മലബാറില്‍ കലാസാഹിത്യ സാംസ്‌കാരിക ധൈഷണിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയ കേസരി ഭവനില്‍ നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന ‘നവരാത്രി സര്‍ഗ്ഗോത്സവം’ എന്ന സാംസ്‌കാരിക മഹോത്സവത്തിന് തിരിതെളിഞ്ഞു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന സര്‍ഗ്ഗോത്സവത്തിന് മുന്നോടിയായി സപ്തംബര്‍ 22 ന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര മേല്‍ശാന്തി കെ.എന്‍. സുബ്രഹ്മണ്യ അഡിഗയുടെ നേതൃത്വത്തില്‍ കേസരി ഭവനിലെ സരസ്വതീ മണ്ഡപത്തില്‍ സരസ്വതീ പൂജ നടന്നു. സപ്തംബര്‍ 26 ന് വൈകുന്നേരം ചലച്ചിത്ര സംവിധായകന്‍ വി.എം. വിനു സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരവും നവരാത്രി സര്‍ഗ്ഗോത്സവ സമിതി അദ്ധ്യക്ഷയുമായ വിധുബാല അധ്യക്ഷ ഭാഷണം നടത്തി. കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ ദേശാന്തര പ്രശസ്തരായ നിരവധി പ്രതിഭകളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ഈ വര്‍ഷത്തെ നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ പ്രസക്തഭാഗങ്ങള്‍…..
ഹിന്ദുസമാജം ശക്തിയുടെ ഉപാസകരാവണം-സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: ഹിന്ദുസമാജം ശക്തിയുടെ ഉപാസകരാവണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി നടന്ന സര്‍ഗ്ഗസംവാദത്തിന്റെ ആദ്യ ദിനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശക്തിയെ ആരാധിക്കുന്ന ഉത്സവമാണ് നവരാത്രി. ഒരാള്‍ എന്തിനെ ഉപാസിക്കുന്നുവോ അയാള്‍ അതുതന്നെ ആയിത്തീരുന്നു. ദേവശക്തികള്‍ ഒന്നിച്ചപ്പോഴാണ് ദേവി പ്രത്യക്ഷയായതും അധര്‍മ്മത്തിന് മേല്‍ വിജയം കൈവരിച്ചതും. സ്ത്രീ രൂപത്തിലുള്ള ശക്തിയെയാണ് നവരാത്രിക്കാലത്ത് ആരാധിക്കുന്നത്. സനാതനധര്‍മത്തിന്റെ ഏറ്റവും വലിയ മഹിമയാണിതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ഗ്ഗോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ശങ്കര്‍ മഹാദേവന്‍ സ്വാഗതവും ജയശ്രീ ഗോപീകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കുമാരി സുവര്‍ണ്ണ മുല്ലപ്പള്ളി പ്രാര്‍ത്ഥന ചൊല്ലി. സര്‍ഗ്ഗോത്സവത്തോടനുബന്ധിച്ച് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം രാവിലെ യുവകലാസാഹിതി മുന്‍ സംസ്ഥാന സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന നൃത്ത സന്ധ്യയില്‍ ഉമാ ഭട്ടതിരിപ്പാട് മോഹിനിയാട്ടം അവതരിപ്പിച്ചു.
ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം തിരിച്ചറിയണം-വി.എം. വിനു
കോഴിക്കോട്: പുതിയ തലമുറ ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം തിരിച്ചറിയണമെന്ന് ചലച്ചിത്ര സംവിധായകന്‍ വി.എം. വിനു. കോഴിക്കോട് നവരാത്രി സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ സംഘടനകളുടെ വളര്‍ച്ചയെ നേരിടാന്‍ പുതിയ തലമുറയെ സജ്ജീകരിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ഒരു തലമുറയെ തന്നെ ഇല്ലാതാക്കാന്‍ വേണ്ടി ലഹരിവസ്തുക്കള്‍ വ്യാപകമാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുകയാണ്. വിദ്യാലയങ്ങള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ നിയന്ത്രിക്കാന്‍ പറ്റാത്തവരായി വിദ്യാര്‍ത്ഥികള്‍ മാറുന്നു. ഇതിനെതിരെ ശക്തമായ ജനജാഗരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ സംസ്‌കാരം ശാസ്ത്രീയം -വിധുബാല
ഭാരതീയ സംസ്‌കാരം അങ്ങേയറ്റം ശാസ്ത്രീയമാണെന്ന് ചലച്ചിത്ര താരം വിധുബാല. നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടന സഭയില്‍ അദ്ധ്യക്ഷഭാഷണം നടത്തുകയായിരുന്നു അവര്‍. ആചാരങ്ങളുടെ ശാസ്ത്രീയത സംബന്ധിച്ച് ഇപ്പോള്‍ മിക്കവരും അജ്ഞരായിക്കൊണ്ടിരിക്കുകയാണ്. പുതു തലമുറ വഴിതെറ്റുന്നത് സംസ്‌കാരത്തില്‍ നിന്ന് അകലുന്നത് കാരണമാണെന്നും അവര്‍ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായത് ആദ്ധ്യാത്മിക നേതൃത്വം-പ്രൊഫ. കെ.പി. സോമരാജന്‍
കോഴിക്കോട്: ഭാരത സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായി പ്രവര്‍ത്തിച്ചത് ആദ്ധ്യാത്മിക നേതൃത്വമാണെന്ന് കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് റിട്ട. പ്രൊഫസര്‍ കെ.പി. സോമരാജന്‍. കേസരി ഭവനില്‍ കോഴിക്കോട് നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായുള്ള സര്‍ഗ്ഗസംവാദത്തില്‍ ഭാരതസ്വാതന്ത്ര്യ സമരത്തിലെ സന്ന്യാസി സ്വാധീനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ നടന്ന ആദ്യ നീക്കം 1770 ല്‍ ബംഗാളില്‍ നടന്ന സന്ന്യാസി പ്രക്ഷോഭമാണ്. ആ പ്രതിഷേധം ഏഴ് വര്‍ഷത്തോളം നീണ്ടു. സ്വാതന്ത്യസമര പരമ്പരയില്‍ ഏറ്റവുമൊടുവില്‍ നടന്നത് ക്വിറ്റിന്ത്യാ സമരമാണെന്ന് പഠിപ്പിക്കുന്നത് ശരിയല്ല. 1946 ല്‍ നാവിക കലാപം പടര്‍ന്നു പിടിച്ചു. വിവിധ പ്രദേശങ്ങളിലായി എഴുപതോളം കപ്പലുകളില്‍ സൈനികര്‍ പ്രക്ഷോഭം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രോവിഡന്‍സ് കോളജ് മലയാള വിഭാഗം മുന്‍ അധ്യക്ഷ ഡോ. നളിനി സതീഷ് അധ്യക്ഷയായി. മാധ്യമപ്രവര്‍ത്തകനായ ജിനേഷ് പൂനത്ത് ആശംസകളര്‍പ്പിച്ചു. പ്രിയ പി.ജി. സ്വാഗതവും വനജ എസ്. നായര്‍ നന്ദിയും പറഞ്ഞു. കുമാരി വൈഗ പ്രാര്‍ത്ഥന ചൊല്ലി.
സര്‍ഗ്ഗസംവാദത്തെ തുടര്‍ന്ന് ഭരതശ്രീ രാധാകൃഷ്ണന്‍ അവതരിപ്പിച്ച ഭരതനാട്യവും ശിവകുമാര്‍ അമൃതകലയും സംഘവും അവതരിപ്പിച്ച സോപാന സംഗീത ലയവും തിരുവാതിരക്കളിയും അരങ്ങേറി. വൈകുന്നേരം തളി ജ്ഞാനക്ഷേത്ര ആര്‍ട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ ഭജന അവതരിപ്പിച്ചു.
ആര്‍ഷസാഹിത്യം കാലാതീതം-ഡോ.ആര്‍.രാമാനന്ദ്
കോഴിക്കോട്: ആര്‍ഷസാഹിത്യം മനുഷ്യനെ ഉന്നതമായ ബോധാവസ്ഥയിലേക്ക് ഉയര്‍ത്തുന്നതും കാല ദേശാതിര്‍ത്തികളെ കവിഞ്ഞുനില്‍ക്കുന്നതുമാണെന്ന് ശിവം മാസിക ചീഫ് എഡിറ്റര്‍ ഡോ. ആര്‍. രാമാനന്ദ്. നവരാത്രി സര്‍ഗ്ഗസംവാദത്തിന്റെ മൂന്നാം ദിനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരെ കൈപിടിച്ച് ഉയര്‍ത്താനുള്ള ഉപാധിയായാണ് ഭാരതീയ കവി ശ്രേഷ്ഠര്‍ സാഹിത്യത്തെ കണ്ടത്. ഉന്നത ബോധാവസ്ഥയില്‍ കഴിയുന്ന കവിശ്രേഷ്ഠരുടെ ദര്‍ശനങ്ങളുടെ സംഘാതമാണ് ആര്‍ഷസാഹിത്യം. അതു മുക്തിയെക്കുറിച്ചു വിശദീകരിക്കുകയും മനുഷ്യനെ ബ്രഹ്മമാര്‍ഗത്തില്‍ മുന്നേറാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇന്ദ്രിയനിഗ്രഹം സാധിച്ച ആര്‍ക്കും ആര്‍ഷസാഹിത്യരചന സാധ്യമാണ്. ഋഷിത്വമില്ലാത്തവന്‍ കവിയല്ലെന്നും ദീര്‍ഘദര്‍ശിത്വമില്ലാത്തവനെ കവിയെന്നു വിളിക്കരുതെന്നുമാണ് ഭാരതീയ ചിന്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുനിത മണികണ്ഠന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ എം. സുധീന്ദ്രകുമാര്‍ സംസാരിച്ചു. ഭാവന സുമേഷ് സ്വാഗതവും ഉഷ പ്രകാശ് നന്ദിയും പറഞ്ഞു. കുമാരി ഗജാ പാര്‍വ്വതി പ്രാര്‍ത്ഥന ആലപിച്ചു. തുടര്‍ന്ന് തൃപ്പൂണിത്തുറ കെ.വി.എസ്.ബാബു, സുചിത്ര ഹൊള്ള എന്നിവരുടെ നേതൃത്വത്തില്‍ സംഗീത സദസ്സുകളും പ്രസന്ന പ്രകാശ്, സോന എന്നിവര്‍ നൃത്താര്‍ച്ചനയും അവതരിപ്പിച്ചു.
ആദികേരളത്തിന്റേത് ആര്‍ഷ സാംസ്‌കാരികപൈതൃകം-ഹരികൃഷ്ണന്‍ ഹരിദാസ്
കോഴിക്കോട്: ആദികേരളത്തിന്റേത് ഉന്നതമായ സാംസ്‌കാരിക പൈതൃകമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഹരികൃഷ്ണന്‍ ഹരിദാസ്. കോഴിക്കോട് നവരാത്രി സര്‍ഗ്ഗാത്സവത്തിന്റെ ഭാഗമായുള്ള സര്‍ഗ്ഗസംവാദത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമുദ്ര തീരങ്ങളും നദീതടങ്ങളും സംസ്‌കാരത്തിന്റെ വിളനിലങ്ങളായിരുന്നു. എന്നാല്‍ ഇവ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചരിത്രപഠനങ്ങള്‍ ഉണ്ടാകരുതെന്ന നിലപാടാണ് ഒരു വിഭാഗം ചരിത്രകാരന്മാര്‍ പുലര്‍ത്തിയത്. ഇത്തരമൊരു പഠനം നടത്തിയാല്‍ ഭൗതികമായും ആധ്യാത്മികമായും ഔന്നത്യം പുലര്‍ത്തിയിരുന്ന സംസ്‌കാരം ഇവിടെ നിലനിന്നിരുന്നുവെന്ന് വെളിപ്പെടും.
എന്നാല്‍ അത് ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കേരള ചരിത്രത്തില്‍നിന്നു വ്യത്യസ്തമായിരിക്കുമെന്നതിനാല്‍ വലിയ വിഭാഗം ചരിത്രകാരന്മാരും ഇതിനെ എതിര്‍ക്കുകയാണ്. ഈ നിലപാട് കേരളത്തിന്റെ യഥാര്‍ഥ ചരിത്രം അറിയുന്നതിനു തടസ്സം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് റിട്ട. പ്രൊഫ. പത്മിനി നമ്പ്യാര്‍ അധ്യക്ഷയായി. ശ്രീജ സി.നായര്‍, സരളാ ദേവി എന്നിവര്‍ സംസാരിച്ചു. ആദിനാഥ് പ്രാര്‍ത്ഥന ചൊല്ലി.
തുടര്‍ന്ന് നിവേദിത സുധീഷ് ഭരതനാട്യം അവതരിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് മാതൃശക്തി, ഉത്തരേന്ത്യന്‍ സമിതി, നവരാത്രി മാതൃസമിതി, രാഷ്ട്രസേവികാ സമിതി, ബാലഗോകുലം കോഴിക്കോട് എന്നിവയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി.