ആഗസ്ത് 14. റെസിഡന്‍സ് അസോസിയേഷന്റെ ഫ്‌ളാഗ് പോസ്റ്റ് തത്സ്ഥാനത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
അപ്പോഴാണ് കേശുവേട്ടന്‍ ആ വഴി വരുന്നത്.
‘ഇത് ഇന്നലെ വേണ്ടതായിരുന്നു. 13-ാം തീയതി.’
‘ശരിയാ.. നിലത്ത് കിടക്കുകയായിരുന്നത് ഇന്നെങ്കിലും ഒന്ന് ഉറപ്പിക്കട്ടെ.’
‘ആഗസ്ത് 14 ഉം ഇപ്പൊ ആചരിക്കുന്നുണ്ടല്ലോ.’
‘ഉവ്വ്.. അത് പി.എച്ച്.ഡി ആയല്ലേ?.. അതിനു പതാക ഉയര്‍ത്തലില്ല.’
‘എന്താ പി.എച്ച്.ഡി?’
‘പാര്‍ട്ടീഷന്‍ ഹൊറര്‍ ഡേ.. വിഭജന ഭീകര ദിനം..
‘ങാ ..അത് ശരി.. അത് തന്നെയാ ഞാനും ഓര്‍ത്തത്’
‘ശരിക്ക് ആഗസ്ത് 14 ‘വേള്‍ഡ് ലിസാര്‍ഡ് ഡേ’ ആണ് ‘ലോക പല്ലി ദിനമാണ്. അത് നന്നായി ആചരിക്കുന്നതും പല്ലി വിരോധികള്‍ക്ക് ക്ഷീണമുണ്ടാക്കും.’
കേശുവേട്ടന്‍ ചിരിച്ചു.
‘ലോകത്ത് അനേകം പല്ലികള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്. മുതലയും ഉടുമ്പും തൊട്ടു നമ്മുടെ ഗൗളി വരെ 5600 ലേറെ ഉരഗങ്ങള്‍ പല്ലിവര്‍ഗ്ഗത്തില്‍ പെടും.’
‘ദിനോസറുകളും വലിയ പല്ലികളായിരുന്നില്ലേ?’
‘അതെ. നമ്മുടെ ഓന്തിനെയും അരണയെയും സൂക്ഷിച്ചു നോക്കൂ. ദിനോസറുകളുടെ കൊച്ചു പതിപ്പാണെന്നു തോന്നും.’
‘ഹൌസ് ലിസാര്‍ഡ് എന്ന (ഗെക്കോ gekco) വീട്ടു പല്ലി അഥവാ ഗൗളി കര്‍ഷകന്റെ സുഹൃത്താണ്. പണ്ട് പഴയ വീടുകളിലെ തൂണുകളിലും ഉത്തരങ്ങളിലും ഗൗളി രൂപങ്ങള്‍ കൊത്തി വെച്ചത് കാണാം. വീടുകളിലെ കൊതുകുകള്‍, ഈച്ച, ചെറു കീടങ്ങള്‍ എന്നിവയെ പിടിച്ചു തിന്ന് പല്ലികള്‍ നമ്മെ സഹായിക്കുന്നു. ധാരാളം പല്ലികള്‍ വീട്ടില്‍ ഉണ്ടാവുമ്പോള്‍ അതിനെ ഉപദ്രവിക്കാതെ എങ്ങനെയൊക്കെയോ സഹകരിച്ചു ജീവിക്കുമായിരുന്നു നമ്മള്‍. ഇടയ്ക്ക് ഒരു ചീത്തവിളി, ഒരു ആട്ട്..അല്ലെ?.’
‘അതെ. മേലെ വീണാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍ നാം ഗൗളിശാസ്ത്രവും ഉണ്ടാക്കി ..ഹ..ഹ.’
കേശുവേട്ടന്‍ പല അന്ധവിശ്വാസങ്ങളും ഓര്‍ത്തു ചിരിച്ചു.
‘അന്ധവിശ്വാസങ്ങള്‍..അവിടെ ഇരിക്കട്ടെ.. ഇന്ന് ലോകം ‘ലോക പല്ലിദിനം’ ആചരിക്കുമ്പോള്‍ വിദേശരാജ്യങ്ങളിലെ പല്ലിസ്‌നേഹികളും പരിസ്ഥിതി ശാസ്ത്രജ്ഞരും നമ്മുടെ അത്തരം പുരാതന ചേഷ്ടകളുടെ പ്രാധാന്യം മനസ്സിലാക്കി നമ്മെ പുകഴ്ത്തില്ലേ? കാവുകളുടെ സംരക്ഷണവും അത് പോലെ ഒന്നല്ലേ ?’
‘ആരുണ്ട് ഇത്രയും സഹജീവി സ്‌നേഹം കാണിക്കുന്നവര്‍?’
‘പല്ലി വര്‍ഗ്ഗത്തില്‍ അതി മനോഹര നിറങ്ങളില്‍ കാണപ്പെടുന്ന നിറം മാറുന്ന ഓന്തുകള്‍ (കമീലിയോണ്‍) ആണ് കടുത്ത വംശനാശം നേരിടുന്നത്. മഡഗാസ്‌കറിലെ വനാന്തരങ്ങളിലാണ് അവ കാണപ്പെടുന്നത്. ദശലക്ഷം വര്‍ഷങ്ങള്‍ ഒറ്റപ്പെട്ട ദ്വീപായി കിടന്നിരുന്ന അവിടെ മറ്റ്എവിടെയും കാണാത്ത അനേകം അദ്ഭുത ജീവികള്‍ ഉണ്ട്. അവിടത്തെ 90 ശതമാനം കാടുകളും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു.’
‘അത് ശരി അപ്പൊ ലോക പല്ലിദിനം സീരിയസ് ആണല്ലേ?’ കേശുവേട്ടന്‍ അദ്ഭുതം കൂറിയത് കണ്ടു ഞാന്‍ കത്തി കയറി.
‘പല്ലി ബിസിനസ്സ്, മില്യണ്‍ ഡോളര്‍ ബിസിനസ്സ് ആണ്. അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലും ആളുകള്‍ പെറ്റ് – ഓമന – ആയി പല്ലികളെ വളര്‍ത്തുന്നു.
അലങ്കാര മത്സ്യ വിപണിപോലെ വന്‍ മാര്‍ക്കറ്റ് ആണ് അലങ്കാര ലിസാര്‍ഡ് മാര്‍ക്കറ്റ്. അതിനായി പ്രത്യേക കൂട്, ഭക്ഷണം എന്നിവ ഉണ്ടാക്കുന്ന വലിയ കമ്പനികളുണ്ട്. പുതിയ ഇനങ്ങള്‍ക്കായി കാട്ടില്‍ പോയി വേട്ടയാടലും പതിവാണ്. ചൈനയടക്കം പല രാജ്യങ്ങളും ഭക്ഷണത്തിനും മരുന്നിനും പല്ലിയെ ഉപയോഗിക്കുന്നു. നമ്മുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൗതുകം തോന്നിപ്പിക്കുന്നവയെ ഇപ്പോള്‍ രഹസ്യമായി നേപ്പാള്‍ വഴി ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നു. ചുമലില്‍ ചിത്രപ്പണികളുള്ള (പുള്ളിപ്പല്ലി) ഒരു റ്റോകെ പല്ലിക്ക് 70 ലക്ഷം രൂപ വരെയാണ് വില. ഈ അടുത്ത കാലത്ത് നേപ്പാള്‍ ബോര്‍ഡറില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ആള്‍ നാലര കോടി രൂപയ്ക്കുള്ള പല്ലികളെ കയറ്റി അയച്ചു എന്ന് അതിര്‍ത്തി സേനയോട് പറഞ്ഞുവത്രേ.’
‘ഇത് കേള്‍ക്കുന്ന മലയാളികള്‍ പള്ളിവേട്ടയ്ക്ക് .. അല്ല പല്ലിവേട്ടയ്ക്ക് ഇറങ്ങുമോ എന്തോ ?’
‘ഹ..ഹ..നമ്മുടെ നാട്ടിലും നിറം മാറുന്ന ഓന്തുകള്‍ ഉണ്ട്.’ കേശുവേട്ടന്‍ ചിരിച്ചു.
തല്ക്കാലം ദ്വയാര്‍ത്ഥം മറന്ന് ഞാന്‍ പറഞ്ഞു. ‘ഈയിടെ തിരുവനന്തപുരം ജില്ലയില്‍ പൂവാര്‍ കടല്‍ത്തതീരത്ത് കണ്ടെത്തിയ വിശറി ചെവിയന്‍ ഓന്തിന് വന്യ ജീവി ഫിലിം അവതാരകന്‍ ഡേവിഡ് അറ്റന്‍ബൊറോവിന്റെ പേരാണ് നല്‍കിയത്. സിറ്റാന ആറ്റന്‍ബോറോക്കി.’
‘നിറം മാറുക മാത്രമല്ല കുരയ്ക്കുന്ന ഓന്തുകളും ഉണ്ട്’.. ഹ.ഹ. റ്റൊക്കെ പല്ലികള്‍ ടോക് എന്ന് ശബ്ദമുണ്ടാക്കും.’
‘ചൈനക്കാര്‍ പല്ലികളെ തിന്നും അല്ലെ ?’
‘ചൈനക്കാര്‍ മാത്രമല്ല മറ്റു പല രാജ്യക്കാരും തിന്നും. ചൈനക്കാരുടെ ഇടയില്‍ ഒരു ചൊല്ലുണ്ട്. പുറം ആകാശം കാണിക്കുന്ന എന്തിനെയും പിടിച്ചു തിന്നാം.. തിരിച്ചു കടിക്കാത്തതിനെയൊക്കെ ഞാന്‍ തിന്നും എന്ന് ചില മലയാളികളും പറയാറില്ലേ?’
‘നമ്മളും ഉടുമ്പുകളെ തിന്നില്ലേ ? ഉടുമ്പ് ലേഹ്യം എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ.’
‘ശരിയാണ്. അറബികളും തിന്നും. മരുഭൂമിയില്‍ കാണപ്പെടുന്ന വലിയ പല്ലികള്‍ അവര്‍ക്ക് ‘ഹലാല്‍’ ആണ്. എന്നാല്‍ ചെറു പല്ലികള്‍ ഹറാമാണ്. ഗൗളികളെ കണ്ടാല്‍ ചവുട്ടി ഞെരിച്ചു കൊല്ലും. നമ്മുടെ നാട്ടിലെ ചില മുസ്‌ലിംകള്‍ പല്ലികളെ കണ്ടിടത്ത് വെച്ച് കൊല്ലും. മദ്രസ പഠനം കഴിഞ്ഞു വരുന്ന കുട്ടികള്‍ വേലിക്കല്‍ നില്‍ക്കുന്ന ഓന്തുകളെ ചൂണ്ടയിട്ട് പിടിച്ചു കൊല്ലുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മതപരമായ ഓരോരോ അന്ധവിശ്വാസങ്ങള്‍. എന്നിട്ട് അതിന് മത ‘പണ്ഡി’തന്മാര്‍(?) നിരത്തുന്ന ന്യായങ്ങളോ കേട്ടാല്‍ ചിരി വരും.. അപാരം!’
കേശുവേട്ടന്‍ കുലുങ്ങി ചിരിച്ചിട്ടു പറഞ്ഞു:
‘അപാരം…വൈവിധ്യപൂര്‍ണ്ണം ഈ പല്ലികളുടെ ലോകം അല്ലേ?’
‘തീര്‍ച്ചയായും.. കൊമ്പുകളുള്ള ഓന്തുകളുണ്ട്. ചിത്രം കണ്ടിട്ടുണ്ടോ? രണ്ടു കൊമ്പുകളുള്ളവയും മൂന്ന് കൊമ്പുകളുള്ളവയും ഉണ്ട്’
‘കൊമ്പുകള്‍, കുരയ്ക്കുക, നിറം മാറുക ആ ഗുണങ്ങളൊക്കെ മനുഷ്യര്‍ക്കും കാണാം. പ്രത്യേകിച്ചും കേരള രാഷ്ട്രീയക്കാര്‍ക്ക് അല്ലെ?’
‘തീര്‍ച്ച. കഴിഞ്ഞ സര്‍ക്കാരിനെതിരെ ഉണ്ടായ ഏറ്റവും വലിയ സമരം മാണിസ്സാറിനെതിരെയായിരുന്നു.. അദ്ദേഹത്തിന്റെ മകന്‍ നിറം മാറിയത് നോക്കൂ.’
ഒരെഴുത്തുകാരന്‍ ഈയിടെ എഴുതി. കേരളത്തില്‍ ചില മര ഓന്തുകളുണ്ട്. അവരുടെ വിചാരം അവര്‍ വലിയ ദിനോസറുകളാണെന്നാണ്. അങ്ങനെയാണ് അവര്‍ ഗുജറാത്ത് മുഖ്യമന്ത്രി മോദിക്ക് വിസ നല്‍കരുത് എന്ന് അമേരിക്കന്‍ പ്രസിഡന്റിന് കത്തെഴുതിയത്. അമേരിക്ക മോദിയെ നല്ല പോലെ പഠിച്ചു. താമസിയാതെ മോദി പ്രധാനമന്ത്രിയായി. പിന്നെ ചുകപ്പ് പരവതാനി വിരിച്ച് ക്ഷണിച്ചു. വീരപരിവേഷം, സര്‍വ്വസമ്മതന്‍! ഒക്കെയായി. മര ഓന്തുകളോ ചെറു കീടങ്ങളായി മരം കൊത്തിയുണ്ടാക്കിയ ചെറിയ പൊത്തിലേയ്ക്ക് നീന്തിക്കയറി ഒളിച്ചു.
‘ഹ..ഹ..’ കേശുവേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ‘സത്യം!’
‘കേശുവേട്ടന്‍ ആന്റണ്‍ ചെക്കോവിന്റെ ‘ഓന്ത്’ എന്ന വിശ്വപ്രസിദ്ധ ചെറുകഥ വായിച്ചിട്ടുണ്ടോ?’
‘ഇല്ല..’
‘അത് നിറം മാറുന്നതിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ്. രാഷ്ട്രീയക്കാരനല്ല ഒരു പോലീസുദ്യോഗസ്ഥനാണ് കഥാപാത്രം എന്ന് മാത്രം. റഷ്യയിലെ ചെറു പട്ടണത്തിലെ ഒരു കവല. അവിടെ ഒരു ആള്‍ക്കൂട്ടം. ഒരു പോലീസുദ്യോഗസ്ഥന്‍ കടന്നു വരുന്നു. എന്താ പ്രശ്‌നം? ഒരാളെ നായ കടിച്ചു, വിരലറ്റു. ഏതാ നായ? ആരുടെ നായ ? അടിച്ചു കൊല്ലണം നായയെ എന്നായി. ഉടമസ്ഥന്റെ സ്വഭാവദൂഷ്യം ചര്‍ച്ചാവിഷയമായപ്പോള്‍…’വേണ്ട പ്രതിഫലം മേടിച്ചു തരാം’ എന്ന് പോലീസുകാരന്‍. ജനം ഇരയ്‌ക്കൊപ്പം. സഹതാപ തരംഗം. പിന്നെയും നായയുടെ ഉടമസ്ഥനെ ചൊല്ലി അഭ്യൂഹങ്ങള്‍. നായയുടെ ഉടമസ്ഥന്റെ സമൂഹത്തിലെ പദവിക്കനുസരിച്ച് പോലീസുദ്യോഗസ്ഥനില്‍ നിറം മാറ്റം. അതിനിടയില്‍ ഒരാള്‍ പറഞ്ഞു, ഇച്ചങ്ങാതി കത്തിച്ച സിഗരറ്റ് നായയുടെ ചെവിയിലേക്ക് ഇട്ടതുകൊണ്ടാണ് നായ കടിച്ചത്.. എന്ന്. അത് കേള്‍ക്കലും പോലീസ് അയാളുടെ മേല്‍ ചാടി വീണു. പിന്നെയും അഭ്യൂഹം, മനം മാറ്റം. നിറം മാറ്റം. അവസാനം മേജറുടെ സഹോദരന്‍ ഈയിടെ നാട്ടിലെത്തിയിട്ടുണ്ട്. അയാളുടെ നായയാണ് എന്നാരോ.. അയാള്‍ പോലീസുദ്യോഗസ്ഥന്റെ പഴയ കൂട്ടുകാരനാണ്. അയാളെക്കൊണ്ട് എന്തോ കാര്യം സാധിക്കാനുമുണ്ട്. പിന്നെ പോലീസ് ഒന്നും നോക്കിയില്ല വിരല്‍ പൊക്കി നടക്കുന്ന കടിയേറ്റവനുമായി നേരെ പോലീസ് സ്റ്റേഷനിലേയ്ക്ക് …നടക്കടാ അങ്ങോട്ട്..!’
‘ഉഗ്രന്‍! .. ഓന്ത് എന്ന പേര് കഥയ്ക്ക് എത്ര അനുയോജ്യം!’
‘എന്തായാലും ഫ്‌ളാഗ് പോസ്റ്റ് ഫിക്‌സ് ചെയ്ത സ്ഥിതിക്ക് നാളെ രാവിലെ എട്ടരയ്ക്ക് തന്നെ എത്തണേ ..’ എന്ന് പറഞ്ഞു ഞാന്‍ വിട വാങ്ങി.
‘ഓന്തിനു ഉയരത്തിരുന്ന് കാഴ്ച്ചകള്‍ കാണാം അല്ലെ?’എന്ന് കേശുവേട്ടന്‍.
‘ഹ..ഹ..’ എന്ന് ഞാനും.