കല്‍പ്പറ്റയിലുള്ള രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം ആരാണ് തകര്‍ത്തത്? കോണ്‍ഗ്രസുകാരോ മാര്‍ക്‌സിസ്റ്റുകാരോ? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും വിജയന്‍ സഖാവിന്റെ പോലീസും പറയുന്നത് കോണ്‍ഗ്രസ്സുകാരാണ് എന്നാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് ഡിഫിക്കാര്‍ നടത്തിയ വിളയാട്ടത്തില്‍ തകര്‍ന്നതാണ് എന്നാണ്. ഇടത് സര്‍ക്കാരിന്റെ പൊലീസ് കണ്ടെത്തിയത് കരിമ്പിന്‍ തോട്ടത്തില്‍ കാട്ടാനക്കൂട്ടം പോലെ രാഹുലിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത ഡിഫി ഗുണ്ടകള്‍ ഗാന്ധിജിയുടെ ഫോട്ടോക്ക് മുമ്പിലെത്തി രഘുപതി രാഘവ പാടി എന്നാണ്. അതിനുശേഷം ഗാന്ധി ചിത്രത്തില്‍ രക്തഹാരം സമര്‍പ്പിച്ച് ലാല്‍ സലാം ഗാന്ധി സഖാവേ എന്ന് മുദ്രാവാക്യം മുഴക്കിയ ശേഷമാണ് സഖാക്കള്‍ സ്ഥലംവിട്ടത് എന്നും പോലീസിന് ബോധ്യപ്പെട്ടു. പിന്നീട് കോണ്‍ഗ്രസ്സുകാര്‍ ഓഫീസില്‍ കയറിയശേഷം അതാ ഗാന്ധി ഫോട്ടോ ഉടഞ്ഞ നിലയില്‍ താഴെ കിടക്കുന്നു! ഇത്രയും തെളിവു പോരെ കോണ്‍ഗ്രസ്സുകാരാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നതിന്. വീഡിയോയില്‍ ഡിഫി സഖാക്കള്‍ സ്ഥലം വിട്ട ശേഷവും ഗാന്ധി ഫോട്ടോ ചുമരില്‍ തൂങ്ങിക്കിടക്കുന്നത് നാട്ടുകാരൊക്കെ കണ്ടതാണ്. സഖാക്കളുടെ വിളയാട്ടത്തില്‍ ഗാന്ധിജിക്കു പോലും രക്ഷയില്ല എന്നു കാണിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ഈ വേലത്തരം ചെയ്തു കൂടായ്കയില്ല.c
തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലും തലശ്ശേരിയിലും തളിപ്പറമ്പിലും ഒക്കെ അവര്‍ കാണിച്ചു കൂട്ടിയത് നിയമം കയ്യിലെടുക്കലായിരുന്നു. ജൂണ്‍ 13ന് രാത്രി പയ്യന്നൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സഖാക്കള്‍ അവിടെയുള്ള ഗാന്ധി പ്രതിമയുടെ തല വെട്ടി മടിയില്‍ വെട്ടുകല്ല് വെച്ച് അതിന്മേല്‍ ഗാന്ധിയുടെ തല പ്രതിഷ്ഠിച്ചു. മറ്റ് കോണ്‍ഗ്രസ് ഓഫീസുകളില്‍ ഗാന്ധിപ്രതിമ ഇല്ലാതിരുന്നത് ഭാഗ്യം. അമല്‍, അഖില്‍ എന്നീ രണ്ട് ഡിഫി പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് സഖാക്കളും കോണ്‍ഗ്രസ്സുകാരും ഗാന്ധി ഭക്തരാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. ഗാന്ധി ഭക്തിയില്‍ അവര്‍ മത്സരത്തിലാണ് താനും. പരസ്പരം ശത്രുത കാണിക്കുന്ന രണ്ടു ശിഷ്യന്മാര്‍ ഗുരുഭക്തി കാണിക്കാന്‍ അപരന്‍ തടവുന്ന ഗുരുപാദം കല്ലുവെച്ചു തകര്‍ത്ത കഥ ഓര്‍മ്മ വരുന്നില്ലേ? അത്തരം ഗാന്ധി ശിഷ്യരെ തിരിച്ചറിയാനുള്ള ഒരവസരമാണിത്.