പുരാവസ്തു ഗവേഷകന്‍, ചരിത്രകാരന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, സിംലയുടെ അക്കാദമിക് കൗണ്‍സില്‍ അംഗം, ഭാരതീയ വിചാരകേന്ദ്രം ഉപാദ്ധ്യക്ഷന്‍, എന്നീ നിലകളില്‍ ജ്വലിച്ചു നില്‍ക്കുമ്പോഴാണ് ഡോ.ഹരിശങ്കറെന്ന അമ്പത്തഞ്ചുകാരന്റെ ജീവിതയാത്രയ്ക്ക് വിധി വിരാമമിട്ടത്. പൂനാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നേടിയ ഗവേഷണബിരുദം(1999) പൂര്‍ത്തിയാക്കിയ രണ്ട് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോഷിപ്പുകള്‍. ഇന്ദ്രപ്രസ്ഥാ മ്യൂസിയം ഓഫ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിയോളജിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ പദവി, ഇറ്റലിയിലെ വെനീഷ്യന്‍ അക്കാദമി ഓഫ് ഇന്ത്യന്‍ സ്റ്റഡീസ് റിസര്‍ച്ച് അസോസ്സിയേറ്റ് എന്ന ചുമതല, പതിനൊന്നോളം ഗ്രന്ഥങ്ങള്‍, നിരവധി പ്രബന്ധങ്ങള്‍ ഹരിശങ്കറിന്റെ നേട്ടങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്.
ഭാരതീയ ദേശീയതയുടെ ബൗദ്ധിക അടിത്തറ ബലപ്പെടുത്തുന്നതിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതം. അദ്ദേഹം പുരാവസ്തു ഗവേഷണ മേഖലയുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് അവയ്ക്കിടയില്‍ ഒളിഞ്ഞു കിടന്നിരുന്ന പൗരാണിക തിരുശേഷിപ്പുകളെ വെളിച്ചത്തു കൊണ്ടുവന്നു. ചരിത്രം വസ്തുനിഷ്ഠമായി പഠിച്ചപഗ്രഥിച്ച് ചരിത്രകുതുകികള്‍ക്ക് മുന്നിലെത്തിക്കുകയും ചെയ്തു.
കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സില്‍ സ്വാധീനം നേടിയെടിയെടുത്ത സ്ഥാപിത താത്പര്യക്കാര്‍ ഗൂഢതന്ത്രത്തിലൂടെയാണ് ‘പട്ടണം’ ഉദ്ഖനന ഫലങ്ങള്‍ പുരാവസ്തു പണ്ഡിതരുടെ അറിവോ അംഗീകാരമോ ഇല്ലാതെ തന്നെ ദുര്‍വ്യാഖ്യാനം ചെയ്ത് തങ്ങളുടെ യജമാനന്മാരുടെ മുന്‍വിധിക്കനുസരിച്ച് വളച്ചൊടിച്ചത്. സ്വതന്ത്ര അക്കാദമിക സമൂഹത്തിന് സ്വീകരിക്കാനാകാത്ത അത്തരം വികലവ്യാഖ്യാനങ്ങള്‍ ചില വര്‍ഗീയ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നതറിഞ്ഞുകൊണ്ടുതന്നെ അവരുടെ കൂടെ ചേര്‍ന്ന് നിന്നാല്‍ വോട്ടും നോട്ടും തരപ്പെടുമെന്ന് കരുതിക്കളിച്ച രാഷ്ട്രീയ കക്ഷികള്‍ തത്പരകക്ഷികള്‍ക്ക് വിടുപണി ചെയ്യുകയും ചെയ്തു. വലിയ ശാസ്ത്രീയ പഠനങ്ങളും കണ്ടെത്തലുകളും നടന്ന സരസ്വതി ഉദ്ഖനന ഫലങ്ങള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങളില്‍ പ്രതിഫലിക്കാതിരിക്കുമ്പോള്‍ പുരാവസ്തു ശാസ്ത്രജ്ഞന്‍മാര്‍ കാണുകയോ അംഗീകാരം നല്‍കുകയോ ചെയ്യാതെ തന്നെ പട്ടണം ഉദ്ഖനന ഫലങ്ങള്‍ കേരളത്തിലെ സ്‌കൂള്‍ ചരിത്ര പാഠപുസ്തകത്തില്‍ പോലും കടത്തിക്കയറ്റി. അങ്ങനെ, കേരള ചരിത്രത്തെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്ക് പഠനഗവേഷണങ്ങളിലൂടെ വസ്തുതകള്‍ നിരത്തി ഡോ.ഹരിശങ്കര്‍ പ്രതിരോധം തീര്‍ത്തു.
കേരളം കൂട്ടക്കുരുതിയുടെ താലിബാന്‍ വഴിയിലേക്ക് നയിക്കപ്പെടുകയാണെന്ന വര്‍ത്തമാനകാല ഭീഷണിയിലേക്ക് പൊതുശ്രദ്ധയെ വിളിച്ചടുപ്പിച്ച് അനിവാര്യമായ പ്രതിരോധത്തിന് പ്രേരിപ്പിക്കുകയാണ് ഹരിശങ്കറിന്റെ അടുത്തകാലത്തിറങ്ങിയ ‘On the Cusp of a Holocaust: The Talibanization of Kerala’ എന്ന പുസ്തകം. വ്യത്യസ്ത താത്പര്യങ്ങള്‍ക്കുവേണ്ടി, കേരളത്തിലെ ഹൈന്ദവജനത ഉള്‍ക്കൊള്ളുന്ന ദേശീയ പക്ഷ ജനസമൂഹത്തിന് നേരേ വാളോങ്ങുന്ന പാക്-ചൈനാ-അമേരിക്കന്‍ വൈദേശിക ശക്തികളുടെ രണകുതന്ത്രങ്ങള്‍, അവര്‍ പണം ഒഴുക്കുന്നവഴികള്‍, അവരില്‍ ഓരോരുത്തരുടെയും കൂട്ടുകക്ഷികളായ പ്രാദേശിക ശക്തികള്‍, അവര്‍ തമ്മില്‍ ചേര്‍ന്നൊരുക്കുന്ന ആക്രമണപദ്ധതികള്‍, അമേരിക്ക അഫ്ഗാന്‍ ഉപേക്ഷിച്ചതിനു ശേഷമുണ്ടായ അപകടകരമായ സാഹചര്യം, എല്ലാം കൃത്യമായി പുറത്തു കൊണ്ടുവന്ന് മുന്നറിയിപ്പുകള്‍ തന്ന ശേഷമാണ് ഹരിശങ്കര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
1921 ല്‍ മലബാറില്‍ മാപ്പിളമാര്‍ ഹിന്ദുക്കളുടെ മേല്‍ നടത്തിയ കൂട്ടക്കുരുതിയും കൊടുംക്രൂരതകളും മാര്‍ക്‌സിസ്റ്റ് ഇസ്ലാമികവര്‍ഗീയപക്ഷ കൂട്ടായ്മയുടെ വാടക ബുദ്ധിജീവികള്‍ നടത്തിയ കപടചരിത്രനിര്‍മ്മിതികളെ ഗഹനമായ അക്കാദമിക പഠനഗവേഷണങ്ങളിലൂടെ കണ്ടെടുത്ത വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയ വാദമുഖങ്ങളിലൂടെയാണ് ഡോ.ഹരിശങ്കര്‍ വെളിച്ചത്തെത്തിച്ചത്. അദ്ദേഹത്തിന്റെ ബിയോണ്ട് റാമ്പേജ് – വെസ്റ്റേഷ്യന്‍ കോണ്‍ടാക്‌സ് ഓഫ് മലബാര്‍ ആന്‍ഡ് ഖിലാഫത്ത് (Beyond Rampage – West Asian Contacts of Malabar and Khilafat) എന്ന ഗ്രന്ഥം കേരള ചരിത്ര പഠന ശാഖയ്ക്ക് എക്കാലത്തേക്കുമുള്ള മൂല്യവത്തായ സംഭാവനയാണ്. സാര്‍വ്വദേശീയ ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ പുന:സ്ഥാപനം ലക്ഷ്യമിട്ടു തുടങ്ങിയ രക്തരൂഷിതമായ ഖിലാഫത്ത് സമരവും ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കോണ്‍ഗ്രസ്സിന്റെ രക്തരഹിതസമരവും ഭാരതമാകെ ഒന്നിക്കാന്‍ തീരുമാനിച്ചപ്പോള്‍ മലബാറില്‍ അരങ്ങേറിയത് ഹിന്ദുക്കളുടെ മേലുള്ള മറ്റൊരു കടന്നാക്രമണമായിരുന്നെന്നതിനാണ് ഖണ്ഡിക്കാനാവാത്ത പ്രമാണിക തെളിവുകളുമായി ഹരിശങ്കര്‍ അടിവരയിട്ടത്. അതിനോടകം അവിടെ വളര്‍ന്നുകഴിഞ്ഞിരുന്ന മുസ്ലീം ഭൂപ്രഭുക്കന്മാരും മുതലാളിമാരും പാവപ്പെട്ട മാപ്പിളമാരെ മതത്തിന്റെയും ജിഹാദിന്റെയും പേരില്‍ തെരുവിലിറക്കി തങ്ങള്‍ക്ക് സാമ്പത്തികനേട്ടമുണ്ടാക്കുവാനും ഇസ്ലാം മതാനുയായികളുടെ എണ്ണം കൂട്ടുവാനും വേണ്ടി ഭൂവുടമകളും പട്ടിണിപ്പാവങ്ങളും എല്ലാമടങ്ങുന്ന ഹിന്ദുക്കളെ കടന്നാക്രമിക്കുകയും കൊന്നൊടുക്കുകയുമായിരുന്നെന്ന് അദ്ദേഹത്തിന്റെ പഠനം വ്യക്തമാക്കുന്നു. അന്ന് മലബാറില്‍ മുസ്ലീങ്ങളെല്ലാം പട്ടിണിപ്പാവങ്ങളായിരുന്നെന്നും ഹിന്ദുക്കളെല്ലാം ബൂര്‍ഷ്വാ-ജന്മി-മുതലാളിമാരായിരുന്നെന്നും അതുകൊണ്ട് അന്നവിടെ നടന്നതൊക്കെ വര്‍ഗസമരമായിരുന്നെന്നും പറഞ്ഞാല്‍ അത് വിശ്വസിച്ചേക്കാവുന്ന സാധാരണ കമ്യൂണിസ്റ്റുകാരനു പോലും ഹരിശങ്കറിന്റെ പുസ്തകം വായിച്ചു കഴിഞ്ഞാല്‍ നേര് അറിയാന്‍ ഇടവരുമെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, അന്തര്‍ദേശീയതലത്തില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് നേതൃത്വം സാമ്രാജ്യത്വ വികസനം ലക്ഷ്യമാക്കി മുസ്ലീം ലോകത്തെ ചതിച്ച് പോരിനിറക്കിയ ശേഷം ബ്രിട്ടീഷുകാരുമായി സന്ധിയിലൂടെ പിന്‍വാതില്‍ പ്രതിഫലം പറ്റിയ സോവിയറ്റുകമ്യൂണിസ്റ്റുകാര്‍ ഇസ്ലാമിക സമൂഹത്തെ ചതിക്കുകയായിരുന്നെന്നും ഹരിശങ്കറുടെ പുസ്തകത്തില്‍ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം.
കള്‍ച്ചറല്‍ ടെറെറിസം: കോണ്‍ഫ്‌ളിക്റ്റ്‌സ് ആന്‍ഡ് ഡിബേറ്റ്‌സ്(Cultural Terrorism: Conflicts and Debates) എന്ന ഗ്രന്ഥത്തിലൂടെ ഡോ.ഹരിശങ്കര്‍ സാംസ്‌കാരികവും സാമൂഹികവുമായ ചരിത്രം അപഗ്രഥിച്ച് കൊളോണിയല്‍ കാലത്തും അതിനുശേഷവും ഭാരതത്തിന്റെ ചരിത്രരചനകളിലും സാംസ്‌കാരികവും സാമൂഹികവുമായ ചരിത്രരചനാ സമ്പ്രദായങ്ങളിലും അധിനിവേശപക്ഷത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ പല പക്ഷത്തുനിന്നും നടത്തിയ ഇടപെടലുകളെ പഠനവിഷയമാക്കിയിരിക്കുന്നു. സമാനമായ ഇടപെടലുകള്‍ സാര്‍വദേശീയ തലത്തില്‍ ചൈനയും അമേരിക്കയും ഇസ്ലാമിക പക്ഷവും നടത്തിയതിനെയും വ്യത്യസ്ത ലേഖനങ്ങളിലൂടെ പഠന വിഷയമാക്കിയിരിക്കുന്നു. പുരാവസ്തുഗവേഷണത്തിനു വേണ്ടിയുള്ള ഉദ്ഖനനങ്ങളില്‍ പോലും ബാഹ്യശക്തികളുടെ മുഖംമൂടിയുള്ള ഇടപെടലുകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതാണ് ആ പുസ്തകം. സാംസ്‌കാരിക തീവ്രവാദത്തിലൂടെ അധിനിവേശത്തിനുള്ള അപകടകരമായ സാദ്ധ്യതകള്‍ അതില്‍ എണ്ണിയെണ്ണി വ്യക്തമാക്കുകയും ചെയ്യുന്നു.
Art and Archaeology of India: Stone Age to the Present എന്ന അദ്ദേഹത്തിന്റെ പുരാവസ്തുഗവേഷണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയും ആ മേഖലയിലുള്ളവരുടെ മുക്തകണ്ഠ പ്രശംസയ്ക്ക് അര്‍ഹത നേടിയതാണ്. ‘The Other as Hostile’ എന്ന ഉടനെ പുറത്തിറക്കാനിരിക്കുന്ന ഗ്രന്ഥവും ബൗദ്ധിക സമൂഹം പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്.
ഇസ്ലാമിക വര്‍ഗീയ പക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും പാശ്ചാത്യ മുതലാളിത്ത മതപരിവര്‍ത്തന ശക്തികളുടെയും അധിനിവേശ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിഷവൃക്ഷങ്ങളെ വിരല്‍ ചൂണ്ടിക്കാട്ടിത്തന്നു; അവ വളര്‍ന്നു നില്‍ക്കുന്ന മണ്ണും ആ മണ്ണിലിറങ്ങിയിരിക്കുന്ന വേരുകളും ആ വേരുകള്‍ക്ക് വെള്ളവും വളവും കിട്ടുന്ന സ്രോതസ്സുകളും വ്യക്തമായി രേഖപ്പെടുത്തി കാട്ടിത്തന്നു. ആ മരങ്ങളുടെ ഛായയില്‍ തണല്‍ തേടിപ്പോകാമെന്നോ അവയില്‍ നിന്നും വീഴുന്ന വിഷഫലങ്ങള്‍ കഴിച്ച് വിശപ്പടക്കാമെന്നോ കരുതി വെട്ടില്‍ വീഴാനിടയുള്ളവരുടെയും കണ്ണു തുറപ്പിക്കാന്‍ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു. സാംസ്‌കാരിക അധിനിവേശത്തിന്റെ പ്രതീകങ്ങളായ ആ വിഷവൃക്ഷങ്ങളെ വേരോടെ പിഴുതെറിയുവാന്‍ സനാതനധര്‍മ്മത്തിന്റെയും ഭാരതീയദേശീയതയുടെയും കരുത്തുള്ള കല്പവൃക്ഷം നട്ടുവളര്‍ത്തണം. പ്രതിരോധം തീര്‍ക്കണം. വിശ്വമാനവികതയ്ക്ക് വിമോചനത്തിന്റെ വഴിയൊരുക്കണം. ആ സന്ദേശം അക്ഷരത്തെ ആയുധമാക്കി ശിലാലിഖിതമായി കുറിച്ചിടുകയെന്ന ചരിത്ര നിയോഗം നിര്‍വഹിച്ച ശേഷമാണ് ഡോ.ഹരിശങ്കര്‍ എന്ന വേറിട്ട പ്രതിഭ വിടപറഞ്ഞുപോയത്. ഒരു ബൗദ്ധിക അഭിമന്യു തന്നെയാണ് കടന്നു പോയത്. അതുകൊണ്ടുതന്നെ അവശേഷിക്കുന്നവര്‍ ഓരോരുത്തരും പാര്‍ത്ഥന്മാരായി വീണ്ടും ശപഥങ്ങളെടുക്കണം. പാര്‍ത്ഥസാരഥികളും സമാജത്തില്‍ നിന്നുയരണം. അങ്ങനെയൊരു അരങ്ങൊരുക്കുന്നതാകും ഡോ.ഹരിശങ്കറിനും അദ്ദേഹത്തിന് മുമ്പ് കടന്നു പോയ വഴികാട്ടികള്‍ക്കും നല്‍കാവുന്ന ഉത്തമ ശ്രദ്ധാഞ്ജലി.
Comments