മലയാള സാഹിത്യശാഖയിലെ കൃതികളെ വിചിന്തനം ചെയ്യുമ്പോള്‍ ‘ജ്ഞാനപ്പാന’ അലങ്കരിക്കുന്നത് മകുടത്തെത്തന്നെയാണ്. ദൈവശാസ്ത്രമോ തത്വശാസ്ത്രമോ ഖണ്ഡകാവ്യമോ ഭക്തിഗീതമോ എന്നെല്ലാം തര്‍ക്കങ്ങള്‍ തുടരുമ്പോള്‍ത്തന്നെ അതിന്റെ ഉത്കൃഷ്ട സ്ഥാനത്തില്‍ ആരും സംശയമുതിര്‍ക്കുന്നില്ല. ഇത്തരമൊരു കൃതി നമുക്ക് സമ്മാനിച്ചതാകട്ടെ, പൂന്താനം നമ്പൂതിരിയും. തണുപ്പുള്ള പ്രഭാതങ്ങളില്‍ ക്ഷേത്രദര്‍ശനത്തിന് പോയിരുന്ന കഴിഞ്ഞ തലമുറയുടെ സുഖമുള്ള ശ്രവണനാദമായിരുന്നു അതിലെ ഓരോ വരികളും. ഗായിക ലീല അമ്മയുടെ ഈണത്തിലാണ് നാമെല്ലാം ഒരുപക്ഷേ അത് ഉള്‍ക്കൊണ്ടിട്ടുണ്ടാവുക. ഇന്നത്തെ പുതുതലമുറയ്ക്ക് ആ വരികള്‍ അന്യമായോ എന്ന വേപഥു ഇവിടെ മറച്ചുവയ്ക്കുന്നില്ല.
”കൃഷ്ണ കൃഷ്ണ മുകുന്ദാജനാര്‍ദ്ദനാ…” എന്ന് തുടങ്ങി ലളിതമായ 362 വരികളിലൂടെ ജീവിതത്തിലെ കാണാപ്പുറങ്ങളെ അതിഭാവുകത്വം കലരാതെ ആവിഷ്‌കരിക്കാന്‍ ആ കവിശ്രേഷ്ഠന് കഴിഞ്ഞിരിക്കുന്നു. ഇഹലോകജീവിത വ്യര്‍ത്ഥതകളും ഭഗവത്‌സമരണയുമാണ് കൃതിയുടെ കാതല്‍. കാത്തിരുന്നുണ്ടായ മകന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ദുഃഖത്തില്‍ നിന്നുണ്ടായ വിലാപകാവ്യമായും ‘ജ്ഞാനപ്പാന’യെ കരുതിപ്പോരുന്നു. ”ഉണ്ണിക്കൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്” എന്ന വരികള്‍ ഇതിന് ഉപോത്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൃതി പൂര്‍ത്തിയായ ശേഷം തിരുത്തലിനായി മേല്പുത്തൂര്‍ ഭട്ടതിരിയെ സമീപിച്ചപ്പോള്‍ ആ ആവശ്യം ഭട്ടതിരി നിരസിച്ചെന്നും ഭഗവാന്‍ തന്നെ, ”മേല്പുത്തൂരിന്റെ വിഭക്തിയേക്കാള്‍ എനിക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണെ”ന്ന് ഉണര്‍ത്തിയതായും ഐതിഹ്യമുണ്ട്. ഭക്തിയും ജ്ഞാനവും കര്‍മ്മവും സമര്‍ത്ഥമായി അനുവാചക ലോകത്തേക്ക് ഈ കാവ്യത്തിലൂടെ പൂന്താനം സന്നിവേശിപ്പിച്ചിരിക്കുന്നു.
”കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വ്യഥാ” എന്ന വരികള്‍ മാനവരുടെ യുദ്ധവെറിക്ക് നേരെയുള്ള ചാട്ടുളിയാണ്.
അത്യാഗ്രഹികളുടെ ഒടുങ്ങാത്ത ആശയെ കവി പരിഹസിക്കുന്നു,
”എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മങ്ങിമങ്ങിക്കരേറുന്നു മോഹവും”
ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍ ഭഗവദ് ഇച്ഛയാണെന്ന് തിരിച്ചറിയാന്‍ ഉതകുന്ന വരികളാണ്.
”രണ്ടുനാലുദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍”
ഒരു വരിയില്‍ ആദ്യം രണ്ടക്ഷരമുള്ള ഒരു ഗണം, തുടര്‍ന്ന് മൂന്ന് അക്ഷരം വീതമുള്ള മൂന്ന് ഗണം എന്ന ‘സര്‍പ്പിണി’ വൃത്തത്തിലാണ് ‘ജ്ഞാനപ്പാന’ രചിച്ചിരിക്കുന്നത്.
ജ്ഞാനപ്പാന, ശ്രീകൃഷ്ണകര്‍ണാമൃതം, നൂറ്റെട്ടുഹരി, ഭാഷാകര്‍ണാമൃതം, സന്താനഗോപാലം പാന അഥവാ കുമാരഹരണം, ദശാവതാരസ്‌തോത്രങ്ങള്‍, നാരായണീയ സ്‌തോത്രങ്ങള്‍, രാഘവീയം, മഹാലക്ഷ്മീസ്തവം, വിഷ്ണുവിലാസം, പാര്‍ത്ഥസാരഥീസ്തവം തുടങ്ങി അന്‍പതിലേറെ കൃതികള്‍ പൂന്താനം രചിച്ചതായി കരുതപ്പെടുന്നു.
മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് പൊതുവെ കണക്കാക്കപ്പെടുന്നു. ഇല്ലപ്പേരില്‍ അറിയപ്പെട്ടിരുന്നതുകൊണ്ട് യഥാര്‍ത്ഥപേര് വ്യക്തമല്ല. മധ്യ കേരളത്തിലെ പഴയ വള്ളുവനാട് താലൂക്കില്‍ നെന്മേനി അംശത്തില്‍ (മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നിന്നും എട്ട് കി.മീ. വടക്ക് കീഴാറ്റൂര്‍) പൂന്താനം ഇല്ലത്ത് 1547നും 1640നും ഇടയില്‍ അദ്ദേഹം ജീവിച്ചിരുന്നു എന്ന് നിര്‍ണയിച്ചിട്ടുണ്ട്. മേല്പുത്തൂരിന്റെ സമകാലികനായിരുന്നു എന്ന് ധാരാളം പ്രമാണങ്ങള്‍ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ വീടായ പൂന്താനം ഇല്ലം ഇപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലാണ്.
‘ജ്ഞാനപ്പാന’യെ കവിയും എഴുത്തുകാരനുമായ ഡോ.ഗോപി കോട്ടൂര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ‘പൂന്താനം ഹിംസ് – ദ ഫൗണ്ടന്‍ ഓഫ് ഗോഡ്’ എന്ന പുസ്തകം കല്‍ക്കട്ടയിലെ ‘റൈറ്റേഴ്‌സ് വര്‍ക്ക്‌ഷോപ്പി’ല്‍ നിന്ന് പ്രസിദ്ധീകരിച്ചു. മംഗളാചരണം, കാലലീല, അധികാരിഭേദം, തത്വവിചാരം, കര്‍മഗതി, ജീവഗതി, ഭാരതമഹിമ, കലികാലമഹിമ, സംസാരവര്‍ണന, വൈരാഗ്യം, നാമമഹിമ തുടങ്ങിയ തലക്കെട്ടുകളില്‍ ‘ജ്ഞാനപ്പാന’യെ നമുക്ക് വ്യാഖ്യാനിക്കാം.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പതിവ് സദ്യയില്‍ പങ്കെടുത്തിരുന്ന പൂന്താനത്തോട് ഒരു ദിവസം ചില പ്രമുഖര്‍ക്കായി ഇരിപ്പിടം ഒഴിയാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു. അദ്ദേഹം വീട്ടിലേക്ക് പോയി. വീടിന്റെ ഇടതുഭാഗത്ത് ഭഗവാനെ പ്രതിഷ്ഠിക്കാനായി ഒരു ക്ഷേത്രം നിര്‍മിച്ചു. വീട്ടിലേക്ക് ഭഗവാനെ സദ്യയ്ക്കായി ക്ഷണിച്ചു. നിശ്ചയിച്ച ദിവസം അദൃശ്യനായ ആ ‘അതിഥി’ക്ക് പൂന്താനം ആതിഥ്യം നല്‍കി. 1640ല്‍ പൂന്താനം തന്റെ ഭൗതികദേഹം ഉപേക്ഷിച്ച് ഭഗവാനോടൊപ്പം വൈകുണ്ഠത്തിലേക്ക് നേരിട്ട് പോയതായി ഭക്തര്‍ വിശ്വസിക്കുന്നു.
പൂന്താനത്തിന്റെ ജന്മദിനത്തെക്കുറിച്ചുള്ള സൂചന ‘ജ്ഞാനപ്പാന’യില്‍ ലഭ്യമാണ്.
”കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രം അശ്വതിനാളെന്നും”
ആത്മകഥാംശം അദ്ദേഹം കൃതിയില്‍ ചാലിച്ചു എന്ന് കരുതാം. അതിനാല്‍ത്തന്നെ കുംഭമാസത്തിലെ അശ്വതിനാള്‍ അദ്ദേഹത്തിന്റെ ജന്മദിനമായി കണക്കാക്കി ‘പൂന്താനം ദിനം’ ആയി കൊണ്ടാടുന്നു. (2022ല്‍ മാര്‍ച്ച് 6 ആയിരുന്നു ഈ നാള്‍). ഗുരുവായൂര്‍ ദേവസ്വമാണ് ഈ ദിനാചരണം നടത്തുന്നത്. വിവിധയിടങ്ങളില്‍ ഈ ദിവസം ജ്ഞാനപ്പാന ആലാപനമത്സരം, സാംസ്‌കാരികോത്സവം എന്നിവ നടത്തിവരുന്നു. സാഹിത്യരംഗത്തെ സംഭാവനകള്‍ മാനിച്ച് 50001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന ‘ജ്ഞാനപ്പാന പുരസ്‌കാരം’ നല്‍കുന്നുമുണ്ട്.
‘കണ്ണന് നിവേദിച്ച പൂന്തേന്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട സ്‌തോത്രകൃതികള്‍ രചിച്ച പൂന്താനത്തിനെ ‘മലയാളത്തിലെ സൂര്‍ദാസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തെ അടുത്തറിയാന്‍ നമ്മുടെ ഇളം തലമുറയെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണ്.