രാഷ്ട്രീയ സ്വയംസേവക സംഘത്തിന് 2025ല്‍ നൂറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 1925ല്‍ നാഗ്പൂരിലാണ് സംഘം ആരംഭിച്ചത്. 2022 വിജയദശമി ദിനത്തില്‍ സംഘത്തിന് 97 വര്‍ഷം പൂര്‍ണ്ണമാവുന്നു. സംഘപ്രവര്‍ത്തനം സംഘപ്രവര്‍ത്തകരുടെ ത്യാഗവും പരിശ്രമവും ബലിദാനവും സമാജത്തില്‍ നിന്നും ലഭിക്കുന്ന വര്‍ദ്ധിച്ച പിന്തുണയും ഭഗവാന്‍ ശ്രീപരമേശ്വരന്റെ അനുഗ്രഹവും മൂലമാണ് നിരന്തരം മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്. അനേകം എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് സംഘശക്തി സമാജത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലായിടത്തും സംഘത്തെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നു. സംഘം അതിന്റെ ശതാബ്ദി എങ്ങനെ ആഘോഷിക്കുമെന്നറിയാന്‍ ജനങ്ങള്‍ ഉത്സുകരാണ്.
രാഷ്ട്രീയ സ്വയംസേവക സംഘം, സമാജത്തിലെ ഒരു സംഘടനയല്ല; മറിച്ച് മുഴുവന്‍ സമാജത്തിന്റെയും സംഘടനയാണ് എന്നതാണ് സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ (ഡോ.കെ.ബി.ഹെഡ്‌ഗേവര്‍) കാഴ്ചപ്പാട്. സംഘവും ഹിന്ദുസമാജവും പരസ്പരപൂരകമാണെന്നും മനഃശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ രണ്ടും ഒന്നാണെന്നും മുതിര്‍ന്ന പ്രചാരകനായ ദത്തോപന്ത് ഠേംഗ്ഡിജി പറഞ്ഞിരുന്നു. അതുകൊണ്ട് സംഘത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ട കാര്യമില്ല; കാരണം സംഘം സമാജം തന്നെയാണ്. സംഘമെന്ന തപസ്യയെ സമാജം മുഴുവന്‍ വ്യാപിപ്പിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. സംഘത്തിന്റെ രജത ജയന്തിയും ആഘോഷിക്കേണ്ടെന്ന് ഡോക്ടര്‍ജി പറഞ്ഞിരുന്നു. ആഘോഷങ്ങള്‍ക്ക് മുമ്പ് നാം ചെയ്യേണ്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. സംഘത്തെ മുന്നോട്ടു നയിക്കുന്നതിന് ഡോക്ടര്‍ജി മുഴുവന്‍ ശക്തിയും എടുത്ത് പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന് കേവലം 15 വര്‍ഷങ്ങളാണ് പ്രവര്‍ത്തിക്കാന്‍ കിട്ടിയത്. ശതാബ്ദി വര്‍ഷത്തിന് മുമ്പുതന്നെ സംഘപ്രവര്‍ത്തനം പൂര്‍ണ്ണമാക്കുക എന്നതാവണം നമ്മുടെ ശതാബ്ദി ആഘോഷം. ‘കര്‍മ്മനിരതമാവണം ജീവിതം കര്‍മ്മ പൂര്‍ത്തീകരണം വിശ്രമമവും’ എന്ന ഒരു ഗണഗീതം തന്നെയുണ്ട്. സംഘയാത്രയ്ക്ക് നാല് പ്രധാന ഘട്ടങ്ങളുണ്ട്. ആദ്യത്തേത് സംഘസ്ഥാപനം തൊട്ട് സ്വാതന്ത്ര്യം വരെയുള്ള ഘട്ടം. ഈ ഘട്ടത്തില്‍ ഒരേ മനസ്സോടെ, ഏകാഗ്രതയോടെ സംഘടനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്തെന്നാല്‍ ഹിന്ദുസമാജം സംഘടിതമാവുമെന്നും തോളോടുതോള്‍ ചേര്‍ന്ന് ഒന്നിച്ച് മുന്നേറുമെന്നും ഒരേ സ്വരത്തില്‍ ഒരേ മനസ്സോടെ ഹിന്ദുത്വത്തെപ്പറ്റി സംസാരിക്കുമെന്നുമുള്ള വിശ്വാസം നിര്‍മ്മിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് മുഴുവന്‍ പ്രവര്‍ത്തനവും നടന്നിരുന്നത്. സംഘ സ്വയംസേവകര്‍ സ്വാതന്ത്ര്യസമരം, സാമൂഹ്യ പരിഷ്‌ക്കരണം തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ വ്യക്തിപരമായി പങ്കെടുത്തിരുന്നുവെങ്കിലും, സംഘപ്രവര്‍ത്തകര്‍ എന്ന നിലയില്‍ പൂര്‍ണ്ണമായും സംഘപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
രണ്ടാം ഘട്ടത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ നിരന്തര സംഘര്‍ഷങ്ങളുടെ ഫലമായി ഉണ്ടായ സ്വാതന്ത്ര്യസമരത്തില്‍ നിന്നും ഭാരതീയ ചിന്തകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സമാജ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിദ്യാഭ്യാസം, രാഷ്ട്രീയം, തൊഴില്‍, കാര്‍ഷികം, വനവാസി സമൂഹം തുടങ്ങിയ മേഖലകളിലെല്ലാം വിവിധ സംഘടനകള്‍ നിലവില്‍ വന്നു. സമ്പൂര്‍ണ്ണ സമാജത്തിലും സ്വാധീനം ചെലുത്തുന്ന അനേകം പൊതു സംഘടനകള്‍ക്കും ആരംഭം കുറിച്ചു. ഇന്ന് സംഘശാഖയുടെ രൂപത്തില്‍ 90% സ്ഥലങ്ങളിലും സംഘപ്രവര്‍ത്തനം എത്തിയിട്ടുണ്ട്. 35ല്‍ അധികം പൊതുസംഘടനകള്‍ സമാജ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തിക്കൊണ്ട് പ്രവര്‍ത്തനനിരതമാണ്.
സംഘയാത്രയുടെ മൂന്നാമത്തെ ഘട്ടം ഡോക്ടര്‍ജിയുടെ ജന്മശതാബ്ദിക്കുശേഷം 1990ല്‍ ആരംഭിച്ചതാണ്. സമാജത്തെ മുഴുവന്‍ ആത്മീയതയുടെയും പ്രേമത്തിന്റെയും അടിസ്ഥാനത്തില്‍ സംഘടിപ്പിക്കണം. സമാജത്തിലെ അവഗണിക്കപ്പെട്ടവരും ദുര്‍ബ്ബലരും പിന്നാക്കവിഭാഗക്കാരും അവികസിതമേഖലയിലുള്ളവരും ആയ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സഹായിക്കാനും അവരുടെ ഇടയില്‍ സേവനപ്രവര്‍ത്തനം നടത്താനും വേണ്ടിയാണ് 1990ല്‍ സേവാവിഭാഗം ആരംഭിച്ചത്. ”രാഷ്ട്രത്തിന്റെ സര്‍വ്വാംഗീണമായ ഉന്നമനത്തിനു വേണ്ടിയാണ് രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ സ്വയംസേവകനായത്” എന്ന പ്രതിജ്ഞ സ്വയംസേവകര്‍ എടുക്കുന്നു. ഇത്തരത്തില്‍ രാജ്യത്തിന്റെ എല്ലാതരത്തിലുമുള്ള ഉന്നമനം കേവലം സ്വയംസേവകരെക്കൊണ്ട് മാത്രം സാധ്യമല്ല. സമാജത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്ന, സ്വയം ചെയ്തുകൊണ്ടിരിക്കുന്ന അനേകം, സ്വാധീനമുള്ള നല്ല വ്യക്തികള്‍ സമാജത്തിലുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംഘത്തിനോ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അവര്‍ക്കോ അറിവില്ല.
സമാജത്തില്‍ സ്വാധീനം ചെലുത്തുന്ന ഇത്തരം വ്യക്തികളുടെ വൈശിഷ്ട്യം, ക്രിയാത്മകത, അനുഭവ സമ്പത്ത്, സമൂഹത്തിലെ പങ്കാളിത്തം എന്നിവയെപ്പറ്റി മനസ്സിലാക്കുക; സംഘത്തിന്റെ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും പറ്റി അവരെ ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1994ല്‍ സമ്പര്‍ക്കവിഭാഗ് ആരംഭിച്ചത്. സമ്പര്‍ക്കവിഭാഗിലൂടെ നാം പുതുതായി സമ്പര്‍ക്കം ചെയ്യുന്ന വ്യക്തി, സംഘവുമായി ബന്ധമില്ലാത്ത ആളാണെങ്കില്‍ കൂടി അദ്ദേഹവുമായി സംഘസ്വയംസേവകര്‍ ബന്ധം സ്ഥാപിക്കുകയും ആശയങ്ങളും അനുഭവപരിജ്ഞാനവും പരസ്പരം കൈമാറുകയും സമാന വിഷയങ്ങളില്‍ ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കുകയും വേണം.
1967ലാണ് ആദ്യമായി മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍, ക്രിസ്ത്യന്‍ മതപരിവര്‍ത്തനം തടയുന്നതിനുവേണ്ടി അവിടങ്ങളിലെ നിയമസഭ നിയമം പാസാക്കിയത്. ആ സമയത്ത് കേന്ദ്രത്തിലും ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മന്ത്രിസഭയായിരുന്നു. അതിനുശേഷം, ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭരണകാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം പാസാക്കി. ഇതിന് ഒരേയൊരു അപവാദം ഹിമാചല്‍പ്രദേശ് മാത്രമായിരുന്നു. 2006ല്‍ വീരഭദ്രസിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയിരുന്നു. കുറച്ച് വര്‍ഷം മുമ്പ് സംഘ അധികാരികള്‍ സമ്പര്‍ക്ക വിഭാഗ് മുഖേന വീരഭദ്ര സിംഗ്ജിയെ കാണാന്‍ പോയിരുന്നു. ആ സമയത്ത് അദ്ദേഹം പറഞ്ഞത് താന്‍ തന്നെ മുന്‍കൈയെടുത്താണ് തന്റെ ഭരണകാലത്തുതന്നെ ഈ ബില്‍ പാസാക്കിയതെന്നും ഹിമാചല്‍പ്രദേശിനു പുറത്ത് ഭാരതത്തില്‍ എവിടെ വേണമെങ്കിലും മതപരിവര്‍ത്തനം തടയാന്‍ തന്റെ സഹായം ആവശ്യമുണ്ടെങ്കില്‍ നല്‍കാമെന്നുമായിരുന്നു. 2008-2009 ല്‍ ഗോ-ഗ്രാമ രഥയാത്ര ആരംഭിച്ചപ്പോള്‍ പല സ്ഥലങ്ങളിലും സര്‍വ്വോദയ പ്രവര്‍ത്തകര്‍ അതില്‍ പങ്കാളികളായി. സംഘത്തിന്റെ ആശയങ്ങളോടും കാഴ്ചപ്പാടിനോടും വിയോജിപ്പുണ്ടെങ്കിലും, ചില വിഷയങ്ങളില്‍ സമാന താല്പര്യമുള്ളവരുടെ പങ്കാളിത്തവും സഹകരണവും സമ്പര്‍ക്കത്തിന്റെ ഫലമായി ഉണ്ടാവും.
അതുപോലെ വിവിധ പ്രചാരണ മാധ്യമങ്ങളെ ഉപയോഗിച്ച് സംഘത്തിന്റെ ആശയങ്ങള്‍ സമാജത്തില്‍ വ്യാപിപ്പിക്കാനും സംഘത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്ക് മറുപടിയായി, സംഘ സ്വയംസേവകര്‍ ചെയ്യുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളിലൂടെ സമാജത്തെ അറിയിക്കുന്നതിനുമാണ് 1994ല്‍ പ്രചാര്‍ വിഭാഗ് ആരംഭിച്ചത്. വാര്‍ത്താവിനിമയമാധ്യമങ്ങളും ചര്‍ച്ചകളും വഴി സംഘത്തിന്റെ പ്രചാര്‍ വിഭാഗ് ഇപ്പോള്‍ സക്രിയമാണ്. സേവ, സമ്പര്‍ക്കം, പ്രചാര്‍ വിഭാഗങ്ങളിലൂടെ സംഘം സമാജത്തിലെത്തുകയും സ്വയംസേവകര്‍ സമാജ ജാഗരണത്തില്‍ മുഴുകുകയും ചെയ്യുന്നു.
സമാജത്തിലെ സുപ്രധാന വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് സമാജ പരിവര്‍ത്തനത്തിനുള്ള ശ്രമവും സംഘം ആരംഭിച്ചു. ‘ധര്‍മ്മജാഗരണ്‍ വിഭാഗി’ന്റെ പ്രവര്‍ത്തനത്തിലൂടെ’ ഹിന്ദുസമാജത്തെ മതപരിവര്‍ത്തനം ചെയ്യാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതശ്രമങ്ങളെ പരാജയപ്പെടുത്താനും നമ്മുടെ സാംസ്‌കാരികധാരയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മതപരിവര്‍ത്തനത്തിന് വിധേയരായവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘം ആരംഭിച്ചു.
സര്‍ക്കാരിനെ ആശ്രയിച്ച് നില്‍ക്കാതെ സ്വന്തം ഗ്രാമത്തിന്റെ വികസനം എല്ലാ ഗ്രാമവാസികളും ഒരുമിച്ച് ചെയ്യും; സര്‍ക്കാര്‍ പദ്ധതികളെ ഉപയോഗപ്പെടുത്തി ഗ്രാമത്തിന്റെ സര്‍വ്വാംഗീണ വികസനത്തിനുവേണ്ടി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കും – ഈ ലക്ഷ്യത്തിനുവേണ്ടി ‘ഗ്രാമ വികാസ്’ ആരംഭിച്ചു.
ഹിന്ദുസമാജം വിഭിന്ന ജാതികളാല്‍ അറിയപ്പെടുന്നതാണ്. ജാതിവിദ്വേഷം വര്‍ദ്ധിപ്പിച്ച് ജാതിഭേദം സമാജത്തില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ചില സ്വാര്‍ത്ഥമതികള്‍ നടത്തുന്നുണ്ട്. ‘സാമാജിക സദ്ഭാവനാ ബൈഠക്കുകളിലൂടെ എല്ലാവരും ഒരുമിച്ചിരുന്ന് ഇത്തരം പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും പറ്റി ചിന്തിക്കുകയും ഇതില്‍ നിന്നും മോചനം നേടുന്നതിനു വേണ്ടി ‘സാമാജിക സദ്ഭാവനാ യോഗങ്ങ’ ളുടെ ശൃംഖല ആരംഭിക്കുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സമാജത്തിലെ തന്നെ ചിലരെ അയിത്തത്തിന്റെ പേരില്‍ വിദ്യാഭ്യാസം, സൗകര്യം, ആദരവ് എന്നിവയില്‍ നിന്നെല്ലാം അകറ്റിനിര്‍ത്തിയിട്ടുണ്ട്. ഇത് തികച്ചും അന്യായമായിരുന്നു. ഈ അയിത്തത്തെ ഇല്ലാതാക്കി നമ്മുടെ സമ്പന്നമായ പൈതൃകത്തെ സ്മരിച്ചും എല്ലാവരേയും ഒരുമിപ്പിച്ചും കൊണ്ട് മുന്നോട്ടുപോകുന്നതിനുവേണ്ടി ‘സാമാജിക സമരസത’ ആരംഭിച്ചു.
ഭാരതത്തിലെ നാടന്‍ പശുക്കളില്‍ നിന്നും ലഭിക്കുന്ന ഔഷധങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, നാടന്‍ പശുക്കളുടെ സംരക്ഷണം, പോഷണം, ചാണകം വളമായി ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കല്‍ മുതലായവയ്ക്കുവേണ്ടി തുടങ്ങിയ ‘ഗോസേവാ – ഗോസംവര്‍ദ്ധന്‍’ പദ്ധതി നല്ല രീതിയില്‍ തന്നെ മുന്നോട്ടുപോകുന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് ഗോശാലകള്‍ ഭാരതത്തില്‍ ആരംഭിച്ചു.
ഭാരതീയ സംസ്‌കാരത്തിലും പാരമ്പര്യത്തിലും കുടുംബത്തിന് സവിശേഷ പ്രാധാന്യമുണ്ട്. പാശ്ചാത്യചിന്തയനുസരിച്ച് സമാജത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ഘടകം വ്യക്തിയാണ്; എന്നാല്‍ ഭാരതീയചിന്തയനുസരിച്ച് അത് കുടുംബമാണ്. ഭാരതീയ ആദ്ധ്യാത്മിക ചിന്തയനുസരിച്ച് ‘ഞാന്‍ എന്നതില്‍ നിന്നും ഞങ്ങളി’ലേക്കുള്ള യാത്രയുടെ ആദ്യത്തെ ചുവടുവയ്പാണ് കുടുംബം. നഗരവല്‍ക്കരണവും ജീവിതത്തിലെ സ്വാര്‍ത്ഥതയും കാരണം കുടുംബം ചെറുതാവുകയും എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് തങ്ങളുടെ സ്വത്ത്, പാരമ്പര്യം, ബന്ധങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്യാനുള്ള സമയം ലഭിക്കാതാവുകയും ചെയ്തു. അതുകൊണ്ട് കുറഞ്ഞത് ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് തങ്ങളുടെ സ്വത്ത്, പാരമ്പര്യം, സംസ്‌കാരം, ഇന്നത്തെ സാമാജിക അന്തരീക്ഷം എന്നിവയെപ്പറ്റി വിശകലനം ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ സ്വന്തം കര്‍ത്തവ്യത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി ‘കുടുംബ പ്രബോധന്‍’ ആരംഭിച്ചു.
പ്രകൃതി എല്ലാ ജീവജാലങ്ങളുടെയും മാതാവാണ്. എന്നാല്‍ ഭൗതികജീവിതത്തിന്റെ സ്വാധീനം കാരണം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. പാശ്ചാത്യ വികസനരീതിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ വികസനം കേവലം 500 വര്‍ഷംകൊണ്ട് തന്നെ പ്രകൃതിയുടെ സന്തുലനം നശിപ്പിച്ചിരിക്കുകയാണ്. ഈ നഷ്ടപ്പെട്ട സന്തുലനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമത്തില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താനും പരിസ്ഥിതിയെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ‘പര്യാവരണ്‍ സംരക്ഷണ്‍’ പ്രവര്‍ത്തനം തുടങ്ങി. ഈ പ്രവര്‍ത്തനങ്ങളെല്ലാം സമാജത്തെ മുന്‍നിര്‍ത്തി സംഘസ്വയംസേവകര്‍ ആരംഭിച്ചതാണ്. സംഘപ്രവര്‍ത്തനത്തിന്റെ വികാസയാത്രയിലെ മൂന്നാമത്തെ ഘട്ടം ഇതാണ്.

ഡോ.മോഹന്‍ ഭാഗവത്
ഇന്ന് സംഘത്തിന്റെ വികാസയാത്രയിലെ നാലാമത്തെ ഘട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ സ്വയംസേവകനും രാഷ്ട്രത്തിന്റെ സര്‍വ്വാംഗീണ വികസനത്തിനുവേണ്ടി സംഘത്തോടൊപ്പം ചേരുന്നു. ഉദ്യോഗസ്ഥരോ അല്ലെങ്കില്‍ തൊഴില്‍ ചെയ്തു ജീവിക്കുന്നവരോ ആയ തരുണ സ്വയംസേവകര്‍, സമാജ പരിവര്‍ത്തനത്തിനുവേണ്ടി, സ്വന്തം താല്പര്യവും കഴിവും അനുസരിച്ച് ഏതെങ്കിലും ഒരു മേഖല തിരഞ്ഞെടുത്ത്, സമാജ ജാഗരണത്തിനും പരിവര്‍ത്തനത്തിനും വേണ്ടി സക്രിയ പങ്കാളിത്തവും സഹകരണവും നല്‍കണം എന്നത് അത്യാവശ്യമാണ്. 1940ലെ സംഘശിക്ഷാ വര്‍ഗ്ഗില്‍, സംഘകാര്യം ശാഖയില്‍ മാത്രം ഒതുങ്ങി നില്‍ക്കരുതെന്ന് ഡോക്ടര്‍ജി പറഞ്ഞിട്ടുണ്ട്. സമാജത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണം. സ്വന്തം കുടുംബത്തിനുവേണ്ടി ധനം സമ്പാദിക്കുക, കുടുംബത്തെ സംരക്ഷിക്കുക, കൃത്യമായി ശാഖയില്‍ പോകുക എന്നതു കൊണ്ടുമാത്രം ആയില്ല. സമാജപരിവര്‍ത്തനം, ജാഗരണം എന്നിവയ്ക്കുവേണ്ടി കൃത്യമായി ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കണം. സംഘകാര്യം സമാജത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി സ്വയം സജ്ജരാവണം. അഖില ഭാരതീയ ദൃഷ്ടിയില്‍ ആസേതു ഹിമാചലമുള്ള മുഴുവന്‍ സമാജവും ഒന്നാണ്; എന്റെ സ്വന്തമാണ്; എല്ലാവരും തുല്യരാണ് എന്ന ഭാവം സ്വയംസേവകനില്‍ ഉണ്ടാവണം. സമാജത്തെ ഒപ്പം ചേര്‍ത്ത്, സ്വയം പിന്നില്‍ നിന്നുകൊണ്ട്, സമാജത്തിന് നേതൃത്വം കൊടുക്കാനുള്ള അറിവും പരിശീലനവും ലഭിക്കുന്നതിന് ശാഖയില്‍ കൃത്യമായി പോകണം. ശാഖയില്‍ നിന്നും ലഭിക്കുന്ന ഈ ഗുണങ്ങള്‍ പ്രാവര്‍ത്തികമാക്കികൊണ്ട്, സമാജപരിവര്‍ത്തനത്തിനായി ഏതെങ്കിലും മേഖലയില്‍ സക്രിയമാവണം. ഇതെല്ലാം സ്വയംസേവകര്‍ ശ്രദ്ധിക്കണം. അതോടൊപ്പം സ്വയംസേവകരുടെ സമാജത്തിലെ ഇടപെടല്‍ വര്‍ദ്ധിക്കണം. തന്മൂലം സമാജത്തിലെ പുതുതലമുറ, സ്വയംസേവകരിലൂടെ സംഘവുമായി ബന്ധപ്പെടും. സംഘത്തെ മനസ്സിലാക്കും, സംഘത്തിന്റെ ആശയങ്ങളെപ്പറ്റി അറിയും. അതോടൊപ്പം സമാജത്തിലെ അംഗമെന്ന നിലയില്‍ ഹിന്ദുധര്‍മ്മം, ഹിന്ദുസംസ്‌കൃതി, ഹിന്ദുസമാജം എന്നിവയെ സംരക്ഷിച്ചുകൊണ്ട് ഈ രാഷ്ട്രത്തിന്റെ വികസനത്തിനുവേണ്ടി സന്നദ്ധനായി മുന്നോട്ടുവരും.
സംഘം വ്യക്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. അതോടൊപ്പം സമാജ ജാഗരണവും നടക്കും. സമാജ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വിവിധ സംഘടനകളിലായി സ്വയംസേവകര്‍ പ്രവര്‍ത്തനനിരതരാണ്. ഓരോ സ്വയംസേവകനും സമാജ പരിവര്‍ത്തനത്തിനുവേണ്ടി സ്വയം സജ്ജരാകുകയും അങ്ങനെ എല്ലാവരും ഒരുമിച്ച് സംഘപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയി പൂര്‍ണ്ണതയിലെത്തിക്കുകയും ചെയ്യും. ഇതാണ് സംഘത്തിന്റെ ശതാബ്ദി ആഘോഷിക്കാനുള്ള ഉത്ത മമായ മാര്‍ഗ്ഗം.