍ (ആഗസ്റ്റ് 21-28) ആര്‍. ശ്രീജിത്ത് വര്‍മ എഴുഎഴുതിയ ‘എന്റെ കാവ്യ വിരോധിയായ കൂട്ടുകാരനെക്കുറിച്ച്’ എന്ന കവിത ഒരു നല്ല കവിതയേയല്ല. എങ്കിലും കവി കാവ്യകലയെക്കുറിച്ച് പൊതുവെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ‘പരീക്ഷയ്ക്ക് കാണാപ്പാഠം പഠിക്കേണ്ടി വന്നതിനാല്‍ കവിതയെ വെറുത്ത ഒരു കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നു’ എന്നിങ്ങനെയാണ് തുടക്കം. പരീക്ഷക്ക് കവിത കാണാതെ പഠിക്കുക എന്ന സമ്പ്രദായം ഇന്നില്ല. കുട്ടികളുടെ ഓര്‍മ്മശക്തിയെ കൂടുതല്‍ മൂര്‍ച്ഛയുള്ളതാക്കാന്‍ പണ്ടുകാലത്തു സ്വീകരിച്ചിരുന്ന ഒരു രീതിയാണ് കാണാതെ പഠിക്കല്‍. ഋഗ്വേദം മുഴുവനും കാണാതെ പറയുന്നവര്‍ കേരളത്തിലുണ്ടായിരുന്നു. ഇന്ന് ആരെങ്കിലും ഉണ്ടോ എന്നു സംശയം. ശക്തിഭദ്രന്‍ ‘ആശ്ചര്യ ചൂഡാമണി’ ശങ്കരാചാര്യരെ വായിച്ചു കേള്‍പ്പിച്ചെങ്കിലും മൗനവ്രതത്തിലായിരുന്ന ആചാര്യന്‍ മറുപടിയൊന്നും പറയാത്തതിനാല്‍ തന്റെ കാവ്യം മോശമെന്നു കരുതി കത്തിച്ച് കളഞ്ഞെന്നും പിന്നീട് ശങ്കരന്‍ ഓര്‍മ്മയില്‍ നിന്ന് അതു മുഴുവന്‍ ചൊല്ലികേള്‍പ്പിച്ചു കൊടുത്തെന്നും ഒരു കഥയുണ്ട്.
അത്തരം വലിയ ഓര്‍മ്മശക്തി കമ്പ്യൂട്ടര്‍ നിയന്ത്രിതമായ പുതിയകാലത്ത് ആവശ്യമുണ്ടോ? ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും (Memory and Intelligence) തമ്മില്‍ ബന്ധമുണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നാണ് പല മനശ്ശാസ്ത്രപഠനങ്ങളും കാണിക്കുന്നത്. കൂടുതല്‍ ഓര്‍ക്കാന്‍ കഴിയുന്നവര്‍ അത്തരം കഴിവുകള്‍ ഇല്ലാത്തവരേക്കാള്‍ കൂടുതല്‍ ഐ.ക്യു (Intelligence Quotient) ഉള്ളവരാണെന്ന് എഡ്വാര്‍ഡ് എ.ഡബ്‌ള്യു.എച്ച് നെപ്പോലുള്ള മനശ്ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഐ.ടി. കേന്ദ്രിതമായ സംഗതികളിലും ഓര്‍മ്മയ്ക്ക് ചെറുതല്ലാത്ത ഒരു പങ്കുണ്ട്. അതുകൊണ്ടു തന്നെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങളിലൊന്നായ കവിത കാണാതെ പഠിക്കല്‍ വിദ്യാഭ്യാസത്തില്‍ നിന്നും ഒഴിവാക്കിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.
കവിത കാണാതെ പഠിക്കുന്നതുകൊണ്ട് പ്രത്യക്ഷത്തില്‍ ഒരു പ്രയോജനവുമില്ലെങ്കിലും നമ്മുടെ സംസ്‌കാരത്തിന്റെ വിനിമയം അതിലൂടെ നടക്കുന്നുണ്ട്. എഴുത്തച്ഛനെയും കുഞ്ചന്‍ നമ്പ്യാരെയുമൊക്കെ മനപ്പാഠമാക്കിയ പഴയതലമുറയ്ക്ക് ഇന്നത്തെ ചെറുപ്പക്കാരെക്കാള്‍ ഭാഷാ നൈപുണ്യമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല. വലിയ കവികള്‍ ഭാഷയുടെയും സംസ്‌കാരത്തിന്റെയും മുദ്രകളായി തലമുറകളുടെ ഹൃദയത്തില്‍ പതിഞ്ഞു കിടക്കേണ്ടതാണ്. ആ മുദ്രകളില്ലാത്ത സമൂഹം വന്ധ്യമായിത്തീരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അങ്ങനെയൊരു ദുരന്തത്തിലേയ്ക്ക് നമ്മുടെ തലമുറയെ എറിഞ്ഞു കൊടുക്കാന്‍ പാടില്ല. പഴയകവിതകള്‍ കാണാതെ പഠിക്കാന്‍ കുട്ടികളെ നിര്‍ബ്ബന്ധിക്കുകയും പരീക്ഷയില്‍ അതു പരിശോധിക്കുകയും വേണം. ഭാഷാപരമായ ഓര്‍മ്മശക്തി പരീക്ഷണം അത്യാവശ്യംതന്നെയാണ്. ഗണിതത്തിലും ഇക്വേഷനുകള്‍ കാണാതെ പഠിക്കുകയല്ലേ തരമുള്ളൂ.
ഛന്ദസ്, പ്രാസം, അലങ്കാരം ഇതൊക്കെ കുട്ടികള്‍ പഠിക്കണമോ എന്നതാണ് അടുത്ത ചോദ്യം. ഗഹനമായി പഠിച്ചില്ലെങ്കിലും ഏകദേശ ധാരണ കുട്ടികള്‍ക്കു കൊടുക്കേണ്ടതു തന്നെയാണ്. അവയൊക്കെ ഭാഷ ശുചിയായി ഉപയോഗിക്കാന്‍ അനിവാര്യമാണ്. ‘വണ്ടിണ്ട മണ്ടിന കൊണ്ടലിണ്ട പോലെ ചുരണ്ട കണങ്കാല്‍ കൊണ്ടൊരു മുടിയും’ എന്ന് ഇന്നാരും എഴുതാറില്ല. എങ്കിലും അതില്‍ അനുപ്രാസത്തിന്റെ പ്രയോഗഭംഗിയുണ്ട്. അതുകുട്ടികള്‍ അറിഞ്ഞിരിക്കണം. അതവരുടെ ഭാഷാജ്ഞാനത്തെ ഉയര്‍ത്തുകയും ഉണര്‍ത്തുകയും ചെയ്യും. പ്രായോഗികതമാത്രം നോക്കി നമുക്ക് ഒന്നും ചെയ്യാനാവില്ല. അങ്ങനെ നോക്കിയാല്‍ മനുഷ്യബന്ധങ്ങളും അര്‍ത്ഥശൂന്യമാകും. ഭാഷാപഠനത്തിലെ ഉപയുക്തതാവാദികള്‍ (Utilitarians) പറയുന്നതുപോലെ ഭാഷ വിനിമയത്തിനു മാത്രമുള്ളതല്ല. സംസ്‌കാരത്തിന്റെ വാഹകകര്‍മവും ഭാഷയിലൂടെയാണു നടക്കേണ്ടത്. അതിന് എല്ലാവ്യവസ്ഥകളും ദൃഢമായ ഭാഷതന്നെ വേണം. ‘ദൃഢം’ എന്നത് ഭാഷയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. നിയമങ്ങള്‍ കാലാകാലങ്ങളില്‍ മാറിക്കൊണ്ടേയിരിക്കും എന്നത് ഭാഷയുടെ സവിശേഷതയാണ്. അവയെ അതാതുകാലത്തുതന്നെ കണ്ടെത്തി വ്യവസ്ഥപ്പെടുത്തുന്നതിനെയാണ് ‘ദൃഢം’ എന്നുദ്ദേശിച്ചത്. അല്ലാതെ നൂറ്റാണ്ടു കാലത്തേയ്ക്കും ഇളകാത്ത സ്ഥിരം നിയമങ്ങളല്ല. അതൊരിക്കലും സംഭവ്യമല്ല.
‘ഉദാത്തരാഷ്ട്രത്തില്‍ നിന്ന് പ്ലേറ്റോ പുറത്താക്കിയ കവിതയെ ഇതാ ഞാന്‍ വീണ്ടും പുറത്താക്കുന്നു’ എന്ന കൂട്ടുകാരന്റെ വെല്ലുവിളിക്ക് കവിയുടെ മറുപടി കവിത ദൈവദത്തമായ ഭ്രാന്താണെന്നും പ്ലേറ്റോ പറഞ്ഞിട്ടുണ്ടെന്ന ആത്മഗതമാണ്. അയോണ്‍ (Ion) എന്ന കൃതിയിലാണ് പ്ലേറ്റോ സോക്രട്ടീസിന്റെ അഭിപ്രായമായി കവിതയെക്കുറിച്ച് ഇങ്ങനെ പറയുന്നത്. ലോകത്തിന്നുവരെയുണ്ടായിട്ടുള്ള പതിനായിരക്കണക്കിനു നിര്‍വ്വചനങ്ങള്‍ക്കുള്ളില്‍ ഒന്നിലും ഒതുങ്ങുന്നതല്ല കവിത. ആത്യന്തികമായ ഒരു കലാസൃഷ്ടിയാണത്. മനുഷ്യമസ്തിഷ്‌കം സൃഷ്ടിക്കുന്ന ഒരു കലോല്‍പന്നമാണ് (Artefact) കവിത. നിര്‍വ്വചനങ്ങളാല്‍ അതിനെ വിശദീകരിക്കുക എളുപ്പമല്ല. എങ്കിലും മനുഷ്യന്റെ സാംസ്‌കാരികാവശ്യങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ട് അതിപ്പോഴും നിലനില്‍ക്കുന്നു. എല്ലാക്കാലത്തേയ്ക്കും അതുണ്ടാകും. രൂപം മാറിക്കൊണ്ടിരിക്കുമെങ്കിലും കവിത എന്ന കലാവസ്തു മനുഷ്യനാവശ്യമുള്ളതാണ്. കവിതയെക്കുറിച്ചു വിചാരപ്പെടാനിടയാക്കിയ ശ്രീജിത്ത് വര്‍മ്മയുടെ കവിത മെച്ചപ്പെട്ടതല്ലെങ്കിലും പ്രാധാന്യമുള്ളതാണ്.
കലാകൗമുദിയില്‍ പി.രവികുമാര്‍ രണ്ടു ലക്കങ്ങളായി എഴുതിയിരിക്കുന്ന ‘ആലാപനത്തിലെ സൃഷ്ടി പരത’ എന്ന ലേഖനം കര്‍ണാടക സംഗീതത്തെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിരിക്കുന്നു. ഈ ലക്കത്തില്‍ പരിചയപ്പെടുത്തിയവരുടെ കൂട്ടത്തില്‍ എം.ഡി. രാമനാഥനും ജോന്‍ ബി. ഹിഗ്ഗിന്‍സും ഉള്‍പ്പെടുന്നു. ദക്ഷിണേന്ത്യക്കാരായ സംഗീതവിദഗ്ദ്ധരെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് അമേരിക്കക്കാരനായ ഹിഗ്ഗിന്‍സ്. ത്യാഗരാജന്റെ പഞ്ചരത്‌നകൃതിയായ ശ്രീരാഗത്തിലുള്ള ‘എന്തരോമഹാനുഭാവുലുവും ‘കൃഷ്ണാനീ വേഗേനെ ബാറു’ എന്ന ഭജനും ഹിന്ദോളത്തിലെ തില്ലാനയുമൊക്കെ ഈ വൈദേശികന്‍ പാടുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. സാഹിത്യത്തിന്റെ വ്യക്തതയില്‍ നമ്മുടെ നാട്ടിലെ പാട്ടുകാര്‍ കാണിക്കുന്നതിനേക്കാള്‍ നിഷ്‌ക്കര്‍ഷ ഈ വിദേശ ഗായകനുണ്ടായിരുന്നു. മൂന്ന് വര്‍ഷം തമിഴ്‌നാട്ടില്‍ താമസിച്ച് അദ്ദേഹം നല്ല ഒരു ഭാഗവതരായി മാറുകയായിരുന്നു.
ഇന്നത്തെ തലമുറ ഏതാണ്ടു മറന്നു തുടങ്ങിരിക്കുന്ന ഗായകനാണ് എം.ഡി.രാമനാഥന്‍. എപ്പോഴും താഴ്ന്ന ശ്രുതിയില്‍ മാത്രം പാടിയിരുന്ന രാമനാഥന്‍ മറ്റെല്ലാ പാട്ടുകാരില്‍ നിന്നും വ്യത്യസ്തനായിരുന്നു. പലരും അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം ഒരിക്കലും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചില്ല. തന്റേതായ രീതിയില്‍ മാത്രം പാടി. ആര്‍ക്കും എവിടെയും തിരിച്ചറിയാം ‘അത് രാമനാഥന്റെ ശബ്ദം’ എന്ന്. അത്രയ്ക്കു വ്യത്യസ്തതയാണ് രാമനാഥന്‍ എന്ന അനുഗൃഹീതനായ സംഗീതജ്ഞന്‍ പുലര്‍ത്തിയത്. നമ്മുടെ പാരമ്പര്യ സംഗീത വഴിയില്‍ നിന്നും അകന്നു പോയതാണ് ഇക്കാലത്തെ ചലച്ചിത്ര സംഗീതം ആരും ശ്രദ്ധിക്കാതായതിനുകാരണം. നല്ല സംഗീത പരിചയമുള്ള സംവിധായകര്‍ രംഗത്തു വന്നാലേ കേരളത്തിലെ സിനിമാസംഗീതം രക്ഷപ്പെടുകയുള്ളു.
ഈ ലക്കം കലാകൗമുദിയില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന ചില കവിതകള്‍ കൂടിയുണ്ട്. അതിലൊന്നാണ് മിനി സുരേഷിന്റെ ‘പറയാന്‍ മറന്നവ’. വായിക്കുമ്പോള്‍ നെഞ്ചു പിടഞ്ഞു പോകുന്നതാണ് ‘പറയാന്‍ മറന്നവയുടെ ഉള്ളടക്കം. അകാലത്തില്‍ മരണം വന്നു വിളിച്ചപ്പോള്‍ ഒരു വീട്ടമ്മയുടെ ഹൃദയത്തിലൂടെ കടന്നു പോയിരിക്കാനിടയുള്ള വിചാരങ്ങളെ മിനി സമര്‍ത്ഥമായി അവതരിപ്പിച്ചിരിക്കുന്നു. മാധവിക്കുട്ടിയുടെ നെയ്പായസം വായിച്ചു കഴിയുമ്പോള്‍ ഹൃദയത്തിലുണ്ടാകുന്ന അതേ നൊമ്പരമാണ് ഈ കവിത വായിക്കുമ്പോഴും ഉണ്ടാകുന്നത്. കവിയ്ക്ക് ആ കഥ ഒരു പ്രചോദനം ആയിട്ടുണ്ടോ എന്ന് അറിയില്ല. കവിയോട് ചോദിക്കുകയേ വഴിയുള്ളൂ.
ധാരാളം ഉത്തരവാദിത്വങ്ങള്‍ ബാക്കി വച്ചാണ് വീട്ടമ്മ പടിയിറങ്ങിയത്. ”കൗമാരത്തിന്‍ തൃഷ്ണകള്‍ കൊരുത്തിട്ട അപരിചിത വഴികളിലൂടെയലയരുതെന്ന് അലസരായ മക്കളോട് ഉപദേശിക്കാതെ”, ‘പാലുകാരനും പത്രക്കാരനും കൊടുത്തുതീര്‍ക്കാനുള്ള കണക്കുകള്‍, ലോണടവിന്റെ കണക്കുകള്‍ ഒന്നും തീര്‍ച്ചപ്പെടുത്താതെയാണ് ആ വീട്ടമ്മ പോയത്. അവളുടെ പടിയിറക്കം നമ്മുടെ മനസ്സിലും നോവുവിരിയിക്കും. നല്ല ഒരു കവിതവായിച്ചതിന്റെ സുഖം ഒരു വേദനയായി മനസ്സില്‍ പടരുന്നു. കവിക്ക് അഭിനന്ദനങ്ങള്‍.